June 13, 2009

ഒരു പുസ്തകത്തേക്കുറിച്ച്

“ഇന്നു ക്ലാസില്ലേ? പാട്ടു പാടി ഉഴപ്പി നടക്കുകാണോ? വല്ലതും വായിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടോ? അവസാന സെമസ്റ്ററാണ്, ശ്രദ്ധിക്കണം.” വാരിയര്‍ സാര്‍ മകനെ ഉപദേശിച്ചു.

ഞാന്‍ ചിരിച്ച് രാജനോടു പറഞ്ഞു. “ഭരങ്കര ഉഴപ്പാണച്ഛന്‍. ചീത്ത കൂട്ടുകെട്ട്. രാത്രി മുഴുവന്‍ അമ്പത്താറ്.”

രാജന്‍ ചിരിച്ചു. എന്നിട്ട് ചോദിച്ചു. “ഞങ്ങളുടെ ആര്‍ട്സ് ക്ലബ്ബിന്റെ സമാപനയോഗത്തില്‍ സാര്‍ വന്നു സംസാരിക്കാമോ?”

“ഞാനോ?”

“ങ്.”

“എനിക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടാ.”

“മലയാളത്തില്‍ മതി.”

“മലയാളവും അറിഞ്ഞുകൂടാ.” ഞാന്‍ നേരു പറഞ്ഞു. “പ്രൊഫസര്‍ ഈച്ചരവാരിയറെ വിളിച്ചോണ്ടു പോ. വോ അച്ഛി ഹിന്ദി മെ ബോലേഗാ”

സാറും രാജനും പൊട്ടിച്ചിരിച്ചു.

ആ ചിരികള്‍ക്കിടയിലേക്ക് അടുത്ത കഥാപാത്രം കടന്നുവന്നു. ബോസ്. തുടര്‍ന്ന് കുന്നിക്കല്‍ നാരായണന്‍-മന്ദാകിനി-അജിതമാര്‍‍. പിന്നീട്, പൊറ്റക്കാടും തിക്കൊടിയനും രംഗപ്രവേശനം ചെയ്യുന്നു. പിന്നാലെ പട്ടത്തുവിള കരുണാകരന്‍ എത്തി.

“കോട്ടയത്തല്ലേ വീട്? അരവിന്ദന്റെ അയല്‍‌വാസി? അരവിന്ദന്‍ പറഞ്ഞിട്ടുണ്ട്.”

“അതെ, അയല്‍‌വിന്ദന്‍.” ഞാന്‍ പറഞ്ഞു.

ഈ ‘ഞാന്‍’ ആരെന്നോ? പ്രോഫ. സി. ആര്‍. ഓമനക്കുട്ടന്‍‍. പ്രോഫ. ഈച്ചരവാരിയരോടൊപ്പം ഒരേ മുറിയിലായിരുന്നു താമസം. രാജന്‍ സംഭവം പുറം‌ലോകം അറിഞ്ഞത് ഇദ്ദേഹമെഴുതിയ ‘ശവംതീനികള്‍’ വഴിയാണെന്നു പറഞ്ഞാല്‍ എന്റെ തലമുറയ്ക്ക് മനസ്സിലാകും. മലയാളത്തിലെ പ്രശസ്ത യുവസംവിധായകന്റെ അച്ഛന്‍, എന്നു പറഞ്ഞാല്‍ പുതുതലമുറയ്ക്കും.

ആഴ്ചപ്പതിപ്പിലെ മേല്പറഞ്ഞ ലേഖനം വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ‘നിറം പിടിപ്പിക്കാത്ത നേരുകള്‍‘ വാങ്ങിയത്. അതില്‍ ഈ ലേഖനം കണ്ടില്ല. എഴുതിയ മറ്റേതെങ്കിലും പുസ്തകത്തില്‍ ഉണ്ടാവും. എന്തെല്ലാം വ്യക്തിചിത്രങ്ങള്‍. നീണ്ട ഒരു കാലഘട്ടത്തില്‍ കേരളത്തിന്റെ ഹൃദയത്തുടിപ്പായിരുന്ന ആരൊക്കെയാണു കടന്നുവരുന്നത്? സാധാരണ ആത്മകഥകളിലേപ്പോലെ ആത്മപ്രശംസയില്ല, എന്നാലൊട്ടു അപകര്‍ഷതാബോധവുമില്ല. വിദ്വേഷമില്ല, പരിഭവമില്ല. എന്തിന്? ‘പ്രകാശം പരത്തുന്ന ആണ്‍കുട്ടി’യെ വരെ കൈയ്യിലെടുക്കാന്‍ തക്ക വ്യക്തിപ്രഭാവം. ആള്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെയായതിനാല്‍ നമുക്ക് വിശ്വസിക്കാം.

ഉടനീളം ഫലിതമാണ്. എന്നാല്‍ ഒട്ടും ചെടിപ്പിക്കുന്നില്ല. അതുകൊണ്ട്, അക്കാലത്തെ ചരിത്രവും സംസ്കാരവുമൊക്കെ ഒട്ടും മുഷിയാതെ, വായിച്ചു തീര്‍ക്കാം. പക്ഷേ, ഇടയ്ക്കിടെ നര്‍മ്മം നീരണിയുന്നുമുണ്ട്. സ്വാതന്ത്ര്യസമരഭടനായിരുന്ന സി.സി.ഗോപിയുടെ മൃതദേഹം അനാഥമായി കടത്തിണ്ണയില്‍ കിടക്കുന്ന സംഭവം വായിക്കുമ്പോള്‍ വല്ലാത്ത ഭാരം. പഞ്ചാഗ്നി സിനിമയില്‍ തിലകന്‍ ജീവന്‍ കൊടുത്ത എം.ടി.കഥാപാത്രം ഇതായിരുന്നുവെന്നൊരു കൂട്ടിച്ചേര്‍ക്കലുമുണ്ട്.

“എന്റെ സത്യന്‍‌മാഷേ, ഇനിയെങ്കിലും ഇത്തരം വേഷങ്ങള്‍ വേണ്ടെന്നുവെച്ചുകൂടെ? മക്കള്‍ വലുതായില്ലേ? അവര്‍ കാണില്ലേ?”

സത്യന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. “ എന്റെ മക്കള്‍ക്ക് ശരിക്ക് കണ്ണുകണ്ടുകൂടാ, സോമന്‍. കുറെ പണം വേണം. എന്റെ മക്കളെ മോസ്കോയില്‍ കൊണ്ടുപോയി ചികിത്സിക്കണം.”

ഈര്‍പ്പമാര്‍ന്ന വാക്കുകള്‍.

June 11, 2009

പാഴെഴുത്ത്

“അഷ്ടപദി ആലാപനത്തിനായി അര മണിക്കൂറാണ് സംഘാടകര്‍ അദ്ദേഹത്തിനു നല്‍കിയത്. സംഗീതത്തില്‍ ലയിച്ചുപോയ പൊതുവാള്‍, സമയപരിധി അറിഞ്ഞില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് നിര്‍ത്തിയത്. അപ്പോഴേക്ക് ജനം അപ്പാടെ ഇറങ്ങിപ്പോയിരുന്നു. ”

സോപാനസംഗീതജ്ഞനായ ഞെരളത്ത് രാമപ്പൊതുവാളോടൊപ്പം ഒരു വേദി പങ്കിട്ട അനുഭവം എം.ടി. വാസുദേവന്‍ നായര്‍ ‘വാക്കുകളുടെ വിസ്മയത്തില്‍’ പറയുന്നു.

“ആളുകളൊക്കെ ഇറങ്ങിപ്പോയിട്ടും പൊതുവാള്‍ പാടിക്കൊണ്ടേയിരുന്നല്ലോ?” പിന്നീട് എം.ടി. ചോദിച്ചു.

“കേള്‍ക്കാന്‍ തിരുമാന്ധാംകുന്നിലമ്മയുണ്ടല്ലോ.”

കാഴ്ചക്കാര്‍ ആരുമില്ലാതിരുന്നിട്ടും , നിലവിളക്കുണ്ടായിരുന്നതുകൊണ്ട് കൂത്ത് അവതരിപ്പിച്ച ഇരിങ്ങാലക്കുട മാധവചാക്യാരെക്കുറിച്ചും എം.ടി. പറയുന്നുണ്ട്.

അവരൊക്കെ യഥാര്‍ത്ഥ പ്രതിഭകള്‍.

ഏതോ പ്രധാന വ്യക്തിയുടെ പ്രസംഗം. കെട്ടിടം മുഴുവന്‍ അരിച്ചുപെറുക്കിയുള്ള കരിമ്പൂച്ചകളുടെ പരിശോധന. നിശ്ചിതസമയത്തിന് അരമണിക്കൂര്‍ മുന്‍പ് തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന കേള്‍വിക്കാര്‍ക്കു മാത്രം പ്രവേശനം. വരുന്നവരുടെ മഹിമ അനുസരിച്ച്, മുന്‍പന്തിയില്‍നിന്ന് പുറകിലേക്ക് എല്ലാ കസേരയും ഇടവിടാതെ നിറയുന്നു. പ്രവേശനകവാടം അടയുന്നു. കടുകിട തെറ്റാതെ എല്ലാം ചിട്ടപ്പടി നീങ്ങുന്നു. സുരക്ഷാഭടന്മാരോടോപ്പം കൃത്ര്യസമയത്ത് മന്ത്രി എത്തുന്നു. എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിക്കുന്നു. വള്ളിപുള്ളിവിടാതെ പ്രസംഗം, മാദ്ധ്യമക്കാര്‍ സദസ്സിലില്ലാത്ത ജനങ്ങളിലെത്തിക്കന്നു. പ്രസംഗം കഴിയുമ്പോള്‍, മന്ത്രിയും അനുചരന്മാരും പുറത്തേക്ക്. ജനം ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു.

