October 26, 2008

രാത്രികളെ നിര്‍മ്മിക്കുന്ന ഇടങ്ങള്‍











എസ്. ഭാസുരചന്ദ്രന്‍ “സുബ്രഹ്മണ്യപുരത്തേക്ക് ലോക്കല്‍ ബസുണ്ട് ” എന്നെഴുതിയ ആസ്വാദനക്കുറിപ്പ് വായിച്ചു എഴുതിപ്പോയതാണിത്. ആ കുറിപ്പിനേക്കുറിച്ചു മാത്രമാണിത്. അല്ലാതെ സുബ്രഹ്മണ്യപുരം എന്ന സിനിമയെക്കുറിച്ചുള്ള ഒരു അവലോകനമല്ല ഇതെന്നു വ്യംഗ്യം.

....സിനിമ കണ്ടുതുടങ്ങി പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴും വമ്പിച്ച എന്തെങ്കിലും സംഭവിക്കാന്‍ പോവുകയാണെന്ന തോന്നല്‍ ഉണ്ടായില്ല….

ഏതാനും വരികളിലൊതുങ്ങുന്ന ഹ്രസ്വമായ കഥാവിവരണത്തോടെ, ബസ് മെല്ലെ നീങ്ങിത്തുടങ്ങുകയാണ്. ഒരു ചേരിയിലെ ഏതാനും ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണു കഥ. അവര്‍ക്കിടയിലേക്ക് ഒരു നാടന്‍ പെണ്‍കുട്ടി എത്തുന്നു. ഹാഫ് സാരി, പുസ്തകം, ചോറ്റുപാത്രം, പ്രണയം. കണ്ടും കേട്ടും തഴമ്പിച്ച ചിരപുരാതന ചേരുവകളുള്ള ഒരു തമിഴ് സിനിമയേക്കുറിച്ച് ആര്‍ക്കു വായിക്കണം? നാം പരിചയിച്ചുവന്ന ശൈലിയിലുള്ള ഒരു സിനിമക്കുറിപ്പാണെങ്കില്‍ വായന ഇവിടെ നിലയ്ക്കും. കണ്ടക്ടറുടെ അനുവാദം കാക്കാതെ സ്വയം ബെല്ലടിച്ച് ബസില്‍നിന്ന് ഇറങ്ങിപ്പോകേണ്ടതാണ് നാം. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ലെന്നു മാത്രമല്ല, രണ്ടാമത്തെ വാചകം നമ്മെ ബസില്‍‌ത്തന്നെ പിടിച്ചിരുത്തി വഴിയോരക്കാഴ്ചകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പിടിച്ചു വലിച്ചു കൊണ്ടുപോവുകയാണ്.

എസ്.ബി. എഴുതുന്നു. ….ഇങ്ങനെയൊക്കെ സിനിമ പോയാല്‍ എത്ര ദൂരം പോവുമെന്ന് നമുക്കറിയാം. പക്ഷേ നമുക്ക് തെറ്റുന്നു. ഭയങ്കരമായി തെറ്റുന്നു….

ഏതാനും വാക്കുകള്‍ മാത്രമുള്ള ഈ വാക്യങ്ങള്‍ നോക്കൂ. വായനക്കാരന്റെ മനശ്ശാസ്ത്രം മനസ്സിലാക്കിയ എഴുത്തുകാരനെ ഇവിടെ കാണാം. ഞാനാണു ശരി, എന്റെ എല്ലാ സങ്കല്പങ്ങളും വാസ്തവമായി ഭവിക്കും, എന്റെ മുന്‍‌വിധികള്‍ അങ്ങനെയൊന്നും പിഴയ്ക്കാറില്ല, എന്നൊക്കെ ശഠിച്ചിരിക്കുന്ന വായനക്കാരന്റെ അഹന്തയെ പിടിച്ചുലയ്ക്കുന്നതാണ് അവസാന വാചകം. അതോടെ, ‘എവിടെയാണ് എനിക്കു ഭയങ്കരമായി തെറ്റിയത്?’ എന്നറിയാന്‍ ഒരു കുട്ടിയുടെ ജിജ്ഞാസയോടെ അതിന്റെ പുറകെ വെച്ചുപിടിക്കുകയാണ് നാം.

