June 12, 2019

അവസാന നിരക്കാർ മുൻപിലാവുന്ന വിസ്മയം

കുറേനാൾ മുൻപ് രാഹുൽ എന്നോട് പറഞ്ഞു.

"ഈ ദിവസങ്ങളിൽ കോഴിക്കോട് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലും പരിസരങ്ങളിലുമായി ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. കഴിഞ്ഞ ദിവസം ഞാനും അവളുംകൂടി ഷൂട്ടിങ് കാണാൻ പോയി.

ഒരു ഓഡിറ്റോറിയത്തിലാണ് ഷൂട്ടിങ്. കാണികൾ മുഴുവൻ സ്റ്റേജിന്റെ അടുത്ത് മുൻപിൽത്തന്നെ ഇരിക്കാൻ തിരക്ക് കൂട്ടുന്നു. അവസാനം ഞങ്ങൾക്ക് കിട്ടിയത് ഏറ്റവും പുറകിലത്തെ നിരയിലെ ഇരിപ്പിടം. അവിടെ ഇരുന്നാൽ, എത്തിവലിഞ്ഞു നോക്കിയാലേ സ്റ്റേജിലെ പരിപാടികൾ കാണാൻ കഴിയൂ.

സ്റ്റേജിൽ നിന്ന് നായിക ഗാനം ആലപിക്കുന്ന രംഗമാണ് അപ്പോൾ ഷൂട്ട് ചെയ്യുന്നത്. കടുത്ത ഇച്‌ഛാഭംഗത്തോടെ ഞങ്ങൾ ഇരുന്നു. പിന്നെ ആശ്വസിച്ചു. സാരമില്ല. ഈ സീറ്റും ലഭിക്കാത്തവർ ഞങ്ങൾക്ക് പുറകിൽ നിൽക്കുന്നുണ്ട്.

തെല്ലുനേരം കഴിഞ്ഞു. ഞങ്ങളുടെ പുറകിൽനിന്ന്, തൊട്ടുപുറകിൽനിന്ന് ചിരപരിചിതമായ ഒരു സംസാരം. ഓർമ്മ വെച്ചനാൾ മുതൽ കേൾക്കുന്ന ശബ്ദം. ഏത് ഇരുട്ടിലും തിരിച്ചറിയാവുന്ന ശബ്ദം. തിരിഞ്ഞു നോക്കാതെ തന്നെ ആളെ അറിയാം. എങ്കിലും നോക്കിപ്പോയി.

സൂപ്പർ സ്റ്റാർ മോഹൻലാൽ.

ഷൂട്ട് ചെയ്യുന്നവർ വഴക്ക് പറഞ്ഞെങ്കിലോയെന്ന് വിചാരിച്ച്, മനസ്സില്ലാ മനസ്സോടെ, ഞങ്ങൾ വീണ്ടും സ്റ്റേജിലേക്ക് നോക്കി ഇരുന്നു. പക്ഷേ, സ്റ്റേജിലെ യാതൊന്നും ഞങ്ങൾ കണ്ടില്ല. ശ്രദ്ധ മുഴുവൻ പുറകിലെ സംസാരത്തിലായിരുന്നു. ആ ഗാനചിത്രീകരണം തീരുന്നതുവരെ.

സിനിമയിൽ (മുന്തിരിവള്ളികൾ തളിർക്കുമ്പോൾ} ആ ഗാനദൃശ്യത്തിൽ ഞങ്ങളെയും കാണാം. ഏതാനും നിമിഷങ്ങൾ മാത്രമേയുള്ളൂ. പക്ഷേ, അതിനേക്കാൾ പ്രധാനം, ആ ഗാനചിത്രീകരണം നടന്ന സമയം മുഴുവൻ ഞങ്ങൾ അദ്ദേഹത്തിന്റെ തൊട്ടടുത്തായിരുന്നു. അദ്ദേഹം ചുറ്റുമുള്ളവരോട് സംസാരിക്കുന്നതും കേട്ട് ഞങ്ങളിരുന്നു.

അന്ന് ഒരു കാര്യം മനസ്സിലായി. എവിടെയും മുൻപിലെത്താൻ അത്ര ആക്രാന്തമൊന്നും കാണിക്കണ്ട. ചിലപ്പോൾ പുറകിലാവുന്നതാവും നല്ലത്.

ഒരു പക്ഷേ, ചില വിസ്മയങ്ങൾ നമ്മെ കാത്തിരിപ്പുണ്ടാവാം."

 ആ ഗാനം കാണാൻ ഇവിടെ ക്ലിക് ചെയ്യൂ