എസ്. ഭാസുരചന്ദ്രന്‍ “സുബ്രഹ്മണ്യപുരത്തേക്ക് ലോക്കല്‍ ബസുണ്ട് ” എന്നെഴുതിയ ആസ്വാദനക്കുറിപ്പ് വായിച്ചു എഴുതിപ്പോയതാണിത്. ആ കുറിപ്പിനേക്കുറിച്ചു മാത്രമാണിത്. അല്ലാതെ സുബ്രഹ്മണ്യപുരം എന്ന സിനിമയെക്കുറിച്ചുള്ള ഒരു അവലോകനമല്ല ഇതെന്നു വ്യംഗ്യം.
....സിനിമ കണ്ടുതുടങ്ങി പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴും വമ്പിച്ച എന്തെങ്കിലും സംഭവിക്കാന്‍ പോവുകയാണെന്ന തോന്നല്‍ ഉണ്ടായില്ല….
ഏതാനും വരികളിലൊതുങ്ങുന്ന ഹ്രസ്വമായ കഥാവിവരണത്തോടെ, ബസ് മെല്ലെ നീങ്ങിത്തുടങ്ങുകയാണ്. ഒരു ചേരിയിലെ ഏതാനും ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണു കഥ. അവര്‍ക്കിടയിലേക്ക് ഒരു നാടന്‍ പെണ്‍കുട്ടി എത്തുന്നു. ഹാഫ് സാരി, പുസ്തകം, ചോറ്റുപാത്രം, പ്രണയം. കണ്ടും കേട്ടും തഴമ്പിച്ച ചിരപുരാതന ചേരുവകളുള്ള ഒരു തമിഴ് സിനിമയേക്കുറിച്ച് ആര്‍ക്കു വായിക്കണം? നാം പരിചയിച്ചുവന്ന ശൈലിയിലുള്ള ഒരു സിനിമക്കുറിപ്പാണെങ്കില്‍ വായന ഇവിടെ നിലയ്ക്കും. കണ്ടക്ടറുടെ അനുവാദം കാക്കാതെ സ്വയം ബെല്ലടിച്ച് ബസില്‍നിന്ന് ഇറങ്ങിപ്പോകേണ്ടതാണ് നാം. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ലെന്നു മാത്രമല്ല, രണ്ടാമത്തെ വാചകം നമ്മെ ബസില്‍ത്തന്നെ പിടിച്ചിരുത്തി വഴിയോരക്കാഴ്ചകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പിടിച്ചു വലിച്ചു കൊണ്ടുപോവുകയാണ്.
എസ്.ബി. എഴുതുന്നു. ….ഇങ്ങനെയൊക്കെ സിനിമ പോയാല്‍ എത്ര ദൂരം പോവുമെന്ന് നമുക്കറിയാം. പക്ഷേ നമുക്ക് തെറ്റുന്നു. ഭയങ്കരമായി തെറ്റുന്നു….
ഏതാനും വാക്കുകള്‍ മാത്രമുള്ള ഈ വാക്യങ്ങള്‍ നോക്കൂ. വായനക്കാരന്റെ മനശ്ശാസ്ത്രം മനസ്സിലാക്കിയ എഴുത്തുകാരനെ ഇവിടെ കാണാം. ഞാനാണു ശരി, എന്റെ എല്ലാ സങ്കല്പങ്ങളും വാസ്തവമായി ഭവിക്കും, എന്റെ മുന്‍വിധികള്‍ അങ്ങനെയൊന്നും പിഴയ്ക്കാറില്ല, എന്നൊക്കെ ശഠിച്ചിരിക്കുന്ന വായനക്കാരന്റെ അഹന്തയെ പിടിച്ചുലയ്ക്കുന്നതാണ് അവസാന വാചകം. അതോടെ, ‘എവിടെയാണ് എനിക്കു ഭയങ്കരമായി തെറ്റിയത്?’ എന്നറിയാന്‍ ഒരു കുട്ടിയുടെ ജിജ്ഞാസയോടെ അതിന്റെ പുറകെ വെച്ചുപിടിക്കുകയാണ് നാം.
