കളിക്കുന്നതിനോട് പ്രതിപത്തിയില്ല. പക്ഷേ, കളി കാണുന്നതിഷ്ടം (ക്രിക്കറ്റല്ലേയ്..). കളിപ്പിക്കുന്നതും ഇഷ്ടമില്ല. എങ്കിലും ഒന്നു ശ്രമിച്ചാലോ? ഇതാ ഒരു നുറുങ്ങ് കളി.
ഒന്നു കണ്ണടക്കൂ. ഇനി താങ്കളുടെ ..ഓ സോറി. കണ്ണടച്ചുകഴിഞ്ഞ് എങ്ങനെ വായിക്കും? വിഡ്ഢി. എന്നാല് ഇതു വായിച്ചിട്ട് സുഹൃത്തിനെക്കൊണ്ട് ചെയ്യിക്കൂ. അതിനു മുന്‍പ് സ്വയം പരീക്ഷിച്ച് ഒന്ന് ഉറപ്പാക്കുകകൂടി ചെയ്തോളൂ.
സുഹൃത്തിനോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെടുക. എന്നിട്ട് ചൂണ്ടുവിരലും നടുവിരലും പരസ്പരം ഒന്നിനു മുകളില് ഒന്നായി ചേര്‍ത്ത് അമര്‍ത്തിവെയ്ക്കാന് പറയുക. വിരലഗ്രങ്ങളുടെ തൊട്ടുമുന്‍പ് ചേര്‍ന്ന് അമര്‍ന്നിരിക്കണം. എന്നാല് രണ്ടു വിരലിലേയും നഖങ്ങള് കാണാന് സാധിക്കണം. അതായത് അഗ്രങ്ങള് ഒരു ഗുണനചിഹ്നം പോലെ തോന്നണം. ഇനി രണ്ടു വിരലഗ്രങ്ങളും ഒരുമിച്ച് ഒരേസമയം ഒരു ചെറിയ കല്ലില് തൊടുവിച്ചിട്ട്, അത് എത്രയെണ്ണമുണ്ടെന്നു ചോദിക്കൂ.
ഏകദേശം രണ്ടായിരം വര്‍ഷങ്ങള് മുന്‍പ്, അരിസ്റ്റോട്ടില് മനസ്സിലാക്കിയതാണിത്. ഇങ്ങനെ ഒന്നിനെ സ്പര്‍ശിക്കുമ്പോള് രണ്ടായി തോന്നുന്നതിനെ doubled touch (diplesthesia) എന്നാണു പറയുന്നത്.
നാം ഒരു വസ്തുവിനെ നോക്കുമ്പോള് ഇരുകണ്ണിലെയും റെറ്റിനകളിലെ സമാനഭാഗങ്ങളാണ് ഉത്തേജിപ്പിക്കപ്പെടുന്നത്. എന്നാല് ഇതിനു വിരുദ്ധമായി, ജനിതകമോ, ശാരീരികമോ, ആയ കാരണങ്ങളാല് ചിലപ്പോള് റെറ്റിനകളുടെ സമാനമല്ലാത്ത ഭാഗങ്ങളില് വസ്തുവിന്റെ നിഴല് പതിഞ്ഞേക്കാം. തത്ഫലമായി ദ്വന്ദദൃഷ്ടി (double vision) ഉണ്ടാവുന്നു. ഏതാണ്ട് ഇതേ കാരണം മൂലമാണ് doubled touch അനുഭവപ്പെടുന്നതും.
സ്പര്‍ശത്തിലെ മറ്റൊരു വികൃതി ഇതാ. ഒരാളുടെ നഗ്നമായ പുറത്ത് വിരല്‍കൊണ്ട് നാം എന്തെങ്കിലും എഴുതുന്നുവെന്ന് കരുതുക. അയാള്‍ക്ക് നമ്മള് എഴുതുന്നത് കാണാനാവാത്തിടത്തോളം സമയം, എന്തിനേക്കുറിച്ചെന്ന് ഊഹിക്കാന് സാധിക്കാത്തിടത്തോളം കാലം, എന്താണെഴുതിയതെന്ന് മനസ്സിലാക്കാന് വളരെ ബുദ്ധിമുട്ടാണ്. എഴുതുന്നതിനിടയില്, വിരല് ഇടയ്ക്കിടെ ഉയര്‍ത്തുകയുംകൂടി ചെയ്താല്, ഈ ബുദ്ധിമുട്ട് വര്‍ദ്ധിക്കുകയും ചെയ്യും.
കണ്ണെഴുതി പൊട്ടുംതൊട്ടില് നമ്മുടെ വാരസ്യാര്‍കുട്ടി, കുസൃതിച്ചിരിയോടെ, തിലകന്റെ പുറത്ത് എഴുതിയ വാക്ക്, ഉടനടി സംശയലേശമന്യെ മനസ്സിലാക്കിയ ദൃശ്യം ഈയ്യിടെ ടിവിയില് കണ്ടു. അപ്പോള് തോന്നിയത്.