നാമിതു വരെ ശീലിച്ചുപോന്ന സിനിമാസ്വാദനക്കുറിപ്പുകള്‍ക്കൊക്കെ ചില പതിവു ചിട്ടവട്ടങ്ങളുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഇവയുടെ ഉടയോന്‍ ആരാണ്? ഗാനരചയിതാവ്, സംഗീതസംവിധാനം, ഗായകര്‍, പശ്ചാത്തലസംഗീതം തുടങ്ങിയവയുടെ? ഇവയൊക്കെ ചലച്ചിത്രത്തിന്റെ മൊത്തം കെട്ടുറപ്പിനെ എങ്ങനെ സഹായിച്ചു, അല്ലെങ്കില്‍ സഹായിച്ചില്ല? സാധാരണ ഒരു മലയാളി പ്രേക്ഷകന്റെ ഭാഗത്തുനിന്നു ചിന്തിച്ചാല്‍ തീര്‍ച്ചയായും നായകനും നായികയെയും ആരെന്നു പറയാത്ത ഒരു സിനിമയേക്കുറിച്ചു ആര്‍ക്കും താത്പര്യം ഉണ്ടാവില്ല. അഭിനേതാക്കള്‍ തങ്ങളുടെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചോ? ഇടയ്ക്കിടെ വന്നുപോയിരുന്ന ഹാസ്യവും സംഘട്ടനവും കല്ലുകടിയായി അനുഭവപ്പെട്ടോ? എന്തായിരുന്നു ചിത്രത്തിന്റെ സന്ദേശം?

ഇത്തരം സാമ്പ്രദായിക ശൈലിയെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് ഈ കുറിപ്പില്‍ പിന്നണിയിലുള്ളവരെക്കുറിച്ചുള്ള പരാമര്‍ശം സംവിധായകനിലൊതുങ്ങുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഒരേയൊരാള്‍ സംവിധായകനാണ്. ബാക്കിയുള്ളവരൊക്കെ ലേഖകന്റെ വീക്ഷണത്തില്‍ അപ്രസക്തരാണ്. ‘സംവിധായകനാണു താരം’ എന്ന മുദ്രാവാക്യം തീര്‍ച്ചയായും ഏതെങ്കിലും സംവിധായകന്‍ തന്നെയാവും ആദ്യം പറഞ്ഞിരിക്കുക, ഏറ്റുചൊല്ലികള്‍ക്കായി. പക്ഷേ, എത്ര ശ്രേഷ്ഠനായ സംവിധായകനാണെങ്കിലും അണിയറ ഒരുക്കങ്ങളും മറ്റുള്ള പ്രവര്‍ത്തകരുമൊക്കെ മോശമെങ്കില്‍ ചിത്രം പൊളിയുമെന്നുള്ളത് മൂന്നരത്തരം. സിനിമ ഒരു സംഘകലയാണെന്ന് വിശ്വസിക്കുന്ന എന്നെപ്പോലെയുള്ളവര്‍, സംവിധായകന്‍-കഥ-തിരക്കഥാകാരനു ശേഷം അറിയാനാഗ്രഹിക്കുന്ന മറ്റൊരു വ്യക്തി ഛായാഗ്രാഹകനാണ്. പക്ഷേ, ഈ ചിത്രത്തിലെ ഛായാഗ്രഹണത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍‌പോലും ക്രെഡിറ്റ് മുഴുവന്‍ സംവിധായകനു തന്നെ.

.…ഒട്ടും മിനുസപ്പെടുത്താത്ത, റിഫൈന്‍ ചെയ്യാത്ത സിനിമോടോഗ്രഫിക് ശൈലി തീരുമാനിച്ചിടത്തുവരെ സംവിധായകന്‍ മുതലിറക്കിയ തലച്ചോറ് തിരിച്ചറിയാം. ബ്യൂട്ടിഫുള്‍ ഫോട്ടോഗ്രാഫി ആയിരുന്നെങ്കില്‍ നമുക്ക് ഈ സിനിമയുടെ ശവപ്പെട്ടി എടുക്കാമായിരുന്നു….

എന്തുകൊണ്ട് ഈ സിനിമ വേറിട്ടു നില്‍ക്കുന്നുവെന്ന് എസ്.ബി. സമര്‍ത്ഥിക്കുന്നത് വായനക്കാരനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചാണ്. ഉത്തരം പ്രതീക്ഷിച്ചുകൊണ്ടല്ല, ഈ ചോദ്യങ്ങളൊന്നുംതന്നെ.

