July 27, 2025

തൊണ്ടിമുതലും പ്രതികളും


ഇരുപത്തിയഞ്ചു  വർഷങ്ങൾക്കുശേഷം UCE  Thodupuzha യിലെ ആദ്യ ബാച്ച്  വിദ്യാർത്ഥികളുടെ ഒത്തുചേരൽ. വേദിയിൽ അന്നത്തെ പ്രിൻസിപ്പൽ പ്രൊഫ. പി വി ആന്റണി സർ, നീലകണ്ഠൻ സർ, ജയ് സർ, സിബു സർ, ബിന്ദു-ബിന്ദു മിസ്, ദീപ മിസ്, ലെനി മിസ്, ലത മിസ്, ലൗലി മിസ്, വിനീത്, അരുൺ എന്നിവർ.  

അതുവരെ പരിപാടി കോമ്പയർ ചെയ്തിരുന്ന അനുരാധ മൈക് മിഥുന് കൈമാറി. 

"കോളേജിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഇവിടെ പറഞ്ഞു കേട്ടു. അതിനാൽ ഒരു ഉപഹാരം സമ്മാനിക്കാനായി മൂന്ന് പേരെ ഞാൻ വേദിയിലേക്ക് ക്ഷണിക്കുന്നു.. അത് ഏറ്റുവാങ്ങാനായി ഗീത ടീച്ചറെയും."

ദീപ മിസ് പ്രസംഗിച്ചപ്പോൾ പറഞ്ഞിരുന്നു. "കേരള സർക്കാർ K-DISC ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി mentoring നടത്താനായി ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾക്ക് ഇത് ഫലപ്രദമായി ചെയ്യാൻ സാധിക്കും."

ഇതുമായി ബന്ധപ്പെട്ടു സമ്മതപത്രം എന്തെങ്കിലും തരാനാണോ  ഇവരുടെ ഉദ്ദേശ്യം? അറിയില്ല. 

എന്തായാലും ഞാൻ സംശയത്തോടെ എഴുന്നേറ്റു. 

അവർ ഒരു കവറുമായി വേദിയിലെത്തി. അപ്പോൾ മിഥുൻ പറയുന്നു. "ഈ പൊതിയിൽ പണ്ട് കോളേജിൽനിന്ന് അടിച്ചു മാറ്റിയ മണിയാണ്. അത് കോളേജിന് തിരികെ നൽകുന്നു."

സദസ് ഒന്നടങ്കം ചിരിച്ചു. വേദിയിലുള്ളവരും.

പ്രദീപ് കൂടുതൽ വിശദീകരണം നൽകുകയും ചെയ്തു. അവർക്ക് ഏറ്റവും തൊന്തരവ് ഉണ്ടാക്കിയ ഒരു സാധനമാണിത്. ഈ മണി കാരണമല്ലേ, എന്തുകൊണ്ട് താമസിച്ചുപോയി എന്നതിന് വിശദീകരണം നൽകേണ്ടി വന്നിരുന്നത്. താമസിച്ച് എത്തിയപ്പോൾ ഒരിക്കൽ ക്ലാസിൽ കയറ്റാഞ്ഞതിനു പ്രതികാരം ചെയ്തതാണ്. .

ആന്റണി സാർ എഴുന്നേറ്റു പറഞ്ഞു. "ഞാനിത് ക്ഷമിച്ചിരിക്കുന്നു."

പക്ഷേ, അന്ന് മണി എടുത്തതു കൊണ്ട് ഫലമുണ്ടായില്ല എന്നതാണ് തമാശ. കോളേജിൽ പകരം electric bell സ്ഥാപിച്ചു.

എന്തായാലും കോളേജിൽനിന്ന് 28 വർഷം മുൻപ് അപ്രത്യക്ഷമായ മണി തിരിച്ചെത്തിയിരിക്കുന്നു!!

എനിക്ക് ഒരു ഭയം ഉണ്ട്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു ഇനിയും വിദ്യാർത്ഥികൾ "അടിച്ചുമാറ്റൽ" ആവർത്തിക്കുമോ എന്ന്.

 ശ്രീറാം പറയുന്നു. അവർ മൂവർ മാത്രമല്ല ഗൂഢസംഘത്തിലെന്ന്. പേര് ഇവിടെ എഴുതിക്കൊള്ളൂ എന്ന് അവർ പറയുകയും ചെയ്തു. എങ്കിലും ഞാൻ പേര് ഒഴിവാക്കുകയാണ്.

കഥാപാത്രമായ Bell 


ഓർമ്മകൾ 

ഉച്ചയ്ക്ക് ശേഷം അവരുടെ കലാപരിപാടികൾ. കോമ്പയർ  ചെയ്തത് ജയാ-അനുരാധ. രാജേഷിന്റെ കവിത, ജെയ്‌സൺ, അനുരാധ, ശ്രീരാം, സുബിൻ, അനീഷ്, ഗോവിന്ദ്, അനിതാ ആന്റണി, ഷാലിമ, ലക്ഷ്മി, പ്രദീപ, ജയ, തുടങ്ങിയവരുടെ പാട്ടുകൾ, ഷീബ-ജയാ-......എന്നിവരുടെ സംഘനൃത്തം, എല്ലാവരുടെയും പേരുകൾ ഓർമ്മയില്ല. ചേർക്കണമെങ്കിൽ പറയുക. ലീമ-ഷീബ ചേർന്ന് mementos നൽകുന്ന പരിപാടി നടത്തി.

എല്ലാം കണ്ടു കേട്ടിരുന്നു. പണ്ടത്തെ കുട്ടികൾ തന്നെയാണ് വേദിയിൽ 

ഓർമ്മകൾക്ക് എന്ത് സുഗന്ധം എന്ന് പറഞ്ഞു കേൾക്കുന്നു. 

പക്ഷേ, സുഗന്ധം മാത്രമല്ല, ഓർമ്മകൾ നയന മനോഹരമാണ്. അവ ശ്രുതി-താള- ബദ്ധവുമാണ്. 

ഹൃദയംഗമമായ  അഭിനന്ദനങ്ങൾ 

സംഘാടകരേ, മികവാർന്ന, അച്ചടക്കത്തോടെയുള്ള പരിപാടി. അഭിമാനിക്കാം നിങ്ങൾക്ക്. ഒരുപാട് homework ചെയ്‌തിട്ടിട്ടുണ്ട് എന്ന് വ്യക്തം. ധാരാളം പേരുടെ അശ്രാന്ത പരിശ്രമം ഉണ്ട്. എങ്കിലും പറഞ്ഞു കേട്ട ചില പേരുകൾ ഇവിടെ... ശ്രീറാം, റോബിൻ, രഞ്ജിത് പൗലോസ്, അഭിലാഷ്, ലീമ, മൃണാളിനി, ബിബിൻ ഷിന്ത്യ, ജയ, ഷീബ ...

പരിപാടിയോട് അനുബന്ധിച്ച് അവർ പ്രകാശിപ്പിച്ച E-magazine ഇതാ ഇവിടെ

May 1, 2025

സൗമ്യം, ദീപ്തം

തികച്ചും ആകസ്മികമായാണ് അവിടെ എത്തിയത്. 

"ദാ VNR സർ." ഹന്ന പറഞ്ഞു. 

നോക്കിയപ്പോൾ രാജശേഖരൻ പിള്ള സർ കാറിൽ നിന്നിറങ്ങുന്നു. അടുത്തേക്ക് ചെന്നു. എന്നെ കണ്ടു ചിരിച്ചു.

അപ്പോഴേക്കും സന്തത സഹചാരി ഗീത ടീച്ചറും കാറിൽ നിന്നിറങ്ങി. എപ്പോഴത്തെയും പോൽ, അത്യന്തം പ്രസന്നവദനയായി, ഊർജ്ജസ്വലതയോടെ. തെളിമയാർന്ന ചിരിയോടെ.  ടീച്ചറെ കാണുമ്പോഴൊക്കെ ഞാൻ മനസ്സിൽ ഓർമ്മിക്കുന്ന ഒരു ഉപമയുണ്ട്. ....നിലവിളക്ക് കത്തിച്ചു വെച്ചതുപോലെ...

സർ എന്നെ  ഗീത ടീച്ചറിനു പരിചയപ്പെടുത്തി. അതും എന്റെ Full name with initials ഇത്രയും വർഷങ്ങൾക്ക് ശേഷവും ഇനിഷ്യൽ പോലും തെറ്റാതെ എന്റെ പേര് ഓർമ്മിക്കുന്നതിൽ അതിശയിച്ച് നിന്നു. ഈ അതിശയം അസ്ഥാനത്താണ് എന്ന് പിന്നീട് ബോധ്യമായി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആദ്യ graduate ന്റെ പേരും ആദ്യ PhD ലഭിച്ച Dr. Sreekumar ന്റെ പേരുമൊക്കെ പറഞ്ഞപ്പോൾ!

"ഞാൻ ഇപ്പോൾ മുംബൈയിൽ ആണ്. അവിടെ യൂണിവേഴ്‌സിറ്റിയിൽ വൈസ്ചാൻസലർ. ഞങ്ങൾ  ബീന മാത്യുവിന്റെ ചടങ്ങിനു വന്നതാണ്." രാജശേഖരൻ പിള്ള സർ പറഞ്ഞു.

അപ്പോഴേക്കും ബീന മിസ് എത്തി. 

"പോകരുത്‌" എന്ന് എന്നോട് ബീന മിസും. 

അങ്ങനെ കുറച്ച് നേരം അവിടെ.

ഓർമ്മകൾ...

എല്ലാവരും ബീന മിസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെയ്ക്കുന്നു. 

കുടുംബജീവിതം സുഗമം ആയിരിക്കുക എന്ന ഉത്തരവാദിത്തം ഇപ്പോഴും സമൂഹം സ്ത്രീയുടെ മേൽ ഏൽപ്പിക്കുന്നതുകൊണ്ട്, സ്ത്രീകൾക്ക് academics, research, administration എല്ലാം കൂടി ഒരുമിച്ച് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. പക്ഷേ, അതിൽ പൂർണ്ണ വിജയം ആണ് ബീന മിസ്, എന്ന്  രാജശേഖരൻ പിള്ള സർ, സാബു തോമസ് സാർ, അരവിന്ദ് സാർ, അനസ് സർ, ശ്രീകല  ടീച്ചർ ഒക്കെ പറഞ്ഞതിന്റെ ആകെത്തുക, 

എല്ലാം കേട്ടിരുന്നപ്പോൾ തോന്നി, ഇവരേക്കാൾ ഒക്കെ ബീന മിസിനെക്കുറിച്ച് പറയാൻ അർഹതയും ഉത്തരവാദിത്തവും ഉള്ള ആൾ ഞാനാണല്ലോ. കാരണം അഞ്ചോ പത്തോ വർഷമല്ല, നാൽപ്പതിൽ പരം വർഷങ്ങൾ !!

കോളേജിൽ എന്റെ സീനിയറായി പഠിക്കുമ്പോൾ, സുന്ദരമായ Long skirt and top ഇട്ടു,  നീണ്ട straight and thick hair  ൽ ക്ലിപ് ഇട്ട് ചുറുചുറുക്കോടെ നടന്നു പോകുന്ന രൂപം ഇപ്പോഴും  ഒളി മങ്ങാതെ  മനസിലുണ്ട്. ദേവകി ടീച്ചർ പറഞ്ഞ ഊർജ്ജസ്വലത പണ്ടേ ഉണ്ട്. ശ്രീജിത്ത് സാർ പറഞ്ഞ dressing സെൻസും പണ്ടേ ഉള്ളതാണ്. അനിത ടീച്ചർ പറഞ്ഞ സുന്ദരിയെ പണ്ടേ അറിയുന്നയാൾ ഞാൻ.

എന്റെ  സഹപാഠിയുടെ ചേച്ചിയുടെ ക്‌ളാസ്സ്‌മേറ്റ് ആയിരുന്നു ബീന മിസ്. അന്നേ പഠനത്തിൽ സമർത്ഥ. 

പിന്നീട് ഗവേഷണ കാലത്ത്, അന്ന് സ്ത്രീകൾ അപൂർവ്വമായി  മാത്രം വാഹനങ്ങൾ ഓടിക്കുന്ന സമയം. അന്നേ സ്‌കൂട്ടറിൽ ചീറി പാഞ്ഞു പോകുമായിരുന്ന ബീന മിസ്. 

ഏതു പ്രതിസന്ധിയിലും സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്ന വ്യക്തി. 

സൗമ്യവും ദീപ്തവുമായ ഇടപെടൽ.

ഏറ്റവും പ്രകാശമാനമായ ഓർമ്മകൾ.

പിന്നീട് യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപിക ആയപ്പോൾ എനിക്ക് "ബീന ചേച്ചി" എന്ന വിളി "ബീന മിസ്" എന്ന് മാറ്റാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാരണം തമ്മിലുള്ള ബന്ധം, സ്നേഹ-ബഹുമാനത്തിൽ നിന്ന് ബഹുമാന-സ്നേഹത്തിലേക്ക് മാറി എന്നു മാത്രമേയുള്ളൂ.

ഡിഗ്രി പൂർത്തിയായപ്പോൾ അഫിലിയേറ്റഡ് കോളേജിലൊന്നും ചേരാതെ യൂണിവേഴ്‌സിറ്റി Dept നേരിട്ട് നടത്തുന്ന PG കോഴ്‌സിന് ഞാൻ ചേരാൻ കാരണം ബീന മിസ്. 

പിന്നീട്, MTech നു ശേഷം, സാബു തോമസ് സാറിന് CSIR പ്രോജെക്ടിൽ vacancy ഉണ്ട്. അതിൽ കിട്ടിയാൽ PhD ചെയ്യാമെന്ന് നിർദ്ദേശിച്ചതും ബീന മിസ്. 

ഇങ്ങനെ എന്റെ ജീവിതത്തിലെ പല അവസരങ്ങളിലും നിർണ്ണായകമായ പങ്കു വഹിച്ച വ്യക്തിയാണ് ബീന മിസ്. 

ഇനിയും ഏറെ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും ആയുരാരോഗ്യവും ഉണ്ടാവട്ടെ. 

സ്നേഹാശംസകൾ.

March 23, 2024

UCE യിലെ കർണ്ണികാരം പൂത്തപ്പോൾ




വിഷു എത്തും മുൻപേ നാടെങ്ങും കണിക്കൊന്നകൾ കാലം തെറ്റി പൂത്തുലഞ്ഞു.സസ്യങ്ങൾ ശ്വസിക്കുന്നത് ഇലകളിൽ കൂടി. അവ ഇലകളിലെ ഹരിതകത്തിൽ വെച്ച് സ്റ്റാർച്ച് പാകം ചെയ്യുന്നു (Photosynthesis)  ....

എന്നിട്ടും, ചില ഋതുക്കളിൽ ഇലകൾ മുഴുവൻ പൊഴിച്ച്, ശാഖകൾ കാണാത്ത വിധം നിറയെ പൂക്കൾ പേറി നിൽക്കുന്ന കണിക്കൊന്ന പോലുള്ള സസ്യങ്ങളുംചില  വൃക്ഷങ്ങളും ഉണ്ട്.  ശാസ്ത്രം ഇതിന്റെ കാരണം വിശദീകരിക്കുന്നുമുണ്ട്. 

എങ്കിലും ഞാൻ വിശ്വസിക്കുന്നത്.....ഇങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം...

കണിക്കൊന്ന, കേരളത്തിന്റെ ദേശീയ സസ്യം, സ്വന്തം ശ്വസനം പോലും ത്യജിച്ച്, ഇങ്ങനെ ചെയ്യുന്നത് നമുക്ക് വേണ്ടിയാണ്...നയനാനന്ദകരമായ കാഴ്ച നമുക്ക് നൽകാൻ വേണ്ടി മാത്രമാണ്..

UCE ടെ സ്വന്തം കൊന്നക്കുഞ്ഞും ഇക്കാര്യത്തിൽ പേരുദോഷം കേൾപ്പിച്ചില്ല.  കൊന്നയോട് തൊട്ട് ഉരുമ്മി നിന്ന് ആ നിറം മനസ്സാ സ്വീകരിച്ച നമ്മുടെ കോളേജിന്റെ Name board കൂടി കാണണം. പൊടിപ്പും തൊങ്ങലും അലുക്കും കിങ്ങിണികളും ഒക്കെയുള്ള കണിക്കൊന്നപ്പൂക്കൾ ബോർഡിന് മകുടമായി നിൽക്കുന്നു. 

ഹൃദ്യമായ ഈ ദൃശ്യത്തിലേക്ക് കണ്ണ് അയയ്ക്കാതെ സൈഡ് ഗേറ്റിലൂടെ കോളേജിലേക്ക് കാലെടുത്തു വെയ്ക്കാൻ  കഴിയില്ല.

മറ്റിടങ്ങളിൽ ഒരു ഇല പോലും കാണാനില്ലാത്ത വിധം കണിക്കൊന്ന പൂത്തു. പക്ഷേ, നമ്മുടെ കുഞ്ഞു കൊന്ന ബുദ്ധിമതിയാണ്. മുഴുവൻ ഇലകളും പൊഴിക്കാനൊന്നും അവൾ  തയ്യാറല്ല.കാരണം ഒരു തുള്ളി ദാഹജലം ഇറ്റിക്കാത്തവർ  ആണ് ഈ ഗേറ്റിൽ കൂടി കയറി ഇറങ്ങുന്നത് എന്ന് അവൾ മനസിലാക്കിയിട്ടുണ്ടാവും.  

July 27, 2023

കാറോട്ട മത്സര ടീമിൽ UCE യിലെ പൂർവ്വവിദ്യാർത്‌ഥി


"മിസ്, ഈ വെള്ളിയാഴ്ച ഇവിടുത്തെ എന്റെ അവസാന ദിവസമാണ്. തിങ്കളാഴ്ച ഞാൻ ഒരു Racing team ൽ ചേരുകയാണ്. അന്ന് കണ്ടപ്പോൾ Racing team ആണ് എന്റെ ലക്ഷ്യം എന്ന് ഞാൻ പറഞ്ഞിരുന്നു. ഓർമ്മയുണ്ടോ?" അരവിന്ദ് ചോദിച്ചു. 

മുൻപ് കണ്ടപ്പോൾ, വളരെ പ്രശസ്തമായ Aston Martin എന്ന കാർ നിർമ്മാണ കമ്പനിയിലാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്. അപ്പോൾ പോലും Racing teamൽ ചേരുന്നതിനെക്കുറിച്ചാണ് അരവിന്ദ് പറഞ്ഞത്. 

ഞാൻ കാറോട്ട മത്സരം (Car Racing) ടിവിയിൽ കണ്ടിട്ടുണ്ട്. കാറുകൾ വട്ടത്തിൽ കറങ്ങുന്നതും, ചിലപ്പോൾ ട്രാക്കിൽ നിന്ന് തെറിച്ച് വീണു അപകടമുണ്ടാകുന്നതുമൊക്കെയാണ് ഞാൻ കണ്ടിരിക്കുന്നത്. 

"അത്രയ്ക്ക് ഭ്രമമാണോ കാർ ഡ്രൈവിങ്ങും റേസിംഗും? ഭയങ്കര അപകട സാധ്യതയില്ലേ?" ഞാൻ ചോദിച്ചു.

അരവിന്ദ് പറയുമ്പോളാണ് മനസിലാകുന്നത്, മത്സരത്തിൽ പങ്കെടുക്കുന്നത് ഒരു ഡ്രൈവറും ആ കാറും മാത്രമല്ല, മറിച്ച് ഒരു സംഘം, അതായത് കാർ നിർമ്മാണ കമ്പനി തന്നെയാണെന്ന്. മത്സരങ്ങൾ  നടക്കുമ്പോൾ supporting ഗ്രൂപ്പിൽ ആണ് അരവിന്ദ് ജോലി ചെയ്യുന്നത്. Team/Constructor എന്ന് പറയുന്നത്, Engine, Chassis, ഇവ നിർമ്മിക്കുന്ന കമ്പനികളാണ്. മത്സരങ്ങളിൽ ഡ്രൈവർക്കും ടീമിനും പോയിന്റസ് ഉണ്ട്. അതായത്, കാറോട്ട മത്സരം ഒരു വ്യക്തിഗത മത്സരം എന്നതിൽ ഉപരി ഒരു team sports ആണ്. 

ഒരു racing teamന്റെ ഉത്തരവാദിത്തം കാറിന്റെ വിവിധ ഭാഗങ്ങളുടെ രൂപകൽപന മുതൽ തുടങ്ങുന്നു. പിന്നീട് നിർമ്മാണം, കേടുപാടുകൾ പരിഹരിക്കൽ, ശമ്പളം, transportation , ഇവയെല്ലാം teamന്റെ മേൽനോട്ടത്തിൽ ആയതിനാൽ ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസാണ് ഈ മേഖലയിൽ ഉള്ളത്.

സ്വപ്ന സാക്ഷാത്കാരം 

പഠനകാലത്ത് സ്പോർട്സ് ക്ലബ് സെക്രട്ടറി എന്ന നിലയിലായിരുന്നു അരവിന്ദിനെ ഞാൻ ശ്രദ്ധിച്ചത്. സ്പോർട്സ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങൾ. അന്നത്തെ സ്പോർട്സ് താത്പര്യം വെറുതെ ആയിരുന്നില്ല. വളര ആത്മാർത്ഥ താത്പര്യം തന്നെ. അതുകൊണ്ടാണ്, സ്പോർട്സും തന്റെ പഠനവിഷയവുമായി ബന്ധപ്പെട്ട പ്രൊഫഷൻ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. BTech EC കഴിഞ്ഞ്, അരവിന്ദ്, UK യിലെ Brunel യൂണിവേഴ്സിറ്റിയിൽ നിന്ന് . Motorsport Engineering പൂർത്തിയാക്കി. പിന്നീടാണ് Formula E Racing Team ആയ Williams Advanced Engineering ൽ ചേർന്നത്. ലോകത്ത് നിലവിലുള്ള 11 Racing ടീമുകളിലെ ഏക മലയാളിയാണ് അരവിന്ദ്.

"അഭിനന്ദനങ്ങൾ അരവിന്ദ്, സ്വപ്നത്തെ പിന്തുടർന്നതിന്; സ്വപ്നം സാക്ഷാത്കരിച്ചത്തിനും."

ഇത് ഇവിടെ എഴുതുന്നത് ബാക്കി വിദ്യാർത്ഥികൾക്ക് കൂടി പ്രചോദനമാവട്ടെ എന്ന് കരുതിയാണ്, Electronics മാത്രമല്ല, Electrical, Polymer, Computer എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും താത്പര്യമുണ്ടെങ്കിൽ പരിഗണിക്കാവുന്ന വളരെ thrilling ആയ ഒരു തൊഴിൽ മേഖലയാണ്. 

കാറോട്ട മത്സരത്തെക്കുറിച്ച് ചുരുക്കത്തിൽ 

ആദ്യമേ അറിയേണ്ടത്, Sports കാറും സാധാരണ യാത്രയ്ക്കുള്ള Touring കാറും തമ്മിലുള്ള വ്യത്യാസമാണ്. Sports Car അതിന്റെ പെർഫോമൻസിനു പ്രാധാന്യം കൊടുക്കുന്നു. എന്നാൽ, Touring കാറിൽ പെർഫോമൻസിനൊപ്പം അതിലെ സൗകര്യങ്ങൾക്കും ആഡംബരങ്ങൾക്കും പരിഗണനയുണ്ട്. 

മത്സരങ്ങൾ Sports Car, Formula One, Formula-E ഇങ്ങനെ പല വിഭാഗത്തിലുണ്ട്. സ്പോർട്സ് കാർ സാധാരണ ഉയരം കുറഞ്ഞ്, രണ്ടു സീറ്റും Enclosed wheel ലും  വാഹനങ്ങളാണ്. Formula-1 മത്സരങ്ങൾ ആവട്ടെ, ഒരു സീറ്റും, Open Wheel ലും ഉള്ള hybrid  കാറുകൾക്കാണ്. Hybrid എന്ന് പറയാൻ കാരണം ഇവയിൽ ഇന്ധനവും ബാറ്ററിയും ഉപയോഗിക്കാനുള്ള സംവിധാനം ഉള്ളതിനാലാണ്. Ferrari, Mercedes, Red Bull, McLaren, Alpine, Williams. ഇവയാണ് പ്രധാന Formula-1 ടീമുകൾ. മത്സരാർത്ഥികൾ പാലിക്കേണ്ട നിയമങ്ങളാണ് Formula എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

അതേ സമയം, Formula-E മത്സരങ്ങൾ ഇലക്ട്രിക് കാറുകൾക്ക് മാത്രമാണ്. പ്രധാന Formula-E ടീമുകൾ ഇവയാണ്. Jaguar, Porsche, Nissan, NIO, Mahindra.  

സാധാരണ ഓട്ട മത്സരങ്ങളിൽ വേഗതയ്ക്കാണ് പ്രാധാന്യം. ആദ്യം എത്തുന്നത് ആര് എന്നതാണ് ചോദ്യം. കാറോട്ട മത്സരത്തിലും വേഗത പ്രധാനം തന്നെ. എന്നാൽ അതിനൊപ്പം മറ്റു ചില ഘടകങ്ങൾ കൂടി പരിഗണിക്കും. വാഹനത്തിന്റെ endurance (നല്ല പെർഫോമൻസ്എത്ര സമയം), reliability, strategy etc.

ദൈർഘ്യമേറിയ മത്സരങ്ങൾ പല രാജ്യങ്ങളിലാവും പൂർത്തിയാകുന്നത്; ചിലപ്പോഴൊക്കെ പല ഭൂഖണ്ഡങ്ങളിലും !!!  ഇത്തരം മത്സരങ്ങളിൽ ഇടയ്ക്ക് ഡ്രൈവർ മാറും. അതുപോലെ സങ്കീർണ്ണമായ pit strategyയും ഉണ്ടാവും. 

സ്പോർട്സ് കാർ നിർമാണത്തിൽ അതിന്റെ body work, എൻജിൻ, ടയർ, aerodynamics,  എന്നിവയെ സംബന്ധിച്ച് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളുണ്ട്. തീർച്ചയായും വാഹനത്തിന്റെ വേഗതയെ ബാധിക്കുന്ന പ്രധാന ഘടകമാണ് അതിന്റെ ടയർ ഡിസൈൻ. കൂടാതെ, ടയറിന്റെ ഉപയോഗത്തിലും ചില നിബന്ധനകൾ ഉണ്ട്. ഉദാഹരണത്തിന്, വാരാന്ത്യ മത്സരത്തിൽ ഒരു ഡ്രൈവർക്കു പരമാവധി ഉപയോഗിക്കാവുന്ന Dry Weather ടയറുകൾ 13 സെറ്റ് ആണ്. അതുപോലെ, 4 സെറ്റ് .Intermediate ടയറും, 3 സെറ്റ് Wet Weather ടയറും. 

ഭാരക്കുറവ്, ദൃഢത, ബലം എന്നിവ ഉറപ്പാക്കാൻ Chassis നിർമ്മിക്കുന്നത് Carbon Fibre Reinforced Composite ഉപയോഗിച്ചാണ്. 

June 29, 2023

നമ്മുടെ ഹൃദയവും, കരളും

വിടർന്ന കണ്ണുകൾ. പ്രസന്നമായ മുഖം. ഞാൻ പറയുന്നത് ശ്രദ്ധയോടെ കേട്ട്, ഇടയ്ക്ക് നോട്ട് എഴുതിയെടുക്കുന്നു. മുഖത്തെ സ്ഥായിയായ ചെറുചിരി ചിലപ്പോൾ തുറന്ന ചിരിയായി മാറുന്നു. ഇങ്ങനെയാണ് ആ വിദ്യാർത്ഥിനിയെക്കുറിച്ച്  എന്റെ ആദ്യ ഓർമ്മ. അന്ന് ഞാൻ യൂണിവേഴ്‌സിറ്റിയിൽ deputation ആയിരുന്നു.

ഏറെ കാലത്തിനു ശേഷം വീണ്ടും കണ്ടത് അടുത്തിടെ വിദ്യാർത്ഥികളുടെ examiner ആയി വന്നപ്പോൾ. ഇപ്പോൾ അദ്ധ്യാപികയാണ്.

"എവിടെ, എങ്ങനെ, ജീവിതം?" എന്റെ കുശലാന്വേഷണം.

"ഞാനും, കുഞ്ഞും. അവനു നാല് വയസ്. പിന്നെ എന്റെ അമ്മയും." അവൾ പറഞ്ഞു.

"ഹസ്ബൻഡ്?" ഞാൻ ചോദിച്ചു.

"നന്നായി കളിക്കും. ദിവസവും കിലോമീറ്ററുകൾ ഓടും. ജോലിക്കിടെയും ഇങ്ങനെയുള്ള താത്പര്യങ്ങളൊക്കെ ഉണ്ട്. അന്ന് രാവിലെ പല്ല് ബ്രഷ് ചെയ്യുന്നത് കണ്ടിട്ടാണ് ഞാൻ താഴേക്ക് ഇറങ്ങിയത്. താഴെ എത്തിയപ്പോൾ , മുകളിൽ ഒരു വലിയ ശബ്ദം. ഓടിയെത്തിയപ്പോൾ, താഴെ വീണു കിടക്കുകയാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. 

പക്ഷേ, മരിച്ചു, മിസ്.

ഹാർട്ട് അറ്റാക്ക് ആയിരുന്നു. രണ്ടു വർഷം കഴിഞ്ഞു." അവൾ പറഞ്ഞു.

പുറത്ത് എവിടെയെങ്കിലും ആവും എന്ന് കരുതിയാണ് ഞാൻ ഭർത്താവിനെ കുറിച്ച്  ചോദിച്ചത്. ഞെട്ടലോടെ കേട്ടുനിന്നു. 35 വയസ് കഴിഞ്ഞ ചെറുപ്പക്കാരൻ. ജീവിതം തുടങ്ങിയപ്പോൾത്തന്നെ... ദു:ഖത്തോടെ ഞാൻ ചോദിച്ചു.

"ഹാർട്ട് അറ്റാക്ക് വരുമ്പോൾ, ഉടൻ തന്നെ നെഞ്ചിൽ ശക്തിയോടെ, തുടർച്ചയായി അമർത്തണം എന്ന് കേട്ടിട്ടുണ്ട്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് അങ്ങനെ എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നോ?"

"ഇല്ല മിസ്. ഞാൻ ഒരു  വല്ലാത്ത ആഘാതത്തിൽ പെട്ടു, ഒന്നും ചെയ്യാനാവാതെ വിറങ്ങലിച്ച് നിന്ന് പോയി. വീട്ടുകാർ ഉണ്ടായിരുന്നു. എങ്ങനെയോ അവരുടെ ഒപ്പം ആശുപത്രിയിൽ എത്തിയെന്നു മാത്രം. പിന്നെ, ഫിറ്റ്‌സ് വന്നതാണോ എന്നും സംശയിച്ചു. എന്തായാലും, നിർണ്ണായകമായ ആദ്യ മിനിറ്റുകളിൽ ഞങ്ങൾക്ക് ഒന്നും ചെയാൻ സാധിച്ചില്ല. എല്ലാം കഴിയുമ്പോൾ നമ്മൾ കാര്യങ്ങൾ അപഗ്രഥിക്കുമല്ലോ. ഇത്തരം കാര്യങ്ങളൊക്കെ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്." വേദനയോടെ അവൾ പറഞ്ഞു. 

നാം ഇതുവരെ പഠിച്ചത്

നേഴ്‌സറി ക്ലാസ് നമുക്ക് പരിഗണിക്കേണ്ട. പത്താ ക്ലാസ് വരെ 10 വർഷം. ഭൂരിപക്ഷം പേരും അത് കഴിഞ്ഞും പഠിക്കുന്നു. എന്റെ കാര്യമാണെങ്കിൽ 9 വർഷംകൂടി പഠനം. പിന്നെ നീണ്ട കാലം ഗവേഷണവും. 

അദ്ധ്യാപനത്തിൽ നിൽക്കുന്നതിനാൽ, പഠന വിഷയം ഏതാണ്ട് ഭേദപ്പെട്ട രീതിയിൽ ഓർമ്മയിൽ ഉണ്ട് (അല്ലെങ്കിൽ അതുമില്ല!!). പക്ഷേ, ഇപ്പോൾ ആലോചിക്കുമ്പോൾ, അതിനു മുൻപുള്ള നീണ്ട വർഷങ്ങളിലെ ഔപചാരിക വിദ്യാഭ്യാസത്തിൽ പഠിച്ചത്  എത്രത്തോളം  ഇപ്പോൾ ഓർമ്മയിൽ ഉണ്ട്?

കുറച്ച്..... വളരെ വളരെ കുറച്ച് മാത്രം എന്ന് തന്നെ പറയേണ്ടി വരും. 

ഓർമ്മിക്കുന്ന ഈ കുറച്ച് കാര്യങ്ങളിൽ ഒന്ന് സംഖ്യകൾ കൂട്ടാനും കുറയ്ക്കാനുമാണ്. പിന്നെ, ഭാഷ എഴുതാനും വായിക്കാനും. ഇവയൊക്കെ നമ്മൾ ഓർത്തിരിക്കുന്നത് അവ നിത്യ ജീവിതത്തിൽ നമ്മൾ നിരന്തരം ഉപയോഗിക്കുന്നത് കൊണ്ടാണ്. കൂടാതെ, ചില കഥകൾ, പദ്യങ്ങൾ. അല്പം ചരിത്രം, ശാസ്ത്രം. 

തീർന്നു ഓർമ്മ!!!

അപ്പോൾ, ന്യായമായും നമ്മൾ ആലോചിക്കുന്നത്, ബാക്കി പഠിച്ചതൊന്നും ഇപ്പോൾ ഓർമ്മിക്കുന്നില്ലെങ്കിൽ, ജീവിതത്തിൽ ആവശ്യമായ സന്ദർഭങ്ങളിൽ നമുക്ക് അവ ഉപയോഗിക്കാനാവില്ലല്ലോ എന്നാണ്. 

അങ്ങനെ എങ്കിൽ, ജീവിതത്തിൽ ഉപയോഗമില്ലാത്ത കാര്യങ്ങൾ നമ്മൾ എന്തിനാണ് പഠിക്കുന്നത്?

എന്തിനാണ് അവ പഠിക്കാൻ നമ്മുടെ കുട്ടികളെ നിർബന്ധിക്കുന്നത്?

തീർച്ചയായും, പഠനകാലത്ത് നമ്മൾ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നുമൊക്കെ ആർജ്ജിക്കുന്ന ചില ഗുണങ്ങളുണ്ട്. നാം അറിയാതെ തന്നെ നമ്മിൽ രൂപപ്പെടുന്ന കഴിവുകളുണ്ട്. ഒരു സമൂഹജീവി എന്ന നിലയിൽ, മറ്റുള്ളവരോട് ഇടപഴകാനും പ്രതിസന്ധികളെ നേരിടാനുമൊക്കെ നാം വിദ്യാലയങ്ങളിൽ നിന്ന് പഠിക്കുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളൊക്കെ നമുക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല. വിദ്യാലയങ്ങൾ പ്രവർത്തിക്കാതിരുന്ന കോവിഡ് കാലത്ത് കുറെ കുഞ്ഞുങ്ങൾ സ്വയം ലോകത്തിൽ നിന്ന് തന്നെ ഇറങ്ങിപ്പോയതും നമുക്കറിയാം. ഇവിടെ സൂചിപ്പിച്ചത് നമ്മുടെ പുസ്തകങ്ങളിൽ നാം പഠിച്ചതിനെക്കുറിച്ച് മാത്രമാണ്.

പഠനം പീഡനമാകരുത്. മറിച്ച് പ്രയോജനകരമാകണം

ചില രാജ്യങ്ങളിൽ നിർബന്ധിത സൈനിക സേവനം ഉണ്ട്. നമുക്ക് അതില്ല. പക്ഷേ, വേറെ ചില കാര്യങ്ങൾ പഠിച്ചാൽ അവരവരുടെയും അവർക്ക് ചുറ്റുമുള്ളവരുടെയും ജീവിതം സുഗമമാക്കാൻ സാധിക്കും. ഇവയൊക്കെ പഠിപ്പിച്ച്, പരീക്ഷ പേപ്പറിൽ കുടഞ്ഞിടുക എന്ന ഉദ്ദേശ്യത്തോടെ ആവരുത്. മറിച്ച്, പ്രായോഗിക ജ്ഞാനം ലഭിച്ചിട്ടുണ്ടോ എന്ന് പരീക്ഷിച്ചാൽ മതി. അല്ലെങ്കിൽ, ഇതിനൊന്നും പരീക്ഷയേ വേണ്ട എന്ന് തീരുമാനിക്കുക. ഇവ പ്രാവർത്തികമാക്കാനുള്ള ആത്മവിശ്വാസം പഠിതാവിനു ലഭിക്കുന്നുണ്ടോ എന്നതാവണം ലക്ഷ്യം.

ഇതൊക്കെ ചെയ്‌താൽ പൊതുജനാരോഗ്യത്തിന് ചിലവിടുന്നത്തിൽ ഒരു വലിയ ശതമാനം തുക  മറ്റു കാര്യങ്ങൾക്കായി സർക്കാരിന് വിനിയോഗിക്കാം. 

  1. ഭക്ഷണശീലം: ഇതേക്കുറിച്ച് ബാല്യത്തിലെ അറിയണം. പണ്ട് നമ്മൾ കേട്ടിരുന്നത് ചില രോഗങ്ങൾ വരാതിരിക്കാൻ അരിയാഹാരം കുറക്കണം. ഗോതമ്പ് ഉപയോഗിക്കണം എന്നാണ്, പക്ഷെ, ഇപ്പോൾ കേൾക്കുന്നു. അരി-ഗോതമ്പ് ഇവയുടെ കലോറിയിൽ വലിയ വ്യത്യാസമില്ല എന്ന്. ജങ്ക് ഫുഡ്  ആണ് ഇന്നത്തെ മറ്റൊരു പ്രശ്നം. ഇതൊക്കെ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ അറിയുന്നത് നല്ലതാണ്/ 
  2. പല്ല് ബ്രഷ് ചെയ്യുന്നത്:  ഇതിന് ശാസ്ത്രീയ രീതിയുണ്ട് എന്ന് Dentist പറയുന്നു. നമ്മൾ ഇത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണ്ടേ?
  3. പാചകം: ആൺ-പെൺ ഭേദമെന്യേ അല്പം പാചകം പഠിപ്പിക്കുക. തീയുമായി ഇടപെടേണ്ടതിനാൽ അലപം മുതിർന്നതിനു ശേഷം ഇത് ചെയ്‌താൽ മതിയാകും. 
  4. കൃഷി: ഇതിന്റെ  ആദ്യ പാഠങ്ങൾ. വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ ഇത് സഹായിക്കും. ജീവിതച്ചിലവ് കുറയ്ക്കാം, എന്നത് വേറൊരു ഗുണം.
  5. അത്യാവശ്യം പ്രഥമ ശുശ്രൂഷ അറിയണം, മുറിവുണ്ടായാൽ? പൊള്ളലേറ്റാൽ?
  6. നീന്തൽ : സ്വയരക്ഷക്കും മറ്റുള്ളവരെ രക്ഷ പെടുത്തുന്നതിനും മാത്രമല്ല, ഇതൊരു നല്ല വ്യായാമം കൂടിയാണ്.
  7. സൈക്ലിങ്. ഇതുകൊണ്ടുള്ള ഗുണങ്ങൾ അനവധിയാണ്. ചിലവില്ലാത്ത, മനസിന് ഉല്ലാസം തരുന്ന, വ്യായാമരീതി. പെട്രോൾ ചെലവ് കുറയ്ക്കാം. വായു മലിനീകരണം ഇല്ലേയില്ല.. പൊതുവഴിയിലെ വാഹനപ്പെരുപ്പം, തന്മൂലമുള്ള തിരക്ക് ഇവ കുറയുന്നു.  UK പോലുള്ള വിദേശ രാജ്യങ്ങളിലൊക്കെ Cycle path ഉണ്ട്.  സൈക്കിൾ യാത്രികർക്ക് മാത്രമാണ് പ്രവേശനം. കാൽനടക്കാർക്കും ഈ വഴി ഉപയോഗിക്കാം.
  8. ഹാർട്ട് അറ്റാക്ക് വന്നാൽ എന്ത് ചെയ്യണം? CPR നെ കുറിച്ച് ഏവർക്കും അറിയാം. പക്ഷേ, ആവശ്യം വരുമ്പോൾ ഉപയോഗിക്കണമെങ്കിൽ  എല്ലാവർക്കും പരിശീലനം കൊടുത്തേ മതിയാകൂ. അടുത്ത ബന്ധുക്കൾക്ക് അറ്റാക്ക് വന്നാൽ കൂടെയുള്ളവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചു എന്ന് വരില്ല. അതിനാൽ എല്ലാവരും ഇത് പഠിക്കേണ്ടതാണ്.
ഇതൊക്കെ അറിയുന്നത് നമ്മുടെ ഹൃദയവും കരളുമൊക്ക സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല. 

നമ്മുടെ ഹൃദയമെന്നും, കരളെന്നും നമ്മൾ കരുതുന്ന വ്യക്തികളുടെ ജീവൻ രക്ഷിക്കാൻ കൂടിയാണ്.

April 20, 2023

ഒരു പട്ടാളക്കാരിയുടെ ജീവിതമെഴുത്ത്


ഈയ്യിടെ വായന വളരെ കുറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് കഥകൾ. മുൻപ്, മിനിക്കഥ, ചെറുകഥ, നീണ്ടകഥ, അങ്ങനെ കഥകൾ പല വിഭാഗത്തിൽ ആയിരുന്നു. ഇപ്പോൾ, എല്ലാം നീണ്ടകഥ തന്നെ. മുഴുവൻ വായിച്ച് തീർക്കുവാൻ ക്ഷമ കുറവാണ്.

പക്ഷേ അടുത്തിടെ, ഒരു രചന വായിച്ചു. വീണ്ടും വീണ്ടും വായിച്ചു. മാതൃഭൂമി വാരാന്തപതിപ്പിൽ പ്രസിദ്ധീകരിച്ച ലെഫ്റ്റണൻറ് കേണൽ ഡോക്ടർ സോണിയ ചെറിയാൻ (റിട്ട) ന്റെ ഇന്ത്യൻ റെയിൻബോ, ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകൾ. ഏതാനും ലക്കം മാത്രമേ വായിക്കാൻ സാധിച്ചുള്ളൂ. അതിനാൽ പുസ്തകമായി പ്രസിദ്ധീകരിക്കാൻ കാത്തിരുന്നു. പല കടകളിലും കയറിയിറങ്ങി. അവസാനം ഒരു മാതൃഭൂമിക്കടയിൽ നിന്ന് തന്നെ വാങ്ങി.

എന്തുകൊണ്ടാവും ഇത് ഇഷ്ടപ്പെട്ടത്? തീർച്ചയായും എഴുത്തിന്റെ മനോഹാരിത തന്നെ. മാത്രമല്ല, വൈവിദ്ധ്യങ്ങളുടെ ഒരു കൂടിച്ചേരൽ കൂടിയാണ് ലേഖിക.  

പട്ടാളക്കാരിയാണ്. ഓർമ്മകൾ നിറയെ പട്ടാള ജീവിതത്തിന്റെ ത്രസിപ്പിക്കുന്ന കാര്യങ്ങളും കഥകളും. ഇന്ത്യ-പാക് സംഘർഷം, സിയാചിൻ മേഖല, പട്ടാള ക്യാമ്പുകൾ, അങ്ങനെയങ്ങനെ...

മാത്രമല്ല, ഡോക്ടറാണ്. ചിത്രകാരിയാണ്. കവിയാണ്. യാത്രികയാണ്. വെറും യാത്രികയല്ല. ഓരോ യാത്രയിലെയും ഓർമ്മകൾക്ക്, ചരിത്രം, ഭൂമിശാസ്ത്രം, പരിസ്ഥിതി, സാമൂഹിക ശാസ്ത്രം, ഇവയുടെ ഒക്കെ പിന്തുണയുണ്ട്. മേമ്പൊടിയായി നുറുങ്ങ് ഫലിതവും. 

ഋഷ്യശൃംഗനും ഷൂട്ടിംഗ് സ്റ്റോണും  


അമ്മയില്ലാത്ത ഋഷ്യശൃംഗനു കാവലായി ആശ്രമത്തിന് ചുറ്റുമുള്ള പർവ്വതങ്ങളെ ഏൽപ്പിച്ച പിതാവ്, വിഭാണ്ഡകന്റെ  കഥയുണ്ട്, പുരാണത്തിൽ. ഭരതന്റെ "വൈശാലി" കാണൂ. പർവ്വതങ്ങൾ മുകളിൽ നിന്ന് തുടർച്ചയായി കല്ലെറിഞ്ഞ്ശത്രുവിനെ ഭയപ്പെടുത്തി ഓടിക്കും. അതിക്രമിച്ച് കയറുന്നവരുടെ മേൽ വലിയ പാറക്കല്ലുകൾ വീഴും. 

പർവ്വതങ്ങളുടെ കല്ലെറിയൽ വെറും ഒരു കഥ എന്നാണ്, ഈ പുസ്തകം വായിക്കുന്നത് വരെ ഞാൻ കരുതിയത്. പക്ഷേ കഥയല്ലിത്, യാഥാർഥ്യം ആണെന്ന് സിയാചിൻ മേഖലയെ കുറിച്ചുള്ള വിവരണം വ്യക്തമാക്കുന്നു. 

Shooting Stone prone area എന്ന് അവിടവിടെ ബോർഡ് വച്ചിട്ടുണ്ട്. കുത്തനെയുള്ള പർവ്വതങ്ങ്ളിൽ നിന്ന് എറിയുന്നത് പോലെ കുറെയേറെ പാറക്കല്ലുകൾ ഒരുമിച്ച് തെറിച്ച് വരുന്നതാണ് Shooting Stone. ഒരു കല്ല് വീണാൽ പിന്നെ തുരുതുരാ കല്ലുകൾ വീഴും. ഒന്ന് അടുത്തതിൽ തട്ടി, ആ കല്ല് അടുത്തതിൽ മുട്ടി, അങ്ങനെ തുടർച്ചയായി കല്ലുകൾ താഴേക്ക്‌ വീഴും.

ഒരിക്കൽ ലേഖികയുടെ വാഹനം ഈ കല്ലേറിൽ പെട്ടു പോയതിനേക്കുറിച്ച് വിവരിക്കുന്നുണ്ട്. സമർത്ഥനായ ഡ്രൈവർ ഉണ്ടായിരുന്നതിനാൽ ജീവൻ രക്ഷപെട്ട കഥ.

ഇതുപോലെ, മാനും മയിലും മേയുന്ന ആശ്രമങ്ങൾ കഥയല്ല എന്ന് ലേഖിക പറയുന്നു. ബിഷ്‌നൊയ് വംശജരെ കുറിച്ചുള്ള കുറിപ്പിലാണ്  ഇത് പറയുന്നത്. നമുക്കും അത് ബോധ്യമാകും.

ഭർത്താവിന്റെ പ്രശസ്തി മൂലം മലയാളി അറിയാതെ പോയ ഭാര്യ


നൈനിടാൾ, കുമയൂൺ മലകളെ കുറിച്ചുള്ള ലേഖികയുടെ മനോഹര കുറിപ്പുകൾ. നമ്മുടെ പ്രിയ എം. ടി. വാസുദേവൻ നായരുടെ  യുടെ "മഞ്ഞ് " വായിച്ച് അല്ലെങ്കിൽ തന്നെ നമ്മളെ ഈ സ്ഥലങ്ങൾ മോഹിപ്പിച്ചിരിക്കുന്നു.  

വർഷങ്ങൾക്ക് മുൻപ് അവിടെ ജീവിച്ചിരുന്ന ഒരു ലേഡി ഡോക്ടറെ കുറിച്ചുള്ള നാട്ടുകാരുടെ സ്നേഹനിർഭര ഓർമകൾ. മലയാളിയായ ആ ഡോക്ടറോടുള്ള സ്നേഹം മൂലമാണ് നാട്ടുകാർ തന്നോട് അടുപ്പം കാണിക്കുന്നതെന്ന് ലേഖിക.

ദരിദ്രർക്ക് വേണ്ടി ആശുപത്രി നടത്തിയിരുന്ന ഡോക്ടർ എലിസബത്ത് ചാണ്ടിയാണ് അത്. ഡോക്ടറുടെ വിദേശിയായ ഭർത്താവ് അന്നാട്ടിൽ സുലഭമായ വസ്തുക്കൾ ഉപയോഗിച്ച് നാട്ടുകാർക്ക് വേണ്ടി ചിലവ് കുറഞ്ഞ, ഭംഗിയുള്ള പാർപ്പിടങ്ങൾ നിർമ്മിച്ചു. കൂടാതെ, ആശുപത്രിയും സ്കൂളും. യൗവ്വനത്തിന്റെ ഏറ്റവും ഊർജ്ജസ്വലമായ 20 വർഷങ്ങൾ അവർ ഇരുവരും ചിലവിട്ടത്‌ ഈ നാട്ടുകാർക്ക് വേണ്ടിയായിരുന്നു. നാട്ടുകാർ ഇവരെ ഓർത്തിരിക്കുന്നതിൽ അദ്ഭുതമില്ല.

ഈ ഭാര്യയെ മലയാളിക്ക് അത്ര പരിചയമില്ല. പക്ഷേ, ഭർത്താവിനെ നന്നായി അറിയും. നമ്മുടെ ലാറി ബേക്കർ!!!

പർവ്വതങ്ങളെ തിരഞ്ഞു കൊണ്ടെ ഇരിക്കുന്ന കേണൽ നരേന്ദ്ര കുമാർ


ഇന്ത്യയുടെ പ്രശസ്തനായ mountaineer soldier നേക്കുറിച്ച്. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ കാഞ്ചൻ ജംഗയെ, വടക്ക് കിഴക്ക് വശത്ത് കൂടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹക സംഘാംഗം. ഈ യാത്രയിൽ snow bite കാരണം, 
അദ്ദേഹത്തിന്റെ നാല് കാൽവിരലുകൾ നഷ്ടമായി. എന്നാലും, വിരലുകൾക്ക് ചൂട് നൽകാൻ ബാറ്ററി ഘടിപ്പിച്ച് അദ്ദേഹം മുകളിലേക്ക് വീണ്ടും കയറി.

സിയാചിൻ ഭാഗത്തെ പാക് താത്പര്യം ആദ്യം കണ്ടെത്തിയ ആൾ. പക്ഷേ കൂടുതൽ അന്വേഷണത്തിന് പട്ടാളം അദ്ദേഹത്തിന് അനുമതി നൽകിയില്ല. കാരണം, medically unfit. പക്ഷേ, "സ്വന്തം റിസ്‌കിൽ"  അദ്ദേഹം അന്വേഷണം തുടർന്നു. സിയാചിൻ സംഘർഷത്തിൽ ഇന്ത്യക്ക് തുണയായത് കേണൽ അന്ന് 
ജീവൻ പണയം വെച്ച് തയ്യാറാക്കിയ ചിത്രങ്ങളും മാപ്പുകളുമാണ്. 

പുഷ്പനഗരിയായ ബാംഗ്ലൂർ


കാളിദാസന്റെ ഋതുസംഹാരയിൽ എന്ന പോലെ " ഋതുഭേദങ്ങളെ പൂക്കൾ കൊണ്ട് വരച്ച് വെച്ച നഗരം" എന്നാണ് ലേഖിക ബാംഗ്ലൂരിനെ വിശേഷിപ്പിക്കുന്നത്.

വാരാന്തപതിപ്പിൽ നിന്ന് പുസ്തക രൂപത്തിൽ എത്തിയപ്പോൾ പല മാറ്റവും സംഭവിച്ചു. തലക്കെട്ടുകൾ, അക്ഷരങ്ങൾ, ചിത്രങ്ങൾ, ഇവയുടെ വർണ്ണപ്പകിട്ട് ഇല്ലാതായി. സ്വാഭാവികം. പുസ്തകം അച്ചടിക്കുമ്പോൾ നിറപ്പകിട്ടിന് ഏറെ വില കൊടുക്കേണ്ടി വരും. പക്ഷേ, "പുഷ്പ നഗരത്തിലെ രുദ്രപലാശങ്ങൾ, ഗുൽമോഹറുകൾ" എന്ന തലക്കെട്ട് പുസ്തകത്തിൽ "പൂക്കളുടെ വീട്" എന്നായി.

കെമ്പഗൗഡയിൽ തുടങ്ങി ഹൈദരലി, ടിപ്പു സുൽത്താൻ, കമാൻഡർ ആയിരുന്ന കോൾവി, ക്രംബീഗൾ എന്ന ജർമൻ botanist, നെഗിൻ ഹാൾ എന്ന ഫോറസ്റ്റ് ഓഫീസർ തുടങ്ങിയവരുടെ ശ്രമഫലമായി നഗരം മുഴുവൻ പല കാലങ്ങളിൽ പൂവിടുന്ന മരങ്ങൾ നട്ടു. ഏതാണ്ട് എല്ലാ കാലവും പൂക്കാലം.

പട്ടാളത്തിന്റെ സംരക്ഷണയിൽ ആയതിനാൽ കൈയ്യേറപ്പെടാത്ത അൾസൂർ തടാകത്തെ കുറിച്ചും പറയുന്നു.

പട്ടാളക്കാരുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്. പക്ഷേ, ആദ്യമായി ഒരു പട്ടാളക്കാരിയുടെ ജീവിതം വായിക്കുന്നു. ശരീരത്തിൽ നിന്ന് ഊരിയെങ്കിലും, മനസ്സിൽ നിന്ന് ഊരാത്ത combat യൂണിഫോമുമായി ഒരു പട്ടാളക്കാരി.


January 9, 2022

ഇലക്ഷനു തലേന്നാൾ


ങേ......ഗേറ്റ് പൂട്ടിയിരിക്കുന്നല്ലോ...തള്ളി നോക്കി. തുറക്കുന്നില്ല. സാധാരണ ഞായറാഴ്ചകളിൽ side gate പൂട്ടാറില്ല. ചിലപ്പോൾ താഴ് ഇട്ടിരിക്കുന്ന ചങ്ങല മാറ്റിയാൽ ഗേറ്റ് തുറന്നേക്കും. 

ശ്രമിച്ചു.

ഇല്ല. സാധിക്കുന്നില്ല.

രണ്ടു പാളികളുടെയും ഇടയിൽ കൂടി നൂണ്ട് കടക്കാൻ ശ്രമിച്ചു. 

രക്ഷയില്ലാ....

ഗേറ്റിന്റെ മുകളിൽകൂടി വലിഞ്ഞു കയറിയാലോ? 

അതെങ്ങനെ? ആ പിള്ളേര് ആളാo വീതം അവരവരുടെ കൊടി ഗേറ്റിന്റെ മുകളിൽ നാട്ടിയിരിക്കുകയാണ്. അതെങ്ങാനും താഴെ വീണാൽ, ഞായറാഴ്ച ഞാൻ പമ്മി വന്നു അതൊക്കെ എടുത്ത് മാറ്റിയെന്ന ആരോപണമാവും നാളെ.

മതിലിൽകൂടി വലിഞ്ഞു കയറി അപ്പുറത്തേക്ക് ചാടിയാലോ?

വേണ്ട, വയസുകാലത്ത്, കാലും കൈയും ഒടിയ്ക്കണ്ട.

തിരിച്ചു പോയാലോ?

അയ്യോ...വേറെ ഏതു ദിവസമാണെങ്കിലും തിരിച്ചു പോകാമായിരുന്നു.

നാളെ കോളേജ് യൂണിയൻ ഇലക്ഷൻ. ഓരോ ബൂത്തിലേക്കുമുള്ള ബാലറ്റ് പേപ്പർ എണ്ണി തിട്ടപ്പെടുത്തി വെയ്ക്കണം. Paper seal, Presiding Officer's diary, ഇവയെല്ലാം  എടുത്ത് വെയ്ക്കണം. അവസാന വട്ട പരിശോധന പൂർത്തിയാക്കണം. ഇതൊന്നും നാളെ രാവിലെ നടക്കില്ല. നാളെ ആ പിള്ളേരുടെ പുറകെ നടക്കാനേ നേരം കിട്ടൂ. 

എന്ത് ചെയ്യും? നടന്നാലോ? Main Gate വരെ?

വേറൊരു മാർഗ്ഗവുമില്ല. നടന്നു.

Malankara Dam Gate ഒക്കെ കണ്ടു നടന്നു.

മെയിൻ ഗേറ്റ് 

Main Gate എത്തിയപ്പോൾ അവിടെ ഒരു ബസ് നിർത്തിയിട്ടിരിക്കുന്നു. ചിലർ ഫോട്ടോ എടുക്കുന്നു. മറ്റ് ചിലർ ചായ കുടിക്കുന്നു. ഏതോ ദീർഘദൂര യാത്രികരാണ്.

അവരുടെ ഇടയിൽകൂടി Main Gate ന്റെ അടുത്തേക്ക് നടന്നു. ഇവർ കൂട്ടം  കൂടിയത് കൊണ്ടാവും Gate ചാരിയിട്ടിരിക്കുന്നു.  Gate തള്ളിത്തുറന്നു. 

ഇല്ല. 

ഞാൻ ഞെട്ടി. Gate തുറന്നില്ല. ഒരു കുലുക്കവും  ഇല്ലാതെ Gate നിൽക്കുന്നു. പതിവില്ലാത്ത മട്ടിൽ വളരെ ഭദ്രമായി Main Gate പൂട്ടിയിരിക്കുന്നു!!!

ഗേറ്റിനു മുൻപിൽ നിന്ന യാത്രികർ എന്നെ സഹതാപത്തോടെ നോക്കി. 

നിറം മങ്ങിയ, പഴയ, ചുരിദാർ ടോപ്. അതിനു ചേരാത്ത ബോട്ടം. രണ്ടുമായി പുലബന്ധമില്ലാത്ത ഒരു ഷാൾ. എന്തൊക്കെയോ നിറച്ച ഒരു സഞ്ചി തൂക്കി പിടിച്ചിരിക്കുന്നു. പാറിപ്പടർന്ന മുടി. വിയർത്തൊലിച്ച് നിൽക്കുന്നു. എന്തോ സാധനം വിൽക്കാൻ വന്നതാണ്. 

അവരിൽ ഒരാൾ പറഞ്ഞു. "ഇന്ന് ഞായറാഴ്ച ആണ്. ഓഫീസ് ഒന്നും തുറക്കില്ല.നാളെയെങ്ങാനും വന്നു നോക്ക്."

അല്ലെങ്കിലേ എന്നെ കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞ് പോകും. ഇപ്പോഴത്തെ സ്ഥിതിയാണെങ്കിൽ പറയാനുമില്ല. 

ശരി, അങ്ങനെയാവട്ടെ, എന്ന മട്ടിൽ ഞാൻ തല കുലുക്കി. 

തിരിച്ചു പോയാലോ? 

അയ്യോ...ballot paper, Presiding Officer's diary, paper seal ..........

ഗേറ്റിന്റെ വശത്ത് മതിൽ ഇടിഞ്ഞ് കിടക്കുന്നിടത്ത് കൂടി താഴേക്കിറങ്ങിയാലോ. ഓ...അവിടെ മുള്ളുവേലിയുണ്ട്. മാത്രമല്ല, കാട് പിടിച്ച് കിടക്കുകയുമാണ്. നാട്ടുകാരുടെയും വഴി പോക്കരുടെയും ഒക്കെ സമ്പാദ്യം അവിടെയാണ്. മാലിന്യം, കുപ്പിച്ചില്ല്,.....ഇഴജന്തുക്കളും ഉണ്ടാവും.  താഴേക്കിറങ്ങിയാൽ അവിടെ എത്ര താഴ്ചയിൽ മാലിന്യം ഉണ്ടെന്ന് അറിയില്ല. 

പരീക്ഷണം വേണ്ട. 

ഇനിയെന്ത് ചെയ്യും?

തിരികെ നടന്നു കോടതി റോഡിലെ ചെറിയ ഗേറ്റിൽ കൂടി കയറിയാലോ? ഏതാണ്ട് 2 km... ഞായറാഴ്ച്ചയാണ്. ഓട്ടോ ഒന്നും കാണുന്നില്ല. 

നടക്കാം? 

ഉടനടി എന്റെ മനസ്സ് "No " പറഞ്ഞു. ഈ രണ്ടു ഗേറ്റും ഇത്ര ഭദ്രമായി അടച്ചിട്ടിരിക്കുന്ന സ്ഥിതിക്ക് കോടതി ഗേറ്റും പൂട്ടിയിരിക്കാനാണ് സാധ്യത. വെറുതെ 2 km കൂടി ഇനിയും നടക്കേണ്ട. 

വേറെ എന്താണ് വഴി?

ഒരേയൊരു വഴിയേ ഉള്ളൂ. അത് തിരികെ വീട്ടിലേക്കുള്ള വഴിയാണ്.

അയ്യോ...ballot paper, Presiding Officer's diary, ..........

എങ്കിലും അവസാന ശ്രമമെന്ന നിലയ്ക്ക് ഒരു പരീക്ഷണം നടത്താം ??

ഈ കോളേജിൽ വന്നതിന് ശേഷം ഇതുവരെ ഞാൻ പോവാത്ത ഒരു ഭാഗമുണ്ട്.  മുൻപ് ഓഫീസിൽ കോളേജിന്റെ master plan ചില്ലിട്ട് സൂഷിച്ചിരുന്നു. അത് വിശ്വസിക്കാമെങ്കിൽ ഒരു മാർഗ്ഗം ഉണ്ട്....പക്ഷെ കൃത്യമായ വഴി ഇല്ല. 

വലിയ സാഹസമാണ്. പക്ഷേ, വേറെ മാർഗ്ഗമില്ല. 

വഴിയില്ലാത്തിടത്ത് കൂടി.....

വീണ്ടും നടന്നു. മെയിൻ ഗേറ്റിൽ നിന്ന് തൊടുപുഴയ്ക്ക് പോകുന്ന വഴി. 

ഓ...ഈ മരങ്ങൾ ഇപ്പോഴും ഇവിടെ നിൽപ്പുണ്ടോ? വാഹനത്തിൽ പോവുമ്പോഴൊക്കെ കാണുന്നതാണ്. മെയിൻ ഗേറ്റിന്റെ അടുത്ത് നിൽക്കുന്ന അംബരചുംബികളായ മൂന്ന് മരങ്ങൾ. പാവം, എന്നു വരെ ആയുസ്സ് ഉണ്ടെന്ന് അറിയില്ല. 


യൂണിവേഴ്‌സിറ്റി പുതിയ കെട്ടിടം പണിയുന്ന ഭാഗത്തുകൂടി അകത്തേക്ക് കയറി. 

അവിടുത്തെ പണിക്കാർ സംശയത്തോടെ നോക്കി. "കോളേജിൽ പോകാനാണ്." ഞാൻ പറഞ്ഞു.

"कालेज वहॉं है" അവർ പുറകോട്ട് കൈ ചൂണ്ടി പറഞ്ഞു.

ഓ...പെട്ടു. ...നാട്ടുകാരല്ല. അവരോട് ചോദിച്ച്... ചോ.......ദിച്ച് പോവാമെന്ന പ്രതീക്ഷയും മങ്ങി. 

പൂട്ടുന്ന ആംഗ്യം കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു, "ഗേറ്റ് പൂട്ടിയിരിക്കുകയാണ്."

"അവിടെ ഡ്യൂട്ടിക്കാരുണ്ട്" അവർ വീണ്ടും. 

" എന്റെ ഫോൺ കേടാണ്", ഞാൻ.

ഇനി കൂടുതൽ ചോദിക്കാനും പറയാനും നിന്നാൽ ജഗതി ശ്രീകുമാർ കിലുക്കത്തിൽ दुश्मन എന്ന് പറഞ്ഞത് പോലെയാകും.

വേണ്ട, ഞാൻ മുൻപോട്ട് നടന്നു.

കുറച്ച് നടന്നപ്പോൾ അവർ എന്നെ തിരികെ വിളിച്ചു. "ഇതിലെ പോകൂ"

ഇവരെ വിശ്വസിക്കാമോ?

അതെ ഇപ്പോൾ നിർവാഹമുള്ളൂ. 

അവർ പറഞ്ഞ വഴിയേ മുൻപോട്ട്.... പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ വശത്തു കൂടി നടന്നു. 

ഇനി ഒരു കുഴിയാണ്. പതുകെ ശ്രദ്ധാപൂർവ്വം ഇറങ്ങി. വലിയ കല്ലുകൾ പൊട്ടിച്ചിട്ടിരിക്കുന്നു. അവയുടെ ഇടയിൽ കാൽ പോകാതെ കല്ലിൽ തന്നെ ചവിട്ടി ചവിട്ടി ഇറങ്ങി. താഴെയെത്തി.

ഇല്ല, ആശ്വസിക്കാറായില്ല.

മുൻപിൽ ഒരു കാട്!!!

എന്നെ ആ പണിക്കാർ മനഃപൂർവ്വം ഈ കാട്ടിലേക്ക് പറഞ്ഞ് വിട്ടതാണോ?

തിരിഞ്ഞ് നോക്കി. ഇല്ല, ആരെയും കാണുന്നില്ല.

തിരികെ പോയാലോ?

ഇത് വരെ വന്നില്ലേ? ഇനി തിരികെ നടക്കുന്ന സമയം കൊണ്ട് ചിലപ്പോൾ കോളേജിൽ  എത്തിയാലോ?

പക്ഷേ, ഈ കാട് എങ്ങനെ താണ്ടും?

ഇഴജന്തുക്കളും ഉണ്ടാവും

അവിടെയൊക്കെ തിരഞ്ഞ് ഒരു വടി  കൈയ്യിൽ എടുത്തു. അത് മുൻപിൽ തല്ലി തല്ലി, ഇഴജന്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പാക്കി, ഓരോ ചുവടും മുന്നോട്ടു വെച്ചു. 

ഇരുണ്ട ഗുഹയ്ക്കുള്ളിൽ നിന്ന് പുറത്ത് വരുന്നത് പോലെ.... പെട്ടെന്ന് മുൻപിൽ  പ്രകാശം.

കോളേജ് ഗ്രൗണ്ട്!!!

പക്ഷേ, ദാ അടുത്ത പ്രശ്നം. ഒരു പട്ടി കുരച്ച്‌ കൊണ്ട് ഓടി വരുന്നു. ഇത് നമ്മുടെ ജൂലി അല്ല. ഒരു കാലിന് സ്വാധീനം ഇല്ലാത്തതിനാൽ അവൾ ഇത്ര വേഗം ഓടില്ല. 

എനിക്ക് പുറകോട്ട് ഓടാൻ പറ്റില്ല. ഇവിടെ വരെ എങ്ങനെ വന്നു എന്ന് എനിക്ക് മാത്രമേ അറിയൂ. 

എന്ത് ചെയ്യണമെന്ന് അറിയില്ലാതെ, നിശ്ചേഷ്ടയായി, ഞാൻ  നിന്നു. 

അതിശയം... ആ പട്ടി കുരച്ച്‌  കൊണ്ട് എന്നിൽ നിന്നും ദൂരേക്ക് ഓടി രക്ഷപെട്ടു. ഞാൻ കരുതിയത് പോലെയല്ല. അത് പേടിച്ച് പോയി കാണും. അതിന്റെ വിഹാര കേന്ദ്രമായ ഈ കാട്ടിൽ നിന്ന് ഇങ്ങനെയൊരു വിചിത്രരൂപം, അതും വലിയ ഒരു കൊമ്പും പിടിച്ച് കൊണ്ട് ഇറങ്ങി വരുന്നത് അത് ഇതുവരെ കണ്ടിട്ടില്ലല്ലോ.

ഗ്രൗണ്ട് താണ്ടി, ലൈബ്രറിക്ക് മുൻപിലൂടെ മെയിൻ ബ്ലോക്കിലെത്തി.

അവിടെ വിജയൻ സർ പത്രം വായിച്ചിരിക്കുന്നു. 

"മിസ്, ഏതിലെയാണ് വന്നത്?  അവർ കയറാതിരിക്കാനാണ് പൂട്ടിയിട്ടത്."

December 25, 2021

ഒരേ നിറത്തിൽ ഞങ്ങൾ

 


ജയിൽ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇവയ്ക്ക് രണ്ടു പൊതു ഘടകങ്ങൾ ഉണ്ട്.

എന്തെന്ന് അറിയുമോ?

കനത്ത ചുറ്റുമതിലും യൂണിഫോം വേഷവും.

ഇവ നൽകുന്ന സൂചന എന്താണ്?

അച്ചടക്കം, സ്വാതന്ത്ര്യമില്ലായ്മ, ജാഗ്രത, മടുപ്പുളവാക്കുന്ന, വ്യത്യസ്തതയില്ലാത്ത, ഏകതാനമായ, യൂണിഫോം. 

നമ്മുടെ കോളേജ് തുടങ്ങിയ വർഷം മുതൽ, ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ, വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നുണ്ട്. ആദ്യവർഷങ്ങളിൽ  എല്ലാവർക്കും ഒരേ നിറത്തിലുള്ള യൂണിഫോം ആയിരുന്നു. പിന്നീട്, വിവിധ വർഷങ്ങളിൽ പഠിക്കുന്നവരെ എളുപ്പം തിരിച്ചറിയുവാനായി ഓരോ വർഷത്തെയും വിദ്യാർത്ഥികൾക്ക് വ്യത്യസ്ത നിറമുള്ള യൂണിഫോമായി.

ആദ്യവർഷങ്ങളിൽ  പാന്റ്സ്-ഷർട്, പെൺകുട്ടികൾക്ക് ചുരിദാർ.  എന്നാൽ പിന്നീട് ചുരിദാറിന്റെ ഷാളിനു പകരം ഓവർ കോട്ട് ആയി. വർക്‌ഷോപ്പിലും ലാബിലും ഷാൾ അസൗകര്യം സൃഷ്ടിക്കുന്നതായിരുന്നു കാരണം. 

പൊതുവിൽ വിദ്യാർത്ഥികൾക്ക് ഒട്ടുമേ ഇഷ്ടമില്ലാത്ത ഒന്നാണീ യൂണിഫോം സമ്പ്രദായം. ദൈർഘ്യമേറിയ 12 വർഷം മുഴുവൻ, (LKG-UKG കൂടി കണക്കിലെടുത്താൽ ഇതിലും കൂടുതൽ) യൂണിഫോം തടവറയ്ക്കുള്ളിലാണ് ഞങ്ങളുടെ ജീവിതമെന്നാണ് അവരുടെ പരാതി. യൂണിഫോമിനെ വെറുത്ത് ഇഷ്ടമുള്ള കോഴ്‌സിന് ചേരാതെ, യൂണിഫോം ഇല്ലാത്ത കോളേജിൽ ചേർന്നവരുമുണ്ട്. 

എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് എന്തിനാണ് യൂണിഫോമെന്നു,മുൻപ് ഞാൻ അതിശയപ്പെട്ടിട്ടുണ്ട്. പക്ഷേ, പിന്നീട് പല സന്ദർഭങ്ങളിലും മനസിലായി, നമ്മെപ്പോലുള്ള ഒരു കോളേജിന് യൂണിഫോം ഒരു ശിക്ഷയൊന്നുമല്ല. മറിച്ച് ചില ഗുണങ്ങളും ഉണ്ടെന്ന്. 

"മിസ്, ബുധനാഴ്ച കൂടി യൂണിഫോം ആയിരുന്നെങ്കിൽ അന്ന് ഏതു വേഷം ധരിക്കുമെന്ന് ആലോചിച്ചു തല പുണ്ണാക്കണ്ടായിരുന്നു."

ഇങ്ങനെ പറഞ്ഞ യൂണിഫോം പ്രേമികളും ഉണ്ട്.

യൂണിഫോം ഇല്ലെങ്കിൽ ചിലർ മാത്രം എല്ലാ ദിവസവും വർണ്ണശബളവും വ്യത്യസ്തവുമായ വേഷം ധരിക്കും. അത് സാധിക്കാത്തവർക്ക് ഉണ്ടായേക്കാവുന്ന അപകർഷതാ ബോധം ഒഴിവാകും, യൂണിഫോം ഉണ്ടെങ്കിൽ.

ഇപ്പോൾ പല സ്ഥാപനങ്ങളിലും gender neutral യൂണിഫോം ആക്കുന്നു. എന്തായാലും, അതിനെക്കുറിച്ചല്ല ഈ കുറിപ്പ്. കഴിഞ്ഞ ദിവസം കണ്ട ഒരു കൗതുകമാണ് ഇത് എഴുതാൻ പ്രചോദനം. 

അദ്ധ്യാപികമാർ മാത്രമുള്ള കോളേജിലെ ഒരേയൊരു ഡിപ്പാർട്മെന്റാണ് Electrical Engineering. അവർക്ക് പിന്തുണ നൽകാൻ ഒരു അനദ്ധ്യാപകൻ മാത്രം.

സാധാരണ കേൾക്കാറുള്ള അഭിപ്രായമുണ്ട്. സ്ത്രീകൾ മാത്രമേയുള്ളൂ എങ്കിൽ അവിടെ പ്രതീക്ഷിക്കാനാവാത്ത ഒന്നാണ് ഐക്യം എന്ന്.

കാണൂ, Shahana മിസ് ഒഴികെയുള്ള ബാക്കി അദ്ധ്യാപികമാരെ. ഒപ്പം Bibin സാറും.

ഒരേ വേഷമിട്ടു, ആഹ്ലാദപൂർവ്വം നിൽക്കുന്ന ഇവർ, യൂണിഫോം ധരിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനമാവട്ടെ. 

August 10, 2021

തൊടുപുഴ യൂണിവേഴ്സിറ്റി കോളേജ് ഓഫ്‌ എഞ്ചിനീയറിംഗ് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കുന്നു



തൊടുപുഴ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ പ്രകൃതിരമണീയമായ "മുട്ടം" എന്ന സ്ഥലത്താണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ്‌ എഞ്ചിനീയറിംഗ് സ്ഥിതി ചെയ്യുന്നത്. 

എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഈ കോളേജ്, 2021 ഒക്ടോബറിൽ രജതജൂബിലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. 1996 ൽ തുടങ്ങിയ ഈ കോളേജ്, കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾ കൊണ്ട് തിളക്കമാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 

സെന്റർ ഫോർ പ്രൊഫെഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (Centre for Professional and Advanced Studies) ന്റെ ഉടമസ്ഥതയിലുള്ള സർക്കാർ നിയന്ത്രിത എഞ്ചിനീയറിംഗ് കോളേജാണിത്. CPAS ന്റെ ചെയർമാൻ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും, വൈസ് ചെയർമാൻ വിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറിയുമാണ്. ഡോ. പി. കെ. പത്മകുമാർ ആണ് CPAS ന്റെ ഡയറക്ടർ.

പൂർവ്വ വിദ്യാർത്ഥികൾ


ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും നിലവാരം അളക്കാനുള്ള എളുപ്പവഴി, അവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ജീവിതനിലവാരമാണ്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. ഇവരിൽ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്വന്തമായി സ്ഥാപനം നടത്തുന്ന സംരംഭകരും ഉണ്ട്. DRDO, ISRO, VSSC, തുടങ്ങി രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുണ്ട്. ഉന്നത പദവികൾ വഹിക്കുന്ന IAS / IPS ഉദ്യോഗസ്ഥർ, യൂണിവേഴ്സിറ്റികളിലേയും, കോളേജുകളിലെയും അധ്യാപക- അനധ്യാപകർ, പൊതുമേഖലാ ബാങ്കുകൾ, തുറമുഖങ്ങൾ, KSEB, തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും പൂർവ്വ വിദ്യാർത്ഥികളിൽ ഉണ്ട്.

ഈ കോളേജിലെ കോഴ്സുകൾ

എപിജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (KTU) affiliate ചെയ്തിട്ടുള്ള, നിരവധി തൊഴിൽ  അവസരങ്ങളുള്ള, താഴെ കൊടുത്തിരിക്കുന്ന നാല് ബി.ടെക്. കോഴ്സുകളാണ് ഇവിടുള്ളത്. 
  1. കമ്പ്യൂട്ടർ സയൻസ് ആൻഡ്  എഞ്ചിനീയറിംഗ്
  2. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് 
  3. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
  4. പോളിമർ എഞ്ചിനീയറിംഗ്

ലോകത്ത്‌ എവിടെയുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന വീഡിയോ കോൺഫറൻസിംഗ് പോലുള്ള ആശയവിനിമയ സൗകര്യങ്ങൾ സൃഷ്ടിക്കുക, ടെലിഫോൺ, ഇൻറർനെറ്റ്, വൈദ്യുതി, ഇവ വിദൂര ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ ഉപയോഗിച്ച് നവീനമായ സാങ്കേതികവിദ്യകൾ പൊതുസമൂഹത്തിന് നൽകുക തുടങ്ങിയവ ഒക്കെ സാധ്യമാകുന്ന കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ബി. ടെക്. കോഴ്സുകളാണ് ഈ കോളേജിൽ നടത്തുന്നത്.

കൂടാതെ, KTUനു കീഴിൽ ബി. ടെക്. പോളിമർ എഞ്ചിനീയറിംഗ് നടത്തുന്നത് ഈ കോളേജിൽ മാത്രമാണ്. ടയർ, ഓട്ടോമോട്ടീവ്, പെയിൻറ്, പശകൾ, കോംപോസിറ്റ്, വസ്ത്രങ്ങൾ, റബ്ബർ-പ്ലാസ്റ്റിക് വ്യവസായങ്ങളിൽ ഒക്കെ പോളിമർ എഞ്ചിനീയർമാർക്ക്‌ തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ട്.

അടിസ്ഥാനസൗകര്യങ്ങൾ 

പരിചയ സമ്പന്നരായ അധ്യാപക-അനധ്യാപകർ ഈ കോളേജിന്റെ മുതൽക്കൂട്ടാണ്.

മികച്ച പഠനം സാധ്യമാക്കാൻ ഉതകുന്ന തരത്തിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോളേജിലുണ്ട്. അതത് ഡിപ്പാർട്ട്മന്റിന്റെ ലാബുകൾ കൂടാതെ കോമൺ കമ്പ്യൂട്ടർ സെന്റർ, കേരള ഗവണ്മെന്റ് അനുവദിച്ചു തന്ന ഹൈടെക് ക്ലാസ് റൂം, എന്നിവ ഇവയിൽ ചിലതാണ്. അത്യന്താധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് റൂമിലാണ് സിംഗപ്പൂർ ആസ്ഥാനമായ കമ്പനി, ASAP (കേരള ഗവണ്മെന്റ്)ന്റേ ആഭിമുഖ്യത്തിൽ, റോബോട്ടിക്സ് നേക്കുറിച്ച് ഒരു ഓൺലൈൻ വർക്ക്ഷോപ്പ് നടത്തിയത്. 

ഫീസ്

ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, PTA സംഭാവന, ഇവ അല്ലാതെ മറ്റ് ഫീസുകൾ ഒന്നുമില്ല. കോഷൻ ഡെപ്പോസിറ്റ് പഠനശേഷം തിരികെ ലഭിക്കുന്നതാ‌ണ്‌. 

ട്യൂഷൻ ഫീസ് ഒരു സെമസ്റ്ററിൽ: 
ഗവണ്മെന്റ് സീറ്റിന്, 17500/- രൂപയാണ്. (അതായത്, വാർഷിക ഫീസ് 35000/- രൂപ) 
NRI സീറ്റിന്, ട്യൂഷൻ ഫീസ് ഒരു സെമസ്റ്ററിൽ 25000/- രൂപയാണ്. (വാർഷിക ഫീസ് 50000/- രൂപ)

സ്കോളർഷിപ്പുകൾ

ഇവിടുത്തെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഏതെങ്കിലും തരത്തിലുള്ള സ്കോളർഷിപ് ലഭിക്കുന്നുണ്ട്. 

ഓരോ ബ്രാഞ്ചിലെയും, മികച്ച മൂന്ന് വിദ്യാർത്ഥികൾക്ക് tuition fee waiver scheme ഉണ്ട്. ഇവർ ട്യൂഷൻ ഫീസ് അടക്കേണ്ട. ഇവരെ തിരഞ്ഞെടുക്കുന്നത്, എൻട്രൻസ് കമ്മീഷണറുടെ ഓഫീസാണ്.

ഓരോ ബ്രാഞ്ചിലെയും, 10000 ന്‌ താഴെ ഏറ്റവും മികച്ച എൻട്രൻസ് റാങ്ക് ഉള്ള,  രണ്ട് വിദ്യാർത്ഥികൾക്ക്, സംസ്ഥാനത്തെ  ഏതൊരു ഗവണ്മെന്റ് എഞ്ചിനീയറിംഗ് 
കോളേജിലെയും നിരക്കിൽ ട്യൂഷൻ ഫീസ് അടച്ചാൽ മതിയാകും. 

SC, ST, OEC, OBC(H) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് അടക്കേണ്ട. കൂടാതെ, ഇവർക്ക് കേരള സർക്കാരിന്റെ  E-Grantz അനുസരിച്ചുളള സ്റ്റൈപ്പന്റും ലഭിക്കും. 

SC-ST വിദ്യാർത്ഥികൾക്ക് സർക്കാരിൽ നിന്ന് സൗജന്യമായി ലാപ്ടോപ് ലഭിക്കും.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്  എല്ലാ ഫീസും E-Grantz ആയി കിട്ടുന്നതാണ്. ഇതിൽ, hostel ഫീസും ഉൾപ്പെടും.

OBC/ മുന്നോക്ക സമുദായങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് അർഹമായ E-Grantz സ്കോളർഷിപ്പുകൾ ലഭിക്കുന്നതാണ്.

വിവിധങ്ങളായ National Scholarship കളും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്. 

അഡ്മിഷൻ

ഇവിടുത്തെ ബി. ടെക്. കോഴ്സുകളിൽ ചേരാൻ താത്പര്യം ഉള്ളവർ സന്ദർശിക്കുക. www.ucet.ac.in  

       Contacts      കമ്പ്യൂട്ടർ (9495394511)
                            ഇലക്ട്രോണിക്സ് (9895429247) 
                            ഇലക്ട്രിക്കൽ (9995802339)
                            പോളിമർ (9447980555)

                            ഓഫീസ്  04862 256222



July 4, 2021

വിസ്മയമാർ ഉണ്ടാകുന്നത്

എല്ലാവരും പറയുന്നു, വധുവിന്റെ രക്ഷിതാക്കൾ സ്ത്രീധനം കൊടുത്തിട്ടാണ്, വരന്റെ രക്ഷിതാക്കൾ സ്ത്രീധനം വാങ്ങിയിട്ടാണ്, എന്നൊക്കെ.

അതൊന്നുമല്ല.

എല്ലാത്തിനും കാരണം, ദേ, ഈ അനുപാതം ആണ്. നമുക്ക് മാത്രമെന്ന്, കേരളം അഭിമാനത്തോടെ പറയുന്ന, സ്ത്രീ-പുരുഷ അനുപാതം (Female -Male Ratio).  2011  സെൻസസ് അനുസരിച്ച് ഈ ratio  കേരളത്തിന് 1.084. (ഇന്ത്യക്ക് 0.940).

അതായത്, കേരളത്തിൽ 1000 പുരുഷന്മാർക്ക്, 1084 സ്ത്രീകളുണ്ട് .

ഏറെ പ്രകീർത്തിക്കപ്പെടുന്ന "കേരള മോഡൽ" ന്റെ ഗുണഫലമാണിത്. കേരളത്തിലെ മികച്ച വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നിലവാരമുള്ള ആരോഗ്യം, ഭേദപ്പെട്ട വേതനം ഇവയൊക്കെ കാരണമാണ് ഈ അനുപാതം ഉയർന്നു നിൽക്കുന്നത്.

പുരുഷ ധനം 

ലളിതമായ ഒരു തത്വമുണ്ട്. നമുക്ക് ആവശ്യമുള്ളത്ര ഉത്പന്നങ്ങൾ വിപണിയിൽ മതി. 

എവിടൊക്കെ ഈ നിയമം തെറ്റുന്നോ, അവിടൊക്കെ ആ ഉത്പന്നത്തിന്റെ വില ഇടിയുന്നു. അതുകൊണ്ടാണ് സ്ത്രീധനം കൊടുക്കേണ്ടി വരുന്നത്.

Female -Male Ratio കുറവുള്ള സ്ഥലത്ത്, പുരുഷന്മാരുടെ എണ്ണം കൂടുതലും, സ്ത്രീകളുടെ എണ്ണം കുറവുമാണ്. അങ്ങനെയുള്ള ചില സ്ഥലങ്ങളിൽ വരൻ, വധുവിന് പുരുഷധനം കൊടുക്കണം. ഇത് നല്ലത്, എന്നല്ല പറയുന്നത്. വിവാഹത്തിന് ഒരു രീതിയിലുമുള്ള കൊടുക്കൽ വാങ്ങലുകളും ആവശ്യമില്ല. 

തീർച്ചയായും, സ്ത്രീക്ക് പുരുഷനൊപ്പം തന്നെ, കുടുംബസ്വത്തിനു അവകാശമുണ്ട്.പക്ഷേ, അത് മുഴുവൻ, വിവാഹസമയത്ത്, അതിനു മുൻപ് ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, അല്ലെങ്കിൽ ഒരിക്കലും കണ്ടിട്ടേ ഇല്ലാത്ത, വരനും രക്ഷിതാക്കൾക്കും കൊടുക്കുന്നത് എന്തിന്? അത് രക്ഷിതാക്കൾ വധുവിന്റെ പേരിൽ മാത്രമായി ഇടട്ടെ. പിന്നീട്, അവൾക്കും അവളുടെ കുഞ്ഞുങ്ങൾക്കും അത് പ്രയോജനപ്പെടും.

നെന്മണിയാൽ മരിക്കുന്ന പെൺകുഞ്ഞുങ്ങൾ 

പണ്ട്, ആൺകുഞ്ഞ് പിറന്നാൽ, കുരവയും ആർപ്പുവിളിയും.

പെൺകുഞ്ഞ്  ആണെകിൽ നിലവിളി, അല്ലെങ്കിൽ നിശ്ശബ്ദത. പിറന്നു വീഴുമ്പോഴേ, രക്ഷിതാക്കൾ വ്യാകുല ചിത്തരാകും, വിവാഹത്തിന് കൊടുക്കേണ്ട സ്ത്രീധനം ഓർത്ത്.

ആ ഗ്രാമത്തിൽ പെൺകുഞ്ഞുങ്ങൾ ജനിച്ചാലുടൻ ഒരു നെന്മണി വായിലേക്ക് ഇട്ടുകൊടുക്കും. അതോടെ, കുഞ്ഞ് ശ്വാസം മുട്ടി മരിക്കും. ഇത് കഥയല്ല. ഏറെ വർഷങ്ങൾക്കു മുൻപ്, വാർത്ത ആയിരുന്നു.

ആ രക്ഷിതാക്കളെ എങ്ങനെ കുറ്റപ്പെടുത്തും?

കുഞ്ഞ് ആണോ പെണ്ണോ?

Female -Male Ratio ഉയർന്നു നിൽക്കാൻ സർക്കാർ പല മാർഗങ്ങളും അവലംബിക്കുന്നു. ഗർഭിണി ആയിരിക്കുമ്പോൾ, കുഞ്ഞിന്റെ വളർച്ച പരിശോധിക്കാൻ സ്കാൻ  ചെയ്യും.പക്ഷേ, കുഞ്ഞ് ആണോ പെണ്ണോ എന്ന് ഒരു ഡോക്ടറും പറയില്ല. അമ്മ ചോദിച്ചാൽ പോലും. അത് പറയുന്നത് നിയമവിരുദ്ധമാണ്.

ചില രക്ഷിതാക്കളെങ്കിലും ഗർഭസ്ഥ ശിശു പെണ്ണ്, എന്നറിയുമ്പോൾ, അത് അലസിപ്പിച്ച് കളയാനുള്ള വഴികൾ നോക്കുമെന്നു സർക്കാരിന് അറിയാം.

പോംവഴി ഇത്തിരി  കടുത്തതാണ്, എങ്കിലും 

ഈ കോവിഡ് കാലത്ത്, മരണത്തിനും വിവാഹത്തിനുമൊക്കെ, 20 പേർ, 50 പേർ, എന്നൊക്കെ നിബന്ധനകൾ ഉണ്ട്. നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ പോലീസിന്റെ/ ആരോഗ്യ പ്രവർത്തകരുടെ കർശന നിരീക്ഷണവും ഉണ്ട്. ജനം ഈ നിയമങ്ങൾ ഒക്കെ പാലിക്കുന്നുമുണ്ട്.

ഇതുപോലെ, സ്ത്രീധനം പാടില്ല, എന്ന നിയമം മാത്രം പോരാ. അത് പാലിക്കുന്നുണ്ടോ എന്ന പരിശോധന കൂടി വേണം. പാലിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരും എന്ന ബോധ്യം മതി.

നെറ്റിപ്പട്ടം കെട്ടിയത് പോലെ ആഭരണവിഭൂഷിതയായി നിൽക്കുന്ന വധുവാണെങ്കിൽ, മുഹൂർത്തത്തിന് മുൻപ് തന്നെ, വരനും വരന്റെ രക്ഷിതാക്കളും അകത്താകും, എന്ന അവസ്ഥ വന്നാൽ ആഭരണഭ്രമം കുറയും. അത് വധുവിന്റെ ആണെങ്കിലും വരന്റെ ആണെങ്കിലും.

ഇതൊന്നും സാധിക്കുന്നില്ലെങ്കിൽ 

സാമൂഹ്യ ശാസ്ത്രജ്ഞർ വിമർശിച്ചെക്കും. എങ്കിലും പറയാതെ വയ്യ.

Female -Male Ratio ഉയർത്തുന്നതിനെക്കുറിച്ച് ഒന്നും ചിന്തിക്കേണ്ട. സ്കാനിങ് സമയത്ത്, കുഞ്ഞ് ആണോ പെണ്ണോ എന്ന് പറയുക. 

ആ പാവം പെൺകുഞ്ഞിനെ ഈ ലോകത്തേക്ക് പിറക്കാതിരിക്കാൻ എങ്കിലും അനുവദിക്കൂ.

May 19, 2021

മുഖങ്ങളില്ലാത്തവർ


ആദ്യ ഷോട്ട്. ക്രിക്കറ്റ് ബാറ്റുമായി ഗേറ്റ് തുറന്ന് പുറത്തേക്ക് വരുന്ന ഒരു കുട്ടി. ഒരു കളിപ്പാട്ടവും കൈയ്യിലുണ്ട്. 

അവൻ ഉണങ്ങിയ മടൽ നിലത്ത് കുത്തി നിർത്തി സ്റ്റമ്പ് ഉണ്ടാക്കുന്നു. അത് മറിഞ്ഞു വീഴാതിരിക്കാനായി, അവിടുന്നും ഇവിടുന്നുമൊക്കെ പെറുക്കി എടുത്ത കല്ലുകൾ മടലിനു ചുറ്റും അടുക്കി വെയ്ക്കുന്നു. അങ്ങനെ രണ്ടു മടൽ കുത്തി നിർത്തിയിരിക്കുന്നതാണ് പിന്നെ കാണുന്നത്. 

കുറെ നേരം പണിപ്പെട്ടാണ് അവൻ ഇത് സാധിക്കുന്നത്. എന്നാൽ പ്രേക്ഷകനിൽ മടുപ്പ് ഒഴിവാക്കാനായി, ദൈർഘ്യമേറിയ ആ സീൻ എഡിറ്റ് ചെയ്തു നീക്കിയിരിക്കുന്നു. 

എന്നിട്ടും കൂട്ടുകാർ എത്തിയില്ല. അവൻ വഴിയുടെ അരികിൽ ഇരുന്ന് കളിപ്പാട്ടവുമായി കളിച്ചുകൊണ്ടിരിക്കുകയാണ്. 

അപ്പോൾ, മുതിർന്ന രണ്ടു പേർ ക്രിക്കറ്റ് ബാറ്റുമായി  വേറൊരു വീടിന്റെ ഗേറ്റിൽ കൂടി പുറത്തേക്ക് വരുന്നു. വീടിന്റെ പോർച്ചിൽ ഒരു കാർ കിടക്കുന്നതും നമുക്ക് കാണാം.

അവർ കുട്ടിയെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ, വന്ന പാടെ, കുട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന സ്റ്റംപിൽ കളിക്കുകയാണ്. ഒരിക്കൽ പോലും കുട്ടിയെ കളിക്കാൻ ക്ഷണിക്കുന്നില്ല.

ബാറ്റ്പിടിച്ച്, നിരാശനായി അവൻ നോക്കിയിരിക്കുന്നു.

നിരാശയും, സങ്കടവും നിറഞ്ഞ കണ്ണുകൾ, പിന്നീട് ദേഷ്യത്തിലാകുന്നു.

അവൻ ചെന്ന് ബാറ്റുകൊണ്ട്, രണ്ടു മടലും തട്ടിക്കളയുന്നു. 

പിന്നത്തെ ഷോട്ട്, മുതിർന്ന കളിക്കാർ, കുട്ടിയുടെ ഇരുകൈയ്യിലും തൂക്കിയെടുത്തുകൊണ്ട് പോകുന്നതാണ്. 

കൊണ്ടുപോവുന്നത്, പ്രേക്ഷകനിൽനിന്ന് ദൂരേക്ക് ആണ്. എന്തായിരിക്കും ഇനി അവനു സംഭവിക്കാൻ പോകുന്നതെന്ന ആശങ്ക പ്രേക്ഷകനിൽ ബാക്കിയാകുന്നു.

അവസാനത്തെ ഷോട്ട്.

മുതിർന്നവരിൽ ഒരാൾ, നിലത്ത് അനാഥമായി കിടന്ന ആ കളിപ്പാട്ടം, കാലുകൊണ്ട് തോണ്ടി എറിയുന്നു, പ്രേക്ഷകന്റെ മുഖത്തേക്ക്.

ഏറ്റവും ശ്രദ്ധേയമായ കാര്യം, കുട്ടി ഒഴികെ ആരുടെയും മുഖങ്ങൾ കാണിക്കുന്നില്ല. അവരുടെ കാലുകളും, ക്രിക്കറ്റ് ബാറ്റും മാത്രമാണ് ദൃശ്യങ്ങളിൽ ഉടനീളം. ഇടയ്ക്ക് അവരുടെ വിജയാഹ്ലാദവും കേൾക്കാം. 

അതെ, അക്രമത്തിന് മുഖങ്ങളില്ല.

......................

ജോർജിയ്ക്കും crew വിനും അഭിനന്ദനങ്ങൾ.

May 1, 2021

കോളേജിലെ ഒരു Innovative Mind

 ഇന്നലെ  ഇലക്ട്രോണിക്സിലെ അനീഷ് സാർ അടുത്തെത്തി.  തെല്ല് മടിയോടെ ചോദിച്ചു. 

"മിസ്, തിരക്കാണോ? എന്റെ കൂടെ താഴെ വരെ ഒന്ന് വരാമോ?"

"പിന്നെന്താ?" ഞാൻ എഴുന്നേറ്റു. 

താഴെ എത്തിയപ്പോൾ ആദ്യം കണ്ടത്, ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന Automatic Sanitizer Dispenser. പിന്നീട്, കാണിച്ചു തന്നത്, മെയിൻ ബ്ലോക്കിന്റെ ഗ്രില്ലിനു മുൻപിൽ വാഷ് ബസിന്റെ അടുത്ത് സ്ഥാപിച്ചിരിക്കുന്ന Automatic Soap Dispenser.

അനീഷ് സർ പറഞ്ഞു. " ഇതിന് ഉപയോഗിച്ചത്, അവിടുന്നും ഇവിടുന്നും പെറുക്കി എടുത്ത ചില സാധനങ്ങളാണ്. ഒരു കഷ്ണം പി.വി.സി. പൈപ്പ്, വെള്ളം വാങ്ങിക്കുന്ന ഒരു കുപ്പി, ഒരു ഉപകരണം വാങ്ങിയപ്പോൾ കിട്ടിയ പെട്ടി, അങ്ങനെ അങ്ങനെ. പക്ഷേ, കുറച്ച് സാധനങ്ങൾ പണം കൊടുത്ത് വാങ്ങേണ്ടിയും വന്നു. ആദ്യം ഞാൻ ഇവയുടെ ഒരു മോഡൽ ഉണ്ടാക്കിയിരുന്നു.എന്നാൽ, അതിനു ചില പോരായ്മകൾ ഉണ്ടായിരുന്നു. അത് ഒക്കെ പരിഹരിച്ചാണ് ഇപ്പോൾ ഇത് രണ്ടും ഉണ്ടാക്കിയിരിക്കുന്നത്."

ഏതെങ്കിലും പാഴ്‌വസ്തുക്കൾ കാണുമ്പോൾ, അതിൽനിന്ന് ഉപയോഗക്ഷമമായ മറ്റൊന്ന് കണ്ടെത്താൻ കഴിയുന്ന Innovative Mind ഉള്ളത് ഒരു അനുഗ്രഹമാണ്. 

അതിനേക്കാൾ അനുഗ്രഹം, ഈ Innovative Mind ജോലി ചെയ്യുന്ന സ്ഥാപനത്തിനായി പ്രയോജനപ്പെടുത്താം എന്ന ചിന്ത ഉള്ളതാണ്.

Work -from-home കാലത്ത്, നിർബന്ധമായും ചെയ്യേണ്ട ഔദ്യോഗിക ജോലി കഴിഞ്ഞ്  കിട്ടുന്ന സമയം, സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ ചെയ്യാനാവും എല്ലാവർക്കും താത്പര്യം.  എന്നാൽ സ്വന്തം വീടിന്റെ ഒപ്പം മറ്റൊരു വീടും കൂടി ഉണ്ടെന്ന ഓർമ്മയാണ് ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം നൽകുന്നത്. 

അഭിനന്ദനങ്ങൾ, അനീഷ് സർ.

നന്ദിയും.



April 1, 2021

ശിലാലിഖിതങ്ങൾ

വൈകുന്നേരം സ്‌കൂൾ വിട്ടു. എന്നിട്ടും വീട്ടിൽ പോകാതെ രണ്ടു പേരും അവിടെത്തന്നെ ഉണ്ട്. സ്‌കൂളിന്റെ മുക്കും മൂലയും ഇരുവർക്കും സുപരിചിതം. ഇന്നെന്താണ് ചെയ്യേണ്ടത്? ക്ലാസിന്റെ ഒരു വശത്ത് മതിലിനോട് ചേർന്ന ഭാഗം മുഴുവൻ ചപ്പും ചവറും. അത് അടിച്ചു വാരി കൂട്ടി. ഗൗരിയമ്മയോട് തീപ്പെട്ടി വാങ്ങി അതിന് തീയിട്ടു. 

"വാ, നമുക്ക് എന്റെ വീട്ടിൽ പോകാം." ഷേർളി പറഞ്ഞു.

 ഷേർളിയുടെ 'അമ്മ അതേ സ്‌കൂളിൽ ടീച്ചറാണ്. അതുകൊണ്ട് അവർ സ്‌കൂളിന്റെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. അവിടെ ഷെർലിയുടെ അശ്ചൻ ഉണ്ട്. .അച്ചാച്ചൻ ലോപിച്ച് അശ്ചൻ ആയതാണ്.

"ചാണകക്കുഴിയിൽ നിന്ന് കേറി വന്നത് പോലെ ഉണ്ടല്ലോ? പോയി ഉടുപ്പ് മാറി വന്നാൽ, ഒരു ഫോട്ടോ എടുക്കാം." ചെളി പറ്റിയ യൂണിഫോം കണ്ട് അച്ഛൻ പറഞ്ഞു.

ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഇല്ലാത്ത കാലം. യഥാർത്ഥ ക്യാമറയിൽ തന്നെയാണ് ഫോട്ടോ എടുക്കുന്നത്. 

കേട്ട പാതി, ഷേർളി ഓടിപ്പോയി വേറെ ഉടുപ്പ് ഇട്ടു വന്നു. മറ്റേ ആൾ വിഷണ്ണയായി നിന്നു. വീട്ടിലെത്തി തിരിച്ച് വരണമെങ്കിൽ ഒരു മണിക്കൂർ എങ്കിലും എടുക്കും. 

" ഷേർളി, നീ ഷീലയുടെ ഒരു ടോപ്പ് എടുത്ത് കൊടുക്ക്‌. അച്ഛൻ.

ഫോട്ടോ എടുത്തപ്പോൾ, അടുത്ത ക്വാർട്ടേഴ്സിലെ ഗോപാലകൃഷ്ണൻ സാറിന്റെ കുട്ടിയും കൂടി ഇരുന്നു.

എപ്പോൾ കണ്ടാലും വിശേഷങ്ങൾ ചോദിക്കുന്ന, പറയുന്ന, അച്ഛൻ. 

കഴിഞ്ഞ ദിവസം മരിച്ചു.

ഷേർളി എൻജിനീയറായി. തിരുവനന്തപുരം ഗവണ്മെന്റ് എൻജിനീയറിങ് കോളേജിലെ പഠനകാലത്ത് കോളേജ് വൈസ് ചെയർമാൻ ആയിരുന്നു.

പൂവിന് മാത്രമല്ല, കല്ലിനും ഭംഗിയുണ്ട് 

ഒരിക്കൽ ഷീല ചേച്ചി പറഞ്ഞു. "എല്ലാവരും പറയുന്നു. പൂക്കൾക്ക് ഭംഗിയുണ്ടെന്ന്. എനിക്ക് തോന്നുന്നത് പ്രകൃതിയിലെ എല്ലാത്തിനും ഭംഗി ഉണ്ടെന്നാണ്. കല്ലിനും ഭംഗിയില്ലേ?"

സ്‌കൂളിൽ കവിത എഴുത്തിന് സമ്മാനങ്ങൾ വാങ്ങിയിരുന്നു. പതതാം ക്ലാസിൽ സ്‌കൂളിലെ ഏറ്റവും ഉയർന്ന മാർക്ക്. പിന്നീട് ഡോക്ടറായി. 

വിവാഹിത. രണ്ടു കുഞ്ഞുങ്ങളുടെ 'അമ്മ. 

പക്ഷേ, മുപ്പത്തി ഏഴാം വയസിൽ മരിച്ചു.

കല്ലിൽ കൊത്തുന്നത് അത്ര പെട്ടെന്നൊന്നും മായില്ല.

കല്ലെഴുത്തുകൾക്ക് ആയുസ് ഏറെയാണ്.

January 23, 2021

എത്രയും ബഹുമാന്യയായ....

 "ഉദയനാണ് താരം" രോഷൻ ആംഡ്‌റൂസ് സിനിമ. 

സംവിധായകനായ ഉദയന്റെ  (മോഹൻ ലാൽ) ആദ്യ ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത് സരോജ് കുമാർ (ശ്രീനിവാസൻ). ചിത്രത്തിന്റെ നിർമാതാവ് ബേബിക്കുട്ടൻ (മുകേഷ്).

ഷൂട്ടിങ്ങ് സമയത്ത് ഉദയന് തുടർച്ചയായി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് സരോജ് കുമാർ.

"നായകൻ നായികയോട് മാപ്പ് പറയുന്ന സീൻ ആണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് ?"  ഉദയൻ 

"ഞാൻ മാപ്പ് പറയാനോ? അതും ഒരു പെണ്ണിനോട്? എന്റെ ഇത് വരെയുള്ള ഒരു ചിത്രത്തിലും ഞാൻ ആരോടും മാപ്പ് പറഞ്ഞിട്ടില്ല. വേണമെങ്കിൽ അവൾ എന്നോട് മാപ്പ് പറയട്ടെ. എന്റെ അനുമതിയില്ലാതെ ഇറങ്ങിപ്പോയതിന്. അങ്ങനെ തിരക്കഥ മാറ്റിയെഴുതൂ." സരോജ് കുമാർ

എന്ത് പറയണമെന്നറിയാതെ ഉദയൻ അന്തിച്ച് നിൽക്കുമ്പോൾ ബേബിക്കുട്ടൻ ഇടപെടുന്നു.

"അതെന്താണെന്നു അറിയാമോ സരോജ്? ഇതിൽ വേറൊരു സീനിൽ നായിക നായകനോട് മാപ്പ് ചോദിക്കുന്നുണ്ട്. മാത്രവുമല്ല, അവസാനം എല്ലാ കഥാപാത്രങ്ങളും സരോജിനോട് മാപ്പ് ചോദിക്കുന്ന ഒരു സീനുമുണ്ട്. അതുകൊണ്ട് ഈ സീൻ ഇങ്ങനെ തന്നെ ഇരിക്കട്ടെ.?" ബേബിക്കുട്ടൻ.

"അങ്ങനെയാണെങ്കിൽ ശരി." സരോജ് കുമാർ

കുറച്ച് കഴിയുമ്പോൾ സരോജ് വീണ്ടും..

"ക്യാമറ ക്രെയിനിൽ വെയ്ക്കൂ.." സരോജ് കുമാർ

"അല്ല, ഈ സീനിൽ ക്യാമറ ട്രാക്ക് ആൻഡ് ട്രോളിയിൽ ആണ്?"  ഉദയൻ 

വാശി പിടിച്ച് നിൽക്കുന്ന സരോജിനെ വരുതിയിലാക്കാൻ വീണ്ടും ബേബിക്കുട്ടൻ എത്തുന്നു.

"അത് സരോജ്... ഇതിനു മുൻപുള്ള രണ്ടു സീനിൽ ക്യാമറ ക്രെയിനിൽ ആണ്.അതുകൊണ്ടാണ് ഈ സീനിൽ...?" ബേബിക്കുട്ടൻ 

"അങ്ങനെ ആണെങ്കിൽ കുഴപ്പമില്ല. ഇത് ആദ്യമേ പറയണ്ടേ?" സരോജ് കുമാർ

അപ്പോൾ ബേബിക്കുട്ടൻ ഉദയനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്....

സിനിമ അവിടെ നിൽക്കട്ടെ.


അല്പം കാര്യം 

നമുക്ക് ആരോടെങ്കിലും ബഹുമാനം തോന്നണമെങ്കിൽ ആദ്യം സ്നേഹം ഉണ്ടാവണം. സ്നേഹം ഇല്ലാതെ ബഹുമാനം തോന്നുമോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. സ്നേഹമില്ലെങ്കിൽ പിന്നെ തോന്നുന്നത് ഭീതിയാണ്. 

സ്നേഹമില്ല, ബഹുമാനമില്ല. യാത്രയിൽ നമ്മെ കടന്നു പോകുന്ന അപരിചിതനായ വഴിപോക്കനോട് തോന്നുന്ന പരിഗണന പോലുമില്ല. എങ്കിലും നമ്മെ ആരെങ്കിലും " ആദരണീയനായ/ ബഹുമാന്യനായ/ സംപൂജ്യനായ" എന്നൊക്കെ വിശേഷിപ്പിച്ചാൽ എന്ത് തോന്നും? 

അവർ നമ്മെക്കാൾ ഉയർന്നു നിൽക്കുന്നു. അതുകൊണ്ട്  അവർക്കു നമ്മോട് പരിഹാസം..ആക്ഷേപം, പുച്ഛം..ഇത്യാദി വികാരങ്ങൾ.

ഈ കാപട്യം മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ. അതുകൊണ്ട്, ഞാനാണെങ്കിൽ ആ നിമിഷം ഓർമ്മിക്കുന്നത് ബേബിക്കുട്ടന്റെ ആ ഡയലോഗ് ആണ്.

എല്ലാവരും ഇങ്ങനെ തന്നെയാവും എന്നാണ് ഞാൻ കരുതുന്നത്. 

സ്നേഹം, ബഹുമാനം, പരിഗണന, ഇവയൊക്കെ നമ്മുടെ സ്വാഭാവിക പെരുമാറ്റത്തിൽ നിന്ന് മറ്റുള്ളവർക്ക്  മനസിലാകും. 


താങ്കൾ എന്ന വ്യക്തിയെ അല്ല..

അപ്പോൾ ഒരു വാദം ഉയർന്നേക്കാം. 

"ഞാൻ അഭിസംബോധന ചെയ്തത്, താങ്കൾ എന്ന വ്യക്തിയെ അല്ല. മറിച്ച് ആ പദവിയെ ആണ്."

അങ്ങനെയെങ്കിൽ, എല്ലാ സന്ദർഭങ്ങളിലും ഈ "പദവി പരിഗണന" ഉണ്ടാവണം. അല്ലാതെ, നമ്മെ "സരോജ കുമാരി" ആക്കാനായി "ആദരിക്കരുത്".

December 30, 2020

അഖിലയ്‌ക്ക് അനുമോദനങ്ങൾ

 



തനൂജ മിസ് എന്നോട് പറഞ്ഞു.

"ഞാൻ മുൻപ് പല സന്ദർഭങ്ങളിലും അവരോടൊക്കെ പറഞ്ഞിട്ടുണ്ട്.......ഇത്തരം കാര്യങ്ങൾ കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. ഈ കോളേജിന്റെ ചരിത്രത്തിൽ, പൂർവ്വ വിദ്യാർത്ഥികളിൽ ഒരാളും, ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല. അതുകൊണ്ട്, വെറുതെ സമയം പാഴാക്കരുത്. നന്നായി എഞ്ചിനീയറിംഗ് പഠിച്ച്, ജയിക്കാൻ നോക്കൂ. എന്നിട്ട്, ഒരു ജോലി നേടാൻ ശ്രമിക്കൂ. എന്നൊക്കെ.....അവസാനം ഞാൻ അഡ്വൈസർ ആയ ക്ലാസിൽ നിന്ന് തന്നെ ഒരു മിടുക്കി പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. മിസ്, ഇനി എനിക്ക് ഈ ന്യായം പറയാൻ സാധിക്കില്ലല്ലോ. എന്തായാലും, അഖിലയെക്കുറിച്ച് എനിക്ക്
 ഇപ്പൊൾ സന്തോഷമാണ്, അഭിമാനവും.""

ഇത്തവണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പൂവാർ പഞ്ചായത്തിലെ, അരുമാനൂർ വാർഡിൽ നിന്ന്‌ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച അഖില അനിൽകുമാർ, ഈ കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. 

അടുത്ത വർഷം രജതജൂബിലി ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ്, ഇവിടുന്ന് ഒരു വിദ്യാർത്ഥി(നി), ഒരു പൊതു തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.

വെറും പുസ്തകപ്പുഴു ആയല്ല, വെറും എഞ്ചിനീയർ ആയല്ല, വിദ്യാർത്ഥികൾ ഇവിടെ നിന്ന് പഠിച്ച് പുറത്തിറങ്ങുന്നത്. എൻജിനീയറിംഗ് പഠിക്കുന്നതിന് ഒപ്പം  സാമൂഹിക പ്രതിബദ്ധതയും  ജനാധിപത്യ വിശ്വാസവും അവർ ഇവിടെ നിന്ന് ആർജ്ജിക്കുന്നുണ്ട്.

ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർഥികളും, പഠനശേഷം, ഒരു എഞ്ചിനീയറായി സമൂഹത്തെ സേവിക്കും. എന്നാ, അഖില അല്പം വേറിട്ടു ചിന്തിച്ചു. സമൂഹത്തെ സേവിക്കാൻ തന്റെ എൻജിനീയറിംഗ് പശ്ചാത്തലം ഉപയോഗിക്കാനാണ് തീരുമാനിച്ചത്.

അഖില, ഞങ്ങൾക്ക് അഭിമാനമുണ്ട്. തികഞ്ഞ ആത്മാർത്ഥതയോടെ, അർപ്പണബോധത്തോടെ സമൂഹത്തെ സേവിക്കാൻ, ദേശത്തിന് ആവശ്യമുള്ള കാര്യങ്ങൾ, ചെയ്തു കൊടുക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു. 

കൂടാതെ, പഞ്ചായത്തിലെ ഒരു വാർഡിൽ മാത്രമായി താങ്കളുടെ സേവനം ചുരുങ്ങാതെ, ഒരു നിയമസഭാ മണ്ഡലത്തിലോ, ലോകസഭാ മണ്ഡലത്തിലോ ഉള്ള ജനങ്ങൾക്കും താങ്കളെ പ്രതിനിധിയായി ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

ഈ കാര്യം മിസ് ഇവിടെ എഴുതിയത് ശരിയാണോയെന്ന് സംശയിക്കുന്നവർ  ഉണ്ടാകും. ഈ കോളേജിലെ ഒരു വിദ്യാർത്ഥി, ഒരു പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, നിഷ്പക്ഷമായി, കൊടിനിറം നോക്കാതെ, അവരെ അഭിനന്ദിച്ചുകൊണ്ട് ഒരു പേജ് ഈ ബ്ലോഗിൽ ഉണ്ടാവും. ഞാൻ ഈ കോളേജിൽ ഉള്ള കാലമത്രയും ഇങ്ങനെ ചെയ്യും. ആ ഉത്തമബോധ്യം ഉള്ളതിനാലാണ് ഇത് ഇവിടെ എഴുതിയത്.  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി


വ്യക്തതക്കായി, ഏതാനും വാചകങ്ങൾ കൂടി എഴുതണമെന്ന് തോന്നി. 

പ്രത്യക്ഷമായോ, പരോക്ഷമായോ രാഷ്ട്രീയത്തിൽ താത്പര്യമില്ലാത്ത പൗരന്മാരുടെ എണ്ണം വളരെ കുറവായിരിക്കും. എങ്കിലും, ഒരു അധ്യാപിക എന്ന നിലയ്ക്ക്, വിദ്യാർത്ഥികൾ പഠനത്തിന് പ്രാധാന്യം കൊടുക്കണമെന്ന പക്ഷക്കാരിയാണ് ഞാൻ. 

ഇതിന്‌ പല കാരണങ്ങൾ ഉണ്ട്. വോട്ടവകാശം ഉള്ളവരാണ് കോളേജിൽ ഉള്ളത്. എന്നാലും, ഏതാനും ചിലർക്കെങ്കിലും ചില സന്ദർഭങ്ങൾ കൈകാര്യം ചെയ്യാനുള്ള പക്വത ആർജ്ജിച്ചിട്ടുണ്ടോ എന്ന് സംശയിച്ചിട്ടുണ്ട്. അതുകൊണ്ട്, സംഘർഷത്തിലേക്ക് വഴുതി വീഴുന്ന സാഹചര്യങ്ങൾ ഉണ്ടാവുന്നുണ്ട്.

കൂടാതെ, വളരെ ചുരുക്കം പേർക്ക് മാത്രമാണ്, പഞ്ചായത്തിൽ/ നിയമസഭയിൽ/ലോകസഭയിൽ ഒക്കെ അംഗമാകാൻ സാധിക്കുന്നത്. (ഇതൊക്കെ ആവാൻ മാത്രം അല്ലല്ലോ, രാഷ്ട്രീയത്തിൽ ഇടപെടുന്നത്, എന്ന മറുചോദ്യം നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്‌). അപ്പോൾ സാധാരണക്കാരനായ ഒരു വ്യക്തിക്ക് ജീവിക്കാൻ ഒരു തൊഴിൽ വേണമല്ലോ. അതിന് നന്നായി പഠിച്ച് ജോലി സമ്പാദിക്കുക അല്ലാതെ എന്താണ് പോംവഴി? 

കൂടാതെ, പഞ്ചായത്തിൽ/ നിയമസഭയിൽ/ലോകസഭയിൽ ഒക്കെ നമ്മെ പ്രതിനിധീകരിക്കുന്നത്, ഒരു ചെറിയ കാര്യമല്ല. എന്നെപ്പോലെയുള്ള സാധാരണക്കാരുടെ നാവാണ് അവർ. അപ്പോൾ, അത് നേടിയെടുക്കുന്ന നമ്മുടെ കോളേജിലെ ഒരു വിദ്യാർത്ഥിയെ, അത് ഏത് പാർട്ടി ആണെങ്കിലും, അഭിനന്ദിക്കേണ്ടതാണ്. 

അങ്ങനെ ഒരു അനുമോദന കുറിപ്പ് എതിർ പാർടിയിലെ വിദ്യാർത്ഥിയെക്കുറിച്ച് എഴുതി ഇടുമ്പോൾ, എല്ലാവരും കൂടി എന്നെ ശകാരിക്കാൻ വരുമോ? 

November 22, 2020

എഞ്ചിനീയറിങ്ങും ചാനൽ സംപ്രേഷണവും

തങ്കുപ്പൂച്ചേ,... മീട്ടുപ്പൂച്ചേ ....

ഇത് പൊതു സമൂഹത്തിൽ ഉയർത്തിയ അനുരണനങ്ങൾ ചെറുതല്ല. 

lockdown സമയത്ത് Victers ചാനലിൽ ചെറിയ കുട്ടികൾക്ക് വേണ്ടി സായിശ്വത ടീച്ചർ നടത്തിയ ക്ലാസ്. പഠിപ്പിക്കുന്ന വിഷയത്തിൽ ലയിച്ച്,  ആത്മാർത്ഥതയോടെ, എടുത്ത ക്ലാസ്. ടീച്ചറിന്റെ തൊട്ടുമുൻപിൽ ഇരിക്കുകയാണ് കുട്ടികളെന്ന് നമുക്ക് തോന്നും.

"എനിക്ക് ആ ടീച്ചർ പഠിപ്പിക്കുന്ന സ്‌കൂളിൽ പോയാൽ മതി" എന്ന് കുഞ്ഞുങ്ങളെക്കൊണ്ട് പറയിച്ച ക്ലാസ്. 

കുഞ്ഞുങ്ങൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഇഷ്ടമാകുന്ന വിധം തികഞ്ഞ കൈയടക്കത്തോടെ നടത്തിയ ക്ലാസ്. കുഞ്ഞുങ്ങളുടെ ഭാവന വികസിപ്പിക്കുന്ന, അതിൽ സ്നേഹത്തിന്റെയും കനിവിന്റെയും ഉറവ ജനിപ്പിക്കുന്ന, അവരുടെ സംസാരശേഷിയും ശ്രദ്ധയുമൊക്കെ മെച്ചപ്പെടുത്തുന്ന ക്ലാസ്. 

 എഞ്ചിനീയറിങ്ങ് കോളേജിലെ Induction Programme 

സർക്കാരിന്റെ നിർദ്ദേശമനുസരിച്ച്, ഡിസംബർ 1 ന് ഒന്നാം വർഷ ബി ടെക് ക്ലാസ് ആരംഭിക്കുകയാണ്.  ഒന്നാം വർഷക്കാരെ സിലബസ് പഠിപ്പിക്കുന്നതിന് മുൻപ്, AICTE  മാർഗ്ഗനിർദ്ദേശം അനുസരിച്ച്, മൂന്നാഴ്‌ച നീളുന്ന Induction Programme നടത്തണം. 

ഒരു എഞ്ചിനീയർക്ക് അവന്റെ വിഷയത്തിൽ നല്ല അറിവും പ്രവൃത്തിപരിചയവും ആവശ്യമാണ്. ഒപ്പം തന്നെ താനുൾപ്പെടുന്ന സമൂഹത്തെക്കുറിച്ച് ബോധ്യമുള്ള പൗരനുമാവണം. ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുന്ന ഒരു നല്ല മനുഷ്യനുമാകണം. ഇതൊക്കെ സ്വായത്തമാക്കണമെങ്കിൽ എഞ്ചിനീയറിങ്ങിനു പുറമേ, മറ്റു ചില കഴിവുകളുംകൂടി വിദ്യാർത്ഥി ആർജ്ജിക്കേണ്ടതാണ്. 

ഏതൊരു വിദ്യാർത്ഥിയുടെയും ജീവിതത്തിലെ നാഴികക്കല്ലാണ്, സ്‌കൂളിൽനിന്ന് കോളേജിലേക്കുള്ള മാറ്റം. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽനിന്ന് , ഭിന്നങ്ങളായ കഴിവുകളോടെയാണ്, വിദ്യാർത്ഥികൾ കോളേജിൽ എത്തുന്നത്. കൂടാതെ, ചെറിയ അങ്കലാപ്പും ചില ആശങ്കകളുമുണ്ടാകും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവനെ (ളെ) പ്രാപ്തനാക്കുന്നത് വളരെ പ്രധാനമാണ്. അപരിചിതങ്ങളായ സാഹചര്യങ്ങളെ നേരിട്ട്, സീനിയേഴ്സ്, അതുപോലെ ഒപ്പം പഠിക്കുന്നവർ, അധ്യാപക-അനധ്യാപകർ ഇവരുമൊക്കയായി, ഇണങ്ങി, കോളേജിൽ പഠിക്കണം.

വെറുതെ പഠിച്ചാൽ പോരാ, നല്ല മികവോടെ, എന്നാൽ ഒട്ടും മത്സരബുദ്ധി ഇല്ലാതെ.

ഇതിന് എല്ലാവർക്കും വ്യത്യസ്തങ്ങളായ കഴിവുകളാണെന്നു തിരിച്ചറിയണം. അതിന് അവനവനെ ആദ്യം മനസ്സിലാക്കണം. 

ഇതൊക്കെ സാധ്യമാക്കാനാണ് Induction Programme നടത്തണമെന്ന്  AICTE നിഷ്കർഷിക്കുന്നത്. 

കലാ-സാഹിത്യ-സാംസ്കാരിക-പ്രവർത്തനങ്ങൾ, പ്രശസ്തരായ വ്യക്തികൾ നടത്തുന്ന പ്രഭാഷണങ്ങളും ശില്പശാലകളും, കോളേജ്-ഡിപ്പാർട്മെന്റ്-ലൈബ്രറി- ഗ്രൗണ്ട്, കൂടാതെ കോളേജിന്റെ സമീപ പ്രദേശങ്ങളുടെയും  സന്ദർശനം, mentoring, Universal Human Values (UHV), Physical activity, തുടങ്ങിയ പാഠ്യേതര വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്. കഴിയുന്നതും ഏതാണ്ട്, 20 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി വിദ്യാർത്ഥികളെ വിഭജിച്ച് വേണം ആക്ടിവിറ്റികൾ നടത്താൻ.

സർക്കാരും യൂണിവേഴ്‌സിറ്റിയും മനസ്സുവെച്ചാൽ...

കേരളത്തിലെ എല്ലാ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾക്കും (ഗവണ്മെന്റ് എന്നോ പ്രൈവറ്റ് എന്നോ  വ്യത്യാസമില്ലാതെ) പഠനനിലവാരവും വ്യക്തിത്വ വികസനവും ഒരുപോലെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ, സർക്കാരും യൂണിവേഴ്‌സിറ്റിയും. 

അതുകൊണ്ട്, സ്‌കൂൾ കുട്ടികൾക്കായി നടത്തിയത് പോലെ, Victers  ചാനലിൽ Induction Programmeന്റെ ഭാഗമായി ചില പരിപാടികൾ എങ്കിലും സംപ്രേഷണം ചെയ്‌താൽ നന്നായിരിക്കും. 

ഇതുകൊണ്ട് പല ഗുണങ്ങൾ ഉണ്ട്. 

ഏറ്റവും പ്രധാനം, എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള ഏതാനും പരിപാടികൾ എങ്കിലും വീക്ഷിക്കാൻ സാധിക്കുമെന്നതാണ്. 

ഇപ്പോൾ ഓൺലൈൻ ക്ലാസിന്റെ നിലവാരം, ഇന്റർനെറ്റ് ലഭ്യത/വേഗത എന്നിവയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ Victers  ചാനലിൽ സംപ്രേഷണം ചെയ്‌താൽ, ഇത്തരം തടസ്സങ്ങൾ Induction Programmeനെ ബാധിക്കില്ല.  

എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഇപ്പോൾ, 3, 5, 7, എന്നീ സെമസ്റ്ററുകളിലെ ഓൺലൈൻ ക്‌ളാസ് നടന്നുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ ക്ലാസിന് ചില ഗുണങ്ങൾ ഉണ്ടെങ്കിലും പോരായ്മകളും ഉണ്ട്. ഇത് സിലബസിലുള്ള വിഷയങ്ങളുടെ കാര്യം. അപ്പോൾ പിന്നെ, person-to-person ഇടപെടലുകൾ ആവശ്യമുള്ള പരിശീലനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് പരിമിതികളുണ്ട്. 

മികച്ച രീതിയിൽ Induction Programme നടത്തുന്ന കുറച്ച് വ്യക്തികളും/സ്ഥാപനങ്ങളും ഉണ്ട്. എല്ലാ കോളേജുകളും ഒരേ സമയത്ത് Induction Programme നടത്തുന്നതിനാൽ, മുൻപറഞ്ഞ വ്യക്തികൾക്ക്, തങ്ങളെ ആവശ്യപ്പെട്ടു വരുന്ന എല്ലാവർക്കും സേവനം നൽകാൻ സാധിക്കാതെ വരുന്നു. 

പല കോളേജുകൾക്കും മേൽപ്പറഞ്ഞ വ്യക്തികളെ afford ചെയ്യാൻ സാധിക്കാറുമില്ല.

എഞ്ചിനീയറിങ്ങ് വിഷയങ്ങളിലും സംപ്രേഷണം ആവാം

 
ചാനൽ സംപ്രേഷണം, Induction Programmeൽ മാത്രം ഒതുക്കേണ്ട. സമർത്ഥരായ ഒട്ടേറെ എഞ്ചിനീയറിങ്ങ് അദ്ധ്യാപകരുണ്ട്. പക്ഷേ, അവരുടെ ഒക്കെ സേവനം, അതതു കോളേജുകളിൽ മാത്രമായി ഒരുങ്ങിപ്പോകുകയാണ്. ഇത് ദേശത്തിന്റെ നഷ്ടം തന്നെയാണ്. മാത്രമല്ല, മാനവ വിഭവശേഷി പൂർണമായ തോതിൽ ഉപയോഗിക്കപ്പെടുന്നുമില്ല. ഇവർ പഠിപ്പിക്കുന്ന കോളേജുകളിൽ പ്രവേശനം കിട്ടാത്ത ഒറ്റ കാരണത്താൽ, മറ്റു വിദ്യാർത്ഥികൾക്ക്, ഇവരുടെ വൈദഗ്ദ്യം നഷ്ടപ്പെടുത്തിക്കൂടാ.

lockdown കാലത്ത് ASAP പോർട്ടലിൽ ഓൺലൈൻ ക്ളാസുകൾ എടുക്കാനുള്ള സൗകര്യം കൊടുത്തിരുന്നു. ഇതൊരു സാങ്കേതിക മുന്നേറ്റം തന്നെയാണ്. ചാനൽ സംപ്രേഷണം നടത്തിയാൽ  കൂടുതൽ വിദ്യാർത്ഥികളിൽ ക്‌ളാസ് എത്താൻ സഹായകമാകും.

November 15, 2020

അവസാനത്തെ കുപ്പായം

ഓഡിറ്റോറിയത്തിൽ ഏറ്റവും പുറകിലായി കുറെ ബെഞ്ച് ഇട്ടിരിക്കുന്നു. അവിടെ ചേച്ചിമാരാണ്  ഇരിക്കുന്നത്. പൈതങ്ങൾ എല്ലാം സ്റ്റേജിന്റെ മുൻപിൽ ചമ്രം പടിഞ്ഞിരിക്കുന്നു.  

ഒരു സുന്ദരി ചേച്ചിയാണ് ഇപ്പൊൾ സ്റ്റേജിൽ. ചേച്ചി മൈകിന് മുമ്പിൽനിന്ന്  അങ്ങേയറ്റം ശ്രുതി മധുരമായി പാടുകയാണ്. ഗിരിജചേച്ചിയെ മിക്കവാറും കാണുന്നതാണ്. ഇത്രയും നന്നായി പാടുമെന്ന് അറിഞ്ഞിരുന്നില്ല. നീളൻ പട്ടുപാവാടയും, നീണ്ട് ഇടതൂർന്ന മുടിയും കാറ്റത്ത് പറക്കുന്നു. ഏതോ ചലച്ചിത്രത്തിലെന്നപോലെ ഒരു ദൃശ്യം...

"പൂവുകൾക്ക്‌ പുണ്യകാലം
മെയ്മാസ രാവുകൾക്ക്‌ വേളിക്കാലം.....
മാനത്തെ നവരത്ന വ്യാപാരത്തെരുവുകളിൽ 
മഞ്ചൽ ഏറി വന്നിറങ്ങിയ രത്നവ്യാപാരി...."

വയലാർ രാമവർമ രചിച്ച്, ദേവരാജൻ മാഷ് ഈണമിട്ട്, സുശീല പാടിയ ഗാനം. ചിത്രം ചുവന്ന സന്ധ്യകൾ 

ഈ പാട്ട്, പിന്നെ എപ്പോഴൊക്കെ കേട്ടിട്ടുണ്ടോ, പ്പോഴൊക്കെ, എന്റെ മനസ്സിൽ വരുന്നത് ഗിരിജ ചേച്ചി  പാട്ട് പാടിയ രംഗമാണ്.

വർഷങ്ങൾക്ക് ശേഷം, അടുത്തിടെ ആ സുന്ദരിപ്പാട്ടുകാരിയെ കണ്ടൂ. അതിസുന്ദരിയായ മകളോടൊപ്പം. 

വാക്കുകളും ഈണങ്ങളും 


എന്തുകൊണ്ടോ, എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഇത്. ചില ഇഷ്ടങ്ങൾക്ക്‌ കാരണം കണ്ടെത്തുക ദുഷ്കരമാണ്.

ചലച്ചിത്ര ഗാനങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ചില വാക്കുകൾ ഉണ്ട്. നമ്മൾ കേട്ടു കേട്ട് തഴമ്പിച്ച വാക്കുകൾ. കേൾവിയിലും അർത്ഥത്തി ലും വളരെ മൃദുവായ വാക്കുകൾ.  

പക്ഷേ, വേറെ ഏതു പാട്ടിലാണ് "വ്യാപാരത്തെരുവ്‌",  "വ്യാപാരി" തുടങ്ങിയ വാക്കുകൾ ഉള്ളത്? വിപണനവുമായി ബന്ധപ്പെട്ട ഈ വാക്കുകൾ, ഒരു കവിതയിലോ ചലച്ചിത്ര ഗാനത്തിലോ അനുയോജ്യമാവില്ല എന്ന ഒരു പൊതു വിശാസം ഉണ്ടോ?

അഥവാ, ഉണ്ടെങ്കിൽത്തന്നെ, ഈ പൊതുബോധ്യത്തിന്  ചില അപവാദങ്ങൾ ഉണ്ട്. ഭാസ്കരൻ മാഷ് എഴുതി, ബാബുരാജ് സംഗീതം പകർന്ന്, എസ്. ജാനകി ആലപിച്ച ആ പ്രശസ്ത ഗാനം. ചിത്രം അന്വേഷിച്ചു, കണ്ടെത്തിയില്ല.

"കവിളത്തെ കണ്ണീർ കണ്ട് 
മണിമുത്താണെന്ന് കരുതി
വില പേശാൻ  ടിയെത്തിയ  
വഴിയാത്രക്കാരാ...
വഴിയാത്രക്കാരാ..."

ജ്ഞാനപീഠ പുരസ്കാരം നേടിയ കവി ജി. ശങ്കരക്കറുപ്പിന്റെ ഒരു കവിതയുണ്ട്.

ശ്രാന്തമംബരം  
നിദാഘോഷ്മള  സ്വപ്നാക്രാന്തം
താന്ത മാരബ്ധ ക്ലേശ രോമന്ഥം 
മമ  സ്വാന്തം....

കടുകട്ടി വാക്കുകളുള്ള ഈ കവിത യേശുദാസ് ആലപിച്ച്, അഭയം ചലച്ചിത്രത്തിൽ (സംവിധാനം രാമു കാര്യാട്ട്) ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഒരിക്കൽ, ജി. ശങ്കരക്കറുപ്പ്‌, ഈ കവിതക്ക് ഈണം നൽകിയ ദക്ഷിണാമൂർത്തിയെ കണ്ടുപ്പോൾ ചോദിച്ചു.

"ഓ, ഇതാണോ എന്റെ കവിതക്ക് ഈണം നൽകി പഞ്ഞിപോലെ ആക്കിയ ആൾ?"

ഊരിയെറിയുന്ന കുപ്പായങ്ങൾ 

ഗിരിജചേച്ചിക്കു ശേഷം എത്തിയത് രാധി. അസാദ്ധ്യമായി  ഏകാഭിനയം ചെയ്യും. നടന്നു വന്നപ്പോൾ തന്നെ എല്ലാവരും കൈ അടിച്ചു. ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. 

വീണ്ടും കൈയ്യടി.

പക്ഷേ, പൊടുന്നനെ രാധി താൻ ധരിച്ചിരുന്ന പാവാട ഊരി മാറ്റാൻ തുടങ്ങി.

കൈയ്യടിയും ചിരിയും നിന്നു. സദസ്സ് ഞെട്ടി.

ഇവൾ എന്താണ് ഈ കാണിക്കുന്നത്? സദസ്സിൽ മുറുമുറുപ്പ്. 

അതാ, പാവാടയുടെ അടിയിൽ പാന്റ്സ്. ഞങ്ങൾക്ക് സമാധാനമായി. പിന്നീട്, ധരിച്ചിരുന്ന, ബ്ലൗസും ഊരി മാറ്റി. ഒരു ഷർട്ട് ഞങ്ങ കണ്ടു.

അതോടെ, സദസ്സ് ആർത്ത് ചിരിക്കാൻ തുടങ്ങി. ഇങ്ങനെ വേഷം മാറുന്ന രീതി അതിനു മുൻപ് ഞങ്ങൾ കണ്ടിട്ടേ ഇല്ലായിരുന്നു. പുതുമയാർന്ന പ്രകടനം. പുതിയ കഥാപാത്രത്തിന് ചേരുന്ന വേഷവിധാനവുമായി വീണ്ടും ഏകാഭിനയം.

തീർന്നില്ല. 

ഇട്ടിരുന്ന ഷർട്ട് ഊരിമാറ്റി. അടിയിൽ ഒരു ബനിയൻ. അടുത്ത് വെച്ചിരുന്ന മുണ്ട്, പാന്റ്സിന്റെ മുകളിൽ ഉടുത്തു.

ഒരു നാടൻ കഥാപാത്രത്തെ ഞങ്ങ കണ്ടു. പിന്നെ ഞങ്ങ കേട്ടു.

തകർപ്പൻ കൈയ്യടി.

കുറെ നാൾ മുൻപ്, ഷീബ പറഞ്ഞു. 

"പാൽപാത്രം വീട്ടിന്റെ വെളിയിൽത്തന്നെ ഇരിക്കുകയായിരുന്നു. രാധിയെ വെളിയിലേക്ക് കണ്ടതുമില്ല. ഉണ്ണി അയലത്തെ രണ്ടുമൂന്ന് പേരുമായി പോയി നോക്കി. തൂങ്ങി നിൽക്കുന്നു."

അവസാനത്തെ കുപ്പായവും ഊരിയെറിഞ്ഞു രാധി പോയി.