September 21, 2018

ഇരുപത്തിഅഞ്ച് വർഷങ്ങൾക്ക് ശേഷം

ഒരു അതിശയം പോലെ ആ സന്ദേശം എത്തി. ഏതാണ്ട് ഇരുപത്തിഅഞ്ച് വർഷങ്ങൾക്ക് ശേഷം.

ഞാനും അന്വേഷിച്ചിരുന്നു കുറെ. പരാജയപ്പെട്ടപ്പോൾ അവസാനിപ്പിച്ചു.

ആദ്യം കണ്ടത്  യൂണിവേഴ്സിറ്റിയിലേക്കുള്ള ബസ് യാത്രയിലാണ്. സുന്ദരിയായ ചെറിയ പെൺകുട്ടി. ഇളം ചെങ്കല്ല് നിറമുള്ള കോട്ടൺ സാരി. ഡ്രൈവറുടെ ഇടതുവശത്തെ സീറ്റിൽ ഇരിക്കുന്നു. ഞാൻ ഡ്രൈവറുടെ പിറകിലായി നിൽക്കുന്നു. ചെറിയ ക്ലാസിൽ പഠിക്കുന്ന ഏതോ കുട്ടിയാണെന്ന് കരുതി. പക്ഷേ, ഡിപ്പാർട്മെന്റിൽ  എത്തിയപ്പോൾ മനസ്സിലായി, സ്വന്തം ക്‌ളാസ്സിൽത്തന്നെയാണെന്ന് പഠിക്കുന്നതെന്ന്.

 മിക്കവാറും കോൺടാക്ട് ലെൻസ് ധരിക്കും. ചിലപ്പോൾ, മുഖത്തിനേക്കാൾ വലിയ ഒരു കണ്ണാടി വെയ്ക്കും. ചെറിയ കൈയക്ഷരം.

ഇടയ്ക്കൊക്കെ. ഇംഗ്ലീഷ് പാട്ടുകൾ മൂളും. Caren Carpenter, John Lennon,  ഇവരെപ്പറ്റിയും ഇവരുടെ പാട്ടുകളെക്കുറിച്ചുമൊക്കെ സംസാരിച്ചു. അങ്ങനെ ഞാനും ഈ ഗായകരുടെ ആരാധികയായി. ദാ , ഇവിടെ വായിക്കൂ.  വെള്ളിയാഴ്ച സായാഹ്നത്തില്‍‌നിന്ന് തിങ്കളാഴ്ചപ്പുലരിയിലേക്ക്

 പഠനം മുഴുവൻ സെൻട്രൽ സ്‌കൂളിൽ. ഔപചാരികമായി മലയാളം പഠിക്കാൻ അവസരം കിട്ടിയിട്ടില്ല. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്, മലയാളം സ്വയമാണ് പഠിച്ചതെന്ന് കേട്ടപ്പോളാണ്.  കാരണം കേട്ടപ്പോൾ അതിലേറെ അത്ഭുതം. എം.ടി. യുടെയും മറ്റും കൃതികൾ വായിക്കാനാണത്രേ മലയാളം പഠിച്ചത്.

ഒരുപാട് നല്ല ഓർമ്മകൾ.