November 23, 2019

ദയവായി ഹോൺ മുഴക്കരുത്. അപൂർവ ജനുസിൽപ്പെട്ട പക്ഷികൾ ഈ വളപ്പിൽവന്നു ചേക്കേറാറുണ്ട്



ഒരു പഴയ കോളേജ് മാഗസിനിൽ ശ്രുതി ഗോപാൽ എഴുതിയത്  നാല് വർഷത്തെ ഓർമ്മകളായിരുന്നു. പക്ഷേ, അതിൽ എടുത്ത് പറഞ്ഞിരുന്നത് നമ്മുടെ ക്യാമ്പസിലെ മുളങ്കൂട്ടങ്ങളെക്കുറിച്ചും മരങ്ങളെക്കുറിച്ചുമൊക്കെയാണ്. ഇപ്പോഴും ഓർമ്മിക്കുന്നു അതിലെ ചില വരികൾ,

.......കാന്റീനു മുൻപിലെ ബദാം കളിച്ചങ്ങാത്തങ്ങളുടെ കാവലാളാണ്. കമഴ്ത്തിയിട്ട ആട്ടുകല്ലിനു മേൽവെച്ച് എത്ര കായ് തല്ലിപ്പൊട്ടിച്ചിരിക്കുന്നു. ..

ആ പേജ് ഇതാ വായിക്കൂ.


അതിലേ കടന്നുപോകുമ്പോളൊക്കെ ശ്രുതി പറഞ്ഞ ആട്ടുകല്ലു ഞാൻ തിരയാറുണ്ട്. വൃഥാ...ആരെങ്കിലും എടുത്തു മാറ്റിയിരിക്കണം.

കോളേജിലെ പരിപാടികൾക്ക് വളരെ ലാഘവത്തോടെ മുളങ്കൂട്ടത്തിൽനിന്ന് മുള മുറിച്ചെടുക്കുന്നവർ ശ്രുതി എഴുതിയത് വായിക്കേണ്ടതാണ്. സമയമുണ്ടെങ്കിൽ ഇതുംകൂടി വായിക്കൂ. നമ്മുടെ മുളങ്കൂട്ടങ്ങൾ പൂക്കാതിരിക്കട്ടെ നിങ്ങൾ മുറിച്ചെടുക്കുന്നത് വെറും മുളയല്ല, നിങ്ങളുടെ കൂട്ടുകാരുടെ ഓർമ്മകളാണ്.

ബ്ലോക്കിന് മുൻപിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു ഞാവൽമരം, അവിടവിടെ ഏതാനും ബദാം മരങ്ങൾ, പിന്നെ അങ്ങ് താഴത്തെ കെട്ടിടത്തിനരികിൽ ഒരു പേര. തീർന്നു. ഇവയാണ് നമ്മുടെ ക്യാംപസിൽ കായ്കനികൾ തരുന്ന മരങ്ങൾ.

ആമ്പൽക്കുളം, ശലഭോദ്യാനം


മരങ്ങളും ചെടികളും മാത്രമല്ല,   2014 ലെ കോളേജ് മാഗസിനിൽ ഞാൻ എഴുതിയതുപോലെ (എഡിറ്റർ Muhammed Ashik) ഇവിടെ നല്ലൊരു കുളവും ആകാം. അന്ന് സിബു സാർ ഇതിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. വായിക്കണോ? ദാ ഇവിടെ.  പിന്നീട്, ഉടമസ്ഥൻ നമ്മെ വഴിയിൽ ഉപേക്ഷിച്ചിട്ട് പോയപ്പോൾ കാര്യങ്ങൾ ആകെ "കുളമായി." അപ്പോൾ യഥാർത്ഥ കുളത്തെ ഞങ്ങൾ കൈവിട്ടു.

അറിയുമോ? ചെത്തി, കൊങ്ങിണി, സൂര്യകാന്തി, സീനിയ, തുടങ്ങിയ ചില ചെടികൾ വളരുന്നിടത്ത് ശലഭങ്ങളും പക്ഷികളും കൂട്ടമായെത്തും. അപ്പോൾ അത് വെറും പൂന്തോട്ടമല്ല, ശലഭോദ്യാനമായി (Butterfly garden) മാറും. പക്ഷേ, ഇപ്പോൾ നമുക്ക് ഉദ്യാനത്തെക്കുറിച്ചോന്നും ആലോചിക്കേണ്ട. കാട് തെളിച്ചശേഷം വെറുതെ പുൽത്തകിടി പിടിപ്പിച്ചാൽ മതിയാകും. അത്രയെങ്കിലും സാധിക്കുമോ നമുക്ക് ?

ഒരു അപൂർവ്വ അതിഥി എത്തിയപ്പോൾ 



എന്നും കോളേജിലെത്തുന്നത്  "നീലൂർ" എന്ന സ്ഥലത്തുകൂടിയാണ്. അവിടെ ഒരു മയിൽ പറന്നു നടക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. ഇവിടെ മയിൽ വരുമോ എന്നറിയില്ല. പക്ഷേ, മറ്റൊരു അപൂർവ്വ അതിഥി എത്തി.

ഒരു വെള്ളിമൂങ്ങ.

ഒന്നല്ല, രണ്ടു മൂങ്ങകളുണ്ടായിരുന്നു, അന്ന് രാവിലെ. കാഴ്ചക്കാരെത്തിയപ്പോൾ അതിലൊന്ന് പറന്നുപോയി.

രണ്ടാമൻ, ഞാനൊരു പാവമാണേ, എന്നെ ഒന്നും ചെയ്യല്ലേ, എന്ന മട്ടിൽ അവിടെത്തന്നെ ഇരുന്നു. ചിലപ്പോൾ അസുഖം, അല്ലെങ്കിൽ പരിക്ക് പറ്റി. ഏറെ നേരം കഴിഞ്ഞിട്ടും അത് പോവാനുള്ള ഭാവം കാണിച്ചില്ല. അപ്പോൾ അനീഷ് സർ ഫോറസ്ററ് വകുപ്പിനെ വിവരം അറിയിച്ചു. അവർ അതിനെ ഒരു പെട്ടിയിലാക്കി കൊണ്ടുപോയി. നമ്മൂടെ കോളേജ് വിട്ടുപോവാൻ മനസ്സ് വരാഞ്ഞ അതിഥിയെ നാട് കടത്തിയപ്പോൾ അനീഷ് സർ എടുത്ത ചിത്രങ്ങൾ താഴെ.













മലർപ്പൊടിക്കാരന്റെ സ്വപ്നം 

മനോജ്സാറിന്റെ NSS, ആഷാ ജയപ്രകാശ് മിസിന്റെ Birds Club, അംജത മിസിന്റെ Nature Club. ഇതിൽ അംഗത്വമെടുക്കുന്ന കുട്ടികളിലാണ് ഇനി പ്രതീക്ഷ മുഴുവൻ.

അവർ പല തരത്തിലുള്ള, അധികം പടർന്നു പന്തലിക്കാത്ത മാവുകളും  മറ്റു ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കും.  അതിലെ കായ്കനികൾ വിദ്യാർത്ഥികൾ (ജീവനക്കാരും) ഭക്ഷിക്കും. വിഷമില്ലാത്ത ഫലങ്ങൾ അവർക്ക് ആയുരാരോഗ്യം തരും. ധാരാളം പൂക്കളും കായ്‌കനികളും മരങ്ങളുടെ ശീതളഛായയും ഉണ്ടെങ്കിൽ നമ്മുടെ ക്യാമ്പസിലും  മയിലും കുയിലും വെള്ളിമൂങ്ങയും മറ്റ് അപൂർവങ്ങളായ പക്ഷികളും വന്ന് ചേക്കേറും. അപ്പോൾ നമുക്ക് ക്യാമ്പസിൽ  ഇങ്ങനൊരു ബോർഡ് സ്ഥാപിക്കാം.

ദയവായി ഹോൺ മുഴക്കരുത്. അപൂർവ ജനുസിൽപ്പെട്ട പക്ഷികൾ ഈ വളപ്പിൽവന്നു ചേക്കേറുന്നുണ്ട്

മലർപ്പൊടിക്കാരന്റെ സ്വപ്നമാകുമോ എന്തോ?

അറിയില്ല. പക്ഷേ, ഒന്നറിയാം.

നമ്മുടെ ക്യാമ്പസിലെ മരങ്ങളും വഴികളും ക്‌ളാസ് മുറികളും ഇവിടുത്തെ ഓരോ തൂണും തുരുമ്പും ഇവിടുത്തെ കുട്ടികളുടെ ഓർമ്മകളാണ്. ഈ കോളേജിന്റെ ചരിത്രവുമാണ്.

ആർക്കറിയാം, ഇവരിലൊരാൾ ഭാവിയിൽ സിനിമക്കായി എഴുതുന്ന ഒരു തിരക്കഥയിൽ ഇവയൊക്കെ കഥാപാത്രങ്ങളാവില്ലെന്ന്. അല്ലെങ്കിൽ അവർ എഴുതുന്ന ചെറുകഥയിലോ നോവലിലോ നമ്മുടെ ക്യാമ്പസും കടന്നു വരില്ലെന്ന്.

അതുകൊണ്ട് വിദ്യാർത്ഥികളെ, ശ്രദ്ധിക്കൂ. ഇവയൊക്കെ, (നിങ്ങളുടെ ഓർമ്മകളും, കോളേജിന്റെ ചരിത്രവും) കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം  നിങ്ങൾക്കാണ്.

No comments:

Post a Comment