December 30, 2020

അഖിലയ്‌ക്ക് അനുമോദനങ്ങൾ

 



തനൂജ മിസ് എന്നോട് പറഞ്ഞു.

"ഞാൻ മുൻപ് പല സന്ദർഭങ്ങളിലും അവരോടൊക്കെ പറഞ്ഞിട്ടുണ്ട്.......ഇത്തരം കാര്യങ്ങൾ കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. ഈ കോളേജിന്റെ ചരിത്രത്തിൽ, പൂർവ്വ വിദ്യാർത്ഥികളിൽ ഒരാളും, ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല. അതുകൊണ്ട്, വെറുതെ സമയം പാഴാക്കരുത്. നന്നായി എഞ്ചിനീയറിംഗ് പഠിച്ച്, ജയിക്കാൻ നോക്കൂ. എന്നിട്ട്, ഒരു ജോലി നേടാൻ ശ്രമിക്കൂ. എന്നൊക്കെ.....അവസാനം ഞാൻ അഡ്വൈസർ ആയ ക്ലാസിൽ നിന്ന് തന്നെ ഒരു മിടുക്കി പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. മിസ്, ഇനി എനിക്ക് ഈ ന്യായം പറയാൻ സാധിക്കില്ലല്ലോ. എന്തായാലും, അഖിലയെക്കുറിച്ച് എനിക്ക്
 ഇപ്പൊൾ സന്തോഷമാണ്, അഭിമാനവും.""

ഇത്തവണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പൂവാർ പഞ്ചായത്തിലെ, അരുമാനൂർ വാർഡിൽ നിന്ന്‌ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച അഖില അനിൽകുമാർ, ഈ കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. 

അടുത്ത വർഷം രജതജൂബിലി ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ്, ഇവിടുന്ന് ഒരു വിദ്യാർത്ഥി(നി), ഒരു പൊതു തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.

വെറും പുസ്തകപ്പുഴു ആയല്ല, വെറും എഞ്ചിനീയർ ആയല്ല, വിദ്യാർത്ഥികൾ ഇവിടെ നിന്ന് പഠിച്ച് പുറത്തിറങ്ങുന്നത്. എൻജിനീയറിംഗ് പഠിക്കുന്നതിന് ഒപ്പം  സാമൂഹിക പ്രതിബദ്ധതയും  ജനാധിപത്യ വിശ്വാസവും അവർ ഇവിടെ നിന്ന് ആർജ്ജിക്കുന്നുണ്ട്.

ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർഥികളും, പഠനശേഷം, ഒരു എഞ്ചിനീയറായി സമൂഹത്തെ സേവിക്കും. എന്നാ, അഖില അല്പം വേറിട്ടു ചിന്തിച്ചു. സമൂഹത്തെ സേവിക്കാൻ തന്റെ എൻജിനീയറിംഗ് പശ്ചാത്തലം ഉപയോഗിക്കാനാണ് തീരുമാനിച്ചത്.

അഖില, ഞങ്ങൾക്ക് അഭിമാനമുണ്ട്. തികഞ്ഞ ആത്മാർത്ഥതയോടെ, അർപ്പണബോധത്തോടെ സമൂഹത്തെ സേവിക്കാൻ, ദേശത്തിന് ആവശ്യമുള്ള കാര്യങ്ങൾ, ചെയ്തു കൊടുക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു. 

കൂടാതെ, പഞ്ചായത്തിലെ ഒരു വാർഡിൽ മാത്രമായി താങ്കളുടെ സേവനം ചുരുങ്ങാതെ, ഒരു നിയമസഭാ മണ്ഡലത്തിലോ, ലോകസഭാ മണ്ഡലത്തിലോ ഉള്ള ജനങ്ങൾക്കും താങ്കളെ പ്രതിനിധിയായി ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

ഈ കാര്യം മിസ് ഇവിടെ എഴുതിയത് ശരിയാണോയെന്ന് സംശയിക്കുന്നവർ  ഉണ്ടാകും. ഈ കോളേജിലെ ഒരു വിദ്യാർത്ഥി, ഒരു പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, നിഷ്പക്ഷമായി, കൊടിനിറം നോക്കാതെ, അവരെ അഭിനന്ദിച്ചുകൊണ്ട് ഒരു പേജ് ഈ ബ്ലോഗിൽ ഉണ്ടാവും. ഞാൻ ഈ കോളേജിൽ ഉള്ള കാലമത്രയും ഇങ്ങനെ ചെയ്യും. ആ ഉത്തമബോധ്യം ഉള്ളതിനാലാണ് ഇത് ഇവിടെ എഴുതിയത്.  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി


വ്യക്തതക്കായി, ഏതാനും വാചകങ്ങൾ കൂടി എഴുതണമെന്ന് തോന്നി. 

പ്രത്യക്ഷമായോ, പരോക്ഷമായോ രാഷ്ട്രീയത്തിൽ താത്പര്യമില്ലാത്ത പൗരന്മാരുടെ എണ്ണം വളരെ കുറവായിരിക്കും. എങ്കിലും, ഒരു അധ്യാപിക എന്ന നിലയ്ക്ക്, വിദ്യാർത്ഥികൾ പഠനത്തിന് പ്രാധാന്യം കൊടുക്കണമെന്ന പക്ഷക്കാരിയാണ് ഞാൻ. 

ഇതിന്‌ പല കാരണങ്ങൾ ഉണ്ട്. വോട്ടവകാശം ഉള്ളവരാണ് കോളേജിൽ ഉള്ളത്. എന്നാലും, ഏതാനും ചിലർക്കെങ്കിലും ചില സന്ദർഭങ്ങൾ കൈകാര്യം ചെയ്യാനുള്ള പക്വത ആർജ്ജിച്ചിട്ടുണ്ടോ എന്ന് സംശയിച്ചിട്ടുണ്ട്. അതുകൊണ്ട്, സംഘർഷത്തിലേക്ക് വഴുതി വീഴുന്ന സാഹചര്യങ്ങൾ ഉണ്ടാവുന്നുണ്ട്.

കൂടാതെ, വളരെ ചുരുക്കം പേർക്ക് മാത്രമാണ്, പഞ്ചായത്തിൽ/ നിയമസഭയിൽ/ലോകസഭയിൽ ഒക്കെ അംഗമാകാൻ സാധിക്കുന്നത്. (ഇതൊക്കെ ആവാൻ മാത്രം അല്ലല്ലോ, രാഷ്ട്രീയത്തിൽ ഇടപെടുന്നത്, എന്ന മറുചോദ്യം നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്‌). അപ്പോൾ സാധാരണക്കാരനായ ഒരു വ്യക്തിക്ക് ജീവിക്കാൻ ഒരു തൊഴിൽ വേണമല്ലോ. അതിന് നന്നായി പഠിച്ച് ജോലി സമ്പാദിക്കുക അല്ലാതെ എന്താണ് പോംവഴി? 

കൂടാതെ, പഞ്ചായത്തിൽ/ നിയമസഭയിൽ/ലോകസഭയിൽ ഒക്കെ നമ്മെ പ്രതിനിധീകരിക്കുന്നത്, ഒരു ചെറിയ കാര്യമല്ല. എന്നെപ്പോലെയുള്ള സാധാരണക്കാരുടെ നാവാണ് അവർ. അപ്പോൾ, അത് നേടിയെടുക്കുന്ന നമ്മുടെ കോളേജിലെ ഒരു വിദ്യാർത്ഥിയെ, അത് ഏത് പാർട്ടി ആണെങ്കിലും, അഭിനന്ദിക്കേണ്ടതാണ്. 

അങ്ങനെ ഒരു അനുമോദന കുറിപ്പ് എതിർ പാർടിയിലെ വിദ്യാർത്ഥിയെക്കുറിച്ച് എഴുതി ഇടുമ്പോൾ, എല്ലാവരും കൂടി എന്നെ ശകാരിക്കാൻ വരുമോ?