November 10, 2018

തെന്നലേ... തെന്നലേ...

ഒട്ടിച്ചു വെച്ചതുപോലുള്ള ചിരി. അതാണു ദീപയുടെ മുഖമുദ്ര.

അന്നു കണ്ടപ്പോൾ മുഖം പതിവിലും വിടർന്നിരിക്കുന്നു. ചോദിച്ചപ്പോൾ പറഞ്ഞു.

"മോന് ഇടാനായി ഞങ്ങൾ പല പേരുകൾ കണ്ടെത്തിയിരുന്നു. അമ്മ അതൊക്കെ അവനെ ഇടക്കിടയ്ക്ക് വിളിയ്ക്കുകയും ചെയ്തു. ഇതിലേത് പേര് തിരഞ്ഞെടുക്കണമെന്ന് ഞങ്ങൾ വല്ലാത്ത ചിന്താക്കുഴപ്പത്തിലായി. എന്തായാലും, ഇന്നലെ അതിനൊരു തീരുമാനമായി. ഞങ്ങൾ ഇന്നലെ വിദ്യാർത്ഥികളുടെ ഒരു പ്രോഗ്രാമിന് പോയി. അമ്മയുടെ ഒക്കത്തിരിക്കുകയായിരുന്നു മോൻ. ചുറ്റും കൂടിനിന്ന വിദ്യാർത്ഥികൾ അവനോട് പേര് ചോദിച്ചു. അപ്പോൾ അസ്പഷ്ടമായി അവൻ പറഞ്ഞു.

"തെന്നൽ.  അങ്ങനെ അവൻ തന്നെ അവനു പേരിട്ടു."

"മോന് സ്കൂളിൽ ഇടാൻ പോകുന്ന പേരെന്താ?" ഞാൻ ചോദിച്ചു.

"സ്കൂളിൽ ചെല്ലുമ്പോൾ ചിലപ്പോൾ കൂട്ടുകാർ കളിയാക്കിയേക്കും. എങ്കിലും അവൻ സ്വയമിട്ട പേരല്ലേ. അത് തന്നെ ഉറപ്പിച്ചു. തെന്നൽ D. K. (ദീപ, കുര്യച്ചൻ)


ഒരു പേരിൽ എന്തിരിക്കുന്നു?



ഷേക്സ്പിയർ പറഞ്ഞതാണ്. (റോമിയോ ആൻഡ് ജൂലിയറ്റ്)

“What's in a name? that which we call a rose
By any other name would smell as sweet.”

"ഒരു പേരിൽ എന്തിരിക്കുന്നു? റോസപ്പൂവിന് വേറെ എന്തു പേരിട്ടാലും അതിന് ഇതേ സൗരഭ്യമുണ്ടാവും." എന്റെ വികലമായ പരിഭാഷ.

പക്ഷേ, എനിക്ക് തോന്നുന്നു, പേരിൽ ചിലപ്പോഴൊക്കെ കാര്യമുണ്ടെന്ന്. ഒരാളുടെ പേരിൽനിന്ന് അയാളുടെ അച്ഛന്റെ മനോഭാവം അറിയാൻ സാധിക്കും. ദീപയുടെയും കുര്യച്ചന്റെയും മകനെന്ന് അവൻ അറിയപ്പെടണമെന്ന് അവന്റെ അച്ഛൻ തീരുമാനിച്ചു. മക്കൾക്ക് പേരിടുമ്പോൾ അച്ഛനും അമ്മയ്ക്കും തുല്യത ആവാമെന്ന് കുര്യച്ചനെപ്പോലെ ചിന്തിക്കുന്ന അച്ഛന്മാർ കുറവാണ്.

പരിചയമുള്ള ഇതുപോലെ വേറൊരു കുടുംബം അമ്പിളിയുടേതാണ്. നമ്മുടെ കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് മേധാവി. അമ്പിളിയുടെ മകന്റെ പേര്, ഗഹൻ S. A. സനോജിന്റെയും അമ്പിളിയുടെയും മകൻ.

ഇത് വായിച്ച് എന്റെ മറ്റൊരു ചങ്ങാതി ഇന്ദു  S. പിള്ള പറഞ്ഞു. എന്റെ പേരും ഈ ഗണത്തിൽ പെടും. അമ്മയുടെയും (സതി) അച്ഛന്റേയും പേരുണ്ട് എന്റെ പേരിൽ.  ഇത്രയും വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് അത് മനസ്സിലാക്കുന്നത്.

തെന്നലോ?.....തേൻതുമ്പിയോ?...


ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന തെന്നലിന് ആശംസകൾ. ഇതാ കേൾക്കൂ ചില തെന്നൽ ഗാനങ്ങൾ...

തെന്നലിനെക്കുറിച്ച് O.N.V Kurup എഴുതിയ ഗാനത്തിന്റെ ഏതാനും വരി പാടാമോ എന്നു ചോദിച്ചപ്പോൾ, ഒരു വിസമ്മതവും കൂടാതെ ഉടനടി പാടി അയച്ചുതന്നു,  എന്റെ വിദ്യാർഥിനി അനഘ. ഗവേഷണത്തിരക്കിലും എന്നെ മറക്കാത്തതിനു വളരെ നന്ദി.  ഇതാ ഇവിടെ കേൾക്കൂ..


