March 1, 2016

ആദ്യത്തേത്. അവസാനത്തെയും


ആർക്കെതിരെയും മുദ്രാവാക്യങ്ങളില്ല.

ആരെപ്പറ്റിയും പോസ്റ്റർ ഇല്ല. പ്ലക്കാർഡില്ല.

മുഷ്ടി ചുരുട്ടലില്ല. ശകാരമില്ല. പരിഹാസമില്ല.

ജാഥയില്ല.

കൂവലോ കൂക്കുവിളികളോ ഇല്ല.

ചെടിച്ചട്ടികളോ ജനാലച്ചില്ലുകളോ ഉടഞ്ഞില്ല.

ആരും ആരെയും നിർബന്ധിച്ചില്ല.


ഞങ്ങളെ സംബന്ധിച്ച് അത് അത് തികച്ചും അസാധാരണമായ ഒരു
പ്രതിഷേധമായിരുന്നു. ഇന്ന് രാവിലെ  എല്ലാവരും പോർച്ചിലേക്ക് ഇറങ്ങിനിന്നു. രണ്ടുമൂന്നു പേർ കാര്യമാത്രപ്രസക്തമായി സംസാരിച്ചു. ആവർത്തിക്കപ്പെടുന്ന അനിഷ്ടസംഭവങ്ങൾക്കൊടുവിൽ ആദ്യമായാണ് എല്ലാ ജീവനക്കാരും ഒരുമിച്ച് ഒരു കാര്യത്തിൽ പ്രതിഷേധിക്കുന്നത്.

 ഉപദേശങ്ങൾക്കും സമവായ ശ്രമങ്ങൾക്കുമൊടുവിൽ, മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ ചെയ്തുപോയതാണ്.


 "വിദ്യ" അഭ്യസിക്കാൻ വരുന്നയാൾക്ക് അത് നിഷേധിക്കുന്നതു ശരിയാണോയെന്ന നീതിബോധം. അദ്ധ്യയനം തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം ശരിയാണോയെന്ന സന്ദേഹം. ഇതിലൊക്കെ ഉപരി, ഇത്തരം പ്രതിഷേധം ഭാവിയിൽ ഒരു ചീത്ത കീഴ്‌വഴക്കം സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും ഭീതിയും.

അത്രമേൽ ആശങ്കയുള്ളതുകൊണ്ടാണ്  എന്നിട്ടും ഞങ്ങൾ അത് ചെയ്തത്.

ഏറെ ജാള്യതയോടെ, അതിലേറെ വേദനയോടെയാണ് ഞങ്ങൾ അതിൽ പങ്കെടുത്തത്.

അത് നിങ്ങൾ വിദ്യാർത്ഥികൾക്കു മനസ്സിലാവുമോ?

എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവമാണിത്. അവസാനത്തെയും ആവണമെന്നു ആഗ്രഹമുണ്ട്.

No comments:

Post a Comment