.…നായികയ്ക്ക് നായികാപദവി പോയിക്കഴിഞ്ഞ്, അവള്‍ ഫ്രെയിമില്‍നിന്നേ പോയിക്കഴിഞ്ഞ്, നായകന്‍ ഭീകരമായി വധിക്കപ്പെട്ടു കഴിഞ്ഞ്, ഈ സിനിമ പിന്നെയും പതിനഞ്ചു മിനുട്ടുകള്‍കൂടി നീളുകയാണ്. ആരെങ്കിലും തീയേറ്ററിലിരിക്കുമോ?.... ഈ അവസാന ചോദ്യത്തോടെ നമ്മള്‍ തീര്‍ച്ചയാക്കുന്നു സുബ്രഹ്മണ്യപുരത്തിന് എന്തോ സവിശേഷതയുണ്ട്. അതെന്താണെന്ന് അറിയാനാണ് പിന്നെ നമ്മുടെ ശ്രമം. അതറിഞ്ഞേതീരൂ എന്ന അവസ്ഥയില്‍ നമ്മെ എത്തിക്കുന്നുവെന്നതാണു പരമാര്‍ത്ഥം.

ഈ ചോദ്യങ്ങള്‍കൊണ്ട് വേറൊന്നും എസ്.ബി. സാധിച്ചെടുക്കുന്നുണ്ട്. ഇതാണു സിനിമയുടെ കഥയെന്നു പറയാതെ, വായനക്കാരനു കഥ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കഥയായി എസ്.ബി.യില്‍നിന്ന് ലഭിക്കുന്നത് ഒന്നോ രണ്ടോ വാക്യങ്ങളിലൊതുങ്ങുന്ന ത്രെഡ് മാത്രമാണ്. എങ്കിലും വായനക്കാരന്‍ അതില്‍ തൃപ്തനാണ്.

.…ഈ സിനിമയുടെ നായകന് അതിന്റെ പ്രമേയവും നായിക അതിന്റെ സ്ട്രക്ചറുമാണ്….എന്ന് ലേഖകന്‍ പറയുന്നുണ്ടെങ്കിലും കഥയുടെ ഉള്ളറകളിലേക്ക് ഇതിലും കൂടുതല്‍ കടന്നുചെല്ലണമെന്ന ആഗ്രഹവും വായനക്കാരനില്‍ ഉണ്ടാകുന്നില്ല.

സംവിധായകന്റേതു തന്നെയാണ് തിരക്കഥ. നിര്‍മ്മാതാവും ഇതേയാള്‍ തന്നെ. അതില്‍ അത്ഭുതമില്ലെന്നു ലേഖകന്‍. മറ്റൊരു നിര്‍മ്മാതാവ് ഈ കഥ മുഴുവന്‍ കേള്‍ക്കാന്‍ പോലും ഇരുന്നു തരില്ല. കാരണം, പ്രണയിക്കുന്ന ചെറുക്കനും പെണ്ണുമുള്‍പ്പെടെ സകലരും നെഗറ്റീവ് കഥാപാത്രങ്ങളാണ്. എങ്കിലും സിനിമ, പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്ന ഭാവം പോസിറ്റീവ്. ഈ തന്ത്രത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ലേഖകന്‍ പറയുന്നു.

.…ഇയ്യാള്‍ക്ക് ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാഡു കൊടുത്താല്‍‌പോലും വലിയ കഥയില്ല. കൊടുക്കേണ്ടത് ധീരസാഹസികതക്കുള്ള അര്‍ജുന അവാഡാണ്..

ഇങ്ങനെയൊക്കെയാണെങ്കിലും “സുബ്രഹ്മണ്യപുരത്തേക്ക് ലോക്കല്‍ ബസുണ്ട്” ഈ തലക്കെട്ടിന്റെ സാംഗത്യമെന്തെന്ന് മനസ്സിലായില്ല. അപ്പോളതാ കണ്ണുകള്‍ മുന്‍പോട്ടു നീങ്ങാന്‍ വിസമ്മതിച്ച് ഈ വരികളിലൊട്ടി നില്‍ക്കുന്നു.

