ദൂരത്തിന്റെ അളവാണത്രേ മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചത്. ആയിരിക്കാം. ഈ കുന്നില്‍നിന്ന് ആ കുന്നിലേക്കുള്ള ദൂരം, അടുത്തുള്ള അരുവിയിലേക്കുള്ള അകലം, അങ്ങനെ പലതും. പിന്നീട് അവന് space അളക്കേണ്ടിവന്നു. ഒരു പക്ഷേ, അത് അരുവിയില്‍നിന്ന് കുടിലിലേക്ക് ചുമന്നുകൊണ്ടു വരുന്ന ജലത്തിന്റെ അളവായിരിക്കാം. അല്ലെങ്കില് തന്റെ കുടില് മേയാന് ആവശ്യമായ പുല്ലോ ഓലയോ എത്ര വേണമെന്നറിയാനായിരിക്കാം. ഇങ്ങനെ വ്യാപ്തവും വിസ്തീര്‍ണ്ണവുമൊക്കെ കണ്ടെത്താന് ദൂരത്തിന്റെ അളവുകള്‍തന്നെ മതിയായിരുന്നു.
പക്ഷേ, പകലും രാത്രിയുമുണ്ടാകുന്നത്, ചില സ്ഥലങ്ങളില് ആവര്‍ത്തിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്, ഇങ്ങനെ പ്രകൃതിയിലെ പല പ്രതിഭാസങ്ങളും മനസ്സിലാക്കാന്‍ ദൂരത്തിന്റെ യൂണിറ്റ് പോരാതെയായി. അങ്ങനെ സമയം എന്നൊരു പുതിയൊരു അളവുംകൂടി മനുഷ്യനു വേണ്ടിവന്നു.
പ്രത്യക്ഷത്തില് അതീവലഘുവും എന്നാല് നിര്‍വ്വചിക്കാനോ വിശദമാക്കാനോ ഏറെ വൈഷമ്യമുള്ളതുമാണ് സമയത്തെക്കുറിച്ചുള്ള സങ്കല്പം. ഏറ്റവും ലളിതമായി പറഞ്ഞാല് സമയം ഒരു measured duration മാത്രമാണ്. എന്നാല് സമയത്തെക്കുറിച്ചുള്ള തോന്നല് നമുക്കുണ്ടാകുന്നത്, നമ്മുടെ ശരീരത്തിലോ പരിസരത്തോ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍മൂലവും. കൃത്യമായി പറഞ്ഞാല് ഇത്തരം വ്യതിയാനങ്ങള് മാത്രമാണ് നമ്മുടെ സമയബോധത്തിനു കാരണം. ഉദാഹരണത്തിനു സൂര്യോദയം, അസ്തമയം, തുടങ്ങി കൃത്യമായ ഇടവേളകളില് സംഭവിക്കുന്ന പ്രതിഭാസങ്ങള്. അല്ലെങ്കില് കാറ്റ്, മഴ, തുടങ്ങി യാതൊരു തീര്‍ച്ചയുമില്ലാത്ത പ്രതിഭാസങ്ങള്, ചെടികളുടെയും മറ്റു ജീവജാലങ്ങളുടെയും വളര്‍ച്ച, തുടങ്ങിയവ.
ഇപ്പോള് ഒരു മറുചോദ്യം ഞാന് കേള്‍ക്കുന്നുണ്ട്. കാറ്റും, വെളിച്ചവുമൊന്നും എത്തിനോക്കാത്ത ഒരു അറക്കുള്ളില് അടയ്ക്കപ്പെട്ട ഒരു മനുഷ്യനും സമയം പോകുന്നതറിയുന്നുണ്ടല്ലോ?
തീര്‍ച്ചയായും അറിയും. പരിസരവുമായുള്ള എല്ലാത്തരം ബന്ധവും വിച്ഛേദിക്കപ്പെട്ട മനുഷ്യനും സമയം മുന്നോട്ടു നീങ്ങുന്നതറിയാന് കഴിയും- അവനു ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്, അതു കഴിക്കാനുള്ള ആരോഗ്യം ശേഷിക്കുന്നുണ്ടെങ്കില്. കാരണമെന്തെന്നോ? അപ്പോഴും അവന് ചില മാറ്റങ്ങള് അനുഭവിക്കുന്നുണ്ട്: ശ്വാസോച്ഛാസം, വിശപ്പ്, വിസര്‍ജ്ജനം, വളര്‍ച്ച, മുതലായവ.
ഇങ്ങനെയുള്ള അസന്തുലിതാവസ്ഥകളും വ്യതിയാനങ്ങളും, ശരീരത്തിലോ നമുക്കു ചുറ്റുമോ ഇല്ലെങ്കില് ഭൂതകാലത്തെയും ഭാവിയെയും വര്‍ത്തമാനകാലത്തില്‍നിന്ന് വേര്‍തിരിച്ച് ഉള്‍ക്കൊള്ളാന് നമുക്ക് അസാദ്ധ്യമാണ്. അത്തരമൊരു അവസ്ഥയില്, “മുന്‍പ്”, “ഇപ്പോള്”, “പിന്നീട്”, എന്നൊക്കെ പറയുന്നത് അര്‍ത്ഥരഹിതമാവുകയും ചെയ്യും. അതായത്, മാറ്റങ്ങള് സംഭവിച്ചില്ലെങ്കില്, തികച്ചും അര്‍ത്ഥശൂന്യമെന്നു പറയാവുന്ന എന്തോ ഒന്നാണു സമയം.
നിശ്ചിത നീളമുള്ള ഒരു വസ്തു, അതായത് ഒരു scale മായി, താരതമ്യപ്പെടുത്തിയാണ് ദൂരം അളക്കുന്നത്. അതുകൊണ്ട് ഏതാണ്ട് കൃത്യമായിത്തന്നെ ദൂരം അളക്കാന് നമുക്കു സാധിക്കും. എന്നാല്, “സമയം” എന്ന തോന്നല് തികച്ചും intuitive ആണ്. സമയം തിട്ടപ്പെടുത്തുന്നത് ഒരു മാനസികവ്യാപാരവും. അതിനാല് കൃത്യമായി ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രക്രിയയുമായി (ഒരു നാഴികമണിയെ പോല്‍), താരതമ്യംചെയ്ത് സമയം അളക്കുന്നു.
ഇല്ലാത്ത ഒന്നിനെ, മനുഷ്യന്റെ ഒരു വെറും തോന്നലിനെ, അടിസ്ഥാനമാക്കിയാണല്ലോ എല്ലാ ശാസ്ത്രവും, ഈ ലോകത്തിലെ എല്ലാ സമൂഹവും പ്രവര്‍ത്തിക്കുന്നതെന്ന അതിശയത്തില് എഴുതിയത്. സമയത്തെക്കുറിച്ച് വളരെ ലളിതമായ ഒരു വിശകലനം മാത്രമാണിത്.
ഒരു പുലര്‍ച്ചയില് (daylight saving), എന്റെ വാച്ചിലെ സമയവും, ക്ലോക്കിലെ സമയവുമായി ചേരാതെ വന്നപ്പോള്‍.
ലോകത്തില മറ്റു പലതിനെയും കുറിച്ച് ഈ പോസ്റ്റ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ReplyDeleteആശംസകള്‍...