December 4, 2019

ഏഴിലം പാല പൂത്തു...


CPAS ഗേറ്റിന്റെ അടുത്തെത്തുന്നതിന് മുമ്പേ കണ്ടു. വഴിയരികിലൊക്കെ  മങ്ങിയ വെളുത്ത നിറമുള്ള, ചെറിയ പൂക്കൾ ധാരാളമായി വീണുകിടക്കുന്നു. അകത്തേക്ക് കടന്നപ്പോൾ, മുറ്റം നിറയെ ഒരു പൂമെത്ത. മുറ്റത്ത് കിടക്കുന്ന വാഹനങ്ങളുടെ മുകളിലും പൂ. മുകളിൽനിന്ന് തുടർച്ചയായി പൂ വീണുകൊണ്ടേയിരിക്കുന്നു.

മുകളിലേക്ക് നോക്കി.

ആകാശം നിറഞ്ഞ്, അനേകം ശാഖോപശാഖകളുമായി, ശിൽപം പോലെ, ഒരു വലിയ വൃക്ഷം പൂത്തുലഞ്ഞു നിൽക്കുന്നു.

വെറുതെയല്ല, പണ്ട് കവി പറഞ്ഞത്, ഭൂമി ആകാശത്ത് എഴുതുന്ന കവിതയാണ് മരമെന്ന്. 

എന്തായാലും Director Sir, മറ്റ് CPAS അധികാരികളും മരം മുറിച്ചില്ലെന്നു മാത്രമല്ല, അതിന്റെ ചുറ്റും സന്ദർശകർക്ക് ഇരിക്കാൻ തക്കവണ്ണം സംരക്ഷണഭിത്തിയും കെട്ടിയിട്ടുണ്ട്.

"ഇത് ഏഴിലംപാലയാണ്. യക്ഷിപ്പാലയെന്നും പറയും. പഴമക്കാർ പറഞ്ഞു കേട്ടിട്ടില്ലേ? യക്ഷികളെ ആവാഹിച്ചു പാലയിൽ തറയ്ക്കുമെന്ന്. ആ പാലയാണിത്." ബിൻസി പറഞ്ഞു.

മിക്കവാറും ദിവസം തൊടുപുഴയിൽ നിന്നുള്ള മടക്കയാത്രയിൽ, പഴയ വഴിയേ പോകുമ്പോൾ, ചേർപ്പുങ്കൽ ഭാഗത്ത് എത്തുന്നതിന് മുമ്പ്,  ഏതോ ഒരു പൂ വിരിയുന്ന സൗരഭ്യമുണ്ട്. അത് ഇരുട്ട് വീഴുമ്പോൾ യക്ഷിപ്പാല പൂക്കുന്ന മണമാണെന്ന് ഞാൻ അങ്ങ് വിശ്വസിച്ചു.  അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഇത് പാലയാണെന്നു ബിൻസി പറഞ്ഞപ്പോൾ സംരക്ഷണഭിത്തിയുടെ മുകളിൽനിന്നും ഒരു പിടി പൂക്കൾ വാരിയെടുത്തു. വളരെ ചെറിയ മണമുണ്ട്. പക്ഷേ, എന്നും പരിചിതമായ ആ സൗരഭ്യമല്ല.

എന്തുകൊണ്ടാവും ഏഴിലംപാലയെന്ന പേര്? ഒരു ഞെടുപ്പിൽ എത്ര ഇലയുണ്ട്? എണ്ണി നോക്കി. എട്ട് ഇലകൾ. അല്ലെങ്കിൽ അതിലും കുറവ്. പിന്നെ എന്താവാം കാരണം? 

......ഏഴിലം പാല പൂത്തു, പൂമരങ്ങൾ കുട പിടിച്ചു
വെള്ളിമലയിൽ, വേളി മലയിൽ....
ചിത്രം കാട്, രചന ശ്രീകുമാരൻ തമ്പി

ഒരു വിസമ്മതവും കൂടാതെ ഞാൻ പറഞ്ഞ ആംഗിളിൽ ഫോട്ടോയെടുത്ത് തന്ന സാജൻ സർ, നന്ദി.