ഓഡിറ്റോറിയത്തിൽ ഏറ്റവും പുറകിലായി കുറെ ബെഞ്ച് ഇട്ടിരിക്കുന്നു. അവിടെ ചേച്ചിമാരാണ് ഇരിക്കുന്നത്. പൈതങ്ങൾ എല്ലാം സ്റ്റേജിന്റെ മുൻപിൽ ചമ്രം പടിഞ്ഞിരിക്കുന്നു.
ഒരു സുന്ദരി ചേച്ചിയാണ് ഇപ്പൊൾ സ്റ്റേജിൽ. ചേച്ചി മൈകിന് മുമ്പിൽനിന്ന് അങ്ങേയറ്റം ശ്രുതി മധുരമായി പാടുകയാണ്. ഗിരിജചേച്ചിയെ മിക്കവാറും കാണുന്നതാണ്. ഇത്രയും നന്നായി പാടുമെന്ന് അറിഞ്ഞിരുന്നില്ല. നീളൻ പട്ടുപാവാടയും, നീണ്ട് ഇടതൂർന്ന മുടിയും കാറ്റത്ത് പറക്കുന്നു. ഏതോ ചലച്ചിത്രത്തിലെന്നപോലെ ഒരു ദൃശ്യം...
"പൂവുകൾക്ക് പുണ്യകാലം
മെയ്മാസ രാവുകൾക്ക് വേളിക്കാലം.....
മാനത്തെ നവരത്ന വ്യാപാരത്തെരുവുകളിൽ
മഞ്ചൽ ഏറി വന്നിറങ്ങിയ രത്നവ്യാപാരി...."
വയലാർ രാമവർമ രചിച്ച്, ദേവരാജൻ മാഷ് ഈണമിട്ട്, സുശീല പാടിയ ഗാനം. ചിത്രം ചുവന്ന സന്ധ്യകൾ
ഈ പാട്ട്, പിന്നെ എപ്പോഴൊക്കെ കേട്ടിട്ടുണ്ടോ, അപ്പോഴൊക്കെ, എന്റെ മനസ്സിൽ വരുന്നത് ഗിരിജ ചേച്ചി ഈ പാട്ട് പാടിയ രംഗമാണ്.
വർഷങ്ങൾക്ക് ശേഷം, അടുത്തിടെ ആ സുന്ദരിപ്പാട്ടുകാരിയെ കണ്ടൂ. അതിസുന്ദരിയായ മകളോടൊപ്പം.
വാക്കുകളും ഈണങ്ങളും
എന്തുകൊണ്ടോ, എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഇത്. ചില ഇഷ്ടങ്ങൾക്ക് കാരണം കണ്ടെത്തുക ദുഷ്കരമാണ്.
ചലച്ചിത്ര ഗാനങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ചില വാക്കുകൾ ഉണ്ട്. നമ്മൾ കേട്ടു കേട്ട് തഴമ്പിച്ച വാക്കുകൾ. കേൾവിയിലും അർത്ഥത്തി ലും വളരെ മൃദുവായ വാക്കുകൾ.
പക്ഷേ, വേറെ ഏതു പാട്ടിലാണ് "വ്യാപാരത്തെരുവ്", "വ്യാപാരി" തുടങ്ങിയ വാക്കുകൾ ഉള്ളത്? വിപണനവുമായി ബന്ധപ്പെട്ട ഈ വാക്കുകൾ, ഒരു കവിതയിലോ ചലച്ചിത്ര ഗാനത്തിലോ അനുയോജ്യമാവില്ല എന്ന ഒരു പൊതു വിശാസം ഉണ്ടോ?
അഥവാ, ഉണ്ടെങ്കിൽത്തന്നെ, ഈ പൊതുബോധ്യത്തിന് ചില അപവാദങ്ങൾ ഉണ്ട്. ഭാസ്കരൻ മാഷ് എഴുതി, ബാബുരാജ് സംഗീതം പകർന്ന്, എസ്. ജാനകി ആലപിച്ച ആ പ്രശസ്ത ഗാനം. ചിത്രം അന്വേഷിച്ചു, കണ്ടെത്തിയില്ല.
