October 9, 2018

മാക്സ്‌വെല്ലിന്റെ മേശ

ഇത് കാവൻഡിഷ് ലാബ്. കേംബ്രിജ് സർവ്വകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്മെന്റ്. ശാസ്ത്രചരിത്രത്തിലെ കുറെ മഹാരഥന്മാർ ഗവേഷണം നടത്തിയിരുന്ന സ്ഥലം. സർവ്വകലാശാലയ്ക്ക് ഇതുവരെ ലഭിച്ച 107 നൊബേൽ സമ്മാനങ്ങളിൽ 32 എണ്ണവും ഫിസിക്സിലാണ്.

ഇവരാരും ചില്ലറക്കാരല്ല. ഹെന്റി കാവൻഡിഷ്. നമ്മെ സംബന്ധിച്ചിടത്തോളം ഫിസിക്സ് പുസ്തകത്തിലെ ഏതോ താളിലെ ഏതോ ഇംഗ്ലീഷുകാരൻ. പക്ഷേ, സർവ്വകലാശാല തങ്ങളുടെ ഫിസിക്സ് ഡിപ്പാർട്മെന്റിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയത്.  കാവൻഡിഷ് ലാബിന്റെ അടുത്തുള്ള വഴികളാണ് മാക്‌സ്‌വെൽ റോഡ്, ജെ.ജെ.തോംസൺ അവന്യൂ, തുടങ്ങിയവ. ശാസ്ത്രജ്ഞർക്ക് ഇവിടുള്ളവർ കൊടുക്കുന്ന പ്രാധാന്യത്തിന് തെളിവ്.

റുഥർഫോർഡിന്റെ നേതൃത്വത്തിൽ ജോൺ കോക് ക്രാഫ്റ്റും വാട്സണും ചേർന്ന് ഇവിടെവെച്ചാണ് ആദ്യമായി ആറ്റത്തെ വിഘടിപ്പിച്ചത്. 1951ലെ നൊബേൽ പുരസ്‌കാരത്തിന് അർഹമായ കണ്ടുപിടിത്തം.

ഇവിടെ ധാരാളം ചില്ലു വാതിലുകളുണ്ട്. ഇവ ഇപ്പോഴും അടഞ്ഞുകിടക്കും. കിടക്കണം. Fire doors ആണിവ. തീപിടിത്തമുണ്ടായാൽ കൂടുതൽ സ്ഥലത്തേക്ക് തീ വ്യാപിയ്ക്കാതിരിക്കാനുള്ള സംവിധാനം.

ചായങ്ങളും ചമയങ്ങളുമില്ലാതെ



എല്ലാവരുടെയും വസ്ത്രങ്ങൾക്ക് കറുപ്പ്, വെളുപ്പ്, ചാരനിറങ്ങൾ മാത്രം. ഒരാളുടെ ഒഴികെ. വസന്തകാലത്ത് (കാലാവസ്ഥ ഭേദപ്പെട്ടപ്പോൾ) ഞാനിട്ട വസ്ത്രങ്ങൾക്ക് മറ്റു നിറങ്ങളായിരുന്നു. കെട്ടിടങ്ങളാണെങ്കിലും ഇങ്ങനെ തന്നെ. ഇഷ്ടികയുടെ നിറം, അല്ലെങ്കിൽ ഊതനിറം. പുതിയ ചായങ്ങൾ തേച്ചു മോടികൂട്ടുന്നതിൽ അവർക്കു ഭ്രമമില്ല. പഴമയിലാണ് ആഢ്യത്വമെന്നു കരുതുന്നു. നാമാണെങ്കിൽ മാറ്റങ്ങൾ വരുത്തുന്നത്  പൊതുവെ നിറം മാറ്റിയാണ്. അല്ലെങ്കിൽ ബാഹ്യമായ മാറ്റങ്ങൾ വരുത്തും.

വരാന്തയിൽ ചില പ്രദർശനവസ്തുക്കൾ ഒരുക്കിയിരിക്കുന്നു. നൊബേൽ സമ്മാനിതരുടെ ചിത്രങ്ങൾ, അവർ എഴുതിയതോ അവർക്കു കിട്ടിയതോ ആയ ചില കത്തുകൾ. അവർ ഉപയോഗിച്ച ചില ഉപകരണങ്ങൾ. ഇങ്ങനെ പലതും. കൂടാതെ ഓരോ വർഷത്തെയും ഗവേഷകരുടെ ഫോട്ടോകൾ. ഇവയൊക്കെ Black & White അല്ലെങ്കിൽ ചാര നിറം. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഗവേഷകരുടെ ഒഴികെ. ഉപകരണങ്ങളൊക്ക ചായം പൂശാതെ, പക്ഷേ തുരുമ്പില്ലാതെ പ്രദർശിപ്പിച്ചിരിക്കുന്നു. വെളുത്ത കടലാസിൽ കറുത്ത അക്ഷരങ്ങളിൽ ചെറിയ വിശദീകരണവും. ഒരു മേശയിൽ ഒന്നും വെച്ചിട്ടില്ല. അടുത്തുചെന്ന് നോക്കിയപ്പോൾ, ഒരു കുറിപ്പ്.

"ഇത് മാക്സ്‌വെല്ലിന്റെ മേശയാണ്. ദയവായി ഇതിന്മേൽ കപ്പുകളോ മറ്റു സാധനങ്ങളോ വെയ്ക്കരുത്."

മാക്‌സ്‌വെൽ അന്തരിച്ചത് 1879 ലാണെന്ന് ഓർമിക്കണം. ഇദ്ദേഹം ആരെന്നറിയേണ്ടവർ ഇവിടെ ക്ലിക് ചെയ്യുക   ജെയിംസ് ക്ലെർക് മാക്‌സ്‌വെൽ

No comments:

Post a Comment