July 28, 2017

സ്വാദിഷ്ഠമായ ഒരു ഉരുള ചോറ്

ആ കത്തിലെ മേൽവിലാസം വിചിത്രമായിരുന്നു. 

"Miss Polymer Technology Lab"

കലാപ്രസാദാണ് അന്നത്തെ തപാലിൽ ഓഫീസിലെത്തിയ കത്ത് ഞങ്ങളുടെ ലാബിലേക്ക് എടുത്തുകൊണ്ടുവന്നത്.

ഇതാരാണ് ഈ മിടുക്കി? എല്ലാവരും ആകാംക്ഷയോടെ കത്തിനുചുറ്റും കൂടി. ഒരാളൊഴികെ. 

അത് ഞാനായിരുന്നു. 

കാരണം, ആ കത്ത് അയച്ചത് ഞാനാണ്. ഓഫീസിൽ ഇത്തരം മേൽവിലാസത്തോടെ ഒരു എഴുത്ത് വന്നാൽ അവർ അത് കീറിക്കളയുമെന്ന ഭയത്തിൽ Senderന്റെ സ്ഥാനത്ത് ഞാൻ എന്റെ പേര് എഴുതിയിരുന്നു. അതുകൊണ്ട് കത്ത് പൊട്ടിച്ചുനോക്കാൻ പോലും ക്ഷമയില്ലാതെ, അല്പം ദൂരെ നിൽക്കുന്ന എന്നോട് അവരൊക്കെ ചോദിക്കുന്നുമുണ്ട്.

"ഗീത, ഈ മിടുക്കി ആരാണ്?"

അപ്പോഴേക്കും കലാപ്രസാദ്‌ കത്ത് പൊട്ടിച്ചു.

കിട്ടിയത് ഒരു ഫോട്ടോ. അടിക്കുറിപ്പോടെ.

കടലാസുപൂക്കൾക്കിടയിലൊരു നറും പൂവ്

പൂത്തുലഞ്ഞു നിൽക്കുന്ന ബൊഗൈൻവില്ല (കടലാസു പൂവ്). ചുവന്ന പൂക്കളുടെ ഒരു പ്രപഞ്ചമാണ് ഫോട്ടോയിൽ കാണുന്നത്. അവിടവിടെ ഒന്നോ രണ്ടോ ഇലകൾ മാത്രം. അതിന്റെ നടുവിലായി പുഞ്ചിരിയോടെ ജയ. അന്ന് ജയയുടെ ജന്മദിനമായിരുന്നു.

പൊടിപ്പും തൊങ്ങലും ചിറകും വെച്ച അക്ഷരങ്ങൾ 

ഗവേഷണ വിദ്യാർത്ഥി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലുണ്ടാവുന്ന ചിത്രമുണ്ടല്ലോ. ചമയങ്ങളില്ലാതെ, വേഷവിധാനങ്ങളിൽ ശ്രദ്ധിക്കാതെ, ഗവേഷണം, പഠനം, എന്ന് മാത്രം പറഞ്ഞു നടക്കുന്നവർ. ജയ അതിനു കടകവിരുദ്ധമായിരുന്നു.

നല്ല സൗന്ദര്യബോധം. 

വസ്ത്രം, ചെരുപ്പ്, ഇവയുടെ പുതിയ ഫാഷൻ ഞങ്ങൾ കാണുന്നത് ജയയിലൂടെയാണ്. വസ്ത്രങ്ങൾ സ്വന്തം ഭാവനയ്ക്കനുസരിച്ച് പറഞ്ഞുകൊടുത്ത് തയ്പ്പിക്കും. ഭംഗിയുള്ള നഖങ്ങൾ നീട്ടിവളർത്തി ക്യൂട്ടക്സ് ഇട്ടിരിക്കുന്നു. എല്ലാ പെൺകുട്ടികളും സാധാരണമട്ടിൽ  മുടി മെടഞ്ഞിടുമ്പോൾ ജയ മാത്രം സ്ഥിരമായി സഞ്ചിപ്പിന്നൽ (French braid എന്താണെന്ന് കാണണോ? ഇവിടെ ക്ലിക് ചെയ്യൂ).

ഒരിക്കൽ ജ്യോതി പറഞ്ഞു.