...ഗുണ്ടകളുടെ പ്രസവപ്പുരയായ സുബ്രഹ്മണ്യപുരം അങ്ങകലെ തമിഴ്‌നാട്ടിലാണെന്നു ധരിക്കരുത്. രാത്രികളെ നിര്‍മ്മിക്കുന്ന ഒരിടം നിങ്ങളുടെ അയല്­പക്കത്തെവിടെയോ തന്നെയുണ്ട്…

ആസുരമായ ഈ കാലഘട്ടത്തെക്കുറിച്ചുള്ള ആധിയാണ് ഈ വാക്യത്തില്‍ ഒളിഞ്ഞിരിക്കുന്നത്. മലയാള സിനിമ സുബ്രഹ്മണ്യപുരത്തെത്താന്‍ 50 വര്‍ഷമെങ്കിലും എടുക്കുമല്ലോയെന്ന ലേഖകന്റെ സങ്കടം ഒരു സിനിമാപ്രേമിയുടെയാണ്. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ ഒരു തീവ്രവാദിയായി മാറുന്നതിലേക്കു നയിക്കുന്ന കാരണങ്ങള്‍ തേടി ഏറെ ദൂരം പോകേണ്ട, അതിനുള്ള സാഹചര്യങ്ങള്‍ നമ്മുടെയൊക്കെ അയലത്ത്, ഒരു ലോക്കല്‍ ബസിന്റെ പരിധിയില്‍‌ത്തന്നെ ഉണ്ടെന്ന വേവലാതി ഒരു മനുഷ്യസ്നേഹിയുടേതും. ഇത് വെറുമൊരു സിനിമക്കുറിപ്പിന്റെ തലത്തില്‍‌നിന്ന് ഒരു പടി ഉയര്‍ന്നു നില്‍ക്കുന്നതിന്റെ ഒരു കാരണമിതാണ്. എസ്.ബി.യുടെ കുറിപ്പിന്റെ ആത്മാവ് ഉള്ള ഈ വാക്യം എന്റെ ആദ്യവായനയില്‍ ഗോചരമായില്ല. ജീവിതത്തിനു വേഗതയേറുന്നു; വായനയ്ക്കും. അപ്പോള്‍ കാണേണ്ടതു പലതും കാണാതെ പോകും.

കഥയുടെ വിശദാംശങ്ങള്‍ തരാതെ, അണിയറപ്രവര്‍ത്തകരെക്കുറിച്ചു വ്യക്തമാക്കാതെ, സംഗീതത്തെക്കുറിച്ചു സൂചിപ്പിക്കുകപോലും ചെയ്യാത്ത ഈ കുറിപ്പ് കണ്ണുകള്‍ ഉയര്‍ത്താതെ നാം വായിച്ചു തീര്‍ക്കുന്നത് എന്തുകൊണ്ടാണ്? കുറിപ്പിലുടനീളം കാണുന്ന എഴുത്തുശൈലി തന്നെ കാരണം. കര്‍ക്കശമായി വെട്ടിച്ചുരുക്കി എഡിറ്റിങ് മികവിനു ദൃഷ്ടാന്തമായ ഈ ചെറുകുറിപ്പില്‍ എസ്.ബി.യുടെ കൈയ്യൊപ്പു പതിഞ്ഞിരിക്കുന്ന ഒരിടമിതാ,

… ഏതാണ്ട് ഒടുവില്‍ ഒരുത്തന്റെ തലയറുത്ത് ചാക്കില്‍ കൊണ്ടുപോവുന്ന ആ താടിക്കാരനില്ലേ? കക്ഷിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്.. എസ്.ബി. യുടെ സുഹൃത്ത് പറഞ്ഞു.

അതെയോ..ശ്ശെടാ..ഭയങ്കരാ.. മുഴുവന്‍ പ്രേക്ഷകരുടെയും തലയറുത്തുകൊണ്ടാണല്ലോ നടന്നു പോവുന്നത്, മോസ്റ്റ് ലവബിള്‍ റാസ്കല്‍..

