February 13, 2015

പഞ്ചിംഗ് സമ്പ്രദായവും പെൺവിരലും


ബിന്ദുവിനും ലതയ്ക്കും ശേഷം ഇപ്പോൾ ക്യൂവിൽ ദീപുവാണ്‌.

വലതുകൈയ്യിലെ ചൂണ്ടുവിരൽ കാണിയ്ക്കൂ.”

വിരലടയാളം രേഖപ്പെടുത്തുന്ന ഉപകരണത്തിനടുത്തിരിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ശരി. ഇനി ഇടതുകൈയ്യിലെ ചൂണ്ടുവിരൽ.”

ഇനി എന്റെ ഊഴമാണ്‌. ഞാൻ വലതു ചൂണ്ടുവിരൽ ഉപകരണത്തിൽ വെച്ചു. എന്നിട്ട്, വേഗം കാര്യം നടക്കട്ടെയെന്നു കരുതി, ഓഫീസർ പറയാതെതന്നെ, ഇടതു ചൂണ്ടുവിരൽ ഉപകരണത്തിൽ വെച്ചു. ഓഫീസർ എന്നെ തിരുത്തി.

അല്ലല്ല. ഇടതുകൈയ്യിലെ നടുവിരൽ വെയ്ക്കു.”

പക്ഷേ, എനിക്കു മുൻപു നിന്ന ആൾ ഇടതുകൈയ്യിലെ ചൂണ്ടുവിരൽ ആണല്ലോ വെച്ചത്?” ഞാൻ പറഞ്ഞു.

പച്ചക്കറി അരിയുന്നതുകൊണ്ട്, സ്ത്രീകളുടെ ഇടതു ചൂണ്ടുവിരൽ അടയാളം എടുക്കില്ല.” ഓഫീസർ.

വിരലുകളിലെ ലിംഗവിഭജനം


മലയാളത്തിലെ ചില വാക്കുകൾക്ക് പുല്ലിംഗവും സ്ത്രീലിംഗവും ഉണ്ട്. അച്ഛൻ/അമ്മ, ഭർത്താവ്/ഭാര്യ, മകൻ/മകൾ,......

എന്നൽ ചില വാക്കുകൾക്ക് സ്ത്രീലിംഗമില്ല.  ഒരിക്കൽ, ഒരു പ്രമുഖവ്യക്തി ചാനൽ ചർച്ചയിൽ പറഞ്ഞു. “പുരുഷായുസ്സ് എന്ന വാക്കിന്‌` സ്ത്രീലിംഗമില്ല.”

അതിന്മറുവാദമായി കേട്ടത്മനുഷ്യായുസ്സ്എന്നുപയോഗിക്കാമല്ലോ എന്നാണ്‌.
അതായത്, സ്ത്രീയുടെ കാര്യമാകുമ്പോൾ പ്രത്യേകമായി ഒരു വാക്കിന്റെ ആവശ്യമൊന്നുമില്ല. പൊതുവായി മനുഷ്യർക്ക് ഉപയോഗിക്കുന്ന വാക്കൊക്കെ മതിയാകും.

ഇതുപോലെ തന്നെയാണ്‌ “അദ്ദേഹം”. ഇതിനു തുല്ല്യമായി സ്ത്രീയ്ക്ക് ഏതുവാക്ക്ഉപയോഗിക്കും?
അല്പം കൂടുതൽ ബഹുമാനം കൊടുക്കണമെങ്കിൽ സ്ത്രീയെഅവർഎന്നു സംബോധന ചെയ്യാം. പക്ഷേ, ഇതേ വാക്ക് ഒരു കൂട്ടം ആളുകൾക്ക് ഉപയോഗിക്കുന്ന വാക്കുമാണ്‌.

വിചിത്രമായ വസ്തുത, മോശമെന്നു സമൂഹം കരുതുന്ന ചില വാക്കുകൾക്ക് സ്ത്രീലിംഗം മാത്രമേയു
ള്ളൂതാനും...

ജീവികളിൽ ആണ്‍ വർഗ്ഗത്തിനുമാത്രം അവകാശപ്പെടാവുന്ന ചില അവയവങ്ങളുണ്ട്. അതുപോലെ പെണ്‍ വർഗ്ഗത്തിനും. എന്നാൽ, വിരലുകൾ ഇരുകൂട്ടർക്കും ഒരുപോലെ അവകാശപ്പെടാമെന്നാണ് ഇതുവരെ ധരിച്ചിരുന്നത്.