"കഴിഞ്ഞ ദിവസം ഞാൻ എന്റെ രജിസ്ട്രേഷന്റെ കാര്യം അന്വേഷിക്കാൻ നമ്മുടെ സെക്ഷനിൽ പോയി. ഡെസ്‌പാച്ചിൽ പോയി അന്വേഷിക്കാനാണ് എന്നോട് പറഞ്ഞത്. എന്നാൽ, ഇന്ന് ജയയുടെ കൂടെ ഞാൻ സെക്ഷനിൽ പോയി. ഹോ, ഒന്നു കാണണമായിരുന്നു. ആ സെക്ഷനിലെ മാത്രമല്ല, അടുത്ത സെക്ഷനിലെ ആൾക്കാർകൂടി വന്ന് ജയയുടെ ഫയൽ തപ്പാൻ തുടങ്ങി." 

ഇത്രയും വായിച്ചപ്പോൾ ആർക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടായോ? എങ്കിൽ ഇതുംകൂടെ കേട്ടോളൂ. 

എം.എസി. ഫസ്റ്റ് റാങ്കുകാരിയാണ് ജയ.

ചിത്രമെഴുതുന്നതുപോലെയുള്ള കൈയക്ഷരം. പൊടിപ്പും തൊങ്ങലും (ചിലപ്പോൾ ചിറകും) വെച്ചതാണ് ഓരോ അക്ഷരവും.

ഗവേഷണത്തിനായി കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഒരു ഇൻജെക്ഷൻ മോൾഡിങ്ങ് യന്ത്രമാണ് ജയ മിക്കവാറും ഉപയോഗിക്കുന്നത്. അത് അല്പം ഉയരമുള്ള ഡെസ്കിലാണ് വെച്ചിരുന്നത്. കലാപ്രസാദ്‌ ഒരിക്കൽ അല്പം നർമ്മത്തോടെ പറഞ്ഞു.

"ഞാൻ എപ്പോൾ വരുമ്പോഴും ജയ ആ ഇൻജെക്ഷൻ മോൾഡിങ്ങ് മെഷീനിൽ തൂങ്ങിക്കിടപ്പുണ്ട്."

ജയയുടെ കഠിനാദ്ധ്വാനത്തിന്റെ അംഗീകാരമായിരുന്നു ആ കമന്റ്.  ഗവേഷണത്തിൽ അത്രയ്ക്ക് ശ്രദ്ധാലു. 

ജയയുടെ ഉച്ചഭക്ഷണപ്പൊതി വിഭവസമൃദ്ധമാണ്. എന്നും പാത്രം തുറന്ന്, എല്ലാ കറികളുംകൂട്ടി ഒരു ഉരുള ചോറ് എടുക്കും. ആർക്കാണെന്നോ?

എനിക്ക്.

എന്തെങ്കിലും ഭക്ഷിക്കുന്നുവെന്നല്ലാതെ, സമീകൃതാഹാരമൊക്കെ എന്റെ കാര്യത്തിൽ അപൂർവമാണ്. ആ എനിക്കായി മാത്രമാണ് രുചികരമായ ആ ചോറുരുള.

ഞങ്ങളുടെ ഇടുങ്ങിയ, ഇരുണ്ട, ലാബിനെ തന്റെ സാന്നിദ്ധ്യംകൊണ്ട് പ്രഭാപൂരിതമാക്കിയവരിൽ ഒരാളാണ് ജയ.

ആ ദിവസം...  

ആഷ മിക്സിങ്ങ് മില്ലിൽ റബ്ബർ അരച്ചെടുക്കുന്നു. ജയ മില്ലിന്റെ മറുവശത്ത് നിൽക്കുന്നു.

പൊടുന്നനെ ഒരു നിലവിളി. ജയയുടെ വലതു കൈപ്പത്തി കറങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു ഇരുമ്പ് റോളുകൾക്കിടയിൽപ്പെട്ടു. 

രക്തപ്രളയം.

അപ്പോൾത്തന്നെ മില്ലിന്റെ പ്രവർത്തനം നിർത്താനുള്ള മനോനില എങ്ങനെയോ ആഷയ്ക്കുണ്ടായി. പക്ഷേ, റോളുകൾക്കിടയിൽ കുരുങ്ങിയ കൈയുമായി ജയ മില്ലിലേക്കു വീണുകിടക്കുകയാണ്. നിലവിളി കേട്ട് ഓടിയെത്തിയ കലാപ്രസാദും ആഷയും മറ്റുള്ളവരും ചേർന്ന് മില്ല് തിരിച്ചുകറക്കി കൈ  പുറത്തെടുത്തു. വിരലുകളെല്ലാം ചതഞ്ഞ്, എല്ലുകൾ പൊട്ടി, രക്തം വാർന്നുകൊണ്ടിരിക്കുന്ന കൈപ്പത്തി.