ബസ് സ്റ്റാന്‍ഡിന്റെ ഓരത്ത് അയാള്‍ ഒരു കടലാസ് വിരിച്ചിട്ടു. മാറാപ്പില്‍നിന്ന് എന്തൊക്കെയോ അതില്‍ നിരത്തുന്നു.
“നിങ്ങള്‍ക്ക് ചുമയുണ്ടോ? കഫം? നെഞ്ചുവേദന? എങ്കില്‍ അടുത്ത് വരൂ ഒരു കുപ്പി ചൂര്‍ണ്ണത്തിന് വെറും പത്ത് രൂപ. ചേട്ടാ, ഇതിലേ വരൂ. നിങ്ങള്‍ വാങ്ങിക്കണ്ട. വെറുതെ ഈ സാമ്പിള്‍ അല്പം പരീക്ഷിച്ചുനോക്കൂ. തൃപ്തിയായെങ്കില്‍മാത്രം വാങ്ങിയാല്‍ മതി. ”

അയാളുടെ പക്കലുണ്ടായിരുന്ന മരുന്ന് ഭൂരിഭാഗവും ആ പത്തുമിനുട്ടിനുള്ളില്‍ വിറ്റുതീര്‍ന്നു. അപ്പോഴേക്കും ഞാനിരുന്ന ബസ് പുറപ്പെടുകയും ചെയ്തു. അയാള്‍ക്ക് പി.ആര്‍. ഡിപാര്‍ട്മെന്റില്ല. മാദ്ധ്യമങ്ങളില്‍ പരസ്യമില്ല. മരുന്നിന്റെ ഗുണമേന്മയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ, ആ മരുന്ന് ആദ്യമായി, ഒരു പക്ഷേ അവസാനമായും, വാങ്ങുന്നവരാണവരാകും അവര്‍. വഴിയോരക്കച്ചവടക്കാരന്റെ വാഗ്‌ധോരണിയില്‍ മയങ്ങിമാത്രമാണു ജനം മരുന്നു വാങ്ങുന്നത്.

അക്ഷരങ്ങള്‍, അത് കഥ, കവിത, ലേഖനം എന്തുമാവട്ടെ, സമാനഹൃദയരിലെത്തുമ്പോഴാണ് സാര്‍ത്ഥകമാവുന്നത്. ഞാനെഴുതുന്നത് ആരും വായിക്കുന്നില്ലെങ്കില്‍ അതിന് ഒരു അര്‍ത്ഥമേയുള്ളൂ. അതില്‍ വെളിച്ചമില്ല. തെല്ലുപോലും കാതലില്ലാത്ത പാഴ്ത്തടി.

ഉച്ഛ്വാസം മലീമസമായിരിക്കുമെന്ന്‍ വിളംബരം ചെയ്യുന്നതെന്തിന്?

പാഴെഴുത്ത്.

June 6, 2009

വെള്ളിയാഴ്ച സായാഹ്നത്തില്‍‌നിന്ന് തിങ്കളാഴ്ചപ്പുലരിയിലേക്ക്

ഏറെ പ്രത്യേകതകളുള്ള ശബ്ദമെന്ന് നിരൂപകരുടെ വാ‍ഴ്ത്ത്. അതിശയിപ്പിക്കുന്ന ശബ്ദനിയന്ത്രണവും അഭംഗുരമായ ശ്രുതിശുദ്ധിയും. ഇങ്ങനെയൊക്കെയായിരുന്നു Karen Carpenter ന്റെ സംഗീതം. പക്ഷേ, ആസ്വാദകരുടെ തീരാനഷ്ടം; തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ (1983) Karen അന്തരിച്ചു. തുടക്കം ശബ്ദമല്ലായിരുന്നു. അനിതരസാധാരണമായ കൈയ്യടക്കത്തോടെയും താളഭംഗിയോടെയും ഡ്രം കൈകാര്യം ചെയ്തായിരുന്നു അരങ്ങേറ്റം. പിന്നീട് സഹോദരന്‍ റിച്ചാഡുമായി ചേര്‍ന്ന് രൂപീകരിച്ച Carpenters ന്റെ വിലാസത്തില്‍ വമ്പന്‍ ഹിറ്റുകളായി മാറിയ ഒട്ടേറെ ആല്‍ബങ്ങള്‍.ഇവയിലൊന്നാണ് Top of the World.


ആദ്യന്തം ത്രസിച്ചു നില്‍ക്കുന്ന പ്രസാദാത്മകതയും, വേദി നിറഞ്ഞുനില്‍ക്കുന്ന ഗായിക നാമറിയാതെ നമ്മിലേക്ക് പ്രവഹിപ്പിക്കുന്ന ഊര്‍ജ്ജവുമാണ് നമ്മെ ഈ ഗാനത്തിന്റെ ആരാധകരാക്കുന്നത്. ഒരു മേഘക്കീറുപോലുമില്ലാതെ ശുഭ്രമായ ആകാശമാണ് അവള്‍ കാണുന്നത്. ശുഭപ്രതീക്ഷയുടെ ഉജ്ജ്വലശോഭ പരത്തുന്ന സൂര്യനാണ് അവളുടെ കണ്‍‌മുന്‍പില്‍. എനിക്കുവേണ്ടിയാണ് അവള്‍ പാടുന്നതെന്ന് ഓരോരുത്തര്‍ക്കും തോന്നുന്നവിധം, ചിരി തൂകി, ഇമ്പമാര്‍ന്ന ഈണത്തില്‍ പൊതിഞ്ഞ്, പ്രഗത്ഭനായ മായാവി ഒരു ജാലവിദ്യ കാട്ടുന്ന അനായാസതയോടെ നമുക്കുനേരെ ഒഴുക്കിവിടുന്ന സ്നേഹവാക്കുകള്‍. അവ കൈയ്യെത്തിപ്പിടിച്ച് അവള്‍‌ക്കൊപ്പം മൂളുമ്പോള്‍ അതിശയത്തോടെ തിരിച്ചറിയുകയാണ്, നമ്മളും ചിരിക്കുകയാണ് നാമും ആഹ്ലാദചിത്തരാണ് സങ്കടത്തിന്റെ ഒരു കണികപോലുമില്ലാത്ത ഇത്തരം വ്യക്തികളോടു സംവേദിക്കുമ്പോള്‍, നമ്മിലും പ്രതീക്ഷ നാമ്പിടുകയാണ് തന്റെ കണ്ണിലെ തിളക്കവും മനസ്സിലെ തെളിമയും ചുറ്റുമുള്ളവരിലും പ്രതിഫലിക്കണമെന്ന് ശഠിക്കുന്നവര്‍ ഒപ്പമുള്ളപ്പോള്‍ നാമും അങ്ങനെയാവുകയാണ്. ഗാനം കേള്‍ക്കുന്നതിനോടൊപ്പം, ഗായികയുടെ പ്രകടനവും സഹോദരങ്ങള്‍ക്കിടയിലെ സ്നേഹവും കുസൃതിയുംകൂടി കണ്ട് ആസ്വദിക്കേണ്ടതു തന്നെ.


എന്നാല്‍, Rainy Days and Mondays ഉള്‍ക്കൊള്ളാന്‍ കണ്ണ് വേണമെന്നില്ല. കാതുകള്‍ മാത്രം മതി. Top of the World ഒരാളെ സന്തോഷത്തിന്റെ നെറുകയില്‍ എത്തിക്കുമെങ്കില്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ അഗാധഗര്‍ത്തത്തിലേക്ക് വഴുതി വഴുതി വീഴുന്നതുപോലെയും. അല്ലെങ്കില്‍ ദുര്‍ഗ്ഗമ വനപാതയിലൂടെ ഇരുട്ടില്‍ തനിയെ പോകുമ്പോള്‍ തോന്നുന്ന ഭയാശങ്കകള്‍. അതുമല്ലെങ്കില്‍ വരികളില്‍ പറഞ്ഞിരിക്കുന്നതുപോലെ, ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ quit ചെയ്യുന്നതിനേക്കുറിച്ച് ആലോചിക്കുന്ന നിമിഷങ്ങള്‍. നിത്യേന കോമാളിവേഷം കെട്ടേണ്ടി വരുന്നതിലെ വ്യഥകള്‍. ഇവിടെ ഗായികയുടെ ശരീരഭാഷയും ശ്രദ്ധേയമാണ്. ശ്രോതാക്കളോ കാണികളോ അവളുടെ ചിന്തയിലില്ല. പല ഗാനങ്ങള്‍ക്കും ഒപ്പമുള്ള സഹോദരനില്ല.വിശാലമായ വേദിയുടെ സാദ്ധ്യതകളേക്കുറിച്ച് ആലോചിക്കുന്നേയില്ല. ദുര്‍വിധികള്‍ വരുമ്പോള്‍ പ്രപഞ്ചത്തില്‍ ഏകയാകുമെന്ന തികഞ്ഞ ബോദ്ധ്യമുണ്ടവള്‍ക്ക്. കണ്ണടച്ച്, നിശ്ചേഷ്ടയായി അവള്‍ നടത്തുന്ന ഒരു. ആത്മവിലാപമായാണ് ഈ ഗാനം അനുഭവപ്പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഗായികയെ പൂര്‍ണ്ണമായും കേള്‍ക്കാതിരിക്കാന്‍ മനസ്സ് അനുവദിക്കില്ല. ഗാനം കഴിഞ്ഞാലും നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈണവും.

ഏതു വര്‍ഷമാ പാസായത്?

