കുറെ വർഷങ്ങൾക്ക് മുൻപ്, അമ്മയെയും കൂട്ടി ദീപ വീട്ടിൽ വന്നു. അമ്മയെ വീട്ടിലാക്കി ദീപയ്ക്ക് എവിടെയോ പോവണമായിരുന്നു. പിന്നീട് ഞങ്ങൾ മൂവരും ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നപ്പോൾ അവർ അമ്മയും മകളും എന്തോ പറഞ്ഞു ചിരിച്ചു. ദീപ എന്നോട് പറഞ്ഞു.
"വല്യ സുന്ദരിയാണെന്നാ അമ്മേടെ വിചാരം."
ഞാൻ അമ്മയെ സൂക്ഷിച്ചു നോക്കി. അപ്പോൾ അമ്മ പറഞ്ഞു.
" എനിക്ക് എവിടെയാ സൗന്ദര്യമെന്ന് ഗീത അന്തിച്ചു നോക്കുന്നു. ഇവളു വെറുതെ എന്നെ കളിയാക്കുന്നതാ"
ഞാൻ പറഞ്ഞു.
"അല്ല... ഈ പ്രായത്തിൽ അമ്മ ഇങ്ങനെ ഇരിക്കുന്നു. അപ്പോൾ പഠിക്കുന്ന സമയത്ത് എങ്ങനെ ആയിരുന്നിരിക്കും? കോളേജ് ബ്യൂട്ടി തന്നെയായിരിക്കും."
ചിത്രമെഴുത്ത്
ഇടയ്ക്കിടെ ദീപ പറയാറുണ്ട്, പല സ്ഥലങ്ങളിലും അമ്മ നടത്തുന്ന ചിത്രപ്രദർശനങ്ങളെക്കുറിച്ച്.
കുറച്ചു നാൾ മുൻപ് ദീപ എനിക്കൊരു വീഡിയോ അയച്ചു തന്നു. ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ചിത്രപ്രദർശനം നടത്തുന്ന അമ്മ.
അതും, ഒരു കുട്ടിക്ക് വീട് വെച്ചുകൊടുക്കാൻ, ധനശേഖരണാർത്ഥം.
ആ വീഡിയോ ഇവിടെ കൊടുക്കാൻ പറ്റുന്നില്ല. മറ്റു രണ്ടു വീഡിയോ താഴെക്കൊടുത്തിരിക്കുന്നു.
ചിത്രപ്രദർശനം നേരിൽ കാണണം . ലോക്ക്ഡൗൺ കഴിയട്ടെ.
അമ്മയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കണമെന്ന് കരുതി. പതിവ് മട്ടിൽ നീട്ടി നീട്ടി വെച്ചു.
ഓൺലൈൻ ചിത്രപ്രദർശനത്തിനെക്കുറിച്ച് എഴുതണമെന്ന് വിചാരിച്ചു. നാളെയാവട്ടെയെന്ന് വിചാരിച്ചു.
ഇന്നിതാ മൂന്ന് വാക്കുകളുമായി ദീപയുടെ സന്ദേശം.
"'അമ്മ പോയി, ഗീത."