നാമിതു വരെ ശീലിച്ചുപോന്ന സിനിമാസ്വാദനക്കുറിപ്പുകള്‍ക്കൊക്കെ ചില പതിവു ചിട്ടവട്ടങ്ങളുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഇവയുടെ ഉടയോന്‍ ആരാണ്? ഗാനരചയിതാവ്, സംഗീതസംവിധാനം, ഗായകര്‍, പശ്ചാത്തലസംഗീതം തുടങ്ങിയവയുടെ? ഇവയൊക്കെ ചലച്ചിത്രത്തിന്റെ മൊത്തം കെട്ടുറപ്പിനെ എങ്ങനെ സഹായിച്ചു, അല്ലെങ്കില്‍ സഹായിച്ചില്ല? സാധാരണ ഒരു മലയാളി പ്രേക്ഷകന്റെ ഭാഗത്തുനിന്നു ചിന്തിച്ചാല്‍ തീര്‍ച്ചയായും നായകനും നായികയെയും ആരെന്നു പറയാത്ത ഒരു സിനിമയേക്കുറിച്ചു ആര്‍ക്കും താത്പര്യം ഉണ്ടാവില്ല. അഭിനേതാക്കള്‍ തങ്ങളുടെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചോ? ഇടയ്ക്കിടെ വന്നുപോയിരുന്ന ഹാസ്യവും സംഘട്ടനവും കല്ലുകടിയായി അനുഭവപ്പെട്ടോ? എന്തായിരുന്നു ചിത്രത്തിന്റെ സന്ദേശം?
ഇത്തരം സാമ്പ്രദായിക ശൈലിയെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് ഈ കുറിപ്പില്‍ പിന്നണിയിലുള്ളവരെക്കുറിച്ചുള്ള പരാമര്‍ശം സംവിധായകനിലൊതുങ്ങുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഒരേയൊരാള്‍ സംവിധായകനാണ്. ബാക്കിയുള്ളവരൊക്കെ ലേഖകന്റെ വീക്ഷണത്തില്‍ അപ്രസക്തരാണ്. ‘സംവിധായകനാണു താരം’ എന്ന മുദ്രാവാക്യം തീര്‍ച്ചയായും ഏതെങ്കിലും സംവിധായകന്‍ തന്നെയാവും ആദ്യം പറഞ്ഞിരിക്കുക, ഏറ്റുചൊല്ലികള്‍ക്കായി. പക്ഷേ, എത്ര ശ്രേഷ്ഠനായ സംവിധായകനാണെങ്കിലും അണിയറ ഒരുക്കങ്ങളും മറ്റുള്ള പ്രവര്‍ത്തകരുമൊക്കെ മോശമെങ്കില്‍ ചിത്രം പൊളിയുമെന്നുള്ളത് മൂന്നരത്തരം. സിനിമ ഒരു സംഘകലയാണെന്ന് വിശ്വസിക്കുന്ന എന്നെപ്പോലെയുള്ളവര്‍, സംവിധായകന്‍-കഥ-തിരക്കഥാകാരനു ശേഷം അറിയാനാഗ്രഹിക്കുന്ന മറ്റൊരു വ്യക്തി ഛായാഗ്രാഹകനാണ്. പക്ഷേ, ഈ ചിത്രത്തിലെ ഛായാഗ്രഹണത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍പോലും ക്രെഡിറ്റ് മുഴുവന്‍ സംവിധായകനു തന്നെ.
.…ഒട്ടും മിനുസപ്പെടുത്താത്ത, റിഫൈന്‍ ചെയ്യാത്ത സിനിമോടോഗ്രഫിക് ശൈലി തീരുമാനിച്ചിടത്തുവരെ സംവിധായകന്‍ മുതലിറക്കിയ തലച്ചോറ് തിരിച്ചറിയാം. ബ്യൂട്ടിഫുള്‍ ഫോട്ടോഗ്രാഫി ആയിരുന്നെങ്കില്‍ നമുക്ക് ഈ സിനിമയുടെ ശവപ്പെട്ടി എടുക്കാമായിരുന്നു….
