June 24, 2026

ബാലി കയറിയ അനൂപ് സത്യൻ: ഒരു ബാലികേറാമലയും

 


ശ്രീ അനൂപ് സത്യൻ (ശ്രീ സത്യൻ അന്തിക്കാടിന്റെ മകൻ) ഐതിഹാസികമായ തന്റെ ബാലി യാത്രയെ കുറിച്ച് സരസമായി എഴുതിയിട്ടുണ്ട്. ഇത് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേജ് മുകളിൽ കൊടുത്തിട്ടുണ്ട്. കുറിപ്പിലെ നർമ്മത്തിനൊപ്പം, നമ്മെ ഊറി ഊറി ചിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കാർട്ടൂൺ ഏറ്റവും താഴെ ഉണ്ട്. ശ്രീ ഗോപികൃഷ്ണൻ വരച്ചത് .

ശ്രീ  സത്യൻ അന്തിക്കാടും ഭാര്യയും. ഇവരുടെ ശരീരഭാഷ ശ്രദ്ധിക്കൂ. മുകളിലെ ഫോട്ടോയിൽ, എട്ടു സുന്ദരിമാർക്ക് ഒപ്പം നിൽക്കുന്ന അനൂപിലേക്കാണ്  ഇരുവരുടെയും നോട്ടം.  

"ഇത് എന്തിനുള്ള പുറപ്പാടാണോ എന്തോ? എന്തെങ്കിലും ആവട്ടെ. വരുന്നിടത്ത് വെച്ച് കാണാം. " എന്ന നിസ്സഹായ ഭാവത്തിൽ കണ്ണ് മിഴിച്ച്, മുണ്ട് മടക്കിക്കുത്തി, കൈ പുറകിൽ കെട്ടി  നിൽക്കുന്ന സത്യൻ അന്തിക്കാട്.

ഭാര്യയാവട്ടെ, "എന്റെ ദൈവമേ" എന്ന് താടിക്ക് കൈ കൊടുത്ത് ആശങ്കാകുലയായി നിൽക്കുന്നു. 

ഇതിനു ഏഴ് അയലത്ത് വരില്ല. എങ്കിലും ഏതാണ്ട് സമാന സാഹചര്യത്തിലാണ്  ഞാനും.

എത്രയോ കാലമായി പഠിക്കണമെന്ന് ആഗ്രഹിച്ച രണ്ടു കോഴ്‌സുകൾ. രണ്ടിനോടും തുല്യ ഇഷ്ടം. നിലവിലെ സാഹചര്യങ്ങൾക്ക് ചേരുന്ന കോഴ്സ് തിരഞ്ഞെടുത്തു,

ആദ്യദിനം ഉദ്ഘാടനം. കോഴ്സ് കോഓർഡിനേറ്റർ ബിജു സർ, ഡയറക്ടർ തോമസ് സർ, സെക്രട്ടറി പ്രമോദ് സർ, അസിസ്റ്റന്റ് സെക്രട്ടറി ബിജു സർ  ഇവരുടെ ഒക്കെ ആമുഖം.

തുടർന്ന് ശ്രീകുമാർ സാറിന്റെ ക്‌ളാസ്. ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ, സിനിമ/നാടക നടൻ, ചിത്രകാരൻ, ഇങ്ങനെ വൈവിധ്യപൂർണ്ണമായ കലാജീവിതം. അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവും അനുസ്യൂതം ഒഴുകി.

അപ്പോഴാണ് എന്റെ ക്ലാസ്മേറ്റ്സിനെ കണ്ടത്. ഏതാണ് 18 നും 25 നും ഇടയിലുള്ള ഏതാനും പയ്യൻസ്. അതിലെ ഏക സ്ത്രീ ഞാൻ!!

ഇപ്പോൾ തന്നെ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗിരീഷ്, ജയൻ, അനന്തു, മാനവ് തുടങ്ങിയവർ. അദ്ധ്യാപകൻ എന്ത് ചോദിച്ചാലും അതിനെ കുറിച്ച് നല്ല ധാരണയുള്ളവർ. ഇതൊക്കെ കണ്ടും കെട്ടും അതിശയിച്ചിരിക്കുന്ന ഞാൻ. ഇവരൊക്കെ ഒരു ഔദ്യോഗിക സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് നേടാനായി മാത്രം വന്നവരാകും.

സാരമില്ല, ഇതൊക്കെ സ്ത്രീകൾക്കും ചെയ്യാവുന്ന കാര്യങ്ങളേയുള്ളൂ എന്ന് എന്നെ ആശ്വസിപ്പിക്കാൻ ഗിരീഷ് പറയുന്നു.

ഇതൊന്നും ബാലികേറാമല അല്ല എന്ന് ജയൻ സാന്ത്വനിപ്പിക്കുന്നു. (ങേ, ഇവിടെയും ബാലി!!)

ഇടയ്ക് കോഴ്സ് കോഓർഡിനേറ്റർ ബിജു സാർ ഒരു മുദ്ര കാണിച്ചിട്ട് പറഞ്ഞു.  "എന്റെ മോൾ എന്നെ ഇങ്ങനെ കാണിച്ചിട്ട് ഓടിപ്പോയി. കളിയാക്കിയതാണോ എന്നറിയണമല്ലോ. ഞാൻ ലക്ഷ്മിയോട് ഈ മുദ്രയെ കുറിച്ച്  ചോദിച്ചു, Love symbol ആണെന്ന് പറഞ്ഞു. പുതിയ തലമുറയുടെ ഭാഷ ഇങ്ങനെയൊക്കെ ആണ്."

അനൂപ് സത്യനും കൂട്ടുകാരികളും ആ ദിവസങ്ങളൊക്ക നിർത്താതെ സംസാരമാണെന്നു എഴുതിയിരിക്കുന്നു. കാരണം അവർ ഒരേ Age Group ആയിരുന്നു. 

പക്ഷേ, അങ്ങനെ അല്ലാത്തതിനാൽ എന്റെ ക്ലാസ്മേറ്റ്സിനു മനസിലായി എനിക്ക് അവരുടെ ഭാഷ വഴങ്ങില്ല എന്ന്. ഏതാണ്ട് ഒരു Art Film പോലെയുണ്ട്.

വരും ദിനങ്ങൾ? 

ബാലി കയറിയ മലയാണോ ബാലികേറാമലയാണോ എന്ന് കണ്ടറിയണം.

No comments:

Post a Comment