June 20, 2017

നമ്മുടെ മുളങ്കൂട്ടങ്ങൾ പൂക്കാതിരിക്കട്ടെ

നമ്മുടെ ക്യാമ്പസിലെ  രണ്ട് മനോഹരസ്ഥലങ്ങളേത് എന്ന് ചോദിച്ചാൽ, നിസ്സംശയം ഞാൻ പറയും.

രണ്ട് മുളങ്കൂട്ടങ്ങൾ ക്യാമ്പസിലുണ്ട്. അവ നിൽക്കുന്നിടം.

ഇവയിലേക്കു കണ്ണയയ്ക്കാതെ ഒരിക്കലും അതിലെ കടന്നുപോവാനാവില്ല.
നീണ്ടു കൊലുന്നനെ കൂട്ടംകൂടി നിൽക്കുന്ന മുളകൾ. കുനുകുനെ ചെറിയ ഇലകൾ. നിഗൂഢത ഉണർത്തുന്നതുപോലെ ചെറിയ തണൽ. എന്നാൽ, മനസ്സിൽ പ്രതീക്ഷ ജനിക്കുംവിധം ഇലച്ചാർത്തത്തിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നു.  മാത്രമല്ല, ഇളം പച്ചനിറമുള്ള ഇലച്ചാർത്ത്, പ്രകാശം നന്നായി പ്രതിഫലിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് ഭീതിയുളവാക്കുന്ന ഇരുട്ടില്ല. ചില പേരറിയാപ്പക്ഷികൾ പലപ്പോഴും അവിടെ കലപില കൂട്ടുന്നതും കാണാം.

ഒരേ സമയം നിഗൂഢവും വശ്യവുമായ സൗന്ദര്യം.

ഈ മുളങ്കൂട്ടം ഒരു ചെറുകാറ്റിൽ ആടിയുലയും.  എന്നാൽ, നന്നായി വീശിയടിക്കുന്ന കാറ്റിൽ മുളകൾ തമ്മിൽ ഉരയുന്ന ശബ്ദം കേൾക്കാം. പ്രത്യക്ഷത്തിൽ "കര കര" ശബ്ദമാണെങ്കിലും അതിനും ഒരു താളമുണ്ട്.

ഇവിടം  ഇനിയും മനോഹരമാക്കാം. ഈ ചെറിയ മുളങ്കൂട്ടങ്ങൾ,  ഇല്ലിക്കാടുകളാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞാൽ. അതിനായി മുളയുടെ സ്വാഭാവിക വളർച്ച തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം, കൂടുതൽ സ്ഥലത്തേക്ക് ഇത് വ്യാപിക്കാൻ പ്രോത്സാഹിപ്പിക്കണം. കാന്റീനിനു സമീപം, ഇത് സാധിക്കില്ല. കാരണം, രണ്ട് വശത്തും വഴിയാണ്. എന്നാൽ, എ-ബ്ലോക്കിന് സമീപത്തെ മുളങ്കൂട്ടത്തെ നമുക്ക് കുറച്ചുകൂടി വലുതാക്കാൻ കഴിയും.

ഇനി ഇവിടം അതിമനോഹരമാക്കണോ? കുറെ മഞ്ഞ മുളകൾകൂടി  വെച്ചുപിടിപ്പിക്കുക. ഡോ. ജോസ് സെബാസ്റ്റിൻ, ശ്രീ. സി. ജെ. ജോസ് തുടങ്ങിയവരുടെ മേൽനോട്ടത്തിൽ  ക്യാമ്പസിന്റെ ചില അതിരുകളിൽ മഞ്ഞ മുള നടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

ശ്രദ്ധിക്കൂ  


നിങ്ങൾക്കറിയുമോ?  മുള പുൽവർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ്. സംശയമുള്ളവർ ഒരു പുല്ല് പിഴുതെടുത്ത് അതിന്റെ കാണ്ഠത്തിന്റെയും ഇലകളുടെയും ഘടനയും ക്രമികരണവും പരിശോധിക്കൂ. എന്നിട്ട് മുളയുടേതുമായി താരതമ്യപ്പെടുത്തൂ. വെറും ഒരു പുല്ലിന് കൂടുതൽ ഉയരവും ബലവും കൊടുത്ത് അതിനെ മുളയാക്കി മാറ്റിയ പ്രകൃതിക്ക് അതിന്റേതായ കാരണമുണ്ടാകും.

ഇതിന്റെ ബലം കാരണം നിര്മാണസാമഗ്രിയായി വൻതോതിൽ ഉപയോഗിക്കുന്നുണ്ട്,  കൂടാതെ, മറ്റുപയോഗങ്ങളുമുണ്ട്. മുളയരി ഭക്ഷണവുമാണ്.

പക്ഷേ, പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു ചെമ്പരത്തിക്കമ്പ്  ഒടിച്ചെടുക്കുന്ന ലാഘവത്തോടെ പലരും മുളങ്കൂട്ടത്തിൽനിന്ന് മുള അറുത്തെടുത്ത് വെറുതെ ഓരോരോ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്.