എന്തുകൊണ്ട് ഈ സിനിമ വേറിട്ടു നില്‍ക്കുന്നുവെന്ന് എസ്.ബി. സമര്‍ത്ഥിക്കുന്നത് വായനക്കാരനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചാണ്. ഉത്തരം പ്രതീക്ഷിച്ചുകൊണ്ടല്ല, ഈ ചോദ്യങ്ങളൊന്നുംതന്നെ.
.…നായികയ്ക്ക് നായികാപദവി പോയിക്കഴിഞ്ഞ്, അവള്‍ ഫ്രെയിമില്‍നിന്നേ പോയിക്കഴിഞ്ഞ്, നായകന്‍ ഭീകരമായി വധിക്കപ്പെട്ടു കഴിഞ്ഞ്, ഈ സിനിമ പിന്നെയും പതിനഞ്ചു മിനുട്ടുകള്‍കൂടി നീളുകയാണ്. ആരെങ്കിലും തീയേറ്ററിലിരിക്കുമോ?.... ഈ അവസാന ചോദ്യത്തോടെ നമ്മള്‍ തീര്‍ച്ചയാക്കുന്നു സുബ്രഹ്മണ്യപുരത്തിന് എന്തോ സവിശേഷതയുണ്ട്. അതെന്താണെന്ന് അറിയാനാണ് പിന്നെ നമ്മുടെ ശ്രമം. അതറിഞ്ഞേതീരൂ എന്ന അവസ്ഥയില്‍ നമ്മെ എത്തിക്കുന്നുവെന്നതാണു പരമാര്‍ത്ഥം.
ഈ ചോദ്യങ്ങള്‍കൊണ്ട് വേറൊന്നും എസ്.ബി. സാധിച്ചെടുക്കുന്നുണ്ട്. ഇതാണു സിനിമയുടെ കഥയെന്നു പറയാതെ, വായനക്കാരനു കഥ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കഥയായി എസ്.ബി.യില്‍നിന്ന് ലഭിക്കുന്നത് ഒന്നോ രണ്ടോ വാക്യങ്ങളിലൊതുങ്ങുന്ന ത്രെഡ് മാത്രമാണ്. എങ്കിലും വായനക്കാരന്‍ അതില്‍ തൃപ്തനാണ്.
.…ഈ സിനിമയുടെ നായകന് അതിന്റെ പ്രമേയവും നായിക അതിന്റെ സ്ട്രക്ചറുമാണ്….എന്ന് ലേഖകന്‍ പറയുന്നുണ്ടെങ്കിലും കഥയുടെ ഉള്ളറകളിലേക്ക് ഇതിലും കൂടുതല്‍ കടന്നുചെല്ലണമെന്ന ആഗ്രഹവും വായനക്കാരനില്‍ ഉണ്ടാകുന്നില്ല.
സംവിധായകന്റേതു തന്നെയാണ് തിരക്കഥ. നിര്‍മ്മാതാവും ഇതേയാള്‍ തന്നെ. അതില്‍ അത്ഭുതമില്ലെന്നു ലേഖകന്‍. മറ്റൊരു നിര്‍മ്മാതാവ് ഈ കഥ മുഴുവന്‍ കേള്‍ക്കാന്‍ പോലും ഇരുന്നു തരില്ല. കാരണം, പ്രണയിക്കുന്ന ചെറുക്കനും പെണ്ണുമുള്‍പ്പെടെ സകലരും നെഗറ്റീവ് കഥാപാത്രങ്ങളാണ്. എങ്കിലും സിനിമ, പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്ന ഭാവം പോസിറ്റീവ്. ഈ തന്ത്രത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ലേഖകന്‍ പറയുന്നു.
.…ഇയ്യാള്‍ക്ക് ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാഡു കൊടുത്താല്‍പോലും വലിയ കഥയില്ല. കൊടുക്കേണ്ടത് ധീരസാഹസികതക്കുള്ള അര്‍ജുന അവാഡാണ്..
ഇങ്ങനെയൊക്കെയാണെങ്കിലും “സുബ്രഹ്മണ്യപുരത്തേക്ക് ലോക്കല്‍ ബസുണ്ട്” ഈ തലക്കെട്ടിന്റെ സാംഗത്യമെന്തെന്ന് മനസ്സിലായില്ല. അപ്പോളതാ കണ്ണുകള്‍ മുന്‍പോട്ടു നീങ്ങാന്‍ വിസമ്മതിച്ച് ഈ വരികളിലൊട്ടി നില്‍ക്കുന്നു.