പലരുടെയും പേരു‍ കേട്ടാല്‍ മതമേതെന്ന് മനസ്സിലാക്കാം. ചിലപ്പോള്‍ ജാതിയും. എന്റെ പേര്‍ ഈ ഗണത്തിലൊന്നും പെടില്ല. മതത്തിന്റെ പ്രത്യക്ഷചിഹ്നങ്ങളൊന്നും പേറി നടക്കാറുമില്ല. ഇതു ചിലപ്പോള്‍ പൊല്ലാപ്പാകാറുണ്ട്. എനിക്കല്ല, മറ്റുള്ളവര്‍ക്ക്. എന്റെ മതവും ജാതിയും ചികഞ്ഞെടുക്കാന്‍ പലരും വല്ലാതെ കഷ്ടപ്പെടുന്നത് കണ്ട് ഞാന്‍ ഉള്ളില്‍ ചിരിക്കാറുണ്ട്. ദാ, ഒരാള്‍ക്ക് വന്ന ബുദ്ധിമുട്ട്.

“പേരെന്താ?” ചോദ്യം എന്നോടാണ്.

ശ്വാസം.

“എന്താണ്‍ ഫുള്‍ നെയിം?”

എന്റെ മുഴുവന്‍ പേരും അറിഞ്ഞിട്ട് ഇദ്ദേഹം എന്തു ചെയ്യാന്‍ പോവുന്നു. ഏടേ, മനുഷ്യാ, ഞാന്‍ തിരഞ്ഞെടുപ്പ് കാര്‍ഡ് ഒക്കെ പണ്ടെ എടുത്തു. പുതിയ റേഷന്‍ കാര്‍ഡല്ലാതെ ഇനി വേറൊരു കാര്‍ഡും എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. മനസ്സില്‍ വിചാരിച്ചെങ്കിലും പറഞ്ഞില്ല. ഫുള്‍ നെയിം തന്നെ പറഞ്ഞുകൊടുത്തു.
…..

അയാള്‍ക്ക് അറിയേണ്ട കാര്യം മനസ്സിലാവാഞ്ഞിട്ട് വീണ്ടും, “അച്ഛന്റെ പേര്?”
…..

എന്റെ ഉത്തരങ്ങള്‍ പോരാ. ഇന്റര്‍വ്യൂ തുടരുന്നു, “അമ്മയുടെ പേരോ?”

അമ്മയുടെ പേരില്‍‌നിന്ന് മതമേതെന്ന് അറിയാം. മൂക്കില്‍ വളഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുള്ള ഈര്‍ഷ്യയില്‍ യഥാര്‍ത്ഥ പേരിനു പകരം അമ്മയുടെ ചെല്ലപ്പേരു പറഞ്ഞു.
….

ക്ലെച്ച് പിടിക്കുന്നില്ല. ഇയാള്‍ക്ക് ഇത്തരം അഭിമുഖങ്ങള്‍ നടത്തി നല്ല പരിചയമാണെന്നു തോന്നുന്നു. ഉടന്‍ അടുത്ത ചോദ്യം വന്നു.

“അപ്പോള്‍ ….ല്‍ ജോലി ചെയ്യുന്ന ജോര്‍ജ് ആരായിട്ടു വരും? കഴിഞ്ഞ ദിവസം നിങ്ങളെ ഒരുമിച്ചു കണ്ടു.”

“ബന്ധുവൊന്നുമല്ല. എന്റെ സഹോദരന്റെ സഹപാഠിയാണ് ”

“ടൌണില്‍ കട നടത്തുന്ന സമീര്‍ ആരെന്നാ പറഞ്ഞത്?”

അതിനു ഞാന്‍ അതേപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നു പറയണമെന്ന് വിചാരിച്ചതാണ്. ഏതോ സിനിമയിലെ ഡയലോഗ് പോലെ തോന്നിക്കുന്നല്ലോയെന്നോര്‍ത്ത് വേണ്ടെന്നുവെച്ചു.

“സമീര്‍ എന്റെ അയല്‍‌വാസിയാണ് ”

ഇതിലും എത്ര മാന്യതയുണ്ട്. എന്താണ് മതം, ഏതാണ് ജാതിയെന്നൊക്കെ നേരെ ചോദിക്കുന്നതില്‍. ചോദ്യങ്ങള്‍ പിന്നെയും നീണ്ടപ്പോള്‍, അവസാനം എനിക്കു തിരിച്ചൊരു ചോദ്യം തൊടുക്കേണ്ടിവന്നു.

“നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താ‍ണറിയേണ്ടത്? എന്റെ മതമാണോ”

“ഏയ്, നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചു. ഏതു മതമാണെങ്കില്‍ എനിക്കെന്ത്? മനുഷ്യനല്ലേ വലുത്. അവന്റെ സ്വഭാവവും സമൂഹത്തിലെ ഇടപെടലുമാണ് പ്രധാനം.”

മറ്റു ചിലര്‍ കുറച്ചുകൂടി സത്യസന്ധരാവാറുണ്ട്.

“ഏതു പള്ളിയിലാ പോകുന്നത്? ”

ഉത്തരം എന്തായാലും നേട്ടമാണ്. മുസ്ലീമാണോ ക്രിസ്ത്യാനിയാണോയെന്നറിയാം. ഈ മതങ്ങളിലെത്തന്നെ ഏതു വിഭാഗമാണെന്നറിയാം. ഇനി പള്ളിയിലല്ല പോകുന്നതെന്നു പറഞ്ഞാല്‍ ഹിന്ദുവാണെന്നുറപ്പിക്കാം. ഓ, ഞാന്‍ പള്ളിയിലും അമ്പലത്തിലുമൊന്നും പോവാറില്ലെന്നാണ് ഉത്തരമെങ്കില്‍ കോവൂരിന്റെ പിന്‍‌ഗാമിയായ ഒരു പോക്കുകേസാണെന്ന് കരുതി ഓടിരക്ഷപെടാം.

ഇങ്ങനത്തെ സ്വഭാവങ്ങള്‍ക്ക് ചില പ്രാദേശിക വ്യതിയാനങ്ങളുമുണ്ട്. എന്റെ ഒരു സുഹൃത്ത് പറയാറുണ്ട്. “ ഞങ്ങള്‍ എരുമേലി നസ്രാണികള്‍ക്ക് ഒരു ദുഃസ്വഭാവമുണ്ട്. ആരെങ്കിലുമായി പരിചയപ്പെടുമ്പോള്‍ അവരും ക്രിസ്ത്യാനിയാണോന്ന് അറിയണം. അതിനു ചില ചോദ്യങ്ങളങ്ങോട്ട് വിടും.”

“അവിടുത്തെ ചീപ്പുങ്കല്‍ തറവാട്ടിലെയാണോ?

അല്ലെന്നു പറഞ്ഞാല്‍,

“ പിന്നെ വീട്ടുപേരെന്താ?”

അതിലും വ്യക്തമായില്ലെങ്കില്‍ അടുത്ത ചോദ്യം.

“ഏതു രൂപതയാണ് ?”

ഇനി മറ്റൊരു ടിപിക്കല്‍ മലയാളി. അയാള്‍ക്ക് അറിയേണ്ടത് എന്റെ പ്രായമാണ്. കക്ഷി എന്റെ ഒരു ബന്ധുവിന്റെ കൂടെ ജോലി ചെയ്യുന്നു.

“….ന്റെ ആരാണ്?”

“ സ്ഥാനംകൊണ്ട് ജ്യേഷ്ഠന്‍” (പ്രായംകൊണ്ട് അനുജന്‍ എന്ന സത്യം ഞാന്‍ വിഴുങ്ങി.)

കക്ഷി എന്നെ നന്നായൊന്നു നോക്കി. എന്റെ ബന്ധുവിന്റെ പ്രായം അയാള്‍ക്ക് അറിയാം. എന്നെ വീണ്ടും നോക്കുന്നു, ഒന്നും അങ്ങട് സിങ്കാവുന്നില്ല.

“അല്ല, നരച്ച മുടിയൊന്നും കാണുന്നില്ല. അതുകൊണ്ടാണേ..

അതു ജനുസ്സിന്റെ മേന്മയാണെന്ന ഉത്തരം പറയാന്‍, എന്തോ,തോന്നിയില്ല. ഇത്രയും പ്രായമായപ്പോള്‍, ഈ അടുത്തിടെ മാത്രമാണ് എന്റെ അമ്മയുടെ മുടി നരച്ചു തുടങ്ങിയത്.

ചിരിച്ചുകൊണ്ടു പറഞ്ഞു. “അതേ.., മനസ്സു നന്നായിരിക്കണം. അപ്പോള്‍ ജരാനരകളൊക്കെ നമ്മില്‍നിന്ന് കുറെക്കാലമെങ്കിലും അകന്നു നില്‍ക്കും.”

എങ്കിലും അയാളെ വെറുതെ അസൂയപ്പെടുത്തേണ്ടെന്നു കരുതി ഒരു നുണ കാച്ചി. “ അല്ലെടോ, മുഴുവന്‍ ഡൈയാ..എന്നും പുലര്‍ച്ചെ പ്രാഥമിക കൃത്യം ഇതാണ്. ചെയ്തില്ലെങ്കില്‍ വീട്ടുകാര്  സ്വൈരം തരില്ല. പള്ളിക്കൂടത്തില്‍ പഠിക്കുമ്പോഴേ, അക്ഷരം വായിക്കണമെങ്കില്‍ കണ്ണട വേണം എല്ലാവര്ക്കും. എന്നാലെന്റെ മുടിയിലെ നരയുടെ ഒരു ലാഞ്ഛന കണ്ടെത്താന്‍ അവര്ക്ക് ഒരു ഭൂതക്കണ്ണാടിയും വേണ്ട.”

