ജയിൽ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇവയ്ക്ക് രണ്ടു പൊതു ഘടകങ്ങൾ ഉണ്ട്.
എന്തെന്ന് അറിയുമോ?
കനത്ത ചുറ്റുമതിലും യൂണിഫോം വേഷവും.
ഇവ നൽകുന്ന സൂചന എന്താണ്?
അച്ചടക്കം, സ്വാതന്ത്ര്യമില്ലായ്മ, ജാഗ്രത, മടുപ്പുളവാക്കുന്ന, വ്യത്യസ്തതയില്ലാത്ത, ഏകതാനമായ, യൂണിഫോം.
നമ്മുടെ കോളേജ് തുടങ്ങിയ വർഷം മുതൽ, ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ, വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നുണ്ട്. ആദ്യവർഷങ്ങളിൽ എല്ലാവർക്കും ഒരേ നിറത്തിലുള്ള യൂണിഫോം ആയിരുന്നു. പിന്നീട്, വിവിധ വർഷങ്ങളിൽ പഠിക്കുന്നവരെ എളുപ്പം തിരിച്ചറിയുവാനായി ഓരോ വർഷത്തെയും വിദ്യാർത്ഥികൾക്ക് വ്യത്യസ്ത നിറമുള്ള യൂണിഫോമായി.
ആദ്യവർഷങ്ങളിൽ പാന്റ്സ്-ഷർട്, പെൺകുട്ടികൾക്ക് ചുരിദാർ. എന്നാൽ പിന്നീട് ചുരിദാറിന്റെ ഷാളിനു പകരം ഓവർ കോട്ട് ആയി. വർക്‌ഷോപ്പിലും ലാബിലും ഷാൾ അസൗകര്യം സൃഷ്ടിക്കുന്നതായിരുന്നു കാരണം.
പൊതുവിൽ വിദ്യാർത്ഥികൾക്ക് ഒട്ടുമേ ഇഷ്ടമില്ലാത്ത ഒന്നാണീ യൂണിഫോം സമ്പ്രദായം. ദൈർഘ്യമേറിയ 12 വർഷം മുഴുവൻ, (LKG-UKG കൂടി കണക്കിലെടുത്താൽ ഇതിലും കൂടുതൽ) യൂണിഫോം തടവറയ്ക്കുള്ളിലാണ് ഞങ്ങളുടെ ജീവിതമെന്നാണ് അവരുടെ പരാതി. യൂണിഫോമിനെ വെറുത്ത് ഇഷ്ടമുള്ള കോഴ്‌സിന് ചേരാതെ, യൂണിഫോം ഇല്ലാത്ത കോളേജിൽ ചേർന്നവരുമുണ്ട്.
എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് എന്തിനാണ് യൂണിഫോമെന്നു,മുൻപ് ഞാൻ അതിശയപ്പെട്ടിട്ടുണ്ട്. പക്ഷേ, പിന്നീട് പല സന്ദർഭങ്ങളിലും മനസിലായി, നമ്മെപ്പോലുള്ള ഒരു കോളേജിന് യൂണിഫോം ഒരു ശിക്ഷയൊന്നുമല്ല. മറിച്ച് ചില ഗുണങ്ങളും ഉണ്ടെന്ന്.
"മിസ്, ബുധനാഴ്ച കൂടി യൂണിഫോം ആയിരുന്നെങ്കിൽ അന്ന് ഏതു വേഷം ധരിക്കുമെന്ന് ആലോചിച്ചു തല പുണ്ണാക്കണ്ടായിരുന്നു."
ഇങ്ങനെ പറഞ്ഞ യൂണിഫോം പ്രേമികളും ഉണ്ട്.
യൂണിഫോം ഇല്ലെങ്കിൽ ചിലർ മാത്രം എല്ലാ ദിവസവും വർണ്ണശബളവും വ്യത്യസ്തവുമായ വേഷം ധരിക്കും. അത് സാധിക്കാത്തവർക്ക് ഉണ്ടായേക്കാവുന്ന അപകർഷതാ ബോധം ഒഴിവാകും, യൂണിഫോം ഉണ്ടെങ്കിൽ.
ഇപ്പോൾ പല സ്ഥാപനങ്ങളിലും gender neutral യൂണിഫോം ആക്കുന്നു. എന്തായാലും, അതിനെക്കുറിച്ചല്ല ഈ കുറിപ്പ്. കഴിഞ്ഞ ദിവസം കണ്ട ഒരു കൗതുകമാണ് ഇത് എഴുതാൻ പ്രചോദനം.
അദ്ധ്യാപികമാർ മാത്രമുള്ള കോളേജിലെ ഒരേയൊരു ഡിപ്പാർട്മെന്റാണ് Electrical Engineering. അവർക്ക് പിന്തുണ നൽകാൻ ഒരു അനദ്ധ്യാപകൻ മാത്രം.
സാധാരണ കേൾക്കാറുള്ള അഭിപ്രായമുണ്ട്. സ്ത്രീകൾ മാത്രമേയുള്ളൂ എങ്കിൽ അവിടെ പ്രതീക്ഷിക്കാനാവാത്ത ഒന്നാണ് ഐക്യം എന്ന്.
കാണൂ, Shahana മിസ് ഒഴികെയുള്ള ബാക്കി അദ്ധ്യാപികമാരെ. ഒപ്പം Bibin സാറും.
ഒരേ വേഷമിട്ടു, ആഹ്ലാദപൂർവ്വം നിൽക്കുന്ന ഇവർ, യൂണിഫോം ധരിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനമാവട്ടെ.