November 23, 2019

ദയവായി ഹോൺ മുഴക്കരുത്. അപൂർവ ജനുസിൽപ്പെട്ട പക്ഷികൾ ഈ വളപ്പിൽവന്നു ചേക്കേറാറുണ്ട്



ഒരു പഴയ കോളേജ് മാഗസിനിൽ ശ്രുതി ഗോപാൽ എഴുതിയത്  നാല് വർഷത്തെ ഓർമ്മകളായിരുന്നു. പക്ഷേ, അതിൽ എടുത്ത് പറഞ്ഞിരുന്നത് നമ്മുടെ ക്യാമ്പസിലെ മുളങ്കൂട്ടങ്ങളെക്കുറിച്ചും മരങ്ങളെക്കുറിച്ചുമൊക്കെയാണ്. ഇപ്പോഴും ഓർമ്മിക്കുന്നു അതിലെ ചില വരികൾ,

.......കാന്റീനു മുൻപിലെ ബദാം കളിച്ചങ്ങാത്തങ്ങളുടെ കാവലാളാണ്. കമഴ്ത്തിയിട്ട ആട്ടുകല്ലിനു മേൽവെച്ച് എത്ര കായ് തല്ലിപ്പൊട്ടിച്ചിരിക്കുന്നു. ..

ആ പേജ് ഇതാ വായിക്കൂ.


അതിലേ കടന്നുപോകുമ്പോളൊക്കെ ശ്രുതി പറഞ്ഞ ആട്ടുകല്ലു ഞാൻ തിരയാറുണ്ട്. വൃഥാ...ആരെങ്കിലും എടുത്തു മാറ്റിയിരിക്കണം.

കോളേജിലെ പരിപാടികൾക്ക് വളരെ ലാഘവത്തോടെ മുളങ്കൂട്ടത്തിൽനിന്ന് മുള മുറിച്ചെടുക്കുന്നവർ ശ്രുതി എഴുതിയത് വായിക്കേണ്ടതാണ്. സമയമുണ്ടെങ്കിൽ ഇതുംകൂടി വായിക്കൂ. നമ്മുടെ മുളങ്കൂട്ടങ്ങൾ പൂക്കാതിരിക്കട്ടെ നിങ്ങൾ മുറിച്ചെടുക്കുന്നത് വെറും മുളയല്ല, നിങ്ങളുടെ കൂട്ടുകാരുടെ ഓർമ്മകളാണ്.

ബ്ലോക്കിന് മുൻപിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു ഞാവൽമരം, അവിടവിടെ ഏതാനും ബദാം മരങ്ങൾ, പിന്നെ അങ്ങ് താഴത്തെ കെട്ടിടത്തിനരികിൽ ഒരു പേര. തീർന്നു. ഇവയാണ് നമ്മുടെ ക്യാംപസിൽ കായ്കനികൾ തരുന്ന മരങ്ങൾ.

ആമ്പൽക്കുളം, ശലഭോദ്യാനം


മരങ്ങളും ചെടികളും മാത്രമല്ല,   2014 ലെ കോളേജ് മാഗസിനിൽ ഞാൻ എഴുതിയതുപോലെ (എഡിറ്റർ Muhammed Ashik) ഇവിടെ നല്ലൊരു കുളവും ആകാം. അന്ന് സിബു സാർ ഇതിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. വായിക്കണോ? ദാ ഇവിടെ.  പിന്നീട്, ഉടമസ്ഥൻ നമ്മെ വഴിയിൽ ഉപേക്ഷിച്ചിട്ട് പോയപ്പോൾ കാര്യങ്ങൾ ആകെ "കുളമായി." അപ്പോൾ യഥാർത്ഥ കുളത്തെ ഞങ്ങൾ കൈവിട്ടു.