"കവിളത്തെ കണ്ണീർ കണ്ട്
മണിമുത്താണെന്ന് കരുതി
വില പേശാൻ ഓടിയെത്തിയ
വഴിയാത്രക്കാരാ...
വഴിയാത്രക്കാരാ..."
ജ്ഞാനപീഠ പുരസ്കാരം നേടിയ കവി ജി. ശങ്കരക്കറുപ്പിന്റെ ഒരു കവിതയുണ്ട്.
ശ്രാന്തമംബരം
നിദാഘോഷ്മള സ്വപ്നാക്രാന്തം
താന്ത മാരബ്ധ ക്ലേശ രോമന്ഥം
മമ സ്വാന്തം....
കടുകട്ടി വാക്കുകളുള്ള ഈ കവിത യേശുദാസ് ആലപിച്ച്, അഭയം ചലച്ചിത്രത്തിൽ (സംവിധാനം രാമു കാര്യാട്ട്) ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഒരിക്കൽ, ജി. ശങ്കരക്കറുപ്പ്, ഈ കവിതക്ക് ഈണം നൽകിയ ദക്ഷിണാമൂർത്തിയെ കണ്ടുപ്പോൾ ചോദിച്ചു.
"ഓ, ഇതാണോ എന്റെ കവിതക്ക് ഈണം നൽകി പഞ്ഞിപോലെ ആക്കിയ ആൾ?"
ഊരിയെറിയുന്ന കുപ്പായങ്ങൾ
ഗിരിജചേച്ചിക്കു ശേഷം എത്തിയത് രാധി. അസാദ്ധ്യമായി ഏകാഭിനയം ചെയ്യും. നടന്നു വന്നപ്പോൾ തന്നെ എല്ലാവരും കൈ അടിച്ചു. ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
വീണ്ടും കൈയ്യടി.
പക്ഷേ, പൊടുന്നനെ രാധി താൻ ധരിച്ചിരുന്ന പാവാട ഊരി മാറ്റാൻ തുടങ്ങി.
കൈയ്യടിയും ചിരിയും നിന്നു. സദസ്സ് ഞെട്ടി.
ഇവൾ എന്താണ് ഈ കാണിക്കുന്നത്? സദസ്സിൽ മുറുമുറുപ്പ്.
അതാ, പാവാടയുടെ അടിയിൽ പാന്റ്സ്. ഞങ്ങൾക്ക് സമാധാനമായി. പിന്നീട്, ധരിച്ചിരുന്ന, ബ്ലൗസും ഊരി മാറ്റി. ഒരു ഷർട്ട് ഞങ്ങൾ കണ്ടു.
അതോടെ, സദസ്സ് ആർത്ത് ചിരിക്കാൻ തുടങ്ങി. ഇങ്ങനെ വേഷം മാറുന്ന രീതി അതിനു മുൻപ് ഞങ്ങൾ കണ്ടിട്ടേ ഇല്ലായിരുന്നു. പുതുമയാർന്ന പ്രകടനം. പുതിയ കഥാപാത്രത്തിന് ചേരുന്ന വേഷവിധാനവുമായി വീണ്ടും ഏകാഭിനയം.
തീർന്നില്ല.
ഇട്ടിരുന്ന ഷർട്ട് ഊരിമാറ്റി. അടിയിൽ ഒരു ബനിയൻ. അടുത്ത് വെച്ചിരുന്ന മുണ്ട്, പാന്റ്സിന്റെ മുകളിൽ ഉടുത്തു.
ഒരു നാടൻ കഥാപാത്രത്തെ ഞങ്ങൾ കണ്ടു. പിന്നെ ഞങ്ങൾ കേട്ടു.
തകർപ്പൻ കൈയ്യടി.
കുറെ നാൾ മുൻപ്, ഷീബ പറഞ്ഞു.
"പാൽപാത്രം വീട്ടിന്റെ വെളിയിൽത്തന്നെ ഇരിക്കുകയായിരുന്നു. രാധിയെ വെളിയിലേക്ക് കണ്ടതുമില്ല. ഉണ്ണി അയലത്തെ രണ്ടുമൂന്ന് പേരുമായി പോയി നോക്കി. തൂങ്ങി നിൽക്കുന്നു."
അവസാനത്തെ കുപ്പായവും ഊരിയെറിഞ്ഞു രാധി പോയി.