ഇതോടെ കക്ഷിയ്ക്ക് സമാധാനമാവുമെന്നാണ് കരുതിയത്. പക്ഷേ, അതൊന്നുമല്ല പ്രശ്നമെന്ന് അടുത്ത അഭിനവ് ബിന്ദ്ര മോഡല്‍ ചോദ്യത്തില്‍‌നിന്ന് മനസ്സിലായി.

“അപ്പോള്‍ ഏതു വര്‍ഷമാണ് ഡിഗ്രി പാസായത്?”

മനസ്സിലോര്‍ത്തു. ഇതാദ്യമെ അങ്ങു ചോദിച്ചാല്‍ പോരായിരുന്നോ? അയാള്‍ക്ക് ഞാന്‍ ഏതു വിഷയമാണ് പഠിച്ചതെന്നറിയേണ്ട. ഏതു കോളേജിലാണെന്നും. ഡിഗ്രി കഴിഞ്ഞ് എന്ത് ചെയ്തു എന്നും അറിയണ്ട. അയാള്‍ ഉദ്ദേശിക്കുന്ന കാര്യം തന്നെ പറഞ്ഞുകൊടുത്തേക്കാം. വെറുതെ കാല്‍കുലേറ്റു ചെയ്യിച്ചു ബുദ്ധിമുട്ടിക്കേണ്ടല്ലോ.

“എന്റെ ഡേറ്റ് ഓഫ് ബെര്‍ത് ആഗസ്റ്റ് 14 ആണ് 1947 ല്‍.”

ചോദ്യകര്‍ത്താവിന് ചുരുങ്ങിയപക്ഷം ഒരു ചമ്മലെങ്കിലുമുണ്ടാവണ്ടതാണ്. എവിടെ? പിന്നെ ചോദ്യങ്ങളുമില്ല. സംതൃപ്തനായ ചോദ്യകര്‍ത്താവ്. സന്തുഷ്ടയായ ഞാന്‍. ആനന്ദലബ്ധിക്കിനിയെന്തു വേണം?

ശ്വസനം

പുല്ലുവഴിച്ചിട്ടയില് കോറിയിട്ട ലേഖനങ്ങളിലൊന്ന് യശഃപ്രാര്‍ത്ഥിയായ ഒരു ഗുജറാത്തി സാഹിത്യകാരനെക്കുറിച്ചാണ്. മേല്പടിയാന്‍ നാണപ്പനെ ഏല്പിച്ച കരിക്കുലം വിറ്റയിലെ എണ്ണിയാലൊടുങ്ങാത്ത യോഗ്യതകളിലൊന്ന് ഡെല്‍ഹിയിലെ ഒരു തട്ടിപ്പു പ്രസ്ഥാനം പടച്ചുണ്ടാക്കിയ ഹൂ ഈസ് ഹൂവിലെ അംഗമാണെന്നതാണ്. ആ അവകാശവാദം വായിച്ചതോടെ നാണപ്പന്‍ പ്രസ്തുത വിറ്റ, വീറ്റോ ചെയ്തിരിക്കും. കാരണം, നമ്മുടെ നാണപ്പന്‍ തന്നെ ഇപ്പറഞ്ഞ പട്ടികയില്‍ തന്നെപ്പറ്റി പല അസംബന്ധങ്ങളും എഴുതിച്ചേര്‍ത്തിരുന്നു. അതിലൊന്ന്, തലപ്പുലയന് എന്ന തൂലികാനാമത്തിലാണ് താന്‍ എഴുതുന്നതെന്നായിരുന്നു. എഴുതിയത് നാണപ്പന്‍ ആയതിനാല്‍, സംശയമില്ല, ചെയ്തിട്ടുമുണ്ടാവണം.

അഴീക്കോട് മാഷും ഇത്തരം ചില കബളിപ്പിക്കല് സംഘങ്ങളേക്കുറിച്ച് എഴുതിയിട്ടുണ്ട്. ചിലര് ഇത്തരം പ്രസ്ഥാനങ്ങള് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള് ചില്ലിട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കാണുമ്പോള് ഇവരുടെ ലേഖനങ്ങളാണ് ഓര്‍മ്മ വരുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ വ്യക്തികളുടെ പട്ടികയില് ഉള്‍പ്പെടുത്താമെന്ന ഒരു വാഗ്ദാനം വരുമ്പോള് ആ പ്രലോഭനത്തില് നമ്മളേപ്പോലുള്ള സാധാരണക്കാര് വീണുപോവും, അല്ലേ?

മേല്‍പ്പടി വിറ്റയില്‍ ആ സാഹിത്യകാരന്‍ അവകാശപ്പെട്ടിരുന്നത് അദ്ദേഹത്തിന് അഞ്ചു തൂലികാനാമങ്ങളുണ്ടെന്നാണ്. എത്ര ആലോചിച്ചിട്ടും ഒരേ സമയം അഞ്ചു തൂലികാനാമങ്ങളുടെ ആവശ്യം എം.പി. നാരായണപിള്ളക്ക് മനസ്സിലായില്ല. പാവം നാണപ്പന്‍! അദ്ദേഹത്തിന്റെ ജീവിതകാലത്ത് ബ്ലോഗിങ് പ്രക്രിയ ആരംഭിച്ചിരുന്നെങ്കില് ഇത്തരമൊരു സംശയം ഒരിക്കലുമുണ്ടാവില്ലായിരുന്നു. മാത്രവുമല്ല, ഒന്നാംതരമൊരു ബ്ലോഗനെയും ലഭിച്ചേനെ.

അപ്പോള്‍ പറഞ്ഞുവന്നതിലേക്ക്.. ഇവിടെന്താന്നറിയാന് ഒരാഗ്രഹം. അങ്ങനെ, ബ്ലോഗിലേക്ക് കൈയ്യെടുത്തു കുത്താമെന്നു തീരുമാനിച്ചപ്പോള് എന്ത് പേരിലാവണമെന്നൊരു ശങ്ക. ഇതുവരെ കുറച്ചു ബ്ലോഗുകളെ വായിച്ചുള്ളൂ. അവയിലൊന്നും കണ്ടത് ഉടമസ്ഥരുടെ യഥാര്‍ത്ഥ പേരാവാന് യാതൊരു സാദ്ധ്യതയുമില്ല. അതുകൊണ്ട് എന്തായാലും സ്വന്തം പേരില് വേണ്ട.

മേല്പടി സാഹിത്യകാരനെപ്പോലെ അഞ്ചു തൂലികാനാമങ്ങളൊന്നുമില്ലെങ്കിലും, ഒരു വിരല് നാമമൊക്കെ എനിക്കുമാകാം. സാക്ഷാല് എം.പി.നാരായണപിള്ളക്ക് തലപ്പുലയനെന്ന പേരിനേക്കുറിച്ച് ആലോചിക്കാമെങ്കില്, വെറുമൊരു കീടമായ എനിക്ക് എം.പി.നാരായണപിള്ള എന്ന പേരിനേക്കുറിച്ചും ചിന്തിക്കാമോ?

അല്ലെങ്കില് വേണ്ട. ജീവിച്ചിരുന്നെങ്കില് അത്തരമൊരു കടുംകൈക്ക്, ഒരു ഹസ്തദാനമാകും അദ്ദേഹത്തിന്റെ സമ്മാനം. ‘ഭൂ’ ഉപേക്ഷിച്ചുപോയ ആളെ ‘ബൂ’ വിലിരുന്നു ദുഷിക്കേണ്ട.

“മരത്തവള, ചീങ്കണ്ണി, അട്ട, മൂട്ട, ഇത്യാദി പേരുകളിട്ടാലെ നിന്നെയും ഇവരൊക്കെ കളിക്കു ചേര്‍ക്കൂ.” പേര് എന്ത്? എങ്ങനെ? എവിടെ? തല പുകയ്ക്കുന്നതു കണ്ടപ്പോള്‍ ഒരു ചങ്ങാതിവക ഉപദേശം.

ആരു പറഞ്ഞു എനിക്കു കളിക്കണമെന്ന് ? കളിക്കളത്തിനു പുറത്തിരുന്ന് കൈയ്യടിക്കാനും വിസിലടിക്കാനും വേണ്ടിവന്നാലൊന്നു കൂവാനും ഒപ്പമുള്ള കൂട്ടുകാരുടെ തോളില്‍ക്കൂടി പരസ്പരം കൈയ്യിട്ട്, എല്ലാവരുമൊത്ത് താളനിബദ്ധമായി ആടുന്നതുമൊക്കെയായിരുന്നു കളിക്കേണ്ട പ്രായത്തില്‍‌പോലും ഇവള്ക്കു പഥ്യം. (പക്ഷേ കളിക്കളത്തില് തിമിര്‍ക്കുന്നത് ഫുട്‌ബോളാവണമെന്ന ഒരു കണ്ടീഷനുണ്ട്. വിശാലമായി പറഞ്ഞാല് ക്രിക്കറ്റൊഴിച്ചെന്തുമാവാമെന്ന ഒരു ഇളവാകാം). പിന്നെയാണ് ഇപ്പോള്‍..

ഒടുവില് ശ്വാസം എന്ന നാമധേയത്തില് സ്വയം ജ്ഞാനസ്നാനപ്പെടാന് ഈയ്യുള്ളവന്‍ തീരുമാനിക്കുന്നു.

എങ്ങനെ?

അങ്ങനെ, ഇങ്ങനെയാണ്. അങ്ങിനെ, ഇങ്ങിനെ അല്ല.
വ്യത്യസ്തമാണ്, വ്യത്യസ്ഥമല്ല. ചെലവാ‍ണ്, ചിലവല്ല്ല്ല.
മനസ്സും തപസ്സുമാണ്. മനസും തപസുമല്ല.
താത്പര്യമാണ്, താല്പര്യമല്ല. ഉത്പത്തിയാണ്, ഉല്പത്തിയല്ല.