എന്തിനീ പ്രവേശന പരീക്ഷ


ഇടയ്ക്കൊക്കെ ഒരു വെളിപാടുപോലെ ഉയരുകയും പെട്ടെന്നുതന്നെ കെട്ടടങ്ങുകയും ചെയ്യുന്നതാണ് പ്രവേശനപരീക്ഷാ വിഷയം. ഈയ്യിടെ ഇത് വീണ്ടും പൊതുജനശ്രദ്ധയാകര്‍ഷിച്ചു. യോഗ്യതാ പരീക്ഷയില്‍ 90% മാര്‍ക്കു കിട്ടിയിട്ടും പ്രവേശനപരീക്ഷയ്ക്ക് 40% മാര്‍ക്കില്ലാത്തതിനാല്‍ മെഡിക്കല്‍ പ്രവേശനം കിട്ടാത്ത ST വിദ്യാര്‍ത്ഥികളുണ്ട്. ഇവരെ പ്രവേശനപരീക്ഷയില്‍‌നിന്ന് ഒഴിവാക്കിക്കൂടെയെന്ന സുപ്രീംകോടതിയുടെ സംശയമായിരുന്നു ഇതിനു കാരണം.
പ്രൊഫഷണല്‍ വിദ്യാഭ്യാസ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയിലെ മാര്‍ക്കുകൂടി പരിഗണിക്കണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. എങ്കിലും അതു നടപ്പില്‍ വരുത്താനാവാതെ ST വിദ്യാര്‍ത്ഥികള്‍ക്കായി ബദല്‍ പ്രവേശനപരീക്ഷ നടത്താമെന്ന അന്തിമതീരുമാനത്തില്‍ സര്‍ക്കാരെത്തി. സംസ്ഥാന സര്‍ക്കാരിന്റെ അഭീഷ്ടത്തിനു വിരുദ്ധമായ ഈ നിലപാടിലെത്തിച്ചത് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലാണത്രേ!
നമ്മുടെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസത്തിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും എഞ്ചിനീയറിങ്ങ് കോളേജുകളുടെയും കോഴ്സുകളുടെയും ഗുണനിലവാരം കാലഘട്ടത്തിന് അനുസൃതമായി തിട്ടപ്പെടുത്തി ഇവയ്ക്ക് അംഗീകാരം നല്‍കുന്നതും All India Council for Technical Education (AICTE) ആണ്. എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശനത്തിനുവേണ്ട അടിസ്ഥാന യോഗ്യത നിശ്ചയിക്കുന്നതും ഇതേ സമിതി തന്നെയാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഇക്കാര്യം ചെയ്യുന്നത് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലും.
പ്രധാനമായ ഒരു സാമൂഹികദൌത്യംകൂടി ഇത്തരം അകഡമിക് സമിതികള്‍ക്കുണ്ട്. ചരിത്രപരവും സാമൂഹികമായ അവസ്ഥകള്‍ പരിഗണിച്ച് ചില ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന് നിയമാനുസൃതം ലഭിക്കേണ്ട പരിരക്ഷകള്‍ നല്‍കുക. ഇത് പിഴവില്ലാതെ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ജനപ്രതിനിധികളുടെ ചുമതലയാണ്. കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ സമിതിക്ക് വീഴ്ച വന്നാല്‍, അത് ചൂണ്ടിക്കാണിച്ച് തിരുത്തിക്കേണ്ടതും മറ്റാരുമല്ല. അതിനു പകരം, സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശം സമിതി തള്ളിയെന്ന്‍ പറഞ്ഞ് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിനെ പഴി ചാരുകയായിരുന്നു.
കേരളത്തിന്റെ കാര്യത്തില് ഇത്ര കടും‌പിടിത്തമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍, പ്രവേശനപരീക്ഷതന്നെ വേണ്ടെന്നുവെച്ച തമിഴ്‌നാടിനെതിരെ വാളെടുക്കാത്തതെന്ത്?
വിവരമറിയും, അതു തന്നെ.
അവിടെ പ്രവേശനപരീക്ഷക്കായി വാദിച്ച് കോച്ചിംഗ് സെന്ററുകൽ സുപ്രീംകോടതിവരെ കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇച്ഛാശക്തിയുള്ള ജനക്ഷേമതത്പരരായ തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുടെ അടുത്ത് ഇത്തരം വിദ്യകളൊന്നും ഫലിച്ചില്ല. അവരുടെ നിശ്ചയദാര്‍ഢ്യം വെള്ളത്തിന്റെയും റെയില്‍‌വേയുടെയുമൊക്കെ കാര്യത്തില്‍ നാം കണ്ടുകൊണ്ടിരിക്കുകയുമാണ്‍‍. ബസുകൂലിയും നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ദ്ധിക്കരുതെന്ന് അവര്‍ വിചാരിച്ചാല്‍ തമിഴ്‌നാട്ടില്‍ അതു കൂടില്ല.
നിലവില്‍ പൊതു പ്രവേശനപരീക്ഷയിലെ റാങ്ക് അനുസരിച്ചാണ് NRI വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ളവര്‍ക്ക് കേരളത്തില്‍ എഞ്ചിനീയറിങ്ങ് പ്രവേശനം. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചില സ്ഥാപനങ്ങളില്‍ പ്രവേശനപരീക്ഷ എഴുതാത്തവര്‍ക്ക് +2 മാര്‍ക്കു മാത്രം അടിസ്ഥാനപ്പെടുത്തി എഞ്ചിനീയറിങ്ങ് പ്രവേശനവും ബി.ടെക്. ഡിഗ്രിയും കിട്ടുന്നുണ്ട്. ഇതൊന്നും ആരും അറിയുന്നില്ലേ?
ചില സാമര്‍ത്ഥ്യക്കാര്‍ സ്വന്തമായി പ്രവേശനപരീക്ഷതന്നെ നടത്തുന്നു. ഇത്തരം ഒരു അവസ്ഥയില്‍ Common Entrance Examination ലെ common എന്ന വാക്കുകൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്?