കേരളസർക്കാരിന്റെ കാഴ്ചപ്പാട്


ഞാൻ പഠിച്ച ബാലപാഠങ്ങളിലൊന്ന്രാവിലെ അമ്മ പശുവിനെ കറന്ന് പാൽ എടുക്കും. കാച്ചിയ പാൽ എനിക്കു തരും. അതു കുടിക്കാഞ്ഞാൽ അമ്മ  കരയും.” രണ്ടു ചിത്രങ്ങളും പാഠത്തിലുണ്ട്. ഒന്ന്,
അടുക്കളയിൽ അമ്മ പാചകം ചെയ്യുന്നതിന്റെ. മറ്റൊന്ന്, ചാരുകസേരയിലിരുന്ന് അച്ഛൻ പത്രം വായിക്കുന്നതിന്റേയും. പാഠത്തിൽനിന്ന് എന്റെ തലമുറ ഉൾക്കൊണ്ട സന്ദേശം എന്താണ്‌?

പല കോണുകളിൽനിന്നും ഉയർന്ന പരാതികളേത്തുടർന്ന് കുട്ടികളിൽ ലിംഗവിവേചനം കുത്തിവെയ്ക്കുന്ന ഇത്തരം പാഠങ്ങൾ ഇന്ന് പുസ്തകങ്ങളിൽ കാണാറില്ല. മാത്രമല്ല, കേരളസർക്കാർ 2012 പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന അപേക്ഷാഫോറങ്ങളിൽ സ്ത്രീപുരുഷവ്യത്യാസം ഉണ്ടാവരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതായത്, “അപേക്ഷകൻഎന്നു പോരാ; അപേക്ഷകൻ/ അപേക്ഷക എന്നു വേണം. അതുപോലെ, ഗൃഹനാഥൻ/ ഗൃഹനാഥ, അച്ഛൻ/ അമ്മ എന്നിങ്ങനെയാവണം.

ടെക്നോളജി വികസിക്കുമ്പോൾ, ലിംഗവിഭജനം വിരലുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്ന് സർക്കാർ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

വീണ്ടും ചില പാചകക്കാര്യങ്ങൾ


ജോലിക്കു പോവുന്ന ഏതു സ്ത്രീയും ജോലിസ്ഥലത്തെ ശാരീരിക/ മാനസ്സിക ബുദ്ധിമുട്ടുകൾ അതിജീവിച്ച് വീട്ടിലെത്തി അവിടെത്തെ ജോലിയും ചെയ്യുന്നുണ്ട്. സ്ത്രീ മാത്രമല്ല, ഗാർഹിക ജോലികൾ പുരുഷൻ തുല്യ ഉത്തരവാദിത്തത്തോടെ, പങ്കിടേണ്ടതാണെന്ന അവബോധം വേണം. ചില പുരുഷന്മാർ പറയും.

ഞാൻ ഭാര്യയെ അടുക്കളയിൽ സഹായിയ്ക്കാറുണ്ട്‌. ”

വിമ്പുപറച്ചിലിന്റെ യഥാർത്ഥ അർത്ഥമെന്താണ്‌? അടുക്കളജോലി സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണ്‌. എന്റെ വിശാലമനസ്കതകൊണ്ട് ഞാൻ ഭാര്യയെ സഹായിക്കുന്നു. നല്ലവനായ പുരുഷൻ സ്ത്രീയോടു കാട്ടുന്ന കാരുണ്യമാണ് സഹായം.

വേറൊരു വാദവും കേൾക്കാറുണ്ട്. “ നാലോ അഞ്ചോ പേർക്ക് ഭക്ഷണം പാകം ചെയ്യുന്നതാണോ ഇത്ര വലിയ് കാര്യം? ഹോട്ടലുകളിൽ പാചകം ചെയ്യുന്നതാരാണ്‌? വലിയ സദ്യകളിൽ?”

ഇത്തരം മറുചോദ്യങ്ങൾക്ക് ഒരുത്തരം മാത്രം.

അവയ്ക്കൊക്കെ പ്രതിഫലം കിട്ടും.  പുരുഷൻ അതൊക്കെ ചെയ്യുന്നത് അത് ഒരു തൊഴിലായതുകൊണ്ടാണ്‌.
എന്നാല്പ്പിന്നെ, ഭാര്യയ്ക്ക് ശമ്പളം കൊടുത്തേക്കാം എന്നു തീരുമാനിച്ച ചിലരുമുണ്ട്.