തത്ത്വവും മഹത്ത്വവുമാകുമ്പോള് സ്ത്രീത്വവും മനുഷ്യത്വവുമാകുന്നു.
എന്നാല് അടിമത്തവും മടയത്തവും വിഡ്ഢിത്തവുമൊക്കെയാണ്.
വാത്മീകിയാണ്, വാല്‍മീകിയല്ല. എന്നാല് പ്രഗല്‍ഭനാണ്, പ്രഗത്ഭനല്ല.
സ്രഷ്ടാവാണ് സൃഷ്ടാവല്ല. എന്നാല് ബൃഹത്താണ്, ബ്രഹത്തല്ല.
യാദൃച്ഛികമാണ്, യാദൃശ്ചികമല്ല. എന്നാല് പ്രായശ്ചിത്തമാണ്, പ്രായച്ഛിത്തമല്ല.

പിടിക്കുകയും അടിക്കുകയുമാണ്. പിടിയ്ക്കുകയും അടിയ്ക്കുകയുമല്ല.
അടുത്തേക്കും ലോകത്തേക്കുമാണ്. അടുത്തേയ്ക്കും ലോകത്തേയ്ക്കുമല്ല.

പക്ഷേ, (‘പക്ഷെ’ അല്ല)

എനിക്ക്, എനിയ്ക്ക്, ഇതിലേതാണ് ശരി? ഒരിക്കല്, ഒരിയ്ക്കല്, ഇതിലോ?
‘യ’കാരം ഇല്ലാതെയാണ് ശരിയെന്നു കരുതുന്നു. മലയാളത്തില്‍ മിക്ക വാക്കുകളും ഒരു നിജവുമില്ലാതെയാണ് പല സ്ഥലങ്ങളിലും കാണുന്നത്. പത്രങ്ങളില്‍‌പോലും! അതുകൊണ്ട് ഏതാണു ശരിയെന്നു പലപ്പോഴും ചിന്താക്കുഴപ്പമുണ്ടാകാറുണ്ട്.

ഞാന്‍ പഠിച്ചത് ‘മദ്ധ്യം’, ‘മാദ്ധ്യമം’, ‘അദ്ധ്യാപകന് ’, എന്നൊക്കെയാണ്. അതുപോലെ, ‘സാധിക്കുക’യാണെങ്കിലും ‘സാദ്ധ്യത’യായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാക്കുകളില്‍ “ദ്ധ” യും “ധ” യും മാറിമാറി ഉപയോഗിച്ചു കാണുന്നു. ‘മാധ്യമം’ എന്ന പേരില് പ്രസിദ്ധീകരണങ്ങളുമുണ്ട്. ‘ധ’ തന്നെയാണോ ഈ വാക്കുകളില്‍ ശരി? അതോ ഉച്ചാരണത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ‘ദ്ധ’ യും ‘ധ’ യും ഉപയോഗിക്കാമെന്നാണോ?

പക്ഷേ, ഇംഗ്ലീഷില്‍ ഏതാണ്ട് ഒരേ ഉച്ചാരണമുള്ള വാക്കുകള്‍ക്ക് വിഭിന്നങ്ങളായ സ്പെല്ലിങ്ങുകളുണ്ടല്ലോ. ഉദാഹരണം, buy, bye. അപ്പോള്‍ ഉച്ചാരണത്തിലെ സാമ്യമല്ല കാരണം. മറ്റെന്തോ ആണ്. ഇവിടെ വേണമെങ്കില്‍ അര്‍ത്ഥം മാറുന്നതിനാലാണെന്ന ന്യായം പറയാം. അതോ, മലയാളത്തില്‍ ‘മാദ്ധ്യമം’, ‘മാധ്യമം’ ഇവയ്ക്കിടയില്‍ അര്‍ത്ഥവ്യത്യാസം ഇല്ലാത്തതുകൊണ്ട് എങ്ങനെയുമാവാമെന്നോ?

അന്യഭാഷകളില്‍‌നിന്ന് വിപുലമായി വാക്കുകള് സ്വീകരിച്ച് ഇംഗ്ലീഷ് അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും, ഇംഗ്ലീഷില്‍ ഒരു അക്ഷരം മാറിയാല്‍ത്തന്നെ ഉത്തരക്കടലാസില് ചുവപ്പും പൂജ്യവും വീഴുന്നു. അതൊരു പക്ഷേ stone, store ഓ, quite, quiet ഓ, ഒക്കെ ആവുന്നതുകൊണ്ടാകാം. മലയാളത്തില്‍ ശരിയേതെന്ന് ഉറപ്പില്ലാത്തതിനാലാണോ തിരുത്താന്‍ ഉത്തരവാദിത്വമുള്ളവര്‍ അതു ചെയ്യാത്തത്? ഇംഗ്ലീഷില്‍ മാത്രമല്ല, മലയാളമല്ലാതെ മറ്റു ചില ഇന്ത്യന്‍ ഭാഷകള്‍ അറിയുന്ന കൂട്ടുകാര്‍ ഉണ്ട്. അവരും പറയുന്നു, വാമൊഴി എങ്ങനെയായാലും എഴുതുമ്പോള്‍ കൃത്യമായിത്തന്നെ എഴുതണമെന്ന്.

കുറെപ്പേര്‍, കുറെക്കാലം ഉപയോഗിച്ചാല്‍ ഒരു തെറ്റു, ശരിയായി കണക്കാക്കുമോ? സ്വന്തം ഭാഷയോടുള്ള മലയാളിയുടെ അവഗണനയാണോ ഇത്? അതോ, മലയാളത്തിന്റെ നിയമങ്ങള്‍ മറ്റു ഭാഷകളില്‍‌നിന്ന് വിഭിന്നമായതിനാല്‍ ഈ വാക്കുകളില്‍ ഇത്തരം സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെന്നോ?

അതല്ല, ആശയം മനസ്സിലായാല്‍പോരേ, കൃത്യത വേണമെന്നു ശഠിക്കുന്നത് എന്തിനെന്നാണോ?

എങ്കില്‍ ചങ്ങാതീ, ഞാനിതു എഴുതിയിട്ടേയില്ല. താങ്കളിതു വായിച്ചിട്ടുമില്ല.

June 5, 2009

എന്നിട്ടും നാമെന്താ ഇങ്ങനെ?

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ചില ജീവികളുടെ കണ്ണുകള്‍ മുഖത്തിനു മുന്‍പിലാണെങ്കില്‍, മുയലിനും മറ്റും മുഖത്തിന്റെ വശങ്ങളിലാണവ. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പാര്‍ശ്വദൃഷ്ടികള്‍ക്കു കൂടുതല് വിശാലമായ ഒരു കാഴ്ച സാദ്ധ്യമാകുമ്പോള്‍ മുന്‍പിലെ കണ്ണുകള്‍ക്കു ത്രിമാനതലത്തിലുള്ള ദൃശ്യങ്ങള് അനുഭവപ്പെടുത്തുന്നു. (ചിത്രം നോക്കൂ).

അതായത് മനുഷ്യന് ചില ജീവികളെപ്പോലെ കൂടുതല് വിസ്തൃതമായ ഒരു ദൃശ്യം ഒറ്റയടിക്കു ലഭിക്കില്ലെങ്കിലും, വസ്തുക്കളുടെ യഥാര്‍ത്ഥ ആകൃതിയെപ്പറ്റിയുള്ള ധാരണ ലഭിക്കുന്നുണ്ട്. മനുഷ്യനേത്രങ്ങള്‍ക്കു മറ്റൊരു ഗുണവുമുണ്ട്. കണ്ണുകള് ചലിപ്പിച്ച് കാഴ്ച നിയന്ത്രിക്കുവാനുള്ള കഴിവ്. തന്മൂലമാണ് ഇരുവശത്തേക്കും ശ്രദ്ധിച്ചുകൊണ്ടുതന്നെ നമുക്ക് വഴി മുറിച്ചു കടക്കാന് സാധിക്കുന്നത്. അറുബോറന് പ്രസംഗം എപ്പോള് തീരുമെന്നറിയാന്, ഉടലോ തലയോ തെല്ലും അനക്കാതെ കണ്ണുമാത്രം ചലിപ്പിച്ച് വാച്ചില്‍ നോക്കാന്‍ പറ്റുന്നതും ഇതിനാലാണ്. എന്നാല് മൂങ്ങ പോലുള്ള ജീവികള്‍ക്ക് കണ്ണുകള്‍ അല്പം പോലും ചലിപ്പിക്കാന്‍ സാധ്യമല്ല. അവയ്ക് തല മൊത്തമായി തിരിച്ചാലെ കാഴ്ച മാറ്റുവാന്‍ സാധിക്കൂ.

നമ്മുടെ കണ്ണുകള്‍ അതിദ്രുതം ചലിപ്പിക്കാമെന്നത് മറ്റൊരു സവിശേഷത, അതും അങ്ങേയറ്റം കൃത്യതയോടെ. ഏറ്റവും ഇടത്തുഭാഗത്തുനിന്ന് നോട്ടം ഏറ്റവും വലത്തേക്കു മാറ്റാന്‍ ആവശ്യമായ സമയം, വെറും അഞ്ചിലൊന്നു സെക്കണ്ട് മാത്രം.