ബദല്‍ പരീക്ഷ

ഇതിന്റെയൊക്കെ പുറമെയാണ് STക്കാര്‍ക്കു മാത്രമായി നടത്തുന്ന ബദല്‍ പരീക്ഷ. ഈ ബദല്‍ പരീക്ഷയുടെ നിലവാരമെന്താണ്? അതു പൊതു പ്രവേശനപരീക്ഷയുടെതിനു തത്തുല്യമാണെങ്കില്‍ ഇങ്ങനെയൊരു ബദലിന്റെ ആവശ്യമെന്ത്? ഇനി നിലവാരം കുറവാണെങ്കില്‍, അത്തരം ഒരു പരീക്ഷ ‍ ST ക്കാര്‍ക്ക് നടത്തുന്നത് അവര്‍ മറ്റുള്ളവരേക്കാള്‍ താഴ്ന്നവരാണെന്ന് പരോക്ഷമായി പറയുകയാണ്.
ഒരു പ്രവേശനപരീക്ഷ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ എന്തുകൊണ്ട് പൊതു പ്രവേശനപരീക്ഷതന്നെ ആയിക്കൂടാ? പിന്നാക്കം നില്‍ക്കുന്നവരെ മറ്റുള്ളവരുടെ ഒപ്പമെത്തിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ST ക്കാര്‍ക്ക് പൊതു പ്രവേശനപരീക്ഷക്കുള്ള പരിശീലനമാണു നല്‍കേണ്ടത്.

പ്രവേശനപരീക്ഷ വേണ്ടാത്ത NRI വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ പരീക്ഷ നടത്തണമെന്ന് എന്തുകൊണ്ട് കൌണ്‍സില്‍ ശഠിക്കുന്നില്ല?

മറ്റു സംസ്ഥാനങ്ങളില്‍ നടത്താത്ത പ്രവേശനപരീക്ഷ ഇവിടെ നടത്തണമെന്ന് ആര്‍ക്കാണ് ശാഠ്യം? എന്തിന്?
പ്രവേശനപരീക്ഷയ്ക്കായി നടത്തുന്ന കോച്ചിംഗ് ക്ലാസില്‍ എത്ര പേർക്ക് പോവാന്‍ സാധിക്കും?. പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന സ്ഥാനം കിട്ടുന്നത് മുന്തിയ ജീവിതനിലവാരമുള്ളവര്‍ക്കാണ്. അതായത് പ്രവേശനപരീക്ഷാ നടത്തിപ്പുകാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക് ഇഷ്ടമുള്ള കോഴ്സും കോളേജും കിട്ടുന്നതിനുള്ള ഒത്താശ ചെയ്തുകൊടുക്കുകയാണ്.

