പ്രിയമുള്ള വിദ്യാർത്ഥിനി-വിദ്യാർഥികളെ,
അവസാന സെമസ്റ്റർ പരീക്ഷക്ക് നിങ്ങൾ കോളേജിൽ എത്തുകയാണ്. ഓരോ വിദ്യാർത്ഥി(നി)യുടെയും സൗകര്യം അനുസരിച്ച് നമ്മൾ പരീക്ഷാ കേന്ദ്രങ്ങൾ ചോദിച്ചിരുന്നു. ചില സാങ്കേതിക തടസങ്ങൾ മൂലം അത് അനുവദിച്ചില്ല.
ഇനി നമുക്ക് ചെയ്യാനുള്ളത് ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുകയെന്നത് മാത്രമാണ്.
കാരണം, ഇത് സുരക്ഷക്ക് വേണ്ടിയാണ്.
നിങ്ങളുടെ,
നിങ്ങളുടെ കൂട്ടുകാരുടെ,
നിങ്ങളുടെ വീട്ടുകാരുടെ,
നിങ്ങളുടെ കോളേജിലെ സ്റ്റാഫിന്റെ...
അറിയാമല്ലോ, ഒരു പക്ഷേ, നിങ്ങൾക്കോ കൂട്ടുകാർക്കോ അസുഖം വന്നാൽ (ഒരിക്കലും വരാതിരിക്കട്ടെ) അത് അതിജീവിക്കും. അസുഖലക്ഷണം പോലും കാണില്ല. എങ്കിലും, രോഗ വാഹകനായിരിക്കാൻ സാധ്യതയുണ്ട്.
ശ്രദ്ധിക്കൂ, നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേറൊന്നും കൊടുക്കാൻ സാധിച്ചില്ലെങ്കിലും, കൊറോണ കൊടുക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം.
അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ. നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ തന്നെ. ഇത് ഒരു ഓർമ്മപ്പെടുത്തൽ മാത്രം.
ഇവിടെ എത്തുന്നതിനു മുൻപ്...
താമസ സൗകര്യം അന്വേഷിക്കുമ്പോൾ, മുട്ടത്ത് മാത്രം നോക്കാതെ, തൊടുപുഴയും പരിഗണിക്കുക.
സാഹചര്യം ഉള്ളവർ, സ്വന്തം, അല്ലെങ്കിൽ ബന്ധുക്കളുടെ, വാഹനത്തിൽ കോളേജിൽ എത്തി പരീക്ഷ കഴിഞ്ഞ ഉടൻ മടങ്ങിപ്പോവുക. പരീക്ഷകൾ ഒന്നിട വിട്ട ദിവസങ്ങളിലും ആണല്ലോ.
അപ്പോൾ വളരെ ദൂരെ വീട് ഉള്ള, ദിവസവും വന്ന് പോവാൻ ഒരു മാർഗ്ഗവും ഇല്ലാത്തവർ മാത്രമേ ഇവിടെ താമസിക്കേണ്ടി വരൂ.
ഏറെക്കാലം കൂടിയാണ് നിങ്ങൾ പരസ്പരം കാണുന്നത്. മാത്രമല്ല, താമസ സ്ഥലത്ത് സിംഗിൾ റൂം കിട്ടാൻ ബുദ്ധിമുട്ടും ഉണ്ടാവും. എന്നാലും കഴിയുന്നതും സാമൂഹ്യ അകലം ഉറപ്പാക്കുക. മുറിക്കുള്ളിലും മാസ്ക് ധരിക്കുക.
വസ്ത്രങ്ങൾ, പുതപ്പുകൾ, ചെരുപ്പ്, തുടങ്ങിയവ പരസ്പരം മാറി ഉപയോഗിക്കാതിരിക്കുക.
നിങ്ങൾ, ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുന്നതും, ഒരേ ഗ്ലാസിൽനിന്ന് ചായ കുടിക്കുന്നതും കാന്റീനിൽ വെച്ച് ഞങ്ങൾ കണ്ടിട്ടുണ്ട്. അത്തരം ശീലങ്ങൾ ഈ വരവിന് ഒഴിവാക്കുന്നത് നന്നായിരിക്കും.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നതാണ് ഉത്തമം. മെയിൻ ബ്ളോക്, B ബ്ളോക് എന്നിവിടങ്ങളിൽ ഇതിനായി വാഷ് ബേസിൻ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് നേരത്തെ എഴുതിയിട്ടുണ്ട്.ദാ ഇവിടെ ക്ലിക് ചെയ്യൂ . UCE വിജയിക്കാൻ
എന്നാൽ എപ്പോഴും ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ട് ഉണ്ട്. അതിനാൽ, ഒരു ചെറിയ കുപ്പി sanitizer കൈയ്യിൽ കരുതുക. ഇടയ്ക്കിടെ അത് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
കോളേജിൽ എത്തുമ്പോൾ..