ഓകെ, ഓകെ. പക്ഷേ, രണ്ടു കണ്ണുകളെന്തിന്? ഒരെണ്ണം പോരായിരുന്നോ? ചോദ്യം ന്യായം. അവിടെയാണു പ്രകൃതിയുടെ വിരുത്. ഇരുകണ്ണുകളുടെയും വീക്ഷണകോണ്‍ വ്യത്യസ്തമാണ്. അതായത്, ഇടതുകണ്ണ് ഒരു പെന്‍സില്‍ കാണുന്നതുപോലല്ല, വലതുകണ്ണ് അതേ പെന്‍സില്‍ കാണുന്നത്. ഓരോ കണ്ണും മാറി മാറി അടച്ച് പെന്‍സിലിനെ നോക്കിയാല്‍ നമുക്കു തോന്നുന്ന വ്യത്യാസം ചെറുതാണ്. പക്ഷേ, വസ്തുവിന്റെ ത്രിമാനാകൃതിയെപ്പറ്റിയുള്ള ധാരണ ലഭിക്കാന് തലച്ചോറിന് ഈ ചെറിയ disparity (അസമാനത?) മതിയാകും. ഒരു കണ്ണു മാത്രമേയുള്ളൂവെങ്കില്‍ ഈ കഴിവ് ലഭിക്കില്ല.

അപ്പോള്‍ സ്വാഭാവികമായും മറ്റൊരു ചോദ്യമുയരും. എന്തിനാണു പ്രകൃതി രണ്ടു ചെവികള്‍ തന്നിരിക്കുന്നത്? ഉത്തരം ലളിതമാണ്. ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താന്‍.

ഭാര്യയുടെയും മകളുടെയും ശബ്ദം തിരിച്ചറിഞ്ഞാല്‍ പോരേ, എന്തിനാണു ഉറവിടംകൂടി അറിയുന്നതെന്നാ‍ര്‍ക്കും സംശയമില്ലല്ലോ. അഥവാ ഉണ്ടെങ്കില് വെറുതെ ഒന്നു സങ്കല്പിച്ചു നോക്കൂ. ഏറെ നേരമായി നിങ്ങളിരുവരും മോളെ തിരഞ്ഞു നടക്കുന്നു. എല്ലാ മുറികളും നോക്കി. ബാത്‌റൂം, കതകിനു പുറകില്‍, കട്ടിലിനടിയില്‍, അയല്‌പക്കത്ത്..ഇല്ല, എവിടെയുമില്ല. അപ്പോഴാണു കരഞ്ഞു കരഞ്ഞു നേര്‍ത്ത്, ശ്വാസം മുട്ടിയതുപോലെ, ..അമ്മേ..എന്ന വിളി. ആ ശബ്ദം എവിടെനിന്നെന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില് നമുക്ക് കേള്‍വിശക്തികൊണ്ടെന്തു ഫലം?

കാതും കണ്ണും മാത്രമാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ഇവയെ എല്ലാം നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രത്യേകതകളെക്കുറിച്ചു പറഞ്ഞാല് തീരില്ല. മറ്റു ജീവികളുമായി താരതമ്യം ചെയ്യുമ്പോള് എന്തെല്ലാം സവിശേഷഗുണങ്ങളാണ് പ്രകൃതി നമുക്കു തന്നിരിക്കുന്നത്. എന്നിട്ടും നാമെന്താ ഇങ്ങനെയായിപ്പോകുന്നത്? നാക്ക് ഒന്നേയുള്ളൂവെങ്കിലും കാതുകള് രണ്ടു വേണമെന്നു പ്രകൃതി. കണ്ണുകളും.

ഇതിന് ശാസ്ത്രീയവിശദീകരണങ്ങളുണ്ട്. എങ്കിലും, മറ്റൊരാള് പറയുന്നതിലെ ശരി വേര്‍തിരിച്ചെടുക്കാന്, അല്ലെങ്കില് കേട്ടുകേള്‍വികളെ സ്വയം ഒരു ബാലന്‍സിങ്ങിനു വിധേയമാക്കാന് എന്നൊക്കെയാണ് ഞാന് വിശ്വസിക്കുന്നത്. അതുപോലെ കാഴ്ചയിലെയും വായനയിലെയും സത്ത മാ‍ത്രം ഉള്‍ക്കൊള്ളാനാണ് രണ്ടു കണ്ണുകളെന്നും.

ഒന്നായ നിന്നെയിഹ രണ്ടെന്നു..

കളിക്കുന്നതിനോട് പ്രതിപത്തിയില്ല. പക്ഷേ, കളി കാണുന്നതിഷ്ടം (ക്രിക്കറ്റല്ലേയ്..). കളിപ്പിക്കുന്നതും ഇഷ്ടമില്ല. എങ്കിലും ഒന്നു ശ്രമിച്ചാലോ? ഇതാ ഒരു നുറുങ്ങ് കളി.

ഒന്നു കണ്ണടക്കൂ. ഇനി താങ്കളുടെ ..ഓ സോറി. കണ്ണടച്ചുകഴിഞ്ഞ് എങ്ങനെ വായിക്കും? വിഡ്ഢി. എന്നാല് ഇതു വായിച്ചിട്ട് സുഹൃത്തിനെക്കൊണ്ട് ചെയ്യിക്കൂ. അതിനു മുന്‍പ് സ്വയം പരീക്ഷിച്ച് ഒന്ന് ഉറപ്പാക്കുകകൂടി ചെയ്തോളൂ.

സുഹൃത്തിനോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെടുക. എന്നിട്ട് ചൂണ്ടുവിരലും നടുവിരലും പരസ്പരം ഒന്നിനു മുകളില് ഒന്നായി ചേര്‍ത്ത് അമര്‍ത്തിവെയ്ക്കാന് പറയുക. വിരലഗ്രങ്ങളുടെ തൊട്ടുമുന്‍പ് ചേര്‍ന്ന് അമര്‍ന്നിരിക്കണം. എന്നാല് രണ്ടു വിരലിലേയും നഖങ്ങള് കാ‍ണാന് സാധിക്കണം. അതായത് അഗ്രങ്ങള് ഒരു ഗുണനചിഹ്നം പോലെ തോന്നണം. ഇനി രണ്ടു വിരലഗ്രങ്ങളും ഒരുമിച്ച് ഒരേസമയം ഒരു ചെറിയ കല്ലില് തൊടുവിച്ചിട്ട്, അത് എത്രയെണ്ണമുണ്ടെന്നു ചോദിക്കൂ.

ഏകദേശം രണ്ടായിരം വര്‍ഷങ്ങള് മുന്‍പ്, അരിസ്റ്റോട്ടില് മനസ്സിലാക്കിയതാണിത്. ഇങ്ങനെ ഒന്നിനെ സ്പര്‍ശിക്കുമ്പോള് രണ്ടായി തോന്നുന്നതിനെ doubled touch (diplesthesia) എന്നാണു പറയുന്നത്.

നാം ഒരു വസ്തുവിനെ നോക്കുമ്പോള് ഇരുകണ്ണിലെയും റെറ്റിനകളിലെ സമാനഭാഗങ്ങളാണ് ഉത്തേജിപ്പിക്കപ്പെടുന്നത്. എന്നാല് ഇതിനു വിരുദ്ധമായി, ജനിതകമോ, ശാരീരികമോ, ആയ കാരണങ്ങളാല് ചിലപ്പോള് റെറ്റിനകളുടെ സമാനമല്ലാത്ത ഭാഗങ്ങളില് വസ്തുവിന്റെ നിഴല് പതിഞ്ഞേക്കാം. തത്ഫലമായി ദ്വന്ദദൃഷ്ടി (double vision) ഉണ്ടാവുന്നു. ഏതാണ്ട് ഇതേ കാരണം മൂലമാണ് doubled touch അനുഭവപ്പെടുന്നതും.

സ്പര്‍ശത്തിലെ മറ്റൊരു വികൃതി ഇതാ. ഒരാളുടെ നഗ്നമായ പുറത്ത് വിരല്‍‌കൊണ്ട് നാം എന്തെങ്കിലും എഴുതുന്നുവെന്ന് കരുതുക. അയാള്‍ക്ക് നമ്മള് എഴുതുന്നത് കാണാനാവാത്തിടത്തോളം സമയം, എന്തിനേക്കുറിച്ചെന്ന് ഊഹിക്കാന് സാധിക്കാത്തിടത്തോളം കാലം, എന്താണെഴുതിയതെന്ന് മനസ്സിലാക്കാന് വളരെ ബുദ്ധിമുട്ടാണ്. എഴുതുന്നതിനിടയില്, വിരല് ഇടയ്ക്കിടെ ഉയര്‍ത്തുകയുംകൂടി ചെയ്താല്, ഈ ബുദ്ധിമുട്ട് വര്‍ദ്ധിക്കുകയും ചെയ്യും.

കണ്ണെഴുതി പൊട്ടുംതൊട്ടില് നമ്മുടെ വാരസ്യാര്‍കുട്ടി, കുസൃതിച്ചിരിയോടെ, തിലകന്റെ പുറത്ത് എഴുതിയ വാക്ക്, ഉടനടി സംശയലേശമന്യെ മനസ്സിലാക്കിയ ദൃശ്യം ഈയ്യിടെ ടിവിയില് കണ്ടു. അപ്പോള് തോന്നിയത്.

സമയം

ദൂരത്തിന്റെ അളവാണത്രേ മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചത്. ആയിരിക്കാം. ഈ കുന്നില്‍നിന്ന് ആ കുന്നിലേക്കുള്ള ദൂരം, അടുത്തുള്ള അരുവിയിലേക്കുള്ള അകലം, അങ്ങനെ പലതും. പിന്നീട് അവന് space അളക്കേണ്ടിവന്നു. ഒരു പക്ഷേ, അത് അരുവിയില്‍നിന്ന് കുടിലിലേക്ക് ചുമന്നുകൊണ്ടു വരുന്ന ജലത്തിന്റെ അളവായിരിക്കാം. അല്ലെങ്കില് തന്റെ കുടില് മേയാന് ആവശ്യമായ പുല്ലോ ഓലയോ എത്ര വേണമെന്നറിയാനായിരിക്കാം. ഇങ്ങനെ വ്യാപ്തവും വിസ്തീര്‍ണ്ണവുമൊക്കെ കണ്ടെത്താന് ദൂരത്തിന്റെ അളവുകള്‍തന്നെ മതിയായിരുന്നു.