ആത്മാവിൽ മുട്ടിവിളിച്ചതുപോലെ, 
സ്നേഹാതുരമായ് തൊട്ടുരിയാടിയപോലെ, 
മണ്ണിന്റെ ഇളം ചൂടാർന്നൊരു മാറിൽ, 
ഈറനായ് ഒരിന്ദു കിരണം പൂവ് ചാർത്തിയപോലെ, 
കന്നിപൂങ്കവിളിൽ തൊട്ടു കടന്നുപോവുവതാരോ? 
കുളിർ  പകർന്നുപോവുവതാരോ? 
തെന്നലോ? തേൻതുമ്പിയോ? 
പൊന്നരയാലിൽ മറഞ്ഞിരുന്നു ....

ചിത്രം "ആരണ്യകം", വരികൾ O.N.V Kurup, ഈണം നൽകിയത്  രഘുനാഥ്‌ സേഥ് . ഗാനം പൂർണമായി ശ്രവിക്കാൻ ഇവിടെ ക്ലിക് ചെയ്യൂ.. ആത്മാവിൽ മുട്ടിവിളിച്ചതുപോലെ

ദേവലോകരഥവുമായ് തെന്നലേ തെന്നലേ തെന്നലേ..

എഴുതിയത് വയലാർ രാമവർമ, ഈണം ദേവരാജൻ മാസ്റ്റർ, പാടിയത് യേശുദാസ്. ചിത്രം വിവാഹിത.

ദേവലോകരഥവുമായ് തെന്നലേ തെന്നലേ തെന്നലേ.. 
തേടിവന്നതാരെ നീ 
 തെന്നലേ തെന്നലേ തെന്നലേ.......

ഗാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യൂ ദേവലോകരഥവുമായ് തെന്നലേ 

ഈ ഗാനത്തിന്റെ വരികൾ പാടി അയച്ചുതന്നത് അനൂപ്‌ കൃഷ്ണൻ; മുൻ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറും സെനറ്റ് അംഗവുമൊക്കെ ആയിരുന്നു. ഏറെ  നന്ദി.  ഇതാ ഇവിടെ..



വാടകയ്‌ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ ........

വരികൾ ബിച്ചു തിരുമല, സംഗീതം എ ടി ഉമ്മർ, പാടിയത് യേശുദാസ്, ചിത്രം ഐ വി ശശിയുടെ 'അനുഭവം'.

വാകപ്പൂമരം ചൂടും വാരിളം പൂക്കുലയ്ക്കുള്ളിൽ
വാടകയ്‌ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ


കുഴലൂതും പൂന്തെന്നലേ..


 അനിൽ പനച്ചൂരാന്റെ വരികൾക്ക് ഈണമിട്ടത് മോഹൻ സിതാര. പാടിയത് വേണുഗോപാൽ. ചിത്രം ഭ്രമരം.

കുഴലൂതും പൂന്തെന്നലേ.. 
മഴനൂൽ ചാർത്തി കൂടെ വരുമോ?
കുറുമൊഴി മുല്ലമാല കോർത്തു സൂചിമുഖിക്കുരുവീ
മറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ..
ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ നമ്മെ തഴുകും മേട്ടിൽ..

 കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യൂ.. കുഴലൂതും പൂന്തെന്നലേ..

ഇല്ലിമുളം കാടുകളിൽ ലല്ലലലം


തെന്നലിനെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്ക മനസിലേക്ക് വരുന്നത് ആ ക്‌ളാസിക് നാടകഗാനമാണ്. ഈണമിട്ടത്  ദേവരാജൻ മാസ്റ്റർ. ശ്രീമതി കെ.പി.ഇ.സി. സുലോചന പാടിയ ഗാനം. അവർ തന്നെ പാടിയ ഗാനം തിരഞ്ഞു. 

ഇല്ലിമുളം കാടുകളിൽ 
ലല്ലലലം പാടിവരും 
തെന്നലേ, തെന്നലേ ...

ഗാനം പൂർണമായി കേൾക്കണോ? ഇവിടെ ക്ലിക് ചെയ്യൂ.. ഇല്ലിമുളം കാടുകളിൽ ലല്ലലലം

തെന്നല്‍ വന്നതും പൂവുലഞ്ഞുവോ?


തെന്നല്‍ വന്നതും പൂവുലഞ്ഞുവോ? 
പൂവുലഞ്ഞതും ഇളം തെന്നല്‍ മെല്ലെ- വന്നുവോ 
കടംകഥയല്ലയോ...? 

ചിത്രം "കാബൂളിവാല" ഗാനം പൂർണമായി കേൾക്കാൻ ഇവിടെ ക്ലിക് ചെയ്യൂ.. തെന്നല്‍ വന്നതും പൂവുലഞ്ഞുവോ?


തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി


തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി, മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി,...... ചിത്രം "ഒരു മുത്തശ്ശി ഗദ". പാട്ട് മുഴുവൻ കേൾക്കാൻ ഇവിടെ ക്ലിക് ചെയ്യൂ.. തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി

2 comments:

  1. ots of love to my wonderful friend for passionate write-up on Thenal, our son's name

    ReplyDelete
  2. Nicely presented about the story behind our beloved Thennal D. K

    ReplyDelete