April 20, 2023

ഒരു പട്ടാളക്കാരിയുടെ ജീവിതമെഴുത്ത്


ഈയ്യിടെ വായന വളരെ കുറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് കഥകൾ. മുൻപ്, മിനിക്കഥ, ചെറുകഥ, നീണ്ടകഥ, അങ്ങനെ കഥകൾ പല വിഭാഗത്തിൽ ആയിരുന്നു. ഇപ്പോൾ, എല്ലാം നീണ്ടകഥ തന്നെ. മുഴുവൻ വായിച്ച് തീർക്കുവാൻ ക്ഷമ കുറവാണ്.

പക്ഷേ അടുത്തിടെ, ഒരു രചന വായിച്ചു. വീണ്ടും വീണ്ടും വായിച്ചു. മാതൃഭൂമി വാരാന്തപതിപ്പിൽ പ്രസിദ്ധീകരിച്ച ലെഫ്റ്റണൻറ് കേണൽ ഡോക്ടർ സോണിയ ചെറിയാൻ (റിട്ട) ന്റെ ഇന്ത്യൻ റെയിൻബോ, ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകൾ. ഏതാനും ലക്കം മാത്രമേ വായിക്കാൻ സാധിച്ചുള്ളൂ. അതിനാൽ പുസ്തകമായി പ്രസിദ്ധീകരിക്കാൻ കാത്തിരുന്നു. പല കടകളിലും കയറിയിറങ്ങി. അവസാനം ഒരു മാതൃഭൂമിക്കടയിൽ നിന്ന് തന്നെ വാങ്ങി.

എന്തുകൊണ്ടാവും ഇത് ഇഷ്ടപ്പെട്ടത്? തീർച്ചയായും എഴുത്തിന്റെ മനോഹാരിത തന്നെ. മാത്രമല്ല, വൈവിദ്ധ്യങ്ങളുടെ ഒരു കൂടിച്ചേരൽ കൂടിയാണ് ലേഖിക.  

പട്ടാളക്കാരിയാണ്. ഓർമ്മകൾ നിറയെ പട്ടാള ജീവിതത്തിന്റെ ത്രസിപ്പിക്കുന്ന കാര്യങ്ങളും കഥകളും. ഇന്ത്യ-പാക് സംഘർഷം, സിയാചിൻ മേഖല, പട്ടാള ക്യാമ്പുകൾ, അങ്ങനെയങ്ങനെ...

മാത്രമല്ല, ഡോക്ടറാണ്. ചിത്രകാരിയാണ്. കവിയാണ്. യാത്രികയാണ്. വെറും യാത്രികയല്ല. ഓരോ യാത്രയിലെയും ഓർമ്മകൾക്ക്, ചരിത്രം, ഭൂമിശാസ്ത്രം, പരിസ്ഥിതി, സാമൂഹിക ശാസ്ത്രം, ഇവയുടെ ഒക്കെ പിന്തുണയുണ്ട്. മേമ്പൊടിയായി നുറുങ്ങ് ഫലിതവും. 

ഋഷ്യശൃംഗനും ഷൂട്ടിംഗ് സ്റ്റോണും  


അമ്മയില്ലാത്ത ഋഷ്യശൃംഗനു കാവലായി ആശ്രമത്തിന് ചുറ്റുമുള്ള പർവ്വതങ്ങളെ ഏൽപ്പിച്ച പിതാവ്, വിഭാണ്ഡകന്റെ  കഥയുണ്ട്, പുരാണത്തിൽ. ഭരതന്റെ "വൈശാലി" കാണൂ. പർവ്വതങ്ങൾ മുകളിൽ നിന്ന് തുടർച്ചയായി കല്ലെറിഞ്ഞ്ശത്രുവിനെ ഭയപ്പെടുത്തി ഓടിക്കും. അതിക്രമിച്ച് കയറുന്നവരുടെ മേൽ വലിയ പാറക്കല്ലുകൾ വീഴും. 

പർവ്വതങ്ങളുടെ കല്ലെറിയൽ വെറും ഒരു കഥ എന്നാണ്, ഈ പുസ്തകം വായിക്കുന്നത് വരെ ഞാൻ കരുതിയത്. പക്ഷേ കഥയല്ലിത്, യാഥാർഥ്യം ആണെന്ന് സിയാചിൻ മേഖലയെ കുറിച്ചുള്ള വിവരണം വ്യക്തമാക്കുന്നു. 

Shooting Stone prone area എന്ന് അവിടവിടെ ബോർഡ് വച്ചിട്ടുണ്ട്. കുത്തനെയുള്ള പർവ്വതങ്ങ്ളിൽ നിന്ന് എറിയുന്നത് പോലെ കുറെയേറെ പാറക്കല്ലുകൾ ഒരുമിച്ച് തെറിച്ച് വരുന്നതാണ് Shooting Stone. ഒരു കല്ല് വീണാൽ പിന്നെ തുരുതുരാ കല്ലുകൾ വീഴും. ഒന്ന് അടുത്തതിൽ തട്ടി, ആ കല്ല് അടുത്തതിൽ മുട്ടി, അങ്ങനെ തുടർച്ചയായി കല്ലുകൾ താഴേക്ക്‌ വീഴും.

ഒരിക്കൽ ലേഖികയുടെ വാഹനം ഈ കല്ലേറിൽ പെട്ടു പോയതിനേക്കുറിച്ച് വിവരിക്കുന്നുണ്ട്. സമർത്ഥനായ ഡ്രൈവർ ഉണ്ടായിരുന്നതിനാൽ ജീവൻ രക്ഷപെട്ട കഥ.

ഇതുപോലെ, മാനും മയിലും മേയുന്ന ആശ്രമങ്ങൾ കഥയല്ല എന്ന് ലേഖിക പറയുന്നു. ബിഷ്‌നൊയ് വംശജരെ കുറിച്ചുള്ള കുറിപ്പിലാണ്  ഇത് പറയുന്നത്. നമുക്കും അത് ബോധ്യമാകും.

ഭർത്താവിന്റെ പ്രശസ്തി മൂലം മലയാളി അറിയാതെ പോയ ഭാര്യ


നൈനിടാൾ, കുമയൂൺ മലകളെ കുറിച്ചുള്ള മനോഹര കുറിപ്പുകൾ. നമ്മുടെ പ്രിയ എം. ടി. യുടെ "മഞ്ഞ് " വായിച്ച് അല്ലെങ്കിൽ തന്നെ നമ്മളെ ഈ സ്ഥലങ്ങൾ മോഹിപ്പിച്ചിരിക്കുന്നു.  

വർഷങ്ങൾക്ക് മുൻപ് അവിടെ ജീവിച്ചിരുന്ന ഒരു ലേഡി ഡോക്ടറെ കുറിച്ചുള്ള നാട്ടുകാരുടെ സ്നേഹനിർഭര ഓർമകൾ. മലയാളിയായ ആ ഡോക്ടറോടുള്ള സ്നേഹം മൂലമാണ് നാട്ടുകാർ തന്നോട് അടുപ്പം കാണിക്കുന്നതെന്ന് ലേഖിക.

ദരിദ്രർക്ക് വേണ്ടി ആശുപത്രി നടത്തിയിരുന്ന ഡോക്ടർ എലിസബത്ത് ചാണ്ടിയാണ് അത്. ഡോക്ടറുടെ വിദേശിയായ ഭർത്താവ് അന്നാട്ടിൽ സുലഭമായ വസ്തുക്കൾ ഉപയോഗിച്ച് നാട്ടുകാർക്ക് വേണ്ടി ചിലവ് കുറഞ്ഞ, ഭംഗിയുള്ള പാർപ്പിടങ്ങൾ നിർമ്മിച്ചു. കൂടാതെ, ആശുപത്രിയും സ്കൂളും. യൗവ്വനത്തിന്റെ ഏറ്റവും ഊർജ്ജസ്വലമായ 20 വർഷങ്ങൾ അവർ ഇരുവരും ചിലവിട്ടത്‌ ഈ നാട്ടുകാർക്ക് വേണ്ടിയായിരുന്നു. നാട്ടുകാർ ഇവരെ ഓർത്തിരിക്കുന്നതിൽ അദ്ഭുതമില്ല.

ഈ ഭാര്യയെ മലയാളിക്ക് അത്ര പരിചയമില്ല. പക്ഷേ, ഭർത്താവിനെ നന്നായി അറിയും. നമ്മുടെ ലാറി ബേക്കർ!!!

പർവ്വതങ്ങളെ തിരഞ്ഞു കൊണ്ടെ ഇരിക്കുന്ന കേണൽ നരേന്ദ്ര കുമാർ


ഇന്ത്യയുടെ പ്രശസ്തനായ mountaineer soldier നേക്കുറിച്ച്. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ കാഞ്ചൻ ജംഗയെ, വടക്ക് കിഴക്ക് വശത്ത് കൂടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹക സംഘാംഗം. ഈ യാത്രയിൽ snow bite കാരണം, 
അദ്ദേഹത്തിന്റെ നാല് കാൽവിരലുകൾ നഷ്ടമായി. എന്നാലും, വിരലുകൾക്ക് ചൂട് നൽകാൻ ബാറ്ററി ഘടിപ്പിച്ച് അദ്ദേഹം മുകളിലേക്ക് വീണ്ടും കയറി.

സിയാചിൻ ഭാഗത്തെ പാക് താത്പര്യം ആദ്യം കണ്ടെത്തിയ ആൾ. പക്ഷേ കൂടുതൽ അന്വേഷണത്തിന് പട്ടാളം അദ്ദേഹത്തിന് അനുമതി നൽകിയില്ല. കാരണം, medically unfit. പക്ഷേ, "സ്വന്തം റിസ്‌കിൽ"  അദ്ദേഹം അന്വേഷണം തുടർന്നു. സിയാചിൻ സംഘർഷത്തിൽ ഇന്ത്യക്ക് തുണയായത് കേണൽ അന്ന് 
ജീവൻ പണയം വെച്ച് തയ്യാറാക്കിയ ചിത്രങ്ങളും മാപ്പുകളുമാണ്. 

പുഷ്പനഗരിയായ ബാംഗ്ലൂർ


കാളിദാസന്റെ ഋതുസംഹാരയിൽ എന്ന പോലെ " ഋതുഭേദങ്ങളെ പൂക്കൾ കൊണ്ട് വരച്ച് വെച്ച നഗരം" എന്നാണ് ലേഖിക ബാംഗ്ലൂരിനെ വിശേഷിപ്പിക്കുന്നത്.

വാരാന്തപതിപ്പിൽ നിന്ന് പുസ്തക രൂപത്തിൽ എത്തിയപ്പോൾ പല മാറ്റവും സംഭവിച്ചു. തലക്കെട്ടുകൾ, അക്ഷരങ്ങൾ, ചിത്രങ്ങൾ, ഇവയുടെ വർണ്ണപ്പകിട്ട് ഇല്ലാതായി. സ്വാഭാവികം. പുസ്തകം അച്ചടിക്കുമ്പോൾ നിറപ്പകിട്ടിന് ഏറെ വില കൊടുക്കേണ്ടി വരും. പക്ഷേ, "പുഷ്പ നഗരത്തിലെ രുദ്രപലാശങ്ങൾ, ഗുൽമോഹറുകൾ" എന്ന തലക്കെട്ട് പുസ്തകത്തിൽ "പൂക്കളുടെ വീട്" എന്നായി.

കെമ്പഗൗഡയിൽ തുടങ്ങി ഹൈദരലി, ടിപ്പു സുൽത്താൻ, കമാൻഡർ ആയിരുന്ന കോൾവി, ക്രംബീഗൾ എന്ന ജർമൻ botanist, നെഗിൻ ഹാൾ എന്ന ഫോറസ്റ്റ് ഓഫീസർ തുടങ്ങിയവരുടെ ശ്രമഫലമായി നഗരം മുഴുവൻ പല കാലങ്ങളിൽ പൂവിടുന്ന മരങ്ങൾ നട്ടു. ഏതാണ്ട് എല്ലാ കാലവും പൂക്കാലം.

പട്ടാളത്തിന്റെ സംരക്ഷണയിൽ ആയതിനാൽ കൈയ്യേറപ്പെടാത്ത അൾസൂർ തടാകത്തെ കുറിച്ചും പറയുന്നു.

പട്ടാളക്കാരുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്. പക്ഷേ, ആദ്യമായി ഒരു പട്ടാളക്കാരിയുടെ ജീവിതം വായിക്കുന്നു. ശരീരത്തിൽ നിന്ന് ഊരിയെങ്കിലും, മനസ്സിൽ നിന്ന് ഊരാത്ത combat യൂണിഫോമുമായി ഒരു പട്ടാളക്കാരി.