പക്ഷേ, പകലും രാത്രിയുമുണ്ടാകുന്നത്, ചില സ്ഥലങ്ങളില് ആവര്‍ത്തിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്, ഇങ്ങനെ പ്രകൃതിയിലെ പല പ്രതിഭാസങ്ങളും മനസ്സിലാക്കാന്‍ ദൂരത്തിന്റെ യൂണിറ്റ് പോരാതെയായി. അങ്ങനെ സമയം എന്നൊരു പുതിയൊരു അളവുംകൂടി മനുഷ്യനു വേണ്ടിവന്നു.

പ്രത്യക്ഷത്തില് അതീവലഘുവും എന്നാല് നിര്‍വ്വചിക്കാനോ വിശദമാക്കാനോ ഏറെ വൈഷമ്യമുള്ളതുമാണ് സമയത്തെക്കുറിച്ചുള്ള സങ്കല്പം. ഏറ്റവും ലളിതമായി പറഞ്ഞാല് സമയം ഒരു measured duration മാത്രമാണ്. എന്നാല് സമയത്തെക്കുറിച്ചുള്ള തോന്നല് നമുക്കുണ്ടാകുന്നത്, നമ്മുടെ ശരീരത്തിലോ പരിസരത്തോ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍മൂലവും. കൃത്യമായി പറഞ്ഞാല് ഇത്തരം വ്യതിയാനങ്ങള് മാത്രമാണ് നമ്മുടെ സമയബോധത്തിനു കാരണം. ഉദാഹരണത്തിനു സൂര്യോദയം, അസ്തമയം, തുടങ്ങി കൃത്യമായ ഇടവേളകളില് സംഭവിക്കുന്ന പ്രതിഭാസങ്ങള്. അല്ലെങ്കില് കാറ്റ്, മഴ, തുടങ്ങി യാതൊരു തീര്‍ച്ചയുമില്ലാത്ത പ്രതിഭാസങ്ങള്, ചെടികളുടെയും മറ്റു ജീവജാലങ്ങളുടെയും വളര്‍ച്ച, തുടങ്ങിയവ.

ഇപ്പോള് ഒരു മറുചോദ്യം ഞാന് കേള്‍ക്കുന്നുണ്ട്. കാറ്റും, വെളിച്ചവുമൊന്നും എത്തിനോക്കാത്ത ഒരു അറക്കുള്ളില് അടയ്ക്കപ്പെട്ട ഒരു മനുഷ്യനും സമയം പോകുന്നതറിയുന്നുണ്ടല്ലോ?

തീര്‍ച്ചയായും അറിയും. പരിസരവുമായുള്ള എല്ലാത്തരം ബന്ധവും വിച്ഛേദിക്കപ്പെട്ട മനുഷ്യനും സമയം മുന്നോട്ടു നീങ്ങുന്നതറിയാന് കഴിയും- അവനു ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്, അതു കഴിക്കാനുള്ള ആരോഗ്യം ശേഷിക്കുന്നുണ്ടെങ്കില്. കാരണമെന്തെന്നോ? അപ്പോഴും അവന് ചില മാറ്റങ്ങള് അനുഭവിക്കുന്നുണ്ട്: ശ്വാ‍സോച്ഛാസം, വിശപ്പ്, വിസര്‍ജ്ജനം, വളര്‍ച്ച, മുതലായവ.

ഇങ്ങനെയുള്ള അസന്തുലിതാവസ്ഥകളും വ്യതിയാനങ്ങളും, ശരീരത്തിലോ നമുക്കു ചുറ്റുമോ ഇല്ലെങ്കില് ഭൂതകാലത്തെയും ഭാവിയെയും വര്‍ത്തമാനകാലത്തില്‍‌നിന്ന് വേര്‍തിരിച്ച് ഉള്‍ക്കൊള്ളാന് നമുക്ക് അസാദ്ധ്യമാണ്. അത്തരമൊരു അവസ്ഥയില്, “മുന്‍പ്”, “ഇപ്പോള്”, “പിന്നീട്”, എന്നൊക്കെ പറയുന്നത് അര്‍ത്ഥരഹിതമാവുകയും ചെയ്യും. അതായത്, മാറ്റങ്ങള് സംഭവിച്ചില്ലെങ്കില്, തികച്ചും അര്‍ത്ഥശൂന്യമെന്നു പറയാവുന്ന എന്തോ ഒന്നാണു സമയം.

നിശ്ചിത നീളമുള്ള ഒരു വസ്തു, അതായത് ഒരു scale മായി, താരതമ്യപ്പെടുത്തിയാണ് ദൂരം അളക്കുന്നത്. അതുകൊണ്ട് ഏതാണ്ട് കൃത്യമായിത്തന്നെ ദൂരം അളക്കാന് നമുക്കു സാധിക്കും. എന്നാല്, “സമയം” എന്ന തോന്നല് തികച്ചും intuitive ആണ്. സമയം തിട്ടപ്പെടുത്തുന്നത് ഒരു മാനസികവ്യാപാരവും. അതിനാല് കൃത്യമായി ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രക്രിയയുമായി (ഒരു നാഴികമണിയെ പോല്‍), താരതമ്യംചെയ്ത് സമയം അളക്കുന്നു.

ഇല്ലാത്ത ഒന്നിനെ, മനുഷ്യന്റെ ഒരു വെറും തോന്നലിനെ, അടിസ്ഥാനമാക്കിയാണല്ലോ എല്ലാ ശാസ്ത്രവും, ഈ ലോകത്തിലെ എല്ലാ സമൂഹവും പ്രവര്‍ത്തിക്കുന്നതെന്ന അതിശയത്തില് എഴുതിയത്. സമയത്തെക്കുറിച്ച് വളരെ ലളിതമായ ഒരു വിശകലനം മാത്രമാണിത്.

ഒരു പുലര്‍ച്ചയില് (daylight saving), എന്റെ വാച്ചിലെ സമയവും, ക്ലോക്കിലെ സമയവുമായി ചേരാതെ വന്നപ്പോള്‍.

ആ പഴയ തര്‍ക്കം

“ ഡാര്‍വിന് സിദ്ധാന്തം ശരിയെന്നു ഞാന് സമ്മതിക്കാം. പക്ഷേ, ഒരു ഉടമ്പടി. നാം ഒരുമിച്ച് ആഫ്രിക്കന് വനത്തിലേക്കു പോവുന്നു. രണ്ടാഴ്ചക്കകം ഏതെങ്കിലും ഒരു കുരങ്ങന്‍ മനുഷ്യനാവുന്നതു കാണണമെന്നു മാത്രം”.

ഇതിന് ഇന്നും പ്രസക്തിയുണ്ട്?

അന്ന് (1925) അമേരിക്കയിലെ ടെന്നിസിയില് പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് നിരോധിച്ചിരുന്നു. പകരം, ഉത്പത്തി പുസ്തകത്തില് ഭൂമിയില് ജീവജാലങ്ങളുടെ തുടക്കത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതാണു പഠിപ്പിക്കേണ്ടത്. എന്നാല്, അദ്ധ്യാപകനായ ജോണ് തോമസ് സ്കോപ് ഇതു ലംഘിച്ചു. പ്രശ്നം സ്വാഭാവികമായും കോടതിയിലെത്തി. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജെന്നിങ്സ് ബ്രയനാണ് സര്‍ക്കാരിനുവേണ്ടി ഹാജരായത്. ഇദ്ദേഹത്തിന്റെ വാചകമായിരുന്നു ഈ പോസ്റ്റിന്റെ തുടക്കത്തില് എഴുതിയിരിക്കുന്നത്.

അമേരിക്കന് ജനതയുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസ് സ്കോപ് വിചാരണയെന്നാണ് അറിയപ്പെട്ടത്. റേഡിയോ പ്രക്ഷേപണം തുടങ്ങിയ സമയം. വിചാരണയുടെ തത്സമയ വിവരണം ജനങ്ങളില് എത്തിക്കൊണ്ടിരുന്നു. എല്ലാ പത്രങ്ങളില്‍‌നിന്നുമായി ഒരു മാദ്ധ്യമപ്പട കോടതിയില് തമ്പടിച്ചിരുന്നു. അവസാനം കേസില് സ്കോപ് തോറ്റു. മാത്രമല്ല, നൂറു ഡോളര് പിഴയും. ഈ ശിക്ഷ പിന്നീട് ഇളവു ചെയ്തുകൊടുത്തു. പക്ഷേ, തോല്‍‌വി, തോല്‍‌വി തന്നെയാണ്. അതായത് മതം ജയിച്ചു, ശാസ്ത്രം തോറ്റു.

ഏറെ പിന്നീട് 1967 ലെ അമേരിക്കന് സുപ്രീംകോടതി വിധിയിലാണ് അമേരിക്കയില് ഡാര്‍വിന് സിദ്ധാന്തം പഠിപ്പിക്കാന് സമ്മതം ലഭിച്ചത്. 1996ല് മാര്‍പാപ്പ പോള് രണ്ടാമന് പറഞ്ഞത്, മനുഷ്യശരീരം ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിയാവണമെന്നില്ല, എന്നാല് പരിണാമഫലമായിരിക്കമെന്നാണ്.