അറിയുമോ? ചെത്തി, കൊങ്ങിണി, സൂര്യകാന്തി, സീനിയ, തുടങ്ങിയ ചില ചെടികൾ വളരുന്നിടത്ത് ശലഭങ്ങളും പക്ഷികളും കൂട്ടമായെത്തും. അപ്പോൾ അത് വെറും പൂന്തോട്ടമല്ല, ശലഭോദ്യാനമായി (Butterfly garden) മാറും. പക്ഷേ, ഇപ്പോൾ നമുക്ക് ഉദ്യാനത്തെക്കുറിച്ചോന്നും ആലോചിക്കേണ്ട. കാട് തെളിച്ചശേഷം വെറുതെ പുൽത്തകിടി പിടിപ്പിച്ചാൽ മതിയാകും. അത്രയെങ്കിലും സാധിക്കുമോ നമുക്ക് ?

ഒരു അപൂർവ്വ അതിഥി എത്തിയപ്പോൾ 



എന്നും കോളേജിലെത്തുന്നത്  "നീലൂർ" എന്ന സ്ഥലത്തുകൂടിയാണ്. അവിടെ ഒരു മയിൽ പറന്നു നടക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. ഇവിടെ മയിൽ വരുമോ എന്നറിയില്ല. പക്ഷേ, മറ്റൊരു അപൂർവ്വ അതിഥി എത്തി.

ഒരു വെള്ളിമൂങ്ങ.

ഒന്നല്ല, രണ്ടു മൂങ്ങകളുണ്ടായിരുന്നു, അന്ന് രാവിലെ. കാഴ്ചക്കാരെത്തിയപ്പോൾ അതിലൊന്ന് പറന്നുപോയി.

രണ്ടാമൻ, ഞാനൊരു പാവമാണേ, എന്നെ ഒന്നും ചെയ്യല്ലേ, എന്ന മട്ടിൽ അവിടെത്തന്നെ ഇരുന്നു. ചിലപ്പോൾ അസുഖം, അല്ലെങ്കിൽ പരിക്ക് പറ്റി. ഏറെ നേരം കഴിഞ്ഞിട്ടും അത് പോവാനുള്ള ഭാവം കാണിച്ചില്ല. അപ്പോൾ അനീഷ് സർ ഫോറസ്ററ് വകുപ്പിനെ വിവരം അറിയിച്ചു. അവർ അതിനെ ഒരു പെട്ടിയിലാക്കി കൊണ്ടുപോയി. നമ്മൂടെ കോളേജ് വിട്ടുപോവാൻ മനസ്സ് വരാഞ്ഞ അതിഥിയെ നാട് കടത്തിയപ്പോൾ അനീഷ് സർ എടുത്ത ചിത്രങ്ങൾ താഴെ.













മലർപ്പൊടിക്കാരന്റെ സ്വപ്നം 

മനോജ്സാറിന്റെ NSS, ആഷാ ജയപ്രകാശ് മിസിന്റെ Birds Club, അംജത മിസിന്റെ Nature Club. ഇതിൽ അംഗത്വമെടുക്കുന്ന കുട്ടികളിലാണ് ഇനി പ്രതീക്ഷ മുഴുവൻ.

അവർ പല തരത്തിലുള്ള, അധികം പടർന്നു പന്തലിക്കാത്ത മാവുകളും  മറ്റു ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കും.  അതിലെ കായ്കനികൾ വിദ്യാർത്ഥികൾ (ജീവനക്കാരും) ഭക്ഷിക്കും. വിഷമില്ലാത്ത ഫലങ്ങൾ അവർക്ക് ആയുരാരോഗ്യം തരും. ധാരാളം പൂക്കളും കായ്‌കനികളും മരങ്ങളുടെ ശീതളഛായയും ഉണ്ടെങ്കിൽ നമ്മുടെ ക്യാമ്പസിലും  മയിലും കുയിലും വെള്ളിമൂങ്ങയും മറ്റ് അപൂർവങ്ങളായ പക്ഷികളും വന്ന് ചേക്കേറും. അപ്പോൾ നമുക്ക് ക്യാമ്പസിൽ  ഇങ്ങനൊരു ബോർഡ് സ്ഥാപിക്കാം.

