November 20, 2008

രുചിഭേദങ്ങളിലെ നൈതികത

ഇക്കഴിഞ്ഞ ദിവസം ടിവിയില്‍ ജൂനിയര്‍ ജീനിയസ് പ്രോഗ്രാം. വിധികര്‍ത്താക്കളിലൊരാള്‍‍. അദ്ദേഹം എഴുതിയത് പലതും വായിച്ചിട്ടുണ്ട്. ചില പ്രസംഗങ്ങള്‍ കേള്‍ക്കുവാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. ഏറെ ബഹുമാന്യനായ വ്യക്തി. കുട്ടികളോട് അദ്ദേഹത്തിന്റെ ചോദ്യം. കൃത്യമായ വാക്കുകളല്ല, ഓര്‍മ്മയില്‍നിന്ന് എഴുതുന്നതാണ്.

“തെങ്ങ്, അതിന്റെ ഉപയോഗങ്ങള്‍, നിലവിലുള്ള രീതിയിലല്ലാതെ വിഭിന്നമായെന്തെങ്കിലും ചിന്തിക്കാമോ?”

“തെങ്ങിന്റെ ഉയരം കുറച്ചാ‍ല്‍, അതില്‍ കയറാതെതന്നെ തേങ്ങ പറിക്കാം.” ഒരു കൊച്ചുമിടുക്കന്‍.

“തേങ്ങാവെള്ളം കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ സംസ്ക്കരിച്ചെടുക്കുക.” ഒരു മിടുക്കി.

“ഇതൊക്കെ നല്ലതു തന്നെ. പക്ഷേ, ഞാനുദ്ദേശിച്ചത് വ്യത്യസ്തമായ രുചികളോടെ തേങ്ങ ഉണ്ടാവുന്നതിനേക്കുറിച്ചാണ്. കൈതച്ചക്കയുടെ, അല്ലെങ്കില്‍ മാങ്ങയുടെ രുചി. അതുമല്ലെങ്കില്‍ മറ്റെന്തിന്റെയെങ്കിലും.” ചോദ്യകര്‍ത്താവ് വീണ്ടും.

ഒരു സാധാരണക്കാരനാണിതു പറഞ്ഞതെങ്കില്‍ സാരമില്ലായിരുന്നു. ഇത്രയും കാമ്പുള്ള ഒരു വ്യക്തിയുടെ അഭിപ്രായമായിതു കേട്ടപ്പോള്‍ ഞെട്ടിപ്പോയി.

മനുഷ്യരിലെ ജനിതക പരീക്ഷണങ്ങളേക്കുറിച്ച് ശാസ്ത്രലോകം ഇതേവരെ ഒരു അഭിപ്രായൈക്യത്തിലെത്തിയിട്ടില്ല. ക്ലോണിംഗിന്റെ നൈതികതയേപ്പറ്റി, അതു മനുഷ്യസമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളേക്കുറിച്ച് ഏറെ വാഗ്വാദങ്ങള്‍ നടന്നുകഴിഞ്ഞതാണ്. ഇപ്പോള്‍ത്തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ അധികരിക്കാനുള്ള സാദ്ധ്യതയെപ്പറ്റിയാണ് ഏറെ ആശങ്കകള്‍ ഉയര്‍ന്നു വന്നത്.

മനുഷ്യരില്‍ ചെയ്യുന്നില്ലെങ്കിലും (ഇതിന് ഉറപ്പില്ല!), ഇപ്പോഴും മറ്റു ജീവജാലങ്ങളില്‍ ജനിതക പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ചില ജന്തുക്കളിലും സസ്യങ്ങളിലും ക്ലോണിംഗ് പ്രയോജനകരമായി പറയപ്പെടുന്നുമുണ്ട്. വേറൊരു വിധത്തില്‍ ആലോചിച്ചാല്‍ മറ്റു ജീവജാലങ്ങളിലെ ക്ലോണിംഗ് ആര്‍ക്കാണു പ്രയോജനപ്പെടുന്നത്? അവയെ ആശ്രയിച്ച്, അല്ലെങ്കില്‍ അവയെ ചൂഷണം ചെയ്തു ജീവിക്കുന്ന, മനുഷ്യര്‍ക്കാണ് അതുകൊണ്ടു പ്രയോജനം. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതുതന്നെ മനുഷ്യനു വേണ്ടിയാണ്, അവന്റെ സുഖജീവിതത്തിനാണ് പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളെന്നു നാമെന്തുകൊണ്ടോ ധരിച്ചു പോയിട്ടുണ്ട്.

ഓരോ സൃഷ്ടിക്കും ഓരോ ധര്‍മ്മമുണ്ട്, അതു ജന്തുവാണെങ്കിലും സസ്യമാണെങ്കിലും. മനുഷ്യനു ഗുണം ലഭിക്കത്തക്ക രീതിയില്‍ അതു തിരുത്താന്‍, നമുക്കെന്താണ് അര്‍ഹത? അട്ടിമറിക്കപ്പെട്ട തങ്ങളുടെ സ്വത്വം കൊണ്ട് മറ്റു ജീവജാലങ്ങള്‍ക്കെന്തു ഗുണം?

മാത്രവുമല്ല, ചില സസ്യങ്ങളില്‍ നടന്ന ജനിതക പരീക്ഷണങ്ങളെക്കുറിച്ച് ഇപ്പോഴും വാഗ്വാദങ്ങള്‍ നടക്കുകയുമാണ്. ഉദാഹരണത്തിന് ജനിതക പരുത്തിയുടെ വികസനത്തെക്കുറിച്ചുണ്ടായ കോലാഹലങ്ങള്‍. അതുകൊണ്ട് ഇത്തരം പരീക്ഷണങ്ങള്‍ ആത്യന്തികമായി നന്മയില്‍ത്തന്നെയാണോ എത്തുന്നതെന്നറിയുന്നതു വരെ തേങ്ങയുടെ തനതു രുചി തന്നെയല്ലേ അഭികാമ്യം? കൈതച്ചക്കയുടെ രുചി ആസ്വദിക്കണമെന്നു തോന്നുമ്പോള്‍, തേങ്ങ കഴിക്കാതെ, കൈതച്ചക്ക തന്നെ കഴിക്കുക. അതുപോലെ മാമ്പഴത്തിന്റെ സ്വാദ് വേണോ? മല്‍ഗോവ കഴിക്കൂ, തേങ്ങയ്ക്കു പകരം.