പരീക്ഷയുടെ ആദ്യദിവസം 30 മിനിറ്റ് നേരത്തെ എത്തണം. പിന്നീടുള്ള ദിവസങ്ങളിൽ 15 മിനിറ്റ് മുൻപ് എത്തിയാൽ മതി.
ജീവനക്കാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.
മാസ്ക് ധരിക്കുക.
സാമൂഹ്യ അകലം ഉറപ്പാക്കുക.
കൂട്ടം കൂടി നിൽക്കുകയോ/ഇരിക്കുകയോ ചെയ്യാതിരിക്കുക.
മെയിൻ ബ്ലോക്കിന്റെ പോർച്ചിൽ ശരീരോഷ്മാവ് പരിശോധിക്കും. നിങ്ങൾക്ക് ചെറിയ പനിയുണ്ടെങ്കിലും പരീക്ഷ എഴുതാം. അതിനാൽ ശരീര താപനില അളക്കുന്നതിൽ നിന്ന് ആരും വിട്ടുനിൽക്കരുത്.
ഹോൾ ടിക്കറ്റ് പോർച്ചിൽനിന്ന് തന്നെ നിങ്ങൾക്ക് ലഭിക്കും.
മേശമേൽ ഇരിക്കുന്ന ഫോം ഒരെണ്ണം തനിയെ എടുത്ത് പൂരിപ്പിക്കുക. എടുക്കുമ്പോൾ ഒരു ഫോമിൽ മാത്രം സ്പർശിക്കാൻ ശ്രദ്ധിക്കുക. പൂരിപ്പിച്ച ഫോം വയ്‌ക്കേണ്ട സ്ഥലത്ത് വെയ്ക്കുക.
പരീക്ഷാഹാൾ ഏതെന്ന് നോട്ടീസ് ബോർഡ് നോക്കി തീർച്ചയാക്കുക. ഈ സമയത്ത് കൂട്ടം കൂടി നിൽക്കാതിരിക്കുക.
സ്വന്തം ഹാളിന്റെ അടുത്ത് കാത്തിരിക്കുക.
ഹാളിൽ കയറുന്നതിനു മുമ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഒരിക്കൽക്കൂടി വൃത്തിയാക്കുക.
ഇൻവിജിലേറ്റർ എത്തുമ്പോൾ ഹാളിനുള്ളിൽ പ്രവേശിച്ച് സ്വന്തം സീറ്റിൽ ഇരിക്കുക.
കഴിയുന്നതും, വാതിലിന്റെ ഫ്രെയിം, handle, മറ്റു സ്ഥലങ്ങൾ എന്നിവയിൽ സ്പർശിക്കാതിരിക്കുക.
പരീക്ഷ എഴുതിക്കഴിഞ്ഞ് answer paper സിറ്റിൽവെച്ചിട്ട് വിദ്യാർത്ഥി, ഹാളിൽ നിന്ന് ഇറങ്ങിപ്പോവരുത്. പകരം, സീറ്റിൽ എഴുന്നേറ്റുനിന്ന് ഇൻവിജിലേറ്ററിന്റെ ശ്രദ്ധ ആകർഷിക്കുക. ഇൻവിജിലേറ്റർ വെച്ചിരിക്കുന്ന answer paper ബാഗിൽ answer paper വെയ്ക്കണം.
പേന, പെൻസിൽ, സ്കെയിൽ, റബ്ബർ, water bottle, പേപ്പർ, നോട്ടുബുക്ക്, തുടങ്ങിയവ, ഓരോരുത്തരും കൈവശം കരുതേണ്ടതാണ്. ഇവ പരസ്പരം കൈ മാറാതിരിക്കുക.
പരീക്ഷ കഴിഞ്ഞ ഉടൻ, കൂട്ടം കൂടാതെ ഓരോരുത്തരായി ക്യാംപസിൽ നിന്ന് പുറത്ത് കടക്കുക.
നിങ്ങൾ എത്തുമ്പോൾ, അപരിചിതർ (അഡ്മിഷൻ കിട്ടി വരുന്ന കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ) കോളേജിൽ ഉണ്ടായേക്കാം. അവരുമായി ഇടപഴകാതിരിക്കുക.