ഇതേ കൈവിരലുകളാണ് ചിത്രമെഴുതിയതുപോലുള്ള അക്ഷരങ്ങൾ എഴുതിയത്. 

ഇതേ കൈത്തലമാണ് എനിക്കായി ചോറും കറികളും ചേർത്തു കുഴച്ച് ഉരുളയാക്കിയത്.

പിന്നീട് ദീർഘനാൾ ആശുപത്രിവാസം. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ.
അന്ന് ഒരിക്കൽ ആശുപത്രിയിൽ ചെന്നപ്പോൾ, ജയ കട്ടിലിൽ എഴുന്നേറ്റിരിക്കുന്നു.ഒന്നോ രണ്ടോ വിരൽത്തുമ്പ് ഒഴികെ കൈമുഴുവൻ ബാന്റേജിനുള്ളിലാണ്. വളരെ കഷ്ടപ്പെട്ട്  ഇടതു കൈകൊണ്ട്, വലതുകൈയ്യിലെ പുറത്ത് കാണുന്ന നഖത്തിൽ ക്യൂട്ടക്സ് ഇടുകയാണ്. 

ഞങ്ങളുടെ കണ്ണുകൾ ഈറനായി.

വി'ജയ'ശ്രീലാളിത  

എല്ലാ തവണയും പ്രോഡക്ട് മാനുഫാക്റ്ററിങ്ങ് ലാബിന്റെ ആദ്യദിനം ഞാൻ വിദ്യാർത്ഥികളോട് ഈ അപകടത്തെക്കുറിച്ച് പറയും. എന്നിട്ട് കൂട്ടി ചേർക്കും. 

പിന്നീട്,

ജയ ഇടതുകൈകൊണ്ട് എഴുതാൻ പഠിച്ചു.
പി.എച്.ഡി. ക്വാളിഫൈയിങ്ങ് പരീക്ഷ ഇടതുകൈകൊണ്ട് എഴുതി വിജയിച്ചു.
ഡോക്ടറേറ്റ് നേടി.
നെതർലാന്റ്സിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം.
ബഹുരാഷ്ട്രകമ്പനിയിൽ ഉയർന്ന ഉദ്യോഗം.
ഇപ്പോൾ സകുടുംബം,  സസന്തോഷം ജീവിക്കുന്നു. 

അതുകൊണ്ട് അപകടമുണ്ടാകാതെ ശ്രദ്ധിക്കുക. ഇനി അഥവാ അപകടമുണ്ടായാലും ജീവിതം അവിടെ തീരുന്നില്ല.  ഇച്ഛാശക്തിയും പ്രയത്നവുമുണ്ടെങ്കിൽ നിങ്ങൾക്ക് മുൻപോട്ട് പോവാൻ സാധിക്കും. 

ഇപ്പോൾ ഇതിവിടെ എഴുതുന്നവർക്ക്  ബാക്കിയുള്ളവർക്കും പ്രചോദനമാവട്ടെയെന്നു കരുതിയാണ്.

നമ്മൾ മറ്റുള്ളവരിൽ ബാക്കിയാക്കുന്നത് 

ഇത്രയും വർഷങ്ങൾക്കു ശേഷം ലേശവും നിറം മങ്ങാതെ ഈ കാര്യങ്ങൾ മനസ്സിൽ നിൽക്കുന്നു. ജീവിതയാത്രയിൽ നമ്മെ കടന്നുപോവുന്നവരിൽ ചിലർ നമ്മിൽ തെല്ലു സൗഹൃദവും, സ്നേഹവും, കുസൃതിയും, നർമ്മവും, ഒരിറ്റു കണ്ണീരുമൊക്കെ അവശേഷിപ്പിക്കുന്നു. 

എന്നാൽ നമ്മൾ ഓരോരുത്തരും മറ്റുള്ളവരിൽ ബാക്കിയാക്കുന്നത് എന്താണ്?