ദയവായി ഹോൺ മുഴക്കരുത്. അപൂർവ ജനുസിൽപ്പെട്ട പക്ഷികൾ ഈ വളപ്പിൽവന്നു ചേക്കേറുന്നുണ്ട്

മലർപ്പൊടിക്കാരന്റെ സ്വപ്നമാകുമോ എന്തോ?

അറിയില്ല. പക്ഷേ, ഒന്നറിയാം.

നമ്മുടെ ക്യാമ്പസിലെ മരങ്ങളും വഴികളും ക്‌ളാസ് മുറികളും ഇവിടുത്തെ ഓരോ തൂണും തുരുമ്പും ഇവിടുത്തെ കുട്ടികളുടെ ഓർമ്മകളാണ്. ഈ കോളേജിന്റെ ചരിത്രവുമാണ്.

ആർക്കറിയാം, ഇവരിലൊരാൾ ഭാവിയിൽ സിനിമക്കായി എഴുതുന്ന ഒരു തിരക്കഥയിൽ ഇവയൊക്കെ കഥാപാത്രങ്ങളാവില്ലെന്ന്. അല്ലെങ്കിൽ അവർ എഴുതുന്ന ചെറുകഥയിലോ നോവലിലോ നമ്മുടെ ക്യാമ്പസും കടന്നു വരില്ലെന്ന്.

അതുകൊണ്ട് വിദ്യാർത്ഥികളെ, ശ്രദ്ധിക്കൂ. ഇവയൊക്കെ, (നിങ്ങളുടെ ഓർമ്മകളും, കോളേജിന്റെ ചരിത്രവും) കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം  നിങ്ങൾക്കാണ്.

നാർമടിപ്പുടവയും നീർത്തടവും

2014 ലെ കോളേജ് മാഗസിനിൽ (എഡിറ്റർ Muhammed Ashik) പ്രസിദ്ധീകരിച്ച ലേഖനം.


"ദൈവമക്കൾ ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതിയത്. നാർമടിപ്പുടവയെക്കാളും കൂടുതൽ. പക്ഷേ, എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല."

എന്റെ മുൻപിൽ ഇരിക്കുന്നത് പ്രശസ്ത എഴുത്തുകാരി ശ്രീമതി സാറാ തോമസ്. സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. അവരുടെ  ഏതാനും നോവലുകൾ സിനിമയാക്കുകയും ചെയ്തിട്ടുണ്ട്. യാത്രാക്ഷീണം കാണുന്നുണ്ടെങ്കിലും ഫോട്ടോയിൽ കാണുന്നതിലും ആകർഷണീയത തോന്നി. അവരുടെ മുൻപിലിരിക്കാൻ മടിച്ചുനിന്ന എന്നെ അവർ നിർബന്ധിച്ച് സോഫയിൽ ഇരുത്തി. രണ്ട് പുസ്തകങ്ങളും എഴുതാനിടയായ സാഹചര്യത്തെക്കുറിച്ച് അവർ സംസാരിച്ചു.

"ഇപ്പോൾ ഒന്നും എഴുതാറില്ലേ?" ഞാൻ ചോദിച്ചു.

Writers  block എന്ന് കേട്ടിട്ടില്ലേ? ഭർത്താവിന്റെ  മരണം. അകാലത്ത് മരണമടഞ്ഞ പുത്രീഭർത്താവ്. ഒന്നും എഴുതാൻ തോന്നാറില്ല, ഈയിടെയായി."