എങ്കിലും കടുത്ത പ്രോട്ടസ്റ്റന്റ് മതമൌലികവാദികള് ഇപ്പോഴും ചിന്തിക്കുന്നത് തിരിച്ചാണ്. അമേരിക്കയിലെ ഒരു നല്ല ശതമാനം ആളുകളും പാഠ്യപദ്ധതിയില് ദൈവസൃഷ്ടിവാദവും ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നുണ്ടത്രേ! ഇതില് ഡോക്ടര് ഗീഷിനെപ്പോലുള്ളവരും ഉള്‍പ്പെടുന്നത് ആശങ്കാജനകമാണ്. നിസ്സാരക്കാരനല്ല ഗീഷ്. ജൈവരസതന്ത്രജ്ഞനും, ഗ്രന്ഥകാരനും. എന്നാല്‍ ഒരു ജീവിയില്‍‌നിന്ന് വേറൊന്നിലേക്ക് പരിവര്‍ത്തനം സംഭവിച്ചുവെന്നതിന് തെളിവുകളില്ലെന്നാണ് വാദം.

പ്രളയകാലത്ത് ഒരു പുഴുവിനേപ്പോലും ഉപേക്ഷിക്കാതെ എല്ലാ ജീവികളെയും സംരക്ഷിക്കണമെന്ന ദൈവത്തിന്റെ അരുളപ്പാട്. എല്ലാ ജീവികളുടെയും ഒരോ ജോഡിയോടൊപ്പം എല്ലാത്തരം സസ്യങ്ങളും കൂടിയുണ്ടാവണം പേടകത്തിലെന്ന് ദൈവം നോഹയോടു പറഞ്ഞ കഥയിലെ സത്ത മനസ്സിലാക്കാന് വിഷമമില്ല. നല്ല ഒന്നാംതരമൊരു പരിസ്ഥിതിവാദി ആയിരുന്നിരിക്കണം ദൈവം. എല്ലാ ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചേ ജീവിക്കാന് സാധിക്കൂ, അല്ലെങ്കില് അങ്ങനെ ജീവിക്കുന്നതാണ് എല്ലാ ജീവികളുടെയും നിലനില്പിനു നല്ലതെന്ന തിരിച്ചറിവില്‍നിന്നാവണം ഇത്തരമൊരു നിര്‍ദ്ദേശം ദൈവത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
എന്നാല് ഇത് കഥയല്ല. ഭൂമിയില് ജീവികളുടെ ആവിര്‍ഭാവം ഇങ്ങനെ തന്നെയായിരുന്നുവെന്നു വിശ്വസിക്കുന്ന ഒട്ടനവധി ആളുകളുമുണ്ട്. പണ്ടും അങ്ങനെ തന്നെയായിരുന്നു.

എന്തിന് നാം

ജനനം- 1901, മരണം- 2007. എഴുതിയിരുന്നത് ഒന്നുകൂടി വായിച്ചു. ശരി തന്നെയാണ്. എനിക്കു തെറ്റിയതല്ല. ഇന്ന് ഒരു സുഹൃത്തിന്റെ ബന്ധുവിന്റെ ശവസംസ്കാരത്തിന് പോയപ്പോള്‍ അവിടുള്ള ഒരു കല്ലറയില്‍ കണ്ടതാണ്. ആ വ്യക്തി തന്റെ ജീവിതത്തില്‍ എന്തെല്ലാം കണ്ടിട്ടുണ്ടാവും? എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാവും? അയാളുടെ ബാല്യവും കൌമാരവും ഏതാണ്ട് ഒരേ സാ‍മൂഹിക പരിതസ്ഥിതിയിലായിരുന്നിരിക്കും. പക്ഷേ, അവസാന വര്‍ഷങ്ങള്‍ എത്രയോ വ്യത്യസ്തമായിരുന്നിരിക്കണം!

എന്തിന് 106 വര്‍ഷം ജീവിച്ചിരുന്ന വ്യക്തിയെക്കുറിച്ച് ചിന്തിക്കണം? ഈയുള്ളവന്റെ കാര്യം തന്നെയെടുത്താല്‍ മതിയല്ലോ. ഞാന്‍ സ്കൂളില്‍ പോയ കാലത്തെയും ഇപ്പോഴത്തെയും അവസ്ഥ താരതമ്യം ചെയ്താലോ? വാഹന സൗകര്യമാണെങ്കിലും, പഠന സൗകര്യമാണെങ്കിലും എന്തെല്ലാം മാറ്റങ്ങള്‍! വാര്‍ത്താവിനിമയ സമ്പ്രദായങ്ങളുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. ചില ആധുനികസൗകര്യങ്ങളോട് എന്റെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ തെല്ല് വൈഷമ്യത്തോടെയാണെങ്കിലും സമരസപ്പെട്ടതിനു ഞാന്‍ സാക്ഷിയാണ്. എന്നാല്‍ എന്റെ അടുത്ത തലമുറ എത്ര അനായാസമായാണ് നവംനവമായ സംഗതികളുമായി ഒത്തുപോകുന്നത് ! അവരെ സംബന്ധിച്ച് അവ പുതിയ കാര്യങ്ങളൊന്നും അല്ലാത്തതിനാലാവണം.

എന്തായാലും മാറ്റങ്ങള്‍ നാമെല്ലാം ഉള്‍ക്കൊള്ളുന്നു. അവ അംഗീകരിച്ചേ മതിയാവൂ, എന്നുള്ളതിനാല്‍. അല്ലെങ്കില്‍ അവ നമ്മളെ മാറ്റുമെന്ന് ഉറപ്പുള്ളതിനാല്‍. (അതെ, കവിവാക്യം..)

106 വയസ്സില്‍ മരിച്ച ആ വ്യക്തിയുടെ ജീവിതത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ ഒരേപോലായിരുന്നോ? അയാളുടെ കൊച്ചുമക്കളില്‍ ആരെങ്കിലും അന്യമതസ്തരെ വിവാഹം ചെയ്തിരുന്നുവെന്നു വിചാരിക്കുക. അങ്ങനെയൊരു കാര്യം അയാളുടെ തലമുറയിലാണു നടന്നതെങ്കില്‍ ഉണ്ടാകുന്ന ഭൂകമ്പമൊന്നും തീര്‍ച്ചയായും അപ്പോള്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല.

ഏതെങ്കിലും മതത്തിന്റെ നിയമമനുസരിച്ച് മറ്റു മതവിശ്വാസികളെ കല്യാണം കഴിക്കാമെന്ന ഇളവുണ്ടോ? ചില മതങ്ങളിലാണെങ്കില്‍ അന്യമതസ്തനായ പുരുഷനോ/സ്ത്രീയോ അവരുടെ മതത്തിലേക്ക് ചേര്‍ന്നാല്‍ വിവാഹത്തിന് അനുമതി നല്‍കുന്നു. അല്ലാതെ മതം മാറി വിവാഹം ചെയ്യുന്നത് അവരുടെ നിയമാവലിയിലൊന്നും എഴുതിച്ചേര്‍ത്തിട്ടില്ല. എന്നിട്ടും ഈ തലമുറ, പണ്ടത്തവരെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ കുറച്ചുകൂടി സഹിഷ്ണുത കാണിക്കുന്നുണ്ട്. അത് വിദ്യാഭ്യാസത്തിന്റെ നേട്ടമായിരിക്കാം. ലോകം, ഒരു ആഗോളഗ്രാമമായതിന്റെ പരിണതഫലമായിരിക്കാം. കാരണമെന്തുമാവട്ടെ, എനിക്കു തോന്നുന്നു, കാലം കുറെക്കൂടി മുന്‍പോട്ടു പോകുമ്പോള്‍ ഈ സഹിഷ്ണുത ഇനിയും കൂടുകയേ ഉള്ളൂവെന്ന്.മതങ്ങള്‍ ഇങ്ങനെ തുടരുന്നതിന് പ്രധാന കാരണം, വിവാഹങ്ങള്‍ ഒരേ മതത്തില്‍ത്തന്നെ ഒതുങ്ങുന്നതാണ്.

മിശ്രവിവാഹിതരായ ദമ്പതികളുടെ മകന് മതമില്ല, എന്നെഴുതിയ പാഠം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, അതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അവര്‍ എന്താണ് പറയുന്നത്? മതത്തിനെതിരല്ല, ഞങ്ങളെന്നാണ്. എന്തുകൊണ്ട് വ്യക്തവും ശക്തവുമായൊരു നിലപാട് അവര്‍ക്കെടുക്കാന്‍ സാധിക്കുന്നില്ല. ഉത്തരം വളരെ ലളിതം. തിരഞ്ഞെടുപ്പിന്റെയും വോട്ടിന്റെയും കാര്യം ആലോചിക്കുമ്പോള്‍ ആര്‍ക്കും മതത്തെ തീര്‍ത്തും തള്ളിപ്പറയാന്‍ സാധിക്കുന്നില്ല.

ഈ പാഠഭാഗം മതത്തിനെതിരാണെങ്കില്‍, എല്ലാ മതവിഭാഗങ്ങള്‍ക്കും ഇതേ തോന്നലുണ്ടാവണ്ടേ? എന്തുകൊണ്ടു ചിലര്‍ മാത്രം ഇതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു?

തീര്‍ച്ചയായും ഒരു നൂറു വര്‍ഷം കഴിയുമ്പോള്‍, ഇപ്പോഴത്തെ സമ്പ്രദായങ്ങളൊന്നുമായിരിക്കില്ല, നമ്മുടെ സാമൂഹിക സ്ഥിതിയില്‍. ഇന്നു നാം ഇങ്ങനെയൊക്കെയായിരുന്നുവെന്നു അറിയുമ്പോള്‍ അന്നത്തെ തലമുറ നമ്മെ പരിഹസിച്ചു ചിരിക്കും. ഒരു കാലത്തെ സൂപ്പര്‍ സ്റ്റാറായിരുന്ന ജയന്റെ അഭിനയം ഇന്നത്തെ തലമുറയില്‍ ഉയര്‍ത്തുന്ന ചിരി പോലെ.