June 29, 2023

നമ്മുടെ ഹൃദയവും, കരളും

വിടർന്ന കണ്ണുകൾ. പ്രസന്നമായ മുഖം. ഞാൻ പറയുന്നത് ശ്രദ്ധയോടെ കേട്ട്, ഇടയ്ക്ക് നോട്ട് എഴുതിയെടുക്കുന്നു. മുഖത്തെ സ്ഥായിയായ ചെറുചിരി ചിലപ്പോൾ തുറന്ന ചിരിയായി മാറുന്നു. ഇങ്ങനെയാണ് ആ വിദ്യാർത്ഥിനിയെക്കുറിച്ച്  എന്റെ ആദ്യ ഓർമ്മ. അന്ന് ഞാൻ യൂണിവേഴ്‌സിറ്റിയിൽ deputation ആയിരുന്നു.

ഏറെ കാലത്തിനു ശേഷം വീണ്ടും കണ്ടത് അടുത്തിടെ വിദ്യാർത്ഥികളുടെ examiner ആയി വന്നപ്പോൾ. ഇപ്പോൾ അദ്ധ്യാപികയാണ്.

"എവിടെ, എങ്ങനെ, ജീവിതം?" എന്റെ കുശലാന്വേഷണം.

"ഞാനും, കുഞ്ഞും. അവനു നാല് വയസ്. പിന്നെ എന്റെ അമ്മയും." അവൾ പറഞ്ഞു.

"ഹസ്ബൻഡ്?" ഞാൻ ചോദിച്ചു.

"നന്നായി കളിക്കും. ദിവസവും കിലോമീറ്ററുകൾ ഓടും. ജോലിക്കിടെയും ഇങ്ങനെയുള്ള താത്പര്യങ്ങളൊക്കെ ഉണ്ട്. അന്ന് രാവിലെ പല്ല് ബ്രഷ് ചെയ്യുന്നത് കണ്ടിട്ടാണ് ഞാൻ താഴേക്ക് ഇറങ്ങിയത്. താഴെ എത്തിയപ്പോൾ , മുകളിൽ ഒരു വലിയ ശബ്ദം. ഓടിയെത്തിയപ്പോൾ, താഴെ വീണു കിടക്കുകയാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. 

പക്ഷേ, മരിച്ചു, മിസ്.

ഹാർട്ട് അറ്റാക്ക് ആയിരുന്നു. രണ്ടു വർഷം കഴിഞ്ഞു." അവൾ പറഞ്ഞു.

പുറത്ത് എവിടെയെങ്കിലും ആവും എന്ന് കരുതിയാണ് ഞാൻ ഭർത്താവിനെ കുറിച്ച്  ചോദിച്ചത്. ഞെട്ടലോടെ കേട്ടുനിന്നു. 35 വയസ് കഴിഞ്ഞ ചെറുപ്പക്കാരൻ. ജീവിതം തുടങ്ങിയപ്പോൾത്തന്നെ... ദു:ഖത്തോടെ ഞാൻ ചോദിച്ചു.

"ഹാർട്ട് അറ്റാക്ക് വരുമ്പോൾ, ഉടൻ തന്നെ നെഞ്ചിൽ ശക്തിയോടെ, തുടർച്ചയായി അമർത്തണം എന്ന് കേട്ടിട്ടുണ്ട്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് അങ്ങനെ എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നോ?"

"ഇല്ല മിസ്. ഞാൻ ഒരു  വല്ലാത്ത ആഘാതത്തിൽ പെട്ടു, ഒന്നും ചെയ്യാനാവാതെ വിറങ്ങലിച്ച് നിന്ന് പോയി. വീട്ടുകാർ ഉണ്ടായിരുന്നു. എങ്ങനെയോ അവരുടെ ഒപ്പം ആശുപത്രിയിൽ എത്തിയെന്നു മാത്രം. പിന്നെ, ഫിറ്റ്‌സ് വന്നതാണോ എന്നും സംശയിച്ചു. എന്തായാലും, നിർണ്ണായകമായ ആദ്യ മിനിറ്റുകളിൽ ഞങ്ങൾക്ക് ഒന്നും ചെയാൻ സാധിച്ചില്ല. എല്ലാം കഴിയുമ്പോൾ നമ്മൾ കാര്യങ്ങൾ അപഗ്രഥിക്കുമല്ലോ. ഇത്തരം കാര്യങ്ങളൊക്കെ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്." വേദനയോടെ അവൾ പറഞ്ഞു. 

നാം ഇതുവരെ പഠിച്ചത്

നേഴ്‌സറി ക്ലാസ് നമുക്ക് പരിഗണിക്കേണ്ട. പത്താ ക്ലാസ് വരെ 10 വർഷം. ഭൂരിപക്ഷം പേരും അത് കഴിഞ്ഞും പഠിക്കുന്നു. എന്റെ കാര്യമാണെങ്കിൽ 9 വർഷംകൂടി പഠനം. പിന്നെ നീണ്ട കാലം ഗവേഷണവും. 

അദ്ധ്യാപനത്തിൽ നിൽക്കുന്നതിനാൽ, പഠന വിഷയം ഏതാണ്ട് ഭേദപ്പെട്ട രീതിയിൽ ഓർമ്മയിൽ ഉണ്ട് (അല്ലെങ്കിൽ അതുമില്ല!!). പക്ഷേ, ഇപ്പോൾ ആലോചിക്കുമ്പോൾ, അതിനു മുൻപുള്ള നീണ്ട വർഷങ്ങളിലെ ഔപചാരിക വിദ്യാഭ്യാസത്തിൽ പഠിച്ചത്  എത്രത്തോളം  ഇപ്പോൾ ഓർമ്മയിൽ ഉണ്ട്?

കുറച്ച്..... വളരെ വളരെ കുറച്ച് മാത്രം എന്ന് തന്നെ പറയേണ്ടി വരും. 

ഓർമ്മിക്കുന്ന ഈ കുറച്ച് കാര്യങ്ങളിൽ ഒന്ന് സംഖ്യകൾ കൂട്ടാനും കുറയ്ക്കാനുമാണ്. പിന്നെ, ഭാഷ എഴുതാനും വായിക്കാനും. ഇവയൊക്കെ നമ്മൾ ഓർത്തിരിക്കുന്നത് അവ നിത്യ ജീവിതത്തിൽ നമ്മൾ നിരന്തരം ഉപയോഗിക്കുന്നത് കൊണ്ടാണ്. കൂടാതെ, ചില കഥകൾ, പദ്യങ്ങൾ. അല്പം ചരിത്രം, ശാസ്ത്രം. തീർന്നു ഓർമ്മ!!!

അപ്പോൾ, ന്യായമായും നമ്മൾ ആലോചിക്കുന്നത്, ബാക്കി പഠിച്ചതൊന്നും ഇപ്പോൾ ഓർമ്മിക്കുന്നില്ലെങ്കിൽ, ജീവിതത്തിൽ ആവശ്യമായ സന്ദർഭങ്ങളിൽ നമുക്ക് അവ ഉപയോഗിക്കാനാവില്ലല്ലോ എന്നാണ്. 

അങ്ങനെ എങ്കിൽ, ജീവിതത്തിൽ ഉപയോഗമില്ലാത്ത കാര്യങ്ങൾ നമ്മൾ എന്തിനാണ് പഠിക്കുന്നത്?

എന്തിനാണ് അവ പഠിക്കാൻ നമ്മുടെ കുട്ടികളെ നിർബന്ധിക്കുന്നത്?

തീർച്ചയായും, പഠനകാലത്ത് നമ്മൾ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നുമൊക്കെ ആർജ്ജിക്കുന്ന ചില ഗുണങ്ങളുണ്ട്. നാം അറിയാതെ തന്നെ നമ്മിൽ രൂപപ്പെടുന്ന കഴിവുകളുണ്ട്. ഒരു സമൂഹജീവി എന്ന നിലയിൽ, മറ്റുള്ളവരോട് ഇടപഴകാനും പ്രതിസന്ധികളെ നേരിടാനുമൊക്കെ നാം വിദ്യാലയങ്ങളിൽ നിന്ന് പഠിക്കുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളൊക്കെ നമുക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല. വിദ്യാലയങ്ങൾ പ്രവർത്തിക്കാതിരുന്ന കോവിഡ് കാലത്ത് കുറെ കുഞ്ഞുങ്ങൾ സ്വയം ലോകത്തിൽ നിന്ന് തന്നെ ഇറങ്ങിപ്പോയതും നമുക്കറിയാം. ഇവിടെ സൂചിപ്പിച്ചത് നമ്മുടെ പുസ്തകങ്ങളിൽ നാം പഠിച്ചതിനെക്കുറിച്ച് മാത്രമാണ്.

പഠനം പീഡനമാകരുത്. മറിച്ച് പ്രയോജനകരമാകണം

ചില രാജ്യങ്ങളിൽ നിർബന്ധിത സൈനിക സേവനം ഉണ്ട്. നമുക്ക് അതില്ല. പക്ഷേ, വേറെ ചില കാര്യങ്ങൾ പഠിച്ചാൽ അവരവരുടെയും അവർക്ക് ചുറ്റുമുള്ളവരുടെയും ജീവിതം സുഗമമാക്കാൻ സാധിക്കും. ഇവയൊക്കെ പഠിപ്പിച്ച്, പരീക്ഷ പേപ്പറിൽ കുടഞ്ഞിടുക എന്ന ഉദ്ദേശ്യത്തോടെ ആവരുത്. മറിച്ച്, പ്രായോഗിക ജ്ഞാനം ലഭിച്ചിട്ടുണ്ടോ എന്ന് പരീക്ഷിച്ചാൽ മതി. അല്ലെങ്കിൽ, ഇതിനൊന്നും പരീക്ഷയേ വേണ്ട എന്ന് തീരുമാനിക്കുക. ഇവ പ്രാവർത്തികമാക്കാനുള്ള ആത്മവിശ്വാസം പഠിതാവിനു ലഭിക്കുന്നുണ്ടോ എന്നതാവണം ലക്ഷ്യം.

ഇതൊക്കെ ചെയ്‌താൽ പൊതുജനാരോഗ്യത്തിന് ചിലവിടുന്നത്തിൽ ഒരു വലിയ ശതമാനം തുക  മറ്റു കാര്യങ്ങൾക്കായി സർക്കാരിന് വിനിയോഗിക്കാം. 

  1. ഭക്ഷണശീലം: ഇതേക്കുറിച്ച് ബാല്യത്തിലെ അറിയണം. പണ്ട് നമ്മൾ കേട്ടിരുന്നത് ചില രോഗങ്ങൾ വരാതിരിക്കാൻ അരിയാഹാരം കുറക്കണം. ഗോതമ്പ് ഉപയോഗിക്കണം എന്നാണ്, പക്ഷെ, ഇപ്പോൾ കേൾക്കുന്നു. അരി-ഗോതമ്പ് ഇവയുടെ കലോറിയിൽ വലിയ വ്യത്യാസമില്ല എന്ന്. ജങ്ക് ഫുഡ്  ആണ് ഇന്നത്തെ മറ്റൊരു പ്രശ്നം. ഇതൊക്കെ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ അറിയുന്നത് നല്ലതാണ്/ 
  2. പല്ല് ബ്രഷ് ചെയ്യുന്നത്:  ഇതിന് ശാസ്ത്രീയ രീതിയുണ്ട് എന്ന് Dentist പറയുന്നു. നമ്മൾ ഇത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണ്ടേ?
  3. പാചകം: ആൺ-പെൺ ഭേദമെന്യേ അല്പം പാചകം പഠിപ്പിക്കുക. തീയുമായി ഇടപെടേണ്ടതിനാൽ അലപം മുതിർന്നതിനു ശേഷം ഇത് ചെയ്‌താൽ മതിയാകും. 
  4. കൃഷി: ഇതിന്റെ  ആദ്യ പാഠങ്ങൾ. വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ ഇത് സഹായിക്കും. ജീവിതച്ചിലവ് കുറയ്ക്കാം, എന്നത് വേറൊരു ഗുണം.
  5. അത്യാവശ്യം പ്രഥമ ശുശ്രൂഷ അറിയണം, മുറിവുണ്ടായാൽ? പൊള്ളലേറ്റാൽ?
  6. നീന്തൽ : സ്വയരക്ഷക്കും മറ്റുള്ളവരെ രക്ഷ പെടുത്തുന്നതിനും മാത്രമല്ല, ഇതൊരു നല്ല വ്യായാമം കൂടിയാണ്.
  7. സൈക്ലിങ്. ഇതുകൊണ്ടുള്ള ഗുണങ്ങൾ അനവധിയാണ്. ചിലവില്ലാത്ത, മനസിന് ഉല്ലാസം തരുന്ന, വ്യായാമരീതി. പെട്രോൾ ചെലവ് കുറയ്ക്കാം. വായു മലിനീകരണം ഇല്ലേയില്ല.. പൊതുവഴിയിലെ വാഹനപ്പെരുപ്പം, തന്മൂലമുള്ള തിരക്ക് ഇവ കുറയുന്നു.  UK പോലുള്ള വിദേശ രാജ്യങ്ങളിലൊക്കെ Cycle path ഉണ്ട്.  സൈക്കിൾ യാത്രികർക്ക് മാത്രമാണ് പ്രവേശനം. കാൽനടക്കാർക്കും ഈ വഴി ഉപയോഗിക്കാം.
  8. ഹാർട്ട് അറ്റാക്ക് വന്നാൽ എന്ത് ചെയ്യണം? CPR നെ കുറിച്ച് ഏവർക്കും അറിയാം. പക്ഷേ, ആവശ്യം വരുമ്പോൾ ഉപയോഗിക്കണമെങ്കിൽ  എല്ലാവർക്കും പരിശീലനം കൊടുത്തേ മതിയാകൂ. അടുത്ത ബന്ധുക്കൾക്ക് അറ്റാക്ക് വന്നാൽ കൂടെയുള്ളവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചു എന്ന് വരില്ല. അതിനാൽ എല്ലാവരും ഇത് പഠിക്കേണ്ടതാണ്.
ഇതൊക്കെ അറിയുന്നത് നമ്മുടെ ഹൃദയവും കരളുമൊക്ക സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല. 

നമ്മുടെ ഹൃദയമെന്നും, കരളെന്നും നമ്മൾ കരുതുന്ന വ്യക്തികളുടെ ജീവൻ രക്ഷിക്കാൻ കൂടിയാണ്.