തെല്ല് അതിശയത്തോടെ ഞാൻ ആലോചിക്കാറുണ്ട്. നാർമടിപ്പുടവയിലെയും ദൈവമക്കളുടെയും ജീവിതസാഹചര്യങ്ങൾ ശ്രീമതി സാറാ തോമസിന്റേതിൽ നിന്നും തീർത്തും വിഭിന്നമാണ്. തികച്ചും അപരിചിതവും. എന്നിട്ടും തികഞ്ഞ കൈയടക്കത്തോടെ ശക്തവും ഭദ്രവുമായ കഥാസന്ദർഭങ്ങളാണ് അവരുടെ പുസ്തകങ്ങൾ നമുക്ക് തരുന്നത്. ഇതിനായി എത്രത്തോളം മുന്നൊരുക്കങ്ങൾ അവർ നടത്തിയിരിക്കണം!! മാത്രമല്ല, അവരുടെ പുസ്തകങ്ങളിലൊക്കെ നന്മയുടെ ഒരു സന്ദേശവുമുണ്ട്.

ഇത് ലാലി ടീച്ചറുടെ വീട്. ടീച്ചറുടെ ബന്ധുവാണ് ശ്രീമതി സാറാ തോമസ്. യാത്രാമദ്ധ്യേ ഇവിടെ കയറിയതാണ് അവർ. ഏറെ വിസ്മയങ്ങളുള്ള ലാലി ടീച്ചറുടെ വീട്ടിലേക്ക് ഒരു അതിവിസ്മയമായി പൊടുന്നനെ കയറിവന്ന അതിഥി.

വീട് ഒരു  സങ്കല്പം


എന്നെങ്കിലും വീട് പണിതാൽ അത് എങ്ങനെ ആവണം? മനസ്സിൽ വരച്ച്... മായ്ച്ച്... വീണ്ടും വരച്ച് ...മായ്ച്ച്..അങ്ങനെ എത്രയോ തവണ. പക്ഷേ, അതിശയമെന്നു പറയട്ടേ. അത് ഒരിക്കലും വീടിന്റെ  അകമായിരുന്നില്ല. സ്വീകരണമുറി എങ്ങനെ ആയിരിക്കണമെന്നോർത്ത് വേവലാതിപ്പെട്ടില്ല. അടുക്കളയോ ഊണുമുറിയോ ഏങ്ങനെ ആവണമെന്നോർത്ത് തല പുണ്ണാക്കിയില്ല.

ഒരേയൊരു നിർബന്ധം മാത്രം. ഉറങ്ങാൻ ഒരിടം വേണം.

എന്നാൽ വീട് എന്ന സങ്കല്പം എനിക്ക് തരുന്നത് അതിന്റെ പരിസരങ്ങളാണ്. നല്ല പച്ചപ്പ്. പൂമരങ്ങൾ. ഫലവൃക്ഷങ്ങൾ. നട്ടുച്ചക്കും ശീതളഛായ. കായ് കനികൾ ഭക്ഷിക്കാൻ വരുന്ന പക്ഷികളുടെ കലപില ശബ്ദം. കുറച്ച് സ്ഥലത്ത് ഒരു ഇല്ലിക്കാട്. പച്ചച്ചമുളയും മഞ്ഞമുളയും അവിടുണ്ട്. കാറ്റടിക്കുമ്പോൾ, ഒന്ന് ചെവിയോർത്താൽ മുളങ്കാടിന്റെ സംഗീതം കേൾക്കണം.

ഒരിടത്ത് നടുവിൽ മഞ്ഞനിറമുള്ള പൂക്കളുമായി കൂട്ടം കൂടി നിൽക്കുന്ന ചെമ്പകച്ചെടികൾ. ഒരു ചെമ്പകക്കാട് തന്നെ. പൂക്കളുടെ ഒപ്പമോ അതിനേക്കാൾ ഏറിയോ ചാരുതയോടെ ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന ശാഖകൾ. അടുത്തടുത്ത് നിൽക്കുന്ന ചെടികളുടെ ശാഖകൾ പരസ്പരം പിണഞ്ഞ് വളരുന്നു. ഇലപൊഴിയും കാലത്ത്  ശാഖോപശാഖകൾ മാത്രമായി ചെമ്പകം ഒരു നില്പുണ്ട്. ഏതോ ശില്പി അസാമാന്യ കരവിരുതോടെ പണിത ശില്പം കണക്കെ, ഇവ ഭൂമിയിൽനിന്ന് ആകാശത്തേക്ക് ഉയർന്നു നിൽക്കും. നമുക്ക് നല്ല ഒരു കാഴ്ച്ച ഒരുക്കാനായി, സ്വന്തം ശ്വസനം പോലും ത്യജിച്ച് നില്ക്കുന്ന ചെമ്പകക്കാട്.

പിന്നെ ഒരു കുളം. ആഡംബരപൂർണമായ നീന്തൽക്കുളമൊന്നുമല്ല. മരക്കൂട്ടങ്ങൾക്കിടയിൽ ഒരു കുളം. ഇലച്ചാർത്തിനിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് കുളത്തിൽ പതിക്കുന്നത്. ഒരു വശത്ത് കൽപ്പടവുകൾ. ഏത് കൊടുംവേനലിലും കുളം നിറയെ കുളിർമയേകുന്ന ജലം.

സാധിക്കുമെങ്കിൽ ഒരു "കാവ് " താന്നെ രൂപീകരിക്കണം. കാവെന്നു കേട്ട് തെറ്റിദ്ധരിക്കേണ്ട. അതിലെ ദൈവികത മാറ്റിയാണെന്റെ സങ്കല്പം.

പഴമക്കാർ പറഞ്ഞു. "കാവ് തീണ്ടരുത്, കുളം വറ്റും." ഇന്ന് പരിസ്ഥിതിബോധമുള്ള ആർക്കും ഇതിലെ ശാസ്ത്രീയത മനസ്സിലാകും.

ലാലി ടീച്ചറുടെ വീട് 


ഫെബ്രുവരി 19. ബിഷപ്മൂർ കോളേജിൽ അസോസിയേഷൻ ഉദ്ഘാടനം. വഴിയിൽ ഉടനീളം സംസാരിച്ചുകൊണ്ട്  ടീച്ചർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്തു. പതിവുപോലെ ഞാൻ നല്ല കേൾവിക്കാരിയും.

ടീച്ചറുടെ വീട്ടിലെത്തി. വളപ്പിലേക്ക് കാലെടുത്ത് വെച്ചപ്പോൾ തന്നെ "എന്റെ ഇഷ്ടങ്ങളുടെ ഏതാണ്ട് ഒരു പതിപ്പ്" ഞാൻ അദ്‌ഭുതം കൂറി നിന്നു. നിറയെ പച്ചപ്പ്.  കേട്ടിട്ടുമാത്രമുള്ള ചില ചെടികളും മരങ്ങളും. അങ്ങോട്ട് നോക്കണോ, അതോ ഇങ്ങോട്ടു നോക്കണോ? ഞാൻ ആശയക്കുഴപ്പത്തിലായി.

വീടിന്റെ ഒരു വശത്ത്, നിറയെ കൊത്തുപണികളും അലുക്കും തൊങ്ങലുമായി തടിയിൽ നിർമ്മിച്ച ഒരു  കുഞ്ഞു  വീട്.

"ഇത് പണ്ടത്തെ വീടിന്റെ കലവറയാണ്. നശിച്ചു പോവാതെ സംരക്ഷിക്കുന്നു." ടീച്ചറിന്റെ ഭർത്താവ് പറഞ്ഞു.

വീടിന്റെ പുറകുവശം മുഴുവൻ പാടമാണ്. അങ്ങോട്ടു നടന്നപ്പോൾ. എത്തിയത് ഒരു കുളത്തിനരികെ.  രാജൻ സാർ കുളത്തിന്റെ ചരിത്രം പറഞ്ഞു.