പ്രവേശനപരീക്ഷകൊണ്ടുള്ള പ്രയോജനം

ഒരു മാര്‍ക്കു തട്ടിപ്പു കേസിനെത്തുടര്‍ന്നാണ് ഇവിടെ പ്രവേശനപരീക്ഷാ സമ്പ്രദായം ഉടലെടുത്തത്. അന്നു ചെയ്യേണ്ടിയിരുന്നത് യാതൊരു തട്ടിപ്പിനും പഴുതില്ലാതെ +2 പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള സംവിധാനമായിരുന്നു. വാസ്തവത്തില്‍, ഏതു കാരണങ്ങളാണോ +2 മാര്‍ക്കു തട്ടിപ്പിനിടയാക്കിയത്, ആ സാമൂഹിക പരിതഃസ്ഥിതികള്‍ക്ക് ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല. മാത്രമല്ല, അവ ഏതു വ്യവസ്ഥാപിത സംവിധാനത്തെയും തകര്‍ത്ത് തങ്ങളുടെ വരുതിയിലാക്കാന്‍ എന്നെന്നും എല്ലാ അടവും പയറ്റിക്കൊണ്ടേ ഇരിക്കുകയും ചെയ്യും. അതുകൊണ്ട് +2 മാര്‍ക്കു തട്ടിപ്പിന്
മറുമരുന്നായെത്തിയ പ്രവേശനപരീക്ഷകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല.
ഈ സംവിധാനം എല്ലാ രീതിയിലും കുറ്റമറ്റതായി, യാതൊരു വിധത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ക്കും വിധേയമാവാതെ ലോകാന്ത്യംവരെ തുടരുമെന്ന് അതിന്റെ ഉപജ്ഞാതാക്കള്‍‌പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഇപ്പോള്‍, പിഴവുകള്‍ക്കതീതമായാണ് ഈ പരീക്ഷ നടക്കുന്നതെന്ന് തീര്‍ച്ചയാണോ? ഇത്തരം സംവിധാനങ്ങള്‍ കാലാകാലം നവീകരിക്കേണ്ടതാണ്.
ഒരു പ്രൊഫഷണലിന്, അത് ഡോക്ടറോ എഞ്ചിനീയറോ നേഴ്സോ ആവട്ടെ അവര്‍ക്ക് അവശ്യംവേണ്ടത് അറിവ് (knowledge), അഭിരുചി (attitude), വിനിമയം (communication) എന്നിവയാണ്. ഇവയില്‍ പ്രവേശനപരീക്ഷയില്‍‌നിന്ന് അല്പമെങ്കിലും നിര്‍ണ്ണയിക്കാവുന്നത് ‘അറിവ് ’ മാത്രമാണ്. അല്പമെങ്കിലും, എന്നെടുത്തു പറഞ്ഞത് കുട്ടികള്‍ക്ക് പ്രവേശനപരീക്ഷയ്ക്കായുള്ള കോച്ചിങ് സെന്ററുകളില്‍‌നിന്ന് ലഭിക്കുന്ന പരിശീലനം ഏതു വിധത്തിലുള്ളതാണെന്ന് അറിയുന്നതുകൊണ്ടാണ്. അസംഖ്യം മാതൃകാ ചോദ്യങ്ങള്‍ കാണിച്ച്, പരീക്ഷക്ക് ഒരു ചോദ്യം കാണുമ്പോള്‍ത്തന്നെ (വായിച്ചു നോക്കാനുള്ള സമയം കിട്ടുന്നില്ല) ഉത്തരം മാര്‍ക്കു ചെയ്യാന്‍ പരിശീലിപ്പിക്കപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയില്‍‌നിന്ന് ഏതു രീതിയിലുള്ള അറിവാണ് പ്രതീക്ഷിക്കേണ്ടത്?

Brain is full of grains and impurities..

“Brain is full of grains and impurities.. ഇതുതന്നെ മൂന്നു ഖണ്ഡികയാണ് ഉത്തരക്കടലാസില്‍ എഴുതി വെച്ചിരുന്നത്. ”
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ ഒരു അദ്ധ്യാപകൻ വിദ്യാര്‍ത്ഥികളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചു സംസാരിക്കവേ പറഞ്ഞതാണിത്. കേട്ടിരുന്ന എന്റെ ഭയം, ആ കുട്ടി ജയിച്ചു (തോല്‍ക്കാന്‍ സാദ്ധ്യതയില്ലല്ലോ നമ്മുടെ സിസ്റ്റത്തില്‍!) ഡോക്ടറാവുമ്പോള്‍ എന്റെ നഖത്തിനുണ്ടാകുന്ന പോറലിനാണെങ്കില്‍‌പോലും എങ്ങനെ ചികിത്സ തേടുമെന്നായിരുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാന കാരണം, പ്രായോഗിക പരിചയത്തിനു പ്രാധാന്യം കൊടുക്കാത്ത ഇന്നത്തെ പഠന സമ്പ്രദായമാണ്. ഇപ്പോള്‍ +2വിന്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് പ്രാധാന്യം കുറഞ്ഞു വരികയാണ്. അതിലെന്താ അത്ഭുതപ്പെടാന്‍? കാരണം +2ക്കാരന്‍ എന്‍‌ട്രന്‍സ് കോച്ചിംഗിനു പോണോ അതോ ലാബിലെ പരീക്ഷണങ്ങളുടെ മാസ്മരികതയിലേക്കു ഊളിയിടണോ? അവിടന്നു തുടങ്ങുന്നു പ്രായോഗിക പരിശീലനത്തോടുള്ള വിരക്തി. ഇന്നത്തെ ഡോക്ടര്‍ക്ക് ഏതു ചികിത്സാരീതി അവലംബിക്കണമെന്നു സംശയം.. നേഴ്സിന് കുത്തിവെയ്ക്കാന്‍ ഭയം..ഇതൊക്കെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ആകെത്തുക.

‘അര്‍ത്ഥമറിയാതെ കാണാതെ പഠിച്ചെഴുതല്‍ ’ എന്ന ദോഷമില്ല. ഇതല്ലാതെ വേറെന്തെങ്കിലും മേന്മ ഈ പ്രവേശനപരീക്ഷാ സമ്പ്രദായത്തിനുണ്ടോ? ഒരു വിദ്യാര്‍ത്ഥിയുടെ പ്രായോഗികജ്ഞാനം പരിശോധിക്കാന്‍ ലാബോറട്ടറി പരീക്ഷകളല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ല. വേഗത, കൃത്യത മുതലായവയൊക്കെ ലഭിക്കുന്നുവെന്നാണ് പ്രവേശനപരീക്ഷയെ പിന്താങ്ങുന്നവര്‍ പറയുന്നത്. പക്ഷേ, ഇതൊക്കെ പരമ്പരാഗതരീതിയിലുള്ള പരീക്ഷകളില്‍‌നിന്നും ലഭിക്കുന്നുണ്ട്.
പ്രവേശനപരീക്ഷ എഴുതി നല്ല റാങ്കു കിട്ടുന്നവരാണ് മിടുക്കരെന്ന ധാരണയൊന്നും വേണ്ട. പ്രവേശനപരീക്ഷ ഇല്ലാതിരുന്ന കാലത്തും ഇവിടെ പേരുകേട്ട നല്ല ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടായിരുന്നു. +2 പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്നവരും മിടുക്കര്‍ തന്നെ. പ്രവേശനപരീക്ഷയില്ലാതെ പ്രൊഫഷണല്‍ വിദ്യാഭ്യാസം നടത്തുന്ന മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ ബുദ്ധി കുറഞ്ഞവരൊന്നുമല്ലല്ലോ.
ഒരു പരിഹാരം, പ്രവേശനപരീക്ഷയുടെ മാര്‍ക്കിനൊപ്പം യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെ 50% കൂടി നല്‍കണമെന്ന വിദഗ്ദസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ്. ഇത് 75% വരെയായാലും പ്രശ്നമില്ല.
ഏറ്റവും നല്ല മാര്‍ഗ്ഗം, പ്രവേശനപരീക്ഷ ഒഴിവാക്കിയിട്ട്, മൂല്യനിര്‍വ്വഹണ സമ്പ്രദായങ്ങളേക്കുറിച്ച് അറിവുള്ളവരെക്കൊണ്ട് +2 പരീക്ഷാ നവീകരണം നടത്തുകയാണ്. നിലവില്‍ +2 പരീക്ഷയിലുള്ള പോരായ്മകള്‍ പരിഹരിച്ച് objective type questions ചേര്‍ത്ത് ഒരു അഴിച്ചുപണിയാണ് അഭികാമ്യം.

October 25, 2008

സഹായം??

I can't publish the post in Malayalam. Is there anyone to help me?