മുളയുടെ അതേ വണ്ണമുള്ള സാധാരണ ഒരു മരക്കമ്പ് മുറിക്കാൻ ഒരു വ്യക്തി മാത്രം വിചാരിച്ചാൽ മതി. എന്നാൽ അത്ര സുഗമമല്ല മുളന്തണ്ട് മുറിക്കാൻ. എന്നാൽ ഏതാനും പേർ ചേർന്നാൽ അത് നിസ്സാരമായി സാധിക്കുകയും ചെയ്യും.

വീട്ടിൽ മുള വെച്ചുപിടിപ്പിക്കാൻ ശ്രമിച്ചവർക്കറിയാം, ഇത് വേര് പിടിച്ചുകിട്ടാൻ എത്ര ബുദ്ധിമുട്ടാണെന്ന്. പ്രകൃതി ദാനം തന്നതായതുകൊണ്ട് നമ്മുടെ മുളങ്കൂട്ടങ്ങളുടെ മൂല്യം നമുക്കറിയില്ല.

നല്ല പാഠം


കഴിഞ്ഞ ദിവസത്തെ കാറ്റിൽ കാന്റീനിനു സമീപമുള്ള മുളങ്കൂട്ടത്തിൽനിന്ന് ഒരു മുള വഴിയിലേക്കു വീണു. ധാരാളം ശാഖോപശാഖകളും ഇലകളുമുള്ള മുള,  മാർഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പല ദിവസങ്ങൾ അതവിടെക്കിടന്നു. ഒരു തവണ അത് പൊക്കി വശത്തേക്ക് മാറ്റിവെക്കാൻ ഞാൻ ശ്രമിച്ചു. സാധിച്ചില്ല. അത്രയ്ക്ക് ബലമുണ്ട്. ആരെങ്കിലും വന്ന് അത് മുറിച്ച് കളയുമല്ലോയെന്ന് ആശങ്കപ്പെടുകയും ചെയ്തു.

എന്നാൽ ഇന്ന് സന്തോഷകരമായ ഒരു കാര്യം നടന്നു. അജിത് രാഘവൻ, അക്ഷയ്, അഭിജിത്, ജിതു . പിന്നെ രണ്ടു വിഷ്ണു-വിഷ്ണുവും. എല്ലാവരും ചേർന്ന് ആ മുള ഒരു കയർകൊണ്ട് വലിച്ച് ആ മുളങ്കൂട്ടത്തിലേക്കുതന്നെ ചേർത്തുകെട്ടി. മുറിച്ചുകളയാതെ അത് വലിച്ചുകെട്ടാൻ അവർക്ക് തോന്നിയല്ലോ.

തീർച്ചയായും അവർ അഭിനന്ദനം അർഹിക്കുന്നു. ഈ ക്യാമ്പസിലെ വരും തലമുറയും ഇതിലെ നല്ല പാഠം ഉൾക്കൊള്ളട്ടെ.


ഇല്ലിക്കൂട്ടങ്ങൾ പൂവിടുമ്പോൾ 


തളിർക്കുക, പൂക്കുക, കായ്ക്കുക.

 പല സസ്യങ്ങളുടെയും ജീവിതചക്രം ഇതാണ്. ഇവയിലൂടെ കടന്നുപോവുമ്പോഴാണ് ഈ സസ്യങ്ങളുടെ ജീവിതം പൂർണ്ണമാവുന്നത്.

എന്നാൽ പൂവിടുന്നതോടെ  ഇല്ലിക്കാട് അഴുകിജീർണ്ണിച്ചുപോവും. അതായത് "ഇല്ലിക്കാട് പൂവിടുക" എന്നാൽ  അതിന്റെ മരണം എന്നാണ് അർത്ഥം. പ്രശസ്ത സംവിധായകനായ പത്മരാജന്റെ ചിത്രമാണ് "കൂടെവിടെ?"  ഇത്   തമിഴ് എഴുത്തുകാരിയായ വാസന്തിയുടെ "ഇല്ലിക്കാടുകൾ പൂക്കുമ്പോൾ" എന്ന കഥയാണ്.

 അതുകൊണ്ട്, തെല്ലു സ്വാർത്ഥതയാണെങ്കിലും, പറയട്ടെ,

നമ്മുടെ ക്യാമ്പസിലെ മുളങ്കൂട്ടങ്ങൾ പൂവിടാതിരിക്കട്ടെ...

2 comments:

  1. yellow bamboo...nyc thought mam...its so wonderful to watch

    ReplyDelete
  2. Bamboos..എന്ന് കേൾകുമ്പോൾ ആദ്യം ഓർമ വരുന്നത് ചാലക്കുടി to അങ്ങമലി വരെ ഉള്ള road ന്റെ നടുവിൽ നാട്ടു പിടിപ്പിച്ച കുഞ്ഞു bamboo ചെടികളെ ആണ് ....Nice thought...നമ്മുടെ കോളേജ് ന്റെ ഈ പുതിയ പരുപാടിക്ക് എൻറെ എല്ലാ ആശംസകൾ നേരുന്നു ...നമ്മുടെ കോളേജ് എന്നും പൂവണിഞ്ഞു നിൽക്കുന്ന rose പൂകളെ പോലെ ആകട്ടെ .....

    ReplyDelete