"പണ്ട് പാടത്തിനക്കരെ വലിയ ഒരു തൊടുണ്ടായിരുന്നു. സാധനങ്ങളുമായി വലിയ കെട്ടുവള്ളങ്ങൾ പോകുന്ന അത്രയും വലിപ്പമുള്ള തോട്.  അന്ന് ഞങ്ങളുടെ വീട്ടിലും ഒരു വള്ളമുണ്ട്. അത് കെട്ടിയിടാൻ തോട്ടിൽനിന്ന്  ഈ പറമ്പിലേക്ക് ഒരു ചാൽ വെട്ടിയിരുന്നു. ഇപ്പോൾ ജലഗതാഗതമില്ല. വള്ളവുമില്ല. എന്നാലും ഈ ചാൽ നിലനിർത്തിയാലോ എന്നാലോചിച്ചു. അങ്ങനെയാണ് ഈ കുളമുണ്ടായത്. ഇപ്പോൾ ഇതിൽ മീനും വളർത്തുന്നു."

കോളേജിന്റെ യഥാർത്ഥ അവകാശികൾ ചെയ്യാൻ പോവുന്നത് 


പ്രിൻസിപ്പലിന്റ മുറിയിലെ ജനലിൽകൂടി നോക്കുമ്പോൾ കോളേജിന്റെ പ്രധാന കവാടം കാണാം. ഒപ്പം പോർച്ചിൽനിന്നും പ്രധാന കവാടം വരെയുള്ള കാടും പടലും നിറഞ്ഞ സ്ഥലവും. ഇടയ്ക്കിടെ ഇത് വെട്ടിമാറ്റാറുള്ളതാണ്. പക്ഷേ, ഒരു ഭാഗം വെട്ടി മറ്റേ ഭാഗത്ത് എത്തുമ്പോൾ ആദ്യഭാഗം വീണ്ടും  കാട് പിടിച്ചിട്ടുണ്ടാവും. പണച്ചെലവ് മാത്രം മിച്ചം.

"മെഷീൻ വാങ്ങിത്തരൂ. ഞങ്ങൾ കാട് വെട്ടി വൃത്തിയാക്കാം." സഹികെട്ട വിദ്യാർത്ഥികളുടെ വാഗ്ദാനം.

പക്ഷേ, കാട് ഇടയ്ക്കിടെ വെട്ടുന്നതുകൊണ്ട് മാത്രം ഗുണമില്ല. കുറച്ചുകൂടെ ഫലപ്രദമായ മാർഗം കണ്ടെത്തിയേ മതിയാകൂ.

വെട്ടിമാറ്റുന്ന സ്ഥലത്ത് പുൽത്തകിടി ഉണ്ടായാൽ....ചെടികൾ നട്ടാൽ.....ഇപ്പോഴത്തെ അവസ്ഥയിൽ ഇത് കോളേജിന് സാധിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ഒരു trial run ആയി വിദ്യാർത്ഥികളെ ഏൽപ്പിച്ചാലോ? കോളേജിന് രൂപഭംഗി വരുത്താൻ അതിന്റെ യഥാർത്ഥ അവകാശികൾക്ക് എന്ത് ചെയ്യാൻ  സാധിക്കുമെന്ന് അറിയണമല്ലോ.

വിദ്യാർത്ഥികൾക്കും സമ്മതം. അവരെക്കൊണ്ടുതന്നെ കുറച്ച് സ്ഥലം അളന്നു തിരിച്ച്  അഞ്ചു ബ്രാഞ്ചിനും നൽകാമെന്ന് സിബു സർ. എഞ്ചിനീയറിങ്ങ് ആദ്യ വർഷത്തെ സർവെയിങ് പാഠങ്ങൾ ഇങ്ങനെയെങ്കിലും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തട്ടെ.

നീർച്ചാലും നീർത്തടവും


മഴക്കാലമാണ്. കോളേജിലെ പോർച്ചിനു മുൻപിൽ വെള്ളം കെട്ടിക്കിടന്ന് ചെളിയായിരിക്കുന്നു. വാഹന ഗതാഗതം ബുദ്ധിമുട്ട്. കാൽനടയാത്ര ദുഷ്കരം.

