വൈകുന്നേരം സ്‌കൂൾ വിട്ടു. എന്നിട്ടും വീട്ടിൽ പോകാതെ രണ്ടു പേരും അവിടെത്തന്നെ ഉണ്ട്. സ്‌കൂളിന്റെ മുക്കും മൂലയും ഇരുവർക്കും സുപരിചിതം. ഇന്നെന്താണ് ചെയ്യേണ്ടത്? ക്ലാസിന്റെ ഒരു വശത്ത് മതിലിനോട് ചേർന്ന ഭാഗം മുഴുവൻ ചപ്പും ചവറും. അത് അടിച്ചു വാരി കൂട്ടി. ഗൗരിയമ്മയോട് തീപ്പെട്ടി വാങ്ങി അതിന് തീയിട്ടു.
"വാ, നമുക്ക് എന്റെ വീട്ടിൽ പോകാം." ഷേർളി പറഞ്ഞു.
ഷേർളിയുടെ 'അമ്മ അതേ സ്‌കൂളിൽ ടീച്ചറാണ്. അതുകൊണ്ട് അവർ സ്‌കൂളിന്റെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. അവിടെ ഷെർലിയുടെ അശ്ചൻ ഉണ്ട്. .അച്ചാച്ചൻ ലോപിച്ച് അശ്ചൻ ആയതാണ്.
"ചാണകക്കുഴിയിൽ നിന്ന് കേറി വന്നത് പോലെ ഉണ്ടല്ലോ? പോയി ഉടുപ്പ് മാറി വന്നാൽ, ഒരു ഫോട്ടോ എടുക്കാം." ചെളി പറ്റിയ യൂണിഫോം കണ്ട് അച്ഛൻ പറഞ്ഞു.
ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഇല്ലാത്ത കാലം. യഥാർത്ഥ ക്യാമറയിൽ തന്നെയാണ് ഫോട്ടോ എടുക്കുന്നത്.
കേട്ട പാതി, ഷേർളി ഓടിപ്പോയി വേറെ ഉടുപ്പ് ഇട്ടു വന്നു. മറ്റേ ആൾ വിഷണ്ണയായി നിന്നു. വീട്ടിലെത്തി തിരിച്ച് വരണമെങ്കിൽ ഒരു മണിക്കൂർ എങ്കിലും എടുക്കും.
" ഷേർളി, നീ ഷീലയുടെ ഒരു ടോപ്പ് എടുത്ത് കൊടുക്ക്. അച്ഛൻ.
ഫോട്ടോ എടുത്തപ്പോൾ, അടുത്ത ക്വാർട്ടേഴ്സിലെ ഗോപാലകൃഷ്ണൻ സാറിന്റെ കുട്ടിയും കൂടി ഇരുന്നു.
എപ്പോൾ കണ്ടാലും വിശേഷങ്ങൾ ചോദിക്കുന്ന, പറയുന്ന, അച്ഛൻ.
കഴിഞ്ഞ ദിവസം മരിച്ചു.
ഷേർളി എൻജിനീയറായി. തിരുവനന്തപുരം ഗവണ്മെന്റ് എൻജിനീയറിങ് കോളേജിലെ പഠനകാലത്ത് കോളേജ് വൈസ് ചെയർമാൻ ആയിരുന്നു.
പൂവിന് മാത്രമല്ല, കല്ലിനും ഭംഗിയുണ്ട്
ഒരിക്കൽ ഷീല ചേച്ചി പറഞ്ഞു. "എല്ലാവരും പറയുന്നു. പൂക്കൾക്ക് ഭംഗിയുണ്ടെന്ന്. എനിക്ക് തോന്നുന്നത് പ്രകൃതിയിലെ എല്ലാത്തിനും ഭംഗി ഉണ്ടെന്നാണ്. കല്ലിനും ഭംഗിയില്ലേ?"
സ്‌കൂളിൽ കവിത എഴുത്തിന് സമ്മാനങ്ങൾ വാങ്ങിയിരുന്നു. പതതാം ക്ലാസിൽ സ്‌കൂളിലെ ഏറ്റവും ഉയർന്ന മാർക്ക്. പിന്നീട് ഡോക്ടറായി.
വിവാഹിത. രണ്ടു കുഞ്ഞുങ്ങളുടെ 'അമ്മ.
പക്ഷേ, മുപ്പത്തി ഏഴാം വയസിൽ മരിച്ചു.
കല്ലിൽ കൊത്തുന്നത് അത്ര പെട്ടെന്നൊന്നും മായില്ല.
കല്ലെഴുത്തുകൾക്ക് ആയുസ് ഏറെയാണ്.