ങേ......ഗേറ്റ് പൂട്ടിയിരിക്കുന്നല്ലോ...തള്ളി നോക്കി. തുറക്കുന്നില്ല. സാധാരണ ഞായറാഴ്ചകളിൽ side gate പൂട്ടാറില്ല. ചിലപ്പോൾ താഴ് ഇട്ടിരിക്കുന്ന ചങ്ങല മാറ്റിയാൽ ഗേറ്റ് തുറന്നേക്കും.
ശ്രമിച്ചു.
ഇല്ല. സാധിക്കുന്നില്ല.
രണ്ടു പാളികളുടെയും ഇടയിൽ കൂടി നൂണ്ട് കടക്കാൻ ശ്രമിച്ചു.
രക്ഷയില്ലാ....
ഗേറ്റിന്റെ മുകളിൽകൂടി വലിഞ്ഞു കയറിയാലോ?
അതെങ്ങനെ? ആ പിള്ളേര് ആളാo വീതം അവരവരുടെ കൊടി ഗേറ്റിന്റെ മുകളിൽ നാട്ടിയിരിക്കുകയാണ്. അതെങ്ങാനും താഴെ വീണാൽ, ഞായറാഴ്ച ഞാൻ പമ്മി വന്നു അതൊക്കെ എടുത്ത് മാറ്റിയെന്ന ആരോപണമാവും നാളെ.
മതിലിൽകൂടി വലിഞ്ഞു കയറി അപ്പുറത്തേക്ക് ചാടിയാലോ?
വേണ്ട, വയസുകാലത്ത്, കാലും കൈയും ഒടിയ്ക്കണ്ട.
തിരിച്ചു പോയാലോ?
അയ്യോ...വേറെ ഏതു ദിവസമാണെങ്കിലും തിരിച്ചു പോകാമായിരുന്നു.
നാളെ കോളേജ് യൂണിയൻ ഇലക്ഷൻ. ഓരോ ബൂത്തിലേക്കുമുള്ള ബാലറ്റ് പേപ്പർ എണ്ണി തിട്ടപ്പെടുത്തി വെയ്ക്കണം. Paper seal, Presiding Officer's diary, ഇവയെല്ലാം എടുത്ത് വെയ്ക്കണം. അവസാന വട്ട പരിശോധന പൂർത്തിയാക്കണം. ഇതൊന്നും നാളെ രാവിലെ നടക്കില്ല. നാളെ ആ പിള്ളേരുടെ പുറകെ നടക്കാനേ നേരം കിട്ടൂ.
എന്ത് ചെയ്യും? നടന്നാലോ? Main Gate വരെ?
വേറൊരു മാർഗ്ഗവുമില്ല. നടന്നു.
Malankara Dam Gate ഒക്കെ കണ്ടു നടന്നു.
മെയിൻ ഗേറ്റ്
Main Gate എത്തിയപ്പോൾ അവിടെ ഒരു ബസ് നിർത്തിയിട്ടിരിക്കുന്നു. ചിലർ ഫോട്ടോ എടുക്കുന്നു. മറ്റ് ചിലർ ചായ കുടിക്കുന്നു. ഏതോ ദീർഘദൂര യാത്രികരാണ്.
അവരുടെ ഇടയിൽകൂടി Main Gate ന്റെ അടുത്തേക്ക് നടന്നു. ഇവർ കൂട്ടം കൂടിയത് കൊണ്ടാവും Gate ചാരിയിട്ടിരിക്കുന്നു. Gate തള്ളിത്തുറന്നു.
ഇല്ല.
ഞാൻ ഞെട്ടി. Gate തുറന്നില്ല. ഒരു കുലുക്കവും ഇല്ലാതെ Gate നിൽക്കുന്നു. പതിവില്ലാത്ത മട്ടിൽ വളരെ ഭദ്രമായി Main Gate പൂട്ടിയിരിക്കുന്നു!!!
ഗേറ്റിനു മുൻപിൽ നിന്ന യാത്രികർ എന്നെ സഹതാപത്തോടെ നോക്കി.
നിറം മങ്ങിയ, പഴയ, ചുരിദാർ ടോപ്. അതിനു ചേരാത്ത ബോട്ടം. രണ്ടുമായി പുലബന്ധമില്ലാത്ത ഒരു ഷാൾ. എന്തൊക്കെയോ നിറച്ച ഒരു സഞ്ചി തൂക്കി പിടിച്ചിരിക്കുന്നു. പാറിപ്പടർന്ന മുടി. വിയർത്തൊലിച്ച് നിൽക്കുന്നു. എന്തോ സാധനം വിൽക്കാൻ വന്നതാണ്.
അവരിൽ ഒരാൾ പറഞ്ഞു. "ഇന്ന് ഞായറാഴ്ച ആണ്. ഓഫീസ് ഒന്നും തുറക്കില്ല.നാളെയെങ്ങാനും വന്നു നോക്ക്."
അല്ലെങ്കിലേ എന്നെ കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞ് പോകും. ഇപ്പോഴത്തെ സ്ഥിതിയാണെങ്കിൽ പറയാനുമില്ല.
ശരി, അങ്ങനെയാവട്ടെ, എന്ന മട്ടിൽ ഞാൻ തല കുലുക്കി.
തിരിച്ചു പോയാലോ?
അയ്യോ...ballot paper, Presiding Officer's diary, paper seal ..........
ഗേറ്റിന്റെ വശത്ത് മതിൽ ഇടിഞ്ഞ് കിടക്കുന്നിടത്ത് കൂടി താഴേക്കിറങ്ങിയാലോ. ഓ...അവിടെ മുള്ളുവേലിയുണ്ട്. മാത്രമല്ല, കാട് പിടിച്ച് കിടക്കുകയുമാണ്. നാട്ടുകാരുടെയും വഴി പോക്കരുടെയും ഒക്കെ സമ്പാദ്യം അവിടെയാണ്. മാലിന്യം, കുപ്പിച്ചില്ല്,.....ഇഴജന്തുക്കളും ഉണ്ടാവും. താഴേക്കിറങ്ങിയാൽ അവിടെ എത്ര താഴ്ചയിൽ മാലിന്യം ഉണ്ടെന്ന് അറിയില്ല.
പരീക്ഷണം വേണ്ട.
ഇനിയെന്ത് ചെയ്യും?
തിരികെ നടന്നു കോടതി റോഡിലെ ചെറിയ ഗേറ്റിൽ കൂടി കയറിയാലോ? ഏതാണ്ട് 2 km... ഞായറാഴ്ച്ചയാണ്. ഓട്ടോ ഒന്നും കാണുന്നില്ല.
നടക്കാം?
ഉടനടി എന്റെ മനസ്സ് "No " പറഞ്ഞു. ഈ രണ്ടു ഗേറ്റും ഇത്ര ഭദ്രമായി അടച്ചിട്ടിരിക്കുന്ന സ്ഥിതിക്ക് കോടതി ഗേറ്റും പൂട്ടിയിരിക്കാനാണ് സാധ്യത. വെറുതെ 2 km കൂടി ഇനിയും നടക്കേണ്ട.
വേറെ എന്താണ് വഴി?
ഒരേയൊരു വഴിയേ ഉള്ളൂ. അത് തിരികെ വീട്ടിലേക്കുള്ള വഴിയാണ്.
അയ്യോ...ballot paper, Presiding Officer's diary, ..........
എങ്കിലും അവസാന ശ്രമമെന്ന നിലയ്ക്ക് ഒരു പരീക്ഷണം നടത്താം ??
ഈ കോളേജിൽ വന്നതിന് ശേഷം ഇതുവരെ ഞാൻ പോവാത്ത ഒരു ഭാഗമുണ്ട്. മുൻപ് ഓഫീസിൽ കോളേജിന്റെ master plan ചില്ലിട്ട് സൂഷിച്ചിരുന്നു. അത് വിശ്വസിക്കാമെങ്കിൽ ഒരു മാർഗ്ഗം ഉണ്ട്....പക്ഷെ കൃത്യമായ വഴി ഇല്ല.
വലിയ സാഹസമാണ്. പക്ഷേ, വേറെ മാർഗ്ഗമില്ല.
വഴിയില്ലാത്തിടത്ത് കൂടി.....
വീണ്ടും നടന്നു. മെയിൻ ഗേറ്റിൽ നിന്ന് തൊടുപുഴയ്ക്ക് പോകുന്ന വഴി.
ഓ...ഈ മരങ്ങൾ ഇപ്പോഴും ഇവിടെ നിൽപ്പുണ്ടോ? വാഹനത്തിൽ പോവുമ്പോഴൊക്കെ കാണുന്നതാണ്. മെയിൻ ഗേറ്റിന്റെ അടുത്ത് നിൽക്കുന്ന അംബരചുംബികളായ മൂന്ന് മരങ്ങൾ. പാവം, എന്നു വരെ ആയുസ്സ് ഉണ്ടെന്ന് അറിയില്ല.
യൂണിവേഴ്‌സിറ്റി പുതിയ കെട്ടിടം പണിയുന്ന ഭാഗത്തുകൂടി അകത്തേക്ക് കയറി.
അവിടുത്തെ പണിക്കാർ സംശയത്തോടെ നോക്കി. "കോളേജിൽ പോകാനാണ്." ഞാൻ പറഞ്ഞു.
"कालेज वहॉं है" അവർ പുറകോട്ട് കൈ ചൂണ്ടി പറഞ്ഞു.
ഓ...പെട്ടു. ...നാട്ടുകാരല്ല. അവരോട് ചോദിച്ച്... ചോ.......ദിച്ച് പോവാമെന്ന പ്രതീക്ഷയും മങ്ങി.
പൂട്ടുന്ന ആംഗ്യം കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു, "ഗേറ്റ് പൂട്ടിയിരിക്കുകയാണ്."
"അവിടെ ഡ്യൂട്ടിക്കാരുണ്ട്" അവർ വീണ്ടും.
" എന്റെ ഫോൺ കേടാണ്", ഞാൻ.
ഇനി കൂടുതൽ ചോദിക്കാനും പറയാനും നിന്നാൽ ജഗതി ശ്രീകുമാർ കിലുക്കത്തിൽ दुश्मन എന്ന് പറഞ്ഞത് പോലെയാകും.
വേണ്ട, ഞാൻ മുൻപോട്ട് നടന്നു.
കുറച്ച് നടന്നപ്പോൾ അവർ എന്നെ തിരികെ വിളിച്ചു. "ഇതിലെ പോകൂ"
ഇവരെ വിശ്വസിക്കാമോ?
അതെ ഇപ്പോൾ നിർവാഹമുള്ളൂ.
അവർ പറഞ്ഞ വഴിയേ മുൻപോട്ട്.... പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ വശത്തു കൂടി നടന്നു.
ഇനി ഒരു കുഴിയാണ്. പതുകെ ശ്രദ്ധാപൂർവ്വം ഇറങ്ങി. വലിയ കല്ലുകൾ പൊട്ടിച്ചിട്ടിരിക്കുന്നു. അവയുടെ ഇടയിൽ കാൽ പോകാതെ കല്ലിൽ തന്നെ ചവിട്ടി ചവിട്ടി ഇറങ്ങി. താഴെയെത്തി.
ഇല്ല, ആശ്വസിക്കാറായില്ല.
മുൻപിൽ ഒരു കാട്!!!
എന്നെ ആ പണിക്കാർ മനഃപൂർവ്വം ഈ കാട്ടിലേക്ക് പറഞ്ഞ് വിട്ടതാണോ?
തിരിഞ്ഞ് നോക്കി. ഇല്ല, ആരെയും കാണുന്നില്ല.
തിരികെ പോയാലോ?
ഇത് വരെ വന്നില്ലേ? ഇനി തിരികെ നടക്കുന്ന സമയം കൊണ്ട് ചിലപ്പോൾ കോളേജിൽ എത്തിയാലോ?
പക്ഷേ, ഈ കാട് എങ്ങനെ താണ്ടും?
ഇഴജന്തുക്കളും ഉണ്ടാവും
അവിടെയൊക്കെ തിരഞ്ഞ് ഒരു വടി കൈയ്യിൽ എടുത്തു. അത് മുൻപിൽ തല്ലി തല്ലി, ഇഴജന്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പാക്കി, ഓരോ ചുവടും മുന്നോട്ടു വെച്ചു.
ഇരുണ്ട ഗുഹയ്ക്കുള്ളിൽ നിന്ന് പുറത്ത് വരുന്നത് പോലെ.... പെട്ടെന്ന് മുൻപിൽ പ്രകാശം.
കോളേജ് ഗ്രൗണ്ട്!!!
പക്ഷേ, ദാ അടുത്ത പ്രശ്നം. ഒരു പട്ടി കുരച്ച് കൊണ്ട് ഓടി വരുന്നു. ഇത് നമ്മുടെ ജൂലി അല്ല. ഒരു കാലിന് സ്വാധീനം ഇല്ലാത്തതിനാൽ അവൾ ഇത്ര വേഗം ഓടില്ല.
എനിക്ക് പുറകോട്ട് ഓടാൻ പറ്റില്ല. ഇവിടെ വരെ എങ്ങനെ വന്നു എന്ന് എനിക്ക് മാത്രമേ അറിയൂ.
എന്ത് ചെയ്യണമെന്ന് അറിയില്ലാതെ, നിശ്ചേഷ്ടയായി, ഞാൻ നിന്നു.
അതിശയം... ആ പട്ടി കുരച്ച് കൊണ്ട് എന്നിൽ നിന്നും ദൂരേക്ക് ഓടി രക്ഷപെട്ടു. ഞാൻ കരുതിയത് പോലെയല്ല. അത് പേടിച്ച് പോയി കാണും. അതിന്റെ വിഹാര കേന്ദ്രമായ ഈ കാട്ടിൽ നിന്ന് ഇങ്ങനെയൊരു വിചിത്രരൂപം, അതും വലിയ ഒരു കൊമ്പും പിടിച്ച് കൊണ്ട് ഇറങ്ങി വരുന്നത് അത് ഇതുവരെ കണ്ടിട്ടില്ലല്ലോ.
ഗ്രൗണ്ട് താണ്ടി, ലൈബ്രറിക്ക് മുൻപിലൂടെ മെയിൻ ബ്ലോക്കിലെത്തി.
അവിടെ വിജയൻ സർ പത്രം വായിച്ചിരിക്കുന്നു.
"മിസ്, ഏതിലെയാണ് വന്നത്? അവർ കയറാതിരിക്കാനാണ് പൂട്ടിയിട്ടത്."