...ഗുണ്ടകളുടെ പ്രസവപ്പുരയായ സുബ്രഹ്മണ്യപുരം അങ്ങകലെ തമിഴ്‌നാട്ടിലാണെന്നു ധരിക്കരുത്. രാത്രികളെ നിര്‍മ്മിക്കുന്ന ഒരിടം നിങ്ങളുടെ അയല്പക്കത്തെവിടെയോ തന്നെയുണ്ട്…
ആസുരമായ ഈ കാലഘട്ടത്തെക്കുറിച്ചുള്ള ആധിയാണ് ഈ വാക്യത്തില്‍ ഒളിഞ്ഞിരിക്കുന്നത്. മലയാള സിനിമ സുബ്രഹ്മണ്യപുരത്തെത്താന്‍ 50 വര്‍ഷമെങ്കിലും എടുക്കുമല്ലോയെന്ന ലേഖകന്റെ സങ്കടം ഒരു സിനിമാപ്രേമിയുടെയാണ്. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ ഒരു തീവ്രവാദിയായി മാറുന്നതിലേക്കു നയിക്കുന്ന കാരണങ്ങള്‍ തേടി ഏറെ ദൂരം പോകേണ്ട, അതിനുള്ള സാഹചര്യങ്ങള്‍ നമ്മുടെയൊക്കെ അയലത്ത്, ഒരു ലോക്കല്‍ ബസിന്റെ പരിധിയില്‍ത്തന്നെ ഉണ്ടെന്ന വേവലാതി ഒരു മനുഷ്യസ്നേഹിയുടേതും. ഇത് വെറുമൊരു സിനിമക്കുറിപ്പിന്റെ തലത്തില്‍നിന്ന് ഒരു പടി ഉയര്‍ന്നു നില്‍ക്കുന്നതിന്റെ ഒരു കാരണമിതാണ്. എസ്.ബി.യുടെ കുറിപ്പിന്റെ ആത്മാവ് ഉള്ള ഈ വാക്യം എന്റെ ആദ്യവായനയില്‍ ഗോചരമായില്ല. ജീവിതത്തിനു വേഗതയേറുന്നു; വായനയ്ക്കും. അപ്പോള്‍ കാണേണ്ടതു പലതും കാണാതെ പോകും.
കഥയുടെ വിശദാംശങ്ങള്‍ തരാതെ, അണിയറപ്രവര്‍ത്തകരെക്കുറിച്ചു വ്യക്തമാക്കാതെ, സംഗീതത്തെക്കുറിച്ചു സൂചിപ്പിക്കുകപോലും ചെയ്യാത്ത ഈ കുറിപ്പ് കണ്ണുകള്‍ ഉയര്‍ത്താതെ നാം വായിച്ചു തീര്‍ക്കുന്നത് എന്തുകൊണ്ടാണ്? കുറിപ്പിലുടനീളം കാണുന്ന എഴുത്തുശൈലി തന്നെ കാരണം. കര്‍ക്കശമായി വെട്ടിച്ചുരുക്കി എഡിറ്റിങ് മികവിനു ദൃഷ്ടാന്തമായ ഈ ചെറുകുറിപ്പില്‍ എസ്.ബി.യുടെ കൈയ്യൊപ്പു പതിഞ്ഞിരിക്കുന്ന ഒരിടമിതാ,
… ഏതാണ്ട് ഒടുവില്‍ ഒരുത്തന്റെ തലയറുത്ത് ചാക്കില്‍ കൊണ്ടുപോവുന്ന ആ താടിക്കാരനില്ലേ? കക്ഷിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്.. എസ്.ബി. യുടെ സുഹൃത്ത് പറഞ്ഞു.
അതെയോ..ശ്ശെടാ..ഭയങ്കരാ.. മുഴുവന്‍ പ്രേക്ഷകരുടെയും തലയറുത്തുകൊണ്ടാണല്ലോ നടന്നു പോവുന്നത്, മോസ്റ്റ് ലവബിള്‍ റാസ്കല്‍..