അന്വേഷിച്ചപ്പോൾ അറിയുന്നു. മുകളിൽനിന്ന് പ്രകൃതിദത്തമായ ഒരു നീരൊഴുക്കുണ്ടത്രേ!!! അത് താഴേക്കൊഴുകിപ്പോവാൻ ഒരു ഓടയും പണിതിരുന്നു. പക്ഷേ, പിന്നീടെപ്പോഴോ ആ ഓട അങ്ങുമൂടിക്കളഞ്ഞു. എന്തിനെന്ന് ആരും ചോദിക്കരുത്. കഥയിൽ ചോദ്യമില്ല....കാര്യത്തിലും...അപ്പോൾ സ്വാഭാവികമായും വെള്ളം കെട്ടിക്കിടക്കും.  സ്വതേയുള്ള നീരൊഴുക്കു തടസപ്പെടുമ്പോൾ കെട്ടിടത്തിനുണ്ടാകുന്ന ബലക്ഷയം വേറെ.

അവിടെച്ചെന്നു നോക്കി. .....അതിശയം....സന്തോഷം...B ബ്ലോക്കിന്റെ മുൻപിൽ ഒരു വശത്തായി ഏതാണ്ട് 3 അടി ആഴത്തിൽ വെള്ളം!!!!

ദാ കൺമുൻപിൽ ഒരു കുളത്തിനുള്ള സാധ്യത തെളിഞ്ഞ് വരുന്നു. ഏറെ നാളത്തെ സങ്കല്പം, യാഥാർഥ്യമാക്കാം. സ്വന്തം വീട്ടിൽ ത്തന്നെ കുളം വേണമെന്ന് വാശിപിടിക്കുന്നതെന്തിന്? കോളേജ് നമ്മുടെ വീട് തന്നെ.

ഞാൻ കണ്ണടച്ച് സങ്കല്പിച്ചു. മുകളിൽനിന്ന് താഴേക്കുള്ള നീർച്ചാൽ അതിന്റെ സ്വാഭാവികമായ വളവൊടും തിരിവോടുംകൂടി നിലനിർത്തുക. ഇരുവശത്തും അല്പം ഉയർന്ന തിട്ടയോ കൈവരിയോ വേണം. ഒരു വശത്ത് പടികൾ കെട്ടിയ നടപ്പാത. നീരൊഴുക്ക് താഴെയെത്തി ഇപ്പോൾ വെള്ളം കെട്ടിക്കിടക്കുന്നിടത്ത്  ഒരു കുളം പണിയുക. വേണമെങ്കിൽ അല്പം ആഴം കൂട്ടുക. ആമ്പലും താമരയും കരിംകൂവളവും ഒക്കെ വളർത്താം. കുളം കവിഞ്ഞൊഴുകുന്നത് ഓടയിലേക്ക്. ജാഫർ സർ ഇതിനുള്ള പദ്ധതി തരാമെന്നു പറയുന്നു.

വെള്ളം കെട്ടിക്കിടക്കില്ല. കെട്ടിടത്തിന് ബലക്ഷയമുണ്ടാകില്ല. കൂടാതെ, കോളേജിന് മുൻപിൽ ഒരു സുന്ദര ദൃശ്യവും. മറ്റു സ്ഥാപനങ്ങൾ കൃത്രിമക്കുളം നിർമിക്കാനും സംരക്ഷിക്കാനും ഏറെ പണം ചെലവിടുമ്പോൾ, നമുക്ക് പ്രകൃതി ദാനമായിത്തന്നെ നീർച്ചാലും നീർത്തടവും സംരക്ഷിച്ചാൽ മാത്രം മതിയാകും. പദ്ധതിയോട് ജോഷിസർ യോജിച്ചാൽ.....

എനിക്ക് ഇപ്പോൾ കോളേജിന് മുൻപിലെ നീർച്ചാലും നീർത്തടവും പൂന്തോട്ടവും കാണാം. പക്ഷേ, കണ്ണ് അടക്കണം.

നിങ്ങൾക്ക് എന്നാണ് ഇവ കാണാൻ സാധിക്കുന്നത്?

കണ്ണ് അടച്ചല്ല, തുറന്നുതന്നെ.