October 9, 2018

കേംബ്രിജ് സർവ്വകലാശാലയും ഇഗ്‌ നൊബേൽ പുരസ്കാരവും

എണ്ണൂറ് വയസ് പിന്നിട്ട യൂണിവേഴ്‌സിറ്റി. 2009ലായിരുന്നു എണ്ണൂറാം പിറന്നാൾ. ഈ സർവ്വകലാശാലയ്ക്ക് എത്ര വിസ്തൃതി ഉണ്ടാവും? വെബ്‌സൈറ്റിൽ പരാമർശിച്ചു കണ്ടില്ല. ഒരു സർവകലാശാലയുടെ ആസ്തി തിട്ടപ്പെടുത്താൻ നാം സ്വീകരിക്കുന്ന പതിവ് മാനദണ്ഡങ്ങളുണ്ടല്ലോ. എത്ര ഏക്കർ ഭൂമി? എത്ര കോടിയുടെ നിർമാണപ്രവർത്തനങ്ങൾ? ഇതാവില്ല അവരുടെ അളവുകോൽ. മറിച്ച്, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ബൗദ്ധികമികവും ഗവേഷണത്തികവുമാണ്.

ഇതിനു ദൃഷ്ടാന്തമായി അവർ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ നോക്കുക. സാക്ഷാൽ ഐസക് ന്യുട്ടൺ മുതൽ സ്റ്റീഫൻ ഹോക്കിങ്ങ് വരെയുള്ള പ്രമുഖർ. ആധുനിക കമ്പ്യൂട്ടറിന്റെ പിതാവെന്ന് അറിയപ്പെടുന്ന ചാൾസ് ബാബേജ്, ഇലക്ട്രോൺ കണ്ടുപിടിച്ച ജെ.ജെ.തോംസൺ, കൂടാതെ ചാൾസ് ഡാർവിൻ, റൂഥർഫോർഡ്, നീൽസ് ബോർ, ചാഡ്‌വിക്, തുടങ്ങി വിശേഷണങ്ങൾ ആവശ്യമില്ലാത്ത ഒരു കൂട്ടം ശാസ്‌ത്രജ്‌ഞരും. ഇവരൊക്കെ കേംബ്രിജിൽ ഉണ്ടായിരുന്നു.

അതുപോലെ, ജോൺ മിൽട്ടൺ, സാമുവൽ കോളറിഡ്ജ്, ലോർഡ് ബൈറൺ, ടെന്നിസൺ, സിൽവിയാ പ്ലാത്, ബെർട്രാൻഡ് റസ്സൽ, ജവഹർലാൽ നെഹ്‌റു, സരോജിനി നായിഡു, അമർത്യാസെൻ തുടങ്ങിയവരും.

വേറൊന്ന്, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇവിടുത്തെ അച്ചടിശാലയെക്കുറിച്ചാണ്. 1584ൽ സ്ഥാപിതമായതിനു ശേഷം മുടക്കമില്ലാതെ എല്ല്ലാ വർഷവും ഇവിടെനിന്ന് പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.

പുരാതനമായ ഒരു സർവകലാശാലയ്ക്ക് അഭിമാനിക്കാൻ ഇങ്ങനെ ഏറെ കാര്യങ്ങളുണ്ടാകും. പക്ഷേ, ചില കാര്യങ്ങൾ ശ്രദ്ധേയമായി തോന്നി.

ഇഗ്‌ നൊബേൽ പുരസ്കാരം 

 

സാധാരണ ഒരു വ്യക്തി തന്റെ ബയോഡേറ്റയോ ഒരു സ്ഥാപനം അതിന്റെ ചരിത്രമോ രേഖപ്പെടുത്തുമ്പോൾ, കഴിവുകളും നേട്ടങ്ങളും മാത്രമാണ് പരാമർശിക്കുന്നത്. 

"ഞാൻ രണ്ടാമത്തെ തവണയാണ് ബിരുദപരീക്ഷ ജയിച്ചത്." ഒരാളും തന്റെ ബയോഡേറ്റയിൽ ഇങ്ങനെ എഴുതില്ല.

"ഞങ്ങൾക്ക് ISO 9001 സർട്ടിഫിക്കേഷൻ ഉണ്ട്." ഇങ്ങനെയല്ലാതെ പരിസ്ഥിതി സൗഹൃദത്തിന് ഇതുവരെ അംഗീകാരം കിട്ടിയിട്ടില്ലെന്ന് ഒരു വ്യവസായശാലയും പറയില്ല.

പക്ഷേ, കുറച്ചു വർഷങ്ങൾക്കു മുൻപ്, കേംബ്രിജ് സർവ്വകലാശാലയുടെ വെബ്‌സൈറ്റിൽ തങ്ങൾക്കു ലഭിച്ച അംഗീകാരങ്ങൾക്കു ശേഷം, വിചിത്രമായ ഒരു വാക്യമുണ്ടായിരുന്നു.


1991ൽ അമേരിക്കയിലെ ഹാർവാഡ് സർവ്വകലാശാല, ഇഗ്‌ നൊബേൽ പുരസ്കാരം ഏർപ്പെടുത്തി. ഇതുവരെ കേംബ്രിജ് സർവ്വകലാശാലയ്ക്ക് ഇത് ലഭിച്ചിട്ടില്ല. 

 
മനുഷ്യരെ ആദ്യം ചിന്തിപ്പിക്കുകയും പിന്നീട് ചിരിപ്പിക്കുകയും ചെയ്യുന്ന കണ്ടുപിടിത്തങ്ങൾക്ക്  The Annals of Improbable Research എന്ന മാസികയുടെ ആഭിമുഖ്യത്തിലാണ് ഈ സമ്മാനം കൊടുക്കുന്നത്. 

എന്തുകൊണ്ടാവും തങ്ങൾക്ക് ഈ സമ്മാനം കിട്ടിയിട്ടില്ലെന്ന് അവർ പറഞ്ഞത്? ഞാൻ ആലോചിച്ചു.

ഒരു പക്ഷേ, തങ്ങളുടെ എല്ലാ ഗവേഷണങ്ങളിലും "ചിന്ത" മാത്രമേയുള്ളൂവെന്ന് അവർ കരുതിയിട്ടുണ്ടാവും. അല്ലെങ്കിൽ, വേറിട്ടു ചിന്തിച്ച്, ചിരിയും ചിന്തയും സംയോജിപ്പിച്ച പ്രശസ്ത സഹജീവിയ്ക്ക് കേംബ്രിജ് സർവ്വകലാശാല കൊടുത്ത അംഗീകാരമാകാം. അതുമല്ലെങ്കിൽ, ചിന്തയ്‌ക്കൊപ്പം അല്പം ചിരിയുമാകാമെന്ന്, തങ്ങളുടെ ഗവേഷകരെ ഓർമിപ്പിക്കുകയും ചെയ്യുന്നു.

ഇതൊന്നുമല്ലെങ്കിൽ, ഈ സമ്മാനം മഹത്തരമാണ്. എന്നാൽ, ഇതുവരെ ഞങ്ങൾക്കിതു കിട്ടിയിട്ടില്ലെന്നു പറയുന്നു. അതിനും വേണം ഒരു കരുത്ത്. ആത്മവിശ്വാസത്തിന്റെ വിളംബരമാണ് ഈ പരസ്യപ്രസ്താവന.

എന്നാൽ ഇപ്പോൾ അവരുടെ വെബ്‌സൈറ്റിൽനിന്ന് ആ വാക്യം നീക്കം ചെയ്തു. കാരണം, കേംബ്രിജിനും ലഭിച്ചു, ഇഗ്‌ നൊബേൽ. ഒന്നല്ല, രണ്ടു തവണ.
കൂടുതൽ അറിയണമെങ്കിൽ ഇതാ ഇവിടെ.




1 comment: