May 19, 2021

മുഖങ്ങളില്ലാത്തവർ


ആദ്യ ഷോട്ട്. ക്രിക്കറ്റ് ബാറ്റുമായി ഗേറ്റ് തുറന്ന് പുറത്തേക്ക് വരുന്ന ഒരു കുട്ടി. ഒരു കളിപ്പാട്ടവും കൈയ്യിലുണ്ട്. 

അവൻ ഉണങ്ങിയ മടൽ നിലത്ത് കുത്തി നിർത്തി സ്റ്റമ്പ് ഉണ്ടാക്കുന്നു. അത് മറിഞ്ഞു വീഴാതിരിക്കാനായി, അവിടുന്നും ഇവിടുന്നുമൊക്കെ പെറുക്കി എടുത്ത കല്ലുകൾ മടലിനു ചുറ്റും അടുക്കി വെയ്ക്കുന്നു. അങ്ങനെ രണ്ടു മടൽ കുത്തി നിർത്തിയിരിക്കുന്നതാണ് പിന്നെ കാണുന്നത്. 

കുറെ നേരം പണിപ്പെട്ടാണ് അവൻ ഇത് സാധിക്കുന്നത്. എന്നാൽ പ്രേക്ഷകനിൽ മടുപ്പ് ഒഴിവാക്കാനായി, ദൈർഘ്യമേറിയ ആ സീൻ എഡിറ്റ് ചെയ്തു നീക്കിയിരിക്കുന്നു. 

എന്നിട്ടും കൂട്ടുകാർ എത്തിയില്ല. അവൻ വഴിയുടെ അരികിൽ ഇരുന്ന് കളിപ്പാട്ടവുമായി കളിച്ചുകൊണ്ടിരിക്കുകയാണ്. 

അപ്പോൾ, മുതിർന്ന രണ്ടു പേർ ക്രിക്കറ്റ് ബാറ്റുമായി  വേറൊരു വീടിന്റെ ഗേറ്റിൽ കൂടി പുറത്തേക്ക് വരുന്നു. വീടിന്റെ പോർച്ചിൽ ഒരു കാർ കിടക്കുന്നതും നമുക്ക് കാണാം.

അവർ കുട്ടിയെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ, വന്ന പാടെ, കുട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന സ്റ്റംപിൽ കളിക്കുകയാണ്. ഒരിക്കൽ പോലും കുട്ടിയെ കളിക്കാൻ ക്ഷണിക്കുന്നില്ല.

ബാറ്റ്പിടിച്ച്, നിരാശനായി അവൻ നോക്കിയിരിക്കുന്നു.

നിരാശയും, സങ്കടവും നിറഞ്ഞ കണ്ണുകൾ, പിന്നീട് ദേഷ്യത്തിലാകുന്നു.

അവൻ ചെന്ന് ബാറ്റുകൊണ്ട്, രണ്ടു മടലും തട്ടിക്കളയുന്നു. 

പിന്നത്തെ ഷോട്ട്, മുതിർന്ന കളിക്കാർ, കുട്ടിയുടെ ഇരുകൈയ്യിലും തൂക്കിയെടുത്തുകൊണ്ട് പോകുന്നതാണ്. 

കൊണ്ടുപോവുന്നത്, പ്രേക്ഷകനിൽനിന്ന് ദൂരേക്ക് ആണ്. എന്തായിരിക്കും ഇനി അവനു സംഭവിക്കാൻ പോകുന്നതെന്ന ആശങ്ക പ്രേക്ഷകനിൽ ബാക്കിയാകുന്നു.

അവസാനത്തെ ഷോട്ട്.

മുതിർന്നവരിൽ ഒരാൾ, നിലത്ത് അനാഥമായി കിടന്ന ആ കളിപ്പാട്ടം, കാലുകൊണ്ട് തോണ്ടി എറിയുന്നു, പ്രേക്ഷകന്റെ മുഖത്തേക്ക്.

ഏറ്റവും ശ്രദ്ധേയമായ കാര്യം, കുട്ടി ഒഴികെ ആരുടെയും മുഖങ്ങൾ കാണിക്കുന്നില്ല. അവരുടെ കാലുകളും, ക്രിക്കറ്റ് ബാറ്റും മാത്രമാണ് ദൃശ്യങ്ങളിൽ ഉടനീളം. ഇടയ്ക്ക് അവരുടെ അവരുടെ വിജയാഹ്ലാദവും കേൾക്കാം. 

അതെ, അക്രമത്തിന് മുഖങ്ങളില്ല.

......................

ജോർജിയ്ക്കും crew വിനും അഭിനന്ദനങ്ങൾ.

2 comments:

  1. മൂല്യവത്തായ ഈ നിരീക്ഷണത്തിന് ഒരായിരം നന്ദി ....

    ReplyDelete
  2. again great observation to conclude it marvellously.

    ReplyDelete