വിരലിൽവെച്ച് പച്ചക്കറി അരിയുന്നതിനു പകരം, എന്തുകൊണ്ട് അവളെ ചോപ്പിംഗ് ബോർഡ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചുകൂടാ? അവൾ പ്രാചീനമായ രീതിതന്നെ അവലംബിക്കട്ടെയെന്നു കരുതുന്നത് ആശാസ്യമാണോ?

സർവ്വകലാശാലയ്ക്കു് ചെയ്യാവുന്നത് 


അതുകൊണ്ട്, സ്ത്രീകളുടെ ഇടതുചൂണ്ടുവിരൽ തന്നെ പഞ്ചിംഗിന്ഉപയോഗിക്കണമെന്ന വാദമൊന്നുമല്ല ഉന്നയിക്കുന്നത്. കാരണം, എന്തൊക്കെ നിയമങ്ങൾ വന്നാലും പാചകവും മറ്റ് ഗാർഹിക ഉതതരവാദിത്തങ്ങളും സ്ത്രീയുടെ ചുമലുകളിൽത്തന്നെയായിരിക്കും. അല്ലെങ്കിൽ, അവളുടെ ഒപ്പമുള്ള പുരുഷൻ അത്രയ്ക്ക് വിശാലമനസ്കനാവണം. അവളെ തന്റെ ഒപ്പം കാണാൻ സാധിക്കുന്നവനാകണം.

ഫിംഗർ പഞ്ചിംഗിനു പകരം എന്തുകൊണ്ട് നൂതനമായ Iris recognition ഏർപ്പെടുത്തിക്കൂടാ? യൂണിവേഴ്സിറ്റി ആധുനികവത്കരിച്ചുവെന്ന് അഭിമാനിക്കുകയും ചെയ്യാം.

അതല്ല, ഫിംഗർ പഞ്ചിംഗ് മാത്രമാണ്ഇപ്പോൾ പ്രായോഗികമെങ്കിൽ ശ്രദ്ധിക്കേണ്ടത്...

പച്ചക്കറി അരിയാൻ സമർപ്പിക്കേണ്ടതുകൊണ്ട്, സ്ത്രീകളുടെ ഇടതു ചൂണ്ടുവിരലിനു പകരം നടുവിരലിന്റെ അടയാളമേ എടുക്കൂ.” ഇങ്ങനെ പറയുന്നത് വീട്ടിലെ പാചകം ചെയ്യേണ്ടത് സ്ത്രീയാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന സമീപനമാണ്‌.

ഉന്നതവിദ്യാഭ്യാസകേന്ദ്രമായ സർവ്വകലാശാല, സാധ്യമാകുന്നിടത്തൊക്കെ സ്ത്രീപുരുഷ സമത്വം ഉറപ്പാക്കണമെന്ന ഇച്ഛാശക്തി കാണിക്കേണ്ടതാണ്‌.

അതുകൊണ്ട്, സ്ത്രീയുടെ മാത്രമല്ല, പുരുഷന്റെയും ഇടതുകൈയ്യിലെ നടുവിരൽ അടയാളം എടുത്താൽ എന്താണു കുഴപ്പം?

2 comments:

  1. I think the case of gender discrimination has become a part of our daily lives. Just like sun rises in the east or a car has four wheels. The mentality of both men and women should change to bring a big change in our society. I think we should start this with the younger generation - teach them that man and women are not two different species. Starting right from respecting their own mother and sister in home and the seating arrangements in their classes. Very nice blog to read and lots to think of.

    ReplyDelete
  2. Good observation. ഞാനും ഈ രണ്ടു വിരലുകളാണ് പഞ്ചിംഗ് യന്ത്രത്തിന് കൊടുത്തത്. പക്ഷെ സ്ത്രീകള്ക്ക് മാത്രമാണ് എങ്ങനെ എന്ന് അറിയില്ലായിരുന്നു. ഗവണ്മെന്റ് തന്നെ ഉദ്യോഗസ്ഥകളായ സ്ത്രീകൾ തന്നെ വീട്ടു ജോലി ചെയ്യണമെന്നു ഉറപ്പിക്കുന്നത് , അല്ലെങ്ങിൽ പുരുഷന്മാര ചെയ്യേണ്ട എന്ന് പറയുന്നത് ഭീകര അവസ്ഥയാണ്‌. സ്ത്രീ പക്ഷ കാഴ്ചപ്പാടിൽ കേരളത്തിന്റെ പരിതാപ അവസ്ഥയാണിത് കാണിക്കുന